സമയം രാവിലെ 9 മണി.
തലേന്നത്തെ മീന്‍പിടിത്തം കഴിഞ്ഞു രണ്ടെണ്ണം വീശി അന്തോണിച്ചന്‍ കടപ്പൊറത്തു "വഞ്ചിഭൂപതിയായി" പടര്‍ന്നുറങ്ങുകയായിരുന്നു. കള്ളുകുപ്പി അതിന്‍റെ അവസാന തുള്ളിയും കൊടുത്തു ദൌത്യം കഴിഞ്ഞ കറിവേപ്പിലയായി പൂഴിമണ്ണില്‍ കിടന്നു.
കള്ളിന്റെ ഉളുമ്പുമണം പേറുന്ന ഒരു ജൈവമണ്ഡലം തന്നെയായിരുന്നു അന്തോണിശരീരം. ഉറുമ്പ്, ഈച്ച, പാറ്റ തുടങ്ങിയ ഷഡ്പദങ്ങള്‍ അഞ്ചാറു മണിക്കൂറായി കൂടു കെട്ടി അല്ലലില്ലാതെ സഹജീവനം ചെയ്യുകയായിരുന്നു ആ ബോഡിയില്‍...
"Excuse me sir, may I have two minutes of your time, please", എന്ന് കേട്ടാണ് ആ അനന്തശായി ഞെട്ടി ഉണര്‍ന്നത്...
ആ അധിനിവേശി അന്തോണിശരീരത്തിന്റെ ecosystem തകര്‍ത്തു.... പാറ്റകളും ഈച്ചകളും പരക്കം പാഞ്ഞു. എറുമ്പുകള്‍ അത്ര പേടിച്ചില്ല. അധിനിവേശിയോടു സഹനസമരം നടത്തി പിടിച്ചു നിന്നു...
"എന്താടാ ചെക്കാ?, നിന്നെ ഇതിനു മുമ്പ് ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ..."
കണ്ഠകൌപീനവും കാല്‍ശരായിയും കെട്ടിയ ഒരു ചുള്ളന്‍ പയ്യന്‍. യവന്‍ ഏതോ കള്ളിന്റെ സാമ്പിള്‍ വില്‍പ്പനക്കാരനാണെന്നു അന്തോണി വിചാരിച്ചു, ഒന്നു സന്തോഷിച്ചു.
"Sir, ഞാന്‍ കൊച്ചിന്‍ യൂണിവേഴ്സിറ്റീല്‍ സെന്റര്‍ ഫോര്‍ മാനേജ്‌മന്റ് സ്റ്റഡീസില്‍ പഠിക്കുവാ. എനിക്കൊരു പ്രൊജക്റ്റ് വര്‍ക്ക് ചെയ്യണം. ഒന്നു സഹായിക്കാമോ?"
"എന്തോന്നാഡാ?" അന്തോണിച്ചന് ഒരു കുന്തോം മനസ്സിലായില്ല.
"ഞാന്‍ മീന്‍പിടിത്തത്തിനെ കുറിച്ച് ചില ചോദ്യങ്ങള്‍ ചോദിക്കും. മറുപടി തരാമോ?"
"ഓ, അയിനെന്തുവാ... നീ ചോയിക്ക്.. ചാളേം അയിലേം പിടിക്കുന്നതു അറിഞ്ഞേച്ചു നിയും കടലീപ്പോവ്വാ?"
"ചേട്ടന് ഒരു ദിവസം എത്ര പൈസ കൈയ്യീ കിട്ടും?"
"ഹും.. അതുശരി, മോനെയ്... നീ കടം ചോയിക്കാന്‍ വന്നേക്കുവാന്നോ?"
"എനിക്ക് കുറച്ച് data വേണം, അതിനാ"
"എന്തോന്ന്? ആ നീ ചോയിച്ചതല്ലേ, കുടിയും വലിയും കഴിഞ്ഞേച്ചു ഒരമ്പതു രൂപ കാണും. അരീം മൊളകും വാങ്ങാന്‍ തെകയത്തില്ല"
"ശരി ചേട്ടന്‍ ഒരു ബാങ്ക് ലോണ്‍ എടുത്താല്‍ ഒരു വള്ളം കൂടി വാങ്ങാം. ദിവസം ഇരുപത്തഞ്ചു രൂപ വച്ചു മാസം ഒരു 750 രൂപ തിരിച്ചടയ്ക്കാം "
"Assuming 10% interest rate and 15% ROI..." ചുള്ളന്‍ മനക്കണക്കു കൂട്ടി...
"ചേട്ടനു ഒരാളെ ശമ്പളത്തിനു നിര്‍ത്തി 10 മാസം കൊണ്ടു വായ്പ അടച്ചു പുതിയ വള്ളം സ്വന്തമാക്കാം"
"എന്തിനു?"
"അങ്ങനെ അങ്ങനെ, ഒരു ബോട്ടു വാങ്ങാം. ഞാന്‍ ഒരു business development plan തയ്യാറാക്കി തരാം"
"എന്തുവാ? എന്നിട്ടു?"
"പല ബോട്ടുകള്‍ വാങ്ങാം... പിന്നെ ചേട്ടന്‍ ഒരു ബോട്ടു മുതലാളിയാകും"
"എന്നിട്ടു?" അന്തോണിച്ചനു ഒന്നും മനസ്സിലായില്ലെങ്കിലും രസം പിടിച്ചു.
"ഒരു ഫിഷിംഗ് കമ്പനി തുടങ്ങാം."
"പിന്നെ?"
"അതിന്‍റെ ഓഹരികള്‍ വില്‍ക്കാം. ആളുകള്‍ നമുക്കു വേണ്ടി പൈസ മുടക്കും. അവര്‍ ഓഹരികള്‍ വാങ്ങി കിട്ടുന്ന പണം നമുക്കു diversify ചെയത് പുതിയ ബിസിനസുകള്‍ തുടങ്ങാം"
"എന്തോന്നാടെ നീ ഈപ്പറേന്നെ?, എന്തേലും ആവട്ടെ... പിന്നെ"
"ചേട്ടനു ജോലിയില്‍ നിന്നും വെക്കേഷന്‍ എടുക്കാം... എന്നിട്ടു ടൂര്‍ പോകാം. ജീവിതം enjoy ചെയ്യാം"
"എവിടെ?"
"ബീച്ചില്‍ പോയി കാറ്റു കൊള്ളാം... കിടക്കാം..."
"എന്‍റെ തള്ളെ, അതല്ലേടാ ഞാന്‍ ഇപ്പൊ ചെയ്യുന്നെ? അയിനിത്തറേം പാടുപെടണോ?"
അന്തോണി പിന്നേം മലര്‍ന്നു. ഉറുമ്പും, ഈച്ചയും, പാറ്റയും കുടികിടപ്പു തുടര്‍ന്നു...