2010/11/08

രണ്ടു തലയണകള്‍

ഡിസംബര്‍ പ്രാണവേദനയോടെ അത്യാസന്ന നിലയിലാണ്. ജനുവരിയെ പ്രസവിക്കുന്നതോടെ അവള്‍ മരിക്കും...

വീഞ്ഞിന്റെ ലഹരിയില്‍ മനസ്സിലാവാത്ത എന്തോ ഒന്നിനെ പടിയിറക്കി, നിര്‍വചിക്കാനാവാത്ത പുതിയതെന്തോ സ്വാഗതം ചെയ്തു... ചുറ്റും ആര്‍പ്പും ആരവവും.

പഞ്ചാംഗത്തിലെ പൂജ്യം ഒന്നിനു വഴിമാറിയപ്പോള്‍ ലോകാതിശയം കണ്ടപോലെ വിസ്മയപ്പെട്ടു. ആശ്ലേഷിച്ചു, ആശംസിച്ചു...

കാലപ്രവാഹത്തിലെ വെറുമൊരു തുള്ളിനീരൊഴുകിയെത്തിയപ്പോള്‍ എന്തിനീ അമിതാഹ്ലാദമെന്നു മനസ്സിലായില്ല. രണ്ടായിരത്തിപ്പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് എണ്ണിത്തുടങ്ങിയ പുണ്യവാന്മാരെ, നിങ്ങളറിയുന്നില്ലല്ലോ എനിക്കു സമ്മാനിച്ച ഈ കൂത്താട്ടം...

വര്‍ഷത്തെ പടിയടച്ചിറക്കുമ്പോള്‍ കൂട്ടുകാര്‍ വിരുന്നു വന്നു. പടിതുറന്നപ്പോള്‍ അവര്‍ പിരിഞ്ഞു പോയി. വിരുദ്ധതയില്‍ത്തന്നെയാവട്ടെ തുടക്കം.

രാവേറെയായി. നിശാമുറിയിലെ കിടക്കവിരിപ്പിനു വിരസമായ വൃത്തിയും വെടിപ്പും. പ്രതീക്ഷിച്ചതുതന്നെ...

"എങ്കിലും, ചിട്ടയുടെ കൂട്ടുകാരീ, നീ എന്തേ ഒന്നു മറന്നു? ഉടുവസ്ത്രമില്ലാത്ത നഗ്നരായ തലയണകള്‍ കട്ടില്‍ത്തലയ്ക്കല്‍ പുണര്‍ന്നു കിടക്കുന്നുവല്ലോ?"... പുതുവര്‍ഷത്തിന്റെ ആദ്യത്തെ പൂരണപ്രശ്നങ്ങള്‍ പോലെ.

മേശവലിപ്പില്‍ തലയണവസ്ത്രങ്ങള്‍ ഭംഗിയായി അടുക്കി വച്ചിരിക്കുന്നു. കറുപ്പും വെളുപ്പും നിറത്തിലെ മുഷിപ്പന്‍ ഇനങ്ങളാണ് മുകളിൽ. അടിയില്‍ ചായക്കൂട്ടു തുളുമ്പിയൊഴിച്ച വര്‍ണ്ണപ്രപഞ്ചം.

അവളങ്ങനെയാണ്, കടുത്ത നിറങ്ങള്‍ ഇഷ്ടമല്ല. അവയെ മനസ്സിന്റെ അടിത്തട്ടിലേക്ക് അടുക്കിവയ്ക്കും.

നിറമുള്ള തലയണ ഞാനെടുത്തു, അവള്‍ നിറമില്ലാത്തതും...

നിറങ്ങള്‍ പ്രതീകങ്ങളാണ്. ഈ തലയണയുടുപ്പുകള്‍ സ്വപ്നങ്ങളെ ജനിപ്പിക്കാന്‍ കഴിവുള്ളവയും.

തലയണയുടെ ഓരോ വശവും വ്യത്യസ്തമാണ്. ആദ്യ വശത്തെ പല നിറങ്ങളില്‍ നീലയ്ക്കാണ് മുന്‍‌തൂക്കം... മറുപുറത്ത് പച്ചയ്ക്കും ...

നീലവശത്ത് ആകാശവും, എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങളും, ചന്ദ്രനും, സൂര്യനും, കടലും, മഞ്ഞു മലകളും, നൃത്തം ചെയ്യുന്ന സുന്ദരന്മാരും സുന്ദരിമാരും...

കുറച്ചു മങ്ങിപ്പോയെങ്കിലും പച്ചയില്‍ ഗ്രാമവും, പാടവും, പുഴയും, കൗമാരവും, കൂട്ടുകാരും, പ്രണയവും, ചെടികളും, പൂക്കളും, തുമ്പികളും, കുട്ടിത്തവും കളിയും ചിരിയുമുണ്ട്... ഗൃഹാതുരത്വമുണ്ട്..

"എന്തിനാ ആ വശം എപ്പോഴും വച്ചു കിടക്കുന്നേ, അതോണ്ടല്ലേ ആകെ നരച്ചു പോയത്?" കൂട്ടുകാരി ഓര്‍മ്മിപ്പിച്ചു. എന്നിട്ടവള്‍ വര്‍ത്തമാനകാലത്തിന്റെ നിറശൂന്യതയില്‍ തലയണച്ചു. ആജ്ഞപ്രകാരം ഞാന്‍ സ്വപ്നങ്ങളുടെ നീലത്തലയണ ചൂടി.

അവളുടെ സ്വപ്നത്തില്‍ ലക്ഷ്യത്തിലേക്കുള്ള ഒരു നടവഴി മാത്രം... വഴിവക്കുകളില്‍ സൂചികപ്പലകമേലൊട്ടിച്ച കര്‍ത്തവ്യങ്ങളുടെ ഓര്‍മ്മപ്പട്ടികകളും. ഞാനതില്‍ കൃത്യതയില്ലാത്തൊരു യന്ത്രമനുഷ്യനായിരുന്നു.

നീലത്തലയണ എന്നെ പൊതിഞ്ഞെടുത്തു എങ്ങോ പറത്തിവിട്ടു... ആ വഴിയുടെ മേലെ എങ്ങോ ദൂരെ ദൂരെ. നിലത്തിറങ്ങിയപ്പോള്‍ അഞ്ഞൂറു വര്‍ഷം കഴിഞ്ഞിരുന്നു. സ്ഥലം എനിക്കന്യമായിരുന്നു. എങ്കിലും നൂറ്റാണ്ടുകള്‍ കഴിഞ്ഞു പ്രസിദ്ധീകരിക്കാന്‍ ഞാന്‍ തൊടുത്തിവച്ചിരുന്ന നവവത്സരപ്പോസ്റ്റ് വായിച്ച് ചത്തവന് കമന്റിടുന്നവരെ സ്വപ്നം കണ്ടു ഞാന്‍ തിരിച്ചു വന്നു.

ഉണര്‍ന്നപ്പോള്‍ അവള്‍ പറഞ്ഞു, "ന്യൂ ഇയര്‍ ആയിട്ട് ഇത്രേം ഒറക്കമോ? എന്തൊക്കെക്കാര്യങ്ങളാ പെന്റിംഗ് ആയിട്ട് കിടക്കുന്നെ?"

ഉറക്കത്തിനൊടുവില്‍ എപ്പോഴോ അവള്‍ എന്‍റെ സ്വപ്നത്തലയണ മാറ്റിക്കളഞ്ഞിരുന്നു....

31 അഭിപ്രായങ്ങൾ:

 1. വെറുതെ ചില കലമ്പലുകള്‍
  പുതുവത്സരം? എല്ലാരും ഒരുവര്‍ഷം കൂടി പഴകി

  മറുപടിഇല്ലാതാക്കൂ
 2. പുതു വർഷം ഉണർത്തിയ വ്യത്യസ്തമായ ചിന്തകൾ! കലമ്പലിന്റെ സൌന്ദര്യം.സ്വപ്നത്തലയിണ മാത്രം കെട്ടിപ്പിടിച്ചാൽ പോരല്ലോ, വഴിവക്കുകളില്‍ സൂചികപ്പലകമേലൊട്ടിച്ച കര്‍ത്തവ്യങ്ങളുടെ ഓര്‍മ്മപ്പട്ടികകളും വേണമല്ലോ, തലയിണകൾ കോമ്പ്ലിമെന്റെറിയാകുമ്പോഴല്ലേ ഇണകളാകൂ ജെക്കെ? ഇഷ്ടപ്പെട്ടു പോസ്റ്റ്!

  മറുപടിഇല്ലാതാക്കൂ
 3. വഷൂ ..കുഴപ്പം ഒന്നുമില്ലല്ലോ ?ഉണ്ടായാലും ഇപ്പോള്‍ എന്ത് ചെയ്യാം അല്ലേ ?എന്തായാലും പുതു വര്‍ഷം ആയി സമ്മാനിച്ച കൂത്താട്ടം ..വായിച്ചു ഞാന്‍ അന്ധം വിട്ടിരുന്നത് മാത്രം ബാക്കി ആയി ...

  പുതു വര്‍ഷമായിട്ട് തകര്‍ക്കണം ട്ടോ.....

  മറുപടിഇല്ലാതാക്കൂ
 4. കൊള്ളാം..ഈ തലയിണ മന്ത്രം,തലയിണകള്‍ക്കുമുണ്ട് ചില ദൌത്യം.! വഷളന്‍ജി അത് നന്നായി പങ്ക് വെച്ചിരിക്കുന്നു.ചിട്ടയില്ലാതെ കഥപറഞ്ഞത് തലയണസ്മരണയെ മേന്മയുള്ളതാക്കിയെന്ന് ചുരുക്കം.
  ആശംസകളോടെ ഹാറൂണ്‍ക്ക.

  മറുപടിഇല്ലാതാക്കൂ
 5. onnum avassanikkunnilla jayetta , onninte avassanam mattonninte thudakkam maathram.... aashamsakal........

  മറുപടിഇല്ലാതാക്കൂ
 6. കഷ്ടം, പുതുവര്‍ഷത്തില്‍ സ്വസ്ഥമായിട്ട് കിടന്നുറങ്ങാനും, സ്വപ്നം കാണാനും സമ്മതിക്കില്യാന്നു വെച്ചാല്‍ എന്താ ചെയ്യുക. ഇനി ഒരു വഴിയേയുള്ളൂ, കൃത്യതയുള്ള മനുഷ്യനായി ജീവിക്കാന്‍ ശ്രമിക്കുക. ആള്‍ ദി ബെസ്റ്റ്. :)

  സന്തോഷവും സമാധാനവും നിറഞ്ഞ നല്ലൊരു പുതുവര്‍‌ഷം ആശംസിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 7. എനിക്കൊന്നും മനസിലായില്ലാ....മാനത്ത് ചെന്താമര....മരത്തിന്റെ മുകളില്‍ കംഗാരു...മയില് കഞ്ചാവ് അടിച്ചു...പുഴയില്‍ വഴുവഴുപ്പ്...കരയാന്‍ തോന്നുന്നൂ...കരച്ചില്‍ അല്ല..ചിരിക്കാനാ...ആരെങ്കിലും ഇച്ചിരി പുളിച്ച മോര് തായോ.. :)
  പുതുവത്സരാശംസകള്‍........

  മറുപടിഇല്ലാതാക്കൂ
 8. പുതിയ സ്വപ്‌നങ്ങള്‍ പുതിയ പ്രതീക്ഷകള്‍,
  പുതുവര്‍ഷം വര്‍ണങ്ങളുടെതാകട്ടെ.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 9. ദൈവമേ.....
  പുതുവത്സരരാത്രി കുടിച്ച വീഞ്ഞിന്റെ കെട്ട് ഇപ്പോഴും ഇറങ്ങിയിട്ടില്ല....
  ആരവിടെ...ഈ വഷളനു ഒരു ലിറ്റര്‍ മോര് കൊടുക്കൂ....

  മറുപടിഇല്ലാതാക്കൂ
 10. നല്ലൊരു പുതുവര്‍‌ഷം ആശംസിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 11. എന്താ ചെയ്യുക മനുഷ്യന്മാരുടെ കാര്യം ഇത്രക്കേ ഉള്ളൂ.. കഴിഞ്ഞ വര്‍ഷം എന്തൊക്കെ പ്രതീക്ഷയായിരുന്നു ജെ.കെ..യില്‍ ഇപ്പോ കണ്ടില്ലെ ഒരു വര്‍ഷം മാറിയപ്പോഴേക്കും തലയില്‍ ചെമ്പരത്തിപ്പൂ ചൂടിയത് .... ഹിഹി.....

  @ ചാണ്ടിച്ചോ.... ,,,കൂയ്... വഷൂന്‍റെ കെട്ടറങ്ങിയിട്ടില്ല അല്ലെ ഹിഹി...

  ഏതായാലും .ജെ.കെക്ക് നല്ല ഒരു പുതുവര്‍ഷം ആശംസിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 12. പഴകിയ പുതുവത്സരാശംസകള്‍

  മറുപടിഇല്ലാതാക്കൂ
 13. jk ,പുതുവര്ഷാരംഭം അങ്ങനെ
  തലയണക്കടിയില് പോയി .........
  പിന്നെ, സ്വപ്നങ്ങളുടെ തലയണയല്ലേ
  കൂട്ടുകാരിക്ക് മാറ്റാനാവു !
  തലക്കകം നിറമുള്ള കിനാക്കളാല്
  നിറക്കാലോ.........എന്നിട്ടതിലഭിരമിച്ച്ചു
  ബ്ലോഗുലകം മുഴുവനും പൂങ്കാവനം
  ആക്കാം ,വര്ത്തമാനമില്ലത്ത്ത
  സ്വപ്നലോകം !കമന്റുകളുടെ
  വര്ണ്ണമഴയില് നനഞ്ഞു കുളിരാം .....
  (വീട്ടുകാരി ചൂലെടുക്കുമോ ?)

  മറുപടിഇല്ലാതാക്കൂ
 14. സ്വപ്നത്തലയണ ഉപേക്ഷിച്ചപ്പോള്‍ സ്ഥലകാലബോധം തിരിച്ച് കിട്ടി അല്ലെ?

  എപ്പോഴും നീലതലയണയെ പുല്‍കാന്‍ ഏവരും ആഗ്രഹിക്കുന്നത് അതിന്റെ പുറം നിറമാണ,ഇപ്പോഴത്തെ മനുഷ്യന്റെ അത്യാഗ്രഹമാണ്. മതിവരാത്ത ആര്‍ത്തി.

  കുറച്ച് മങ്ങിപ്പോയെന്കിലും പച്ചയില്‍ ആര്‍ത്തി കുറവാണെന്നാണ് തോന്നുന്നത്. തലവെച്ച് മങ്ങിപ്പോയതുകൊണ്ടായിരിക്കാം പച്ചനിറത്തെ അടിയിലാക്കിയത്‌.

  നീലത്തലയണ പോതിഞ്ഞെടുത്ത് എങ്ങോ പറത്തിവിട്ടപ്പോള്‍ അത്ഭുതം മാത്രം ബാക്കി.

  നിറങ്ങള്‍ മാറിവരുന്ന നാളെയെ ഒന്നുമറിയാതെ നമുക്ക്‌ പുല്കാം ഇന്നലത്തെ നിറം മങ്ങിയ നിറങ്ങളെ ചെറുനൊമ്പരത്തോടെ അകറ്റിനിര്‍ത്തിക്കൊണ്ട്.

  മറുപടിഇല്ലാതാക്കൂ
 15. ഭൂമിയുടെ പച്ചപ്പുമുഴുവനുമുള്ള അടിഭാഗം...
  ആകാശത്തിന്റെ നീലനിറം മുഴുവൻ ആവാഹിച്ച മോൾഭാഗം... അതിനുമുകളിൽ സ്വപ്നത്തിന്റെ മിന്നാരങ്ങൾ തിങ്ങിനിറഞ്ഞ ഒരു വമ്പൻ തല...
  നവവത്സരത്തിൽ അതിൽ നിന്നും ഭൂലോകം മുഴുവനൊരു സുന്ദരസ്വപ്നം വിതച്ച്...
  ബൂലോഗത്തുനിന്നും ഒരേയൊരാളെ മാത്രം ഞാനിവിടെ കണ്ടൂ...!
  കലക്കീട്ടാ..ഭായ്


  (ഇമ്മടെ കയ്യിലെങ്ങാനും ന്യൂയറീന് ബോധണ്ടങ്ങ്യേ... ഇമ്മാതിരി രണ്ട് തലയണ കിട്ടിയിരുന്നേൽ എന്തെല്ലാം പണികൾ നടത്തായിരുന്നൂ...!)

  മറുപടിഇല്ലാതാക്കൂ
 16. കുറച്ചു മങ്ങിപ്പോയെങ്കിലും പച്ചയില്‍ ഗ്രാമവും, പാടവും, പുഴയും, കൗമാരവും, കൂട്ടുകാരും, പ്രണയവും, ചെടികളും, പൂക്കളും, തുമ്പികളും, കുട്ടിത്തവും കളിയും ചിരിയുമുണ്ട്... ഗൃഹാതുരത്വമുണ്ട്..

  കുറച്ചു താമസിച്ചു എന്നാലും പുതുവത്സര ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 17. നന്ദി, എല്ലാര്‍ക്കും പുതുവത്സരാശംസകൾ.
  സിയാ, ചാണ്ടീ, ഹംസാ "ക്ഷേമാന്വേഷണത്തിന്" നന്ദി. അങ്ങനെ എന്നെ ഒരു മുക്കുടിയന്‍ ആക്കി. വാവിനും ചങ്ക്റാന്തിയ്ക്കും ഒരു മൂലേ ഒതുങ്ങിക്കൂടിയിരുന്നു രണ്ടു തുള്ളി തൊട്ടു നക്കുന്ന എനിക്ക് ഇത് തന്നെ കിട്ടണം .

  വേണൂ, ഹഹ... അതെനിക്കിഷ്ടപ്പെട്ടു. ഏയ്‌, എനിക്ക് കൊഴപ്പമൊന്നുമില്ല. കഞ്ചാവൊക്കെ പണ്ടേ നിര്‍ത്തി!

  ബില്ലൂ, ന്യൂ ഈയര്‍ ആയപ്പോള്‍ ഭാര്യ റെസൊലൂഷന്‍ എടുത്തിരിക്കുവാ, എന്നെ ഒരു നല്ല "വീട്ടുകാരന്‍" ആക്കണമെന്ന്, എന്താ ചെയ്ക? പട്ടിയുടെ വാല്‍ ....

  മറുപടിഇല്ലാതാക്കൂ
 18. വൈകിയ പുതുവര്‍ഷാശംസകള്‍!

  മറുപടിഇല്ലാതാക്കൂ
 19. ഇതില്‍ നിറഞ്ഞു നില്‍ക്കുന്നത് കവിതയാണ് . ഓരോ വരികളും കാവ്യാത്മകമാണ്. എഴുത്തുകാരന്റെ ചിന്തകളില്‍ ഉരുത്തിരിഞ്ഞുവരുന്ന പ്രമേയത്തെ അനായാസമായി അനുവാചകന്റെ മുന്‍പിലേക്ക് എറിഞ്ഞുകൊടുക്കുന്നതിനു പകരം തന്നിലെ വികാര വിചാരങ്ങളെ അനുവാചകന്റെ ചിന്താ സരണിയെ ഉണര്‍ത്തും വിധം ഗൂഡമായ വഴികളിലൂടെ നയിക്കുന്ന രീതി ജെ.കെ സ്വീകരിച്ചതു കൊണ്ടാണ് ഈ പോസ്റ്റിനു വേറിട്ടൊരു ഭാവം വരുന്നത് . കവിതയുടെ ഗന്ധം പരക്കുന്നത്. വീണ്ടും വീണ്ടും വായിക്കാനുള്ള അഭിവാന്‍ഞ്ചയുണ്ടാകുന്നത് . നിറങ്ങളെ പ്രതീകങ്ങളാക്കി ചിന്തകള്‍ക്ക് നിറം കൊടുക്കുന്ന ഈ പുതുവത്സര പോസ്റ്റ്‌ അഭിനന്ദനീയം തന്നെ . നല്ലൊരു നവവത്സര ആശംസകള്‍ .

  മറുപടിഇല്ലാതാക്കൂ
 20. വര്‍ഷത്തെ പടിയടച്ചിറക്കുമ്പോള്‍ കൂട്ടുകാര്‍ വിരുന്നു വന്നു. പടിതുറന്നപ്പോള്‍ അവര്‍ പിരിഞ്ഞു പോയി. വിരുദ്ധതയില്‍ത്തന്നെയാവട്ടെ തുടക്കം.

  അതെ വിരുദ്ധതയിൽ തന്നെയാവട്ടെ. എന്തായാലും തുടക്കമിട്ടല്ലൊ അത് തന്നെ വല്യ സന്തോഷം. എത്രയെണ്ണം വിട്ടിട്ടാ ഇത്രയും വഷളൻ എഴുതിപ്പിടിപ്പിച്ചത്? എന്തായാലും ഇനി വിട്ടിട്ട് തന്നെ എഴുതിയാൽ മതി, നല്ല രസം വായിക്കാൻ. വഷളാ ന്യൂഇയറിലെങ്കിലും ബ്ലോഗ് അടിച്ച് വൃത്തിയാക്കി വരാൻ തോന്നിയല്ലോ, വളരെ സന്തോഷം!!

  മറുപടിഇല്ലാതാക്കൂ
 21. പച്ചയില്‍,ഗ്രാമവും,പാടവും,പുഴയും,കൌമാരവും,കൂട്ടുകാരും,പ്രണയവും,ചെടികളും,പൂക്കളും,തുമ്പികളും....നല്ല ഭാവന.

  പുതിവത്സരാശംസകള്‍

  മറുപടിഇല്ലാതാക്കൂ
 22. അവസാനം വന്നത് കൊണ്ട് 'ചത്തവന് കമന്റിടുന്ന'വനായിപ്പോയോ?! :)

  കൂടുതല്‍ മനസ്സിലാകാത്ത ഭാഗങ്ങളാണെങ്കിലും വരികള്‍ കാവ്യാത്മകമായി തോന്നി.

  മറുപടിഇല്ലാതാക്കൂ
 23. നല്ലൊരു പോസ്റ്റ്..ഒഴിവു കിട്ടുമ്പോള്‍ ഇവിടേക്ക് ഒന്ന് വന്നു നോക്കുക http://www.computric.co.cc/

  മറുപടിഇല്ലാതാക്കൂ
 24. പോസ്റ്റ് കാവ്യം, കാവ്യമയം. വളരെ വൈകിപ്പോയി. എന്നാലും ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 25. ഒരുപാട് വൈകി വരാൻ. എന്നാലും വായന ഒരു സുഖം സമ്മാനിൻച്ചു. നല്ല ബ്ലെൻഡിംഗ്

  മറുപടിഇല്ലാതാക്കൂ
 26. നല്ല ഭാവന, മനോഹരമായ രചന. ആദ്യമായാണ്‌ ഇവിടെ. ആശംസകള്‍ .

  മറുപടിഇല്ലാതാക്കൂ
 27. ഞാനും തീരുമാനിച്ചു, ഇനിമേൽ നരച്ചതും വിവർണ്ണവുമായവ മാറ്റി തലയിണകളെ വർണ്ണാഭമായ ഉടയാടകൾ ഉടുപ്പിക്കാൻ. നിറപ്പകിട്ടാർന്ന ഭാവനാലോകത്തേയ്ക്കവ നമ്മളെ കൂട്ടിക്കൊണ്ടു പോവുമല്ലോ......

  മറുപടിഇല്ലാതാക്കൂ
 28. മിണ്ടാത്ത്തതെന്താണു തത്തേ, ഒന്നും ..

  മറുപടിഇല്ലാതാക്കൂ
 29. എന്താടോ വാര്യരേ, നിങ്ങള്‍ മുങ്ങിയോ?

  മറുപടിഇല്ലാതാക്കൂ