2010/04/28

ഹിമപാതം

ക്യാപ്റ്റന്‍ ഹാഡക്കിന്റെ ആലിപ്പഴവും അയന കുട്ടിയും എന്ന പോസ്റ്റ്‌ വായിച്ചപ്പോഴാണ് കഴിഞ്ഞ 2010 ഫെബ്രുവരി 6-7 ദിവസങ്ങളില്‍ 20-40 ഇഞ്ച് വരെ കനത്തില്‍ മുറ്റത്ത്‌ ഐസ് കൊണ്ടിട്ട കിടിലന്‍ ഹിമവര്‍ഷത്തെക്കുറിച്ചോര്‍ത്തത്. അന്നു പോട്ടം പിടിച്ചതില്‍ നിന്നും കുറച്ചെണ്ണം ഈ പോസ്റ്റില്‍ ഇടുന്നു.
2010 ഫെബ്രുവരി 6

അന്നു മഴദേവന് ഒരു തമാശ തോന്നി.
കണ്ട മേഘങ്ങളെല്ലാം എടുത്തു ഫ്രീസറില്‍ വച്ചു
മേഘങ്ങള്‍ ഉറഞ്ഞപ്പോള്‍    
ഫ്രീസര്‍ തുറന്നു അവയെ താഴേക്കിട്ടു.
വലിയ ഐസ് കട്ടകള്‍ ഭൂമിയില്‍ വീണാല്‍...
തന്റെ മക്കള്‍?
ഭൂമീദേവി കരഞ്ഞു വിളിച്ചു.
ദേവന്മാര്‍ വായു ഭഗവാനെ പ്രാര്‍ത്ഥിച്ചു.
താഴേക്ക്‌ വന്ന കനത്ത മഞ്ഞു കഷണങ്ങളെ
വായുദേവന്‍ തന്റെ ശക്തി കൊണ്ടി തച്ചുടച്ചു...
കാറ്റു ഹുങ്കാരനര്‍ത്തനമാടി;
ചെറിയ ഫ്ലേക്സായി മഞ്ഞു താഴേക്ക്‌ വീണു.
അങ്ങനെ രണ്ടു ദിവസം സ്നോഫാളായിരുന്നു...
കുസൃതി കാണിച്ച മഴയെ ബ്രഹ്മദേവന്‍ ശപിച്ചു.
ഒരു 6 മാസത്തേക്കിവിടെയെങ്ങും കണ്ടു പോകരുതെന്ന്...
അതുകൊണ്ട് ഇപ്പോള്‍ മഴയും മഞ്ഞുമില്ല.
പക്ഷെ മഞ്ഞു കൊണ്ട വായുവിനു പനി പിടിച്ചു...
അതുകൊണ്ട് ഇപ്പോള്‍ പുറത്തു നല്ല ചൂടാണ്.
 ഫോട്ടോകള്‍




പടമൊക്കെ കണ്ടല്ലോ. ഇനി നിങ്ങളുടെ നിങ്ങളുടെ സ്ക്രീന്‍ കൂടി വൃത്തിയാക്കാം, പോരെ?





കാഴ്ചയ്ക്കിപ്പറം അപ്പു പറഞ്ഞു ഗള്‍ഫില്‍ ഫ്ലിക്കര്‍ ബ്ലോക്ക്‌ ചെയ്തിരിക്കുവാണെന്ന്. അതുകൊണ്ട് ഫോട്ടോകള്‍ താഴെ കൊടുക്കുന്നു.

2010/04/26

എവിടെ ആ നൊബേല്‍?

 
 
 
1901 മുതല്‍ 2009 വരെ 90 തവണ നോബേല്‍ സമ്മാനം കൊടുത്തിട്ടുണ്ട്‌; ഇന്നേവരെ മൊത്തം 120 നൊബേല്‍ ജേതാക്കള്‍  ഉണ്ട് - 22 സ്ഥാപനങ്ങളും 98 വ്യക്തികളും.
ഇതുവരെ നൊബേല്‍ സമ്മാനം ലഭിച്ച സ്ഥാപനങ്ങള്‍ താഴെപ്പറയുന്നവയാണ്.
  • American Friends Service Committee
  • Amnesty International
  • Friends Service Council
  • Grameen Bank
  • Institute of International Law
  • Intergovernmental Panel on Climate Change
  • International Atomic Energy Agency
  • International Campaign to Ban Landmines
  • International Committee of the Red Cross (3 തവണ)
  • International Labour Organization
  • International Physicians for the Prevention of Nuclear War
  • League of Red Cross Societies
  • Nansen International Office for Refugees
  • Office of the United Nations High Commissioner for Refugees (2 തവണ)
  • Permanent International Peace Bureau
  • Pugwash Conferences on Science and World Affairs
  • United Nations
  • United Nations Children's Fund
  • United Nations Peacekeeping Forces 
1914, 1915, 1916, 1918, 1923, 1924, 1928, 1932, 1939, 1940, 1941, 1942, 1943, 1948, 1955, 1956, 1966, 1967, 1972 എന്നീ വര്‍ഷങ്ങളില്‍ ആര്‍ക്കും പ്രൈസ് കൊടുത്തില്ല. അതാതു വര്‍ഷങ്ങളില്‍ പ്രൈസ് മണി നൊബേല്‍ ഫണ്ടിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുകയാണ്   ഉണ്ടായത്.  
മഹാത്മാഗാന്ധിക്ക് ഒരിക്കലും നൊബേല്‍ ലഭിച്ചിട്ടില്ല. എന്നാല്‍ സത്യത്തിന്റെയും അഹിംസയുടെയും ആ അപ്പോസ്തലന്‍ ലോകമെമ്പാടുമുള്ള പലരെയും ഇന്നും സ്വാധീനിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്നു. അവര്‍ പലരും പിന്നീട് ഈ ലോകോത്തര ബഹുമതി നേടുകയും ചെയ്തിട്ടുണ്ട്. നൊബേല്‍ കമ്മിറ്റി പലതവണ ഗാന്ധിജിയുടെ പേര് പരിഗണിച്ചിട്ടുണ്ടെന്നു സാക്ഷ്യപ്പെടുത്തുന്നു - ഏറ്റവും ഒടുവില്‍ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന് മുമ്പും.

1948‍ - ഗാന്ധി മരിച്ച വര്‍ഷം. നൊബേല്‍ കമ്മിറ്റിയുടെ ഭാഷ്യം അനുയോജ്യനായ ജീവിച്ചിരിക്കുന്ന ഒരു വ്യക്തി ഇല്ലെന്നായിരുന്നു. തന്മൂലം, പ്രൈസ് മണി നൊബേല്‍ ഫണ്ടിലേക്ക് ചേര്‍ക്കപ്പെട്ടു. പിന്നീട് ഗാന്ധിജിയെ ഒഴിവാക്കിയതിനു കമ്മിറ്റി ഖേദം പ്രകടിപ്പിച്ചു എന്നാണ് കേട്ടത്. കാലക്രമേണ ഗാന്ധിയന്‍ ആശയങ്ങളുമായി അടുത്ത് നില്‍ക്കുന്ന പലര്‍ക്കും ഈ പുരസ്കാരം ലഭിച്ചു. ദലൈ ലാമയ്ക്ക് 1989-ല്‍ പ്രൈസ് കൊടുത്തു കൊണ്ടു നൊബേല്‍ ചെയര്‍മാന്‍ "ഇതു ഗാന്ധിജിയുടെ സ്മരണയ്ക്കുള്ള ഒരു ആദരമാണെന്നു" അഭിപ്രായപ്പെടുകയുണ്ടായി. 

ഗാന്ധിയന്‍ ആശയങ്ങളോടു അനുഭാവമുള്ള/ അവയില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട  നൊബേല്‍ ജേതാക്കളുടെ പട്ടിക താഴെ കൊടുക്കുന്നു.


വര്‍ഷംവ്യക്തിരാജ്യംവിശദീകരണം
1964മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്‌ ജൂനിയര്‍ U.S.Aസാമൂഹ്യ പരിഷ്കര്‍ത്താവ്‌. കറുത്തവരുടെ സ്വാതന്ത്ര്യത്തിനായി   പ്രവര്‍ത്തിച്ചു.
198914-മതു ദലൈ ലാമ
(Tenzin Gyatso)
 ടിബറ്റ്‌ടിബറ്റിന്റെ ആത്മീയാചാര്യന്‍
1991ഔംഗ് സാന്‍ സൂ കീ
(Aung San Suu Kyi)
 മ്യാന്‍മാര്‍ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടിയുള്ള തീക്ഷ്ണമായ പോരാട്ടത്തിന്.
1993നെല്‍സണ്‍ മണ്ടേല  ദക്ഷിണാഫ്രിക്ക  വര്‍ണ്ണവിവേചനത്തിനെതിരായ നിരന്തരമായ പോരാട്ടം. 
2009ബരാക് ഒബാമ U.S.A അന്താരാഷ്‌ട്ര നായതന്ത്രബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്. രാഷ്ട്രങ്ങള്‍ തമ്മില്‍ സഹകരണം പുനഃസ്ഥാപിക്കുന്നതിന്.



ഇവരെക്കുറിച്ചു കൂടുതല്‍ അറിയാന്‍
(ഗൂഗ്ലിയാല്‍ ഇതെല്ലാം കിട്ടും... എന്നാലും എനിക്കിഷ്ടപ്പെട്ട ചിലത് ചേര്‍ത്തെന്നു മാത്രം)

2010/04/19

വഷളന്റെ വിഷു

PG-13 Rated

ഇത്തവണ വിഷു ഒരു ഇടദിവസം കേറി വന്നതു കൊണ്ട്, തുടര്‍ന്നുള്ള ശനിവാരം അതങ്ങ് കൂടിയേക്കാം എന്ന് കുടുംബയോഗം ഏകപക്ഷീയമായ (ഏകകക്ഷീയമായ?) തീരുമാനം എടുത്തു. വോട്ടവകാശമില്ലാത്ത സൈലന്റ് മെമ്പര്‍ ആയ ഞാന്‍ വെറുതെ "ആ അത് കൊള്ളാം" എന്നൊക്കെ തട്ടിവിട്ടു സ്വയം ഒന്ന് വലുതായി...

അങ്ങനെ ശനിയാഴ്ച സമാഗതായാഹാ... ആപ്പീസു പണിയൊന്നുമില്ലാതെ രാവിലെ ഒന്നു ചുരുണ്ട് കൂടിക്കിടന്ന എന്നെ ചട്ടുകത്തിനു ദോശ ഇളക്കുന്നത് പോലെ മറിച്ചിട്ട് സഹധര്‍മ്മിണി മൊഴിഞ്ഞു "വിഷുവാണെന്നു മറന്നോ? കണ്ണ് തുറക്കാതെ എഴുന്നേറ്റു പോയി കണി കാണ്‌". അങ്ങനെ എന്നെ ഒരു ഗാന്ധാരനാക്കി ഉന്തിത്തള്ളി താഴേക്ക്‌ വിട്ടു. കണ്ണുകെട്ടിയ കുതിരയെ നിയന്ത്രിക്കുന്ന വണ്ടിക്കാരനെ പോലെ ശ്രീമതി പുറകില്‍ നിന്നും എന്നെ ആട്ടിത്തെളിച്ചു കൊണ്ടുപോയി. ഭാഗ്യത്തിന് ഇടയ്ക്ക് ഏറുകണ്ണിട്ടു ഞാന്‍ വഴി ഉറപ്പാക്കുന്നത് പുള്ളിക്കാരി അറിഞ്ഞില്ല. നമ്മുടെ സേഫ്റ്റി നമ്മള്‍ തന്നെ നോക്കണമല്ലോ...

ഒടുവില്‍ പട്ടാള അകമ്പടിയോടെ ഞാന്‍ കണിസ്ഥല്‍ മേഖലയില്‍ എത്തി. ബന്ധനവിമുക്തനായി... തെളിഞ്ഞ വിളക്ക്... മുമ്പില്‍ ഒരു പ്ലാസ്റ്റിക്‌ കൂടയില്‍ കുറെ പ്ലാസ്റ്റിക്‌ പൂക്കള്‍... ഒറിജിനല്‍ ആപ്പിള്‍ രണ്ടെണ്ണം. മുന്തിരി ഫൈയ്ക്ക് ഒരു കുല. പിന്നെ കുറെ നാണയത്തുട്ടുകള്‍. ഒരു സ്വര്‍ണമാല. തലേന്ന് വരെ ഞാന്‍ മീശ വടിക്കാന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു ചെറിയ കണ്ണാടി. സെറ്റ് മുണ്ട്. എല്ലാത്തിനും സാക്ഷിയായി ഗോവിനെ ചാരിനില്‍ക്കുന്ന ഓടക്കുഴല്‍ധാരി... അങ്ങനെ കണി ദര്‍ശിച്ചു... ശുഭം. കൊള്ളാം, വല്ലഭയ്ക്ക് പുല്ലുമായുധം എന്ന് പറഞ്ഞു ഞാന്‍ പുള്ളിക്കാരിയെ അഭിനന്ദിച്ചു.

"എന്തിനാ ഇത്രേം മെനക്കെടുന്നെ? പിന്നെ ഈ പ്ലാസ്റിക് പൂവിനേക്കാള്‍ നല്ലത് ഒരു virtual കണിയല്ലേ? വേണെങ്കില്‍ ഞാന്‍ അടുത്ത വര്‍ഷം ബെഡ്ഡിന്റെ കടയ്ക്കല്‍ ഒരു monitor പിടിപ്പിയ്ക്കാം. ഭക്തിസാന്ദ്രമായ മണിയൊച്ചയോടെ ഒരു ഒന്നാന്തരം കണി കണ്ണ് തുറന്നാല്‍ ഉടന്‍ കാണാമല്ലോ? കൂട്ടത്തില്‍ ബോണസ് ആയി മധുരമായ ഒരു വിഷുപ്പാട്ട് അലാറമാക്കി വയ്ക്കാനും പറ്റും, എങ്ങനുണ്ട് എന്റെ idea"?

അത് കൊള്ളാമല്ലോ എന്ന് പ്രോത്സാഹനവര്‍ത്തമാനം ഇപ്പം കേള്‍ക്കും എന്ന് ഞാന്‍ വിചാരിച്ചു. ഒണക്ക മീന്‍ പ്രതീക്ഷിച്ച പൂച്ചയെപ്പോലെ മ്യാവൂ നിന്നു. പക്ഷെ idea അത്ര എറിച്ചില്ല. മൗനം സമ്മതമല്ല.

(ഇപ്പോള്‍ എല്ലാം virtual അല്ലെ? ആപ്പീസില്‍ തൊട്ടപ്രത്തെ ക്യൂബില്‍ ഇരിക്കുന്നവന്‍ ഇന്‍സ്റ്റന്റ് മെസേജ് അയച്ചാണ് സംസാരിക്കുന്നത്. എന്റെ idea 'ക്ഷ' പിടിയ്ക്കും എന്ന് വിചാരിച്ചു, പക്ഷെ നനഞ്ഞ വിഷുപ്പടക്കം പോലെ ചീറ്റിപ്പോയി).

രാവിലെ കുത്തിപ്പൊക്കിയതിനും idea തിരസ്കരിച്ചതിനും ബദലായി ഒരു ചായക്കൈ നീണ്ടു വന്നു. കുറച്ചു നേരമായെന്നു തോന്നുന്നു ആ ശീതള പാനീയം ഉത്ഭവിച്ചിട്ട്‌. ഏറിപ്പോയാല്‍ ഒരു 20 ഡിഗ്രി സെല്‍ഷിയസ് ചൂട് കാണും. ഒരു അലോഗ്യവും കാട്ടാതെ ഞാന്‍ ആ വാട്ടച്ചായ ഏറ്റുവാങ്ങി. പശു കാടി കുടിക്കുന്ന വേഗത്തില്‍ എന്റെ അന്നനാളം അതു വലിച്ചെടുത്തു... ഗ്ലും ഗ്ലും ഗ്ലും... കപ്പു കാലി. ചായക്കൈ വലിയുന്നതിനു മുമ്പേ കപ്പു തിരിച്ചു കൊടുത്തു അടുക്കളയിലേക്കു ഒരു നടത്ത ലാഭിച്ചു.

പത്രം എടുത്ത് സോഫയില്‍ ചടഞ്ഞു കൂടി. തലയും ചൊറിഞ്ഞു വെറുതെ പേജുകള്‍ പരതി. വല്യ കൊണമൊന്നുമില്ല... ആകപ്പാടെ ഒരു വിരസത...

പെട്ടെന്ന് ഫോണ്‍ ചിലച്ചു. കേള്‍ക്കാത്ത ഭാവത്തില്‍ ഞാന്‍ പത്രം വായന മുറുക്കി.

"ദേ ആ പേപ്പറിന്റെ ചന്തം നോക്കാതെ ആ ഫോണൊന്നെടുത്തൂടെ?" ഹായ്, എന്ത് മാന്യമായ വിഷു ആശംസ! ഐശ്വര്യമായി! കിട്ടേണ്ടത് കിട്ടിയപ്പോള്‍ ഫോണ്‍ താനേ പൊങ്ങി.
"ആ വഷളാ, ഞാനാ മാന്യന്‍... വിഷുവൊക്കെ എങ്ങനൊണ്ട്? വൈകുന്നേരം ഒന്നടിച്ചു പൊളിക്കണ്ടേ? ഇവിടെ കൂടാം. കുറെ മല്ലൂസും വരുന്നുണ്ട്""
വിളിച്ചത് മനു. 10 ലിറ്റര്‍ ബിയര്‍ സംഭരണശേഷിയുള്ള സോഫ്റ്റ്‌ വയറുള്ള ഒരു സോഫ്റ്റ്‌വെയര്‍ പണിക്കാരന്‍. വൈകുന്നേരം ചെല്ലാമെന്നു ഞാന്‍ സമ്മതിച്ചു.

അങ്ങനെ വിഷുവിന്റെ മാറ്റിനി ഷോ കഴിഞ്ഞു. ഇനി ഫസ്റ്റ് ഷോ...


ഒരേഴു മണിയായിക്കാണും കുടുംബസമേതം മനുവിന്റെ വിട്ടിലെത്തിയപ്പോള്‍... ബാലേട്ടനും വന്നിട്ടുണ്ട്. ബാലേട്ടന്‍ ഒരു പ്രമുഖ ബാങ്കിലെ ലോണ്‍ ഓഫീസര്‍ ആണ്. mortgage loan processing ആണ് മൂപ്പരുടെ സ്പെഷ്യാലിറ്റി. വീടില്ലാത്തവര്‍ക്ക് വീട് കൈയ്യില്‍ പിടിപ്പിക്കുന്ന ഒരു സാമൂഹ്യ സ്നേഹി... കൂടാതെ പേരറിയാത്തതും അറിയുന്നതുമായ കുറെ മല്ലൂസും ഹാജര്‍.

എല്ലാരും ഉപവിഷ്ടരായപ്പോള്‍ മുഖവുരയൊന്നുമില്ലാതെ മനു നയം വ്യക്തമാക്കി. ചാരിത്ര്യം നഷ്ടപ്പെടാത്ത ഒരു Chivas Regal പുള്ളി മേശപ്പുറത്തു എടുത്തു വച്ചു. പതിനെട്ടു വര്‍ഷമായി മണ്ണിനടിയില്‍ കാത്തു സൂക്ഷിച്ച അതിന്റെ കന്യാചര്‍മ്മം ആ ദുഷ്ടന്‍ അര നിമിഷത്തിനുള്ളില്‍ പിച്ചിച്ചീന്തി. ഗ്ലാസിലെ ഐസു സ്വര്‍ണവര്‍ണ്ണമായി.

മനു വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമേ കുടിക്കാറുള്ളൂ. മഴ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും. ഞാന്‍ അങ്ങനെ കുടിക്കാറില്ല. (സത്യം! പിന്നെ ഓണത്തിനും ചംക്രാന്തിക്കും വല്ലപ്പോഴും ഒരു സ്പൂണ്‍. അത്രേം മാത്രം. വായാടി ഏതോ പോസ്റ്റില്‍ പറഞ്ഞ പോലെ ഇത് വിശ്വസിച്ചില്ലെങ്കില്‍ നിങ്ങളുടെ കണ്ണ് പൊട്ടിപ്പോട്ടെ!)
 
സംസാരം മൂത്തു വന്നപ്പോള്‍ പുതുതായി പരിചയപ്പെട്ട മലയാളി ബാലേട്ടനോടു പറഞ്ഞു "എനിക്കൊരു used condom വേണം"

എല്ലാരും ഞെട്ടി. ബാലേട്ടന്‍ ശരിക്കും വിളറി.

ബാലേട്ടന്‍ : "used condom?"

മലയാളി : "അതെ ഞാനും ഭാര്യയും മാത്രമല്ലേയുള്ളൂ. തല്ക്കാലം ഒരു used condom മതി"

"നിങ്ങളെന്താ ഇപ്പറേന്നെ? എനിക്ക് മനസ്സിലായില്ല."

"നിങ്ങളു ഒരു ലോണ്‍ ഓഫീസര്‍ അല്ലെ? അപ്പോ‍ അറിയില്ലേ?"

"ഇല്ല."

"ഒരു used condom. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കൂടി താമസിക്കാന്‍"

"ഓ. നിങ്ങള്‍ പറയുന്നത് used condo-യെക്കുറിച്ചാണോ?"

"തന്നെ തന്നെ! used condom"

"ആ നമ്മള്‍ക്ക് ശരിയാക്കാം. ആദ്യം നിങ്ങള്‍ ഒരു റിയല്‍ എസ്റ്റേറ്റ്‌ ഏജെന്റിനെ കാണൂ. condo വാങ്ങാന്‍ എല്ലാം ശരിയായി ലോണ്‍ വേണ്ടുന്ന സമയത്ത് എന്നോട് പറഞ്ഞാല്‍ മതി. നമുക്ക് നോക്കാം"

ഞങ്ങള്‍ ചിരിയടക്കി ഒരുവിധം പിടിച്ചിരുന്നു. അദ്ദേഹം ഉദ്ദേശിച്ചത് condo എന്ന് ചുരുക്കപ്പേരുള്ള condominium (apartment പോലെ) വാങ്ങിക്കുന്ന കാര്യം ആണ്. എന്തായാലും ഈ വര്‍ഷം കുറച്ചു ചിരി‍ക്കുമെന്നു തോന്നുന്നു.

പിന്നെ, മനുവിന്റെ വീട്ടിലെ വിഭവസമൃദ്ധമായ ഊണും കഴിച്ചു ഞങ്ങള്‍ മടങ്ങിപ്പോന്നു.


എല്ലാവര്‍ക്കും എന്റെ വിഷു ആശംസകള്‍!

2010/04/08

ട്രാഫിക്‌ ലൈറ്റ്





യൗവനത്തില്‍ എനിക്ക്  പച്ച  ജീവന്റെ  തുടിപ്പായിരുന്നു
അന്ന് തിരക്കിനെ ത്യജിച്ചു നീയെന്നെ പുല്‍കാന്‍  വെമ്പി
എത്ര  പെട്ടെന്നാണ്  നീ എന്നിലേക്കടുത്തത്
പക്ഷെ എന്നെ പ്രാപിച്ച ക്ഷണത്തില്‍
ഒരു പെണ്‍ ചിലന്തിയുടെ ദുഷ്ടതയോടെ
നീ നിഷ്കരുണം ഓടി മറഞ്ഞു
ഒരിക്കല്‍...
എന്‍റെ തൊട്ടരികെ വന്ന്‍  
ദൃഷ്ടി തരാതെ
വശം തിരിഞ്ഞു പോകുന്നതും ഞാനറിഞ്ഞു
നീയെപ്പോഴും ചിരിച്ചു കൈവീശി പോയി
പക്ഷെ ഒരിക്കലും എന്നെ കാത്തുനിന്നില്ല
ശരിക്കും നിന്റെ ഇഷ്ടം കപടമായിരുന്നോ?


എന്‍റെ പച്ചപ്പു ക്ഷണികമാണെന്നു തിരിച്ചറിഞ്ഞു...
പതുക്കെ എന്റെ അസ്ഥികള്‍ പഴുത്തു മഞ്ഞച്ചു
ഞാന്‍ മരിക്കുമെന്നുറപ്പായപ്പോള്‍
അതിവേഗത്തില്‍ നീയെന്നെ കടന്നു പോയി
പരിഭവമില്ല… എന്നാലും, മനസ്സിലൊരു വിങ്ങല്‍
നിന്നെ അനുഗമിച്ച അയല്‍ക്കാരിപ്പെണ്ണ്
സ്വല്പം താമസിച്ചു പോയിരുന്നു
ഞാന്‍ ഊര്‍ദ്ധശ്വാസം വലിക്കുന്ന നേരത്താണ്
അവള്‍ ഇതുവഴി വന്നത്
അതുകൊണ്ട് ആസന്നമരണനായ എന്നെ
ചവുട്ടിക്കടക്കാന്‍ വയ്യാതെ
ശപിച്ചു കൊണ്ട്  അവള്‍ കാത്തു നിന്നു


ഏറ്റവും ഒടുവില്‍ രക്തം ഛര്‍ദ്ദിച്ചു  ഞാന്‍ തളര്‍ന്നു
എന്റെ ശരീരം ചുവപ്പു ചോരയില്‍ കുളിച്ചു
അങ്ങനെ ഞാന്‍ മരിച്ചു...
അസഹിഷ്ണുക്കളായ നിന്റെ ബന്ധുക്കള്‍
എന്റെ ശവം എടുക്കാന്‍ അക്ഷമരായി
പക്ഷെ നീ ഒരു നോക്കു കാണാന്‍ വന്നില്ല
എന്നാലും എനിക്കു പരിഭവമില്ല



പിന്നെ ഞാന്‍ പുനര്‍ജനിച്ചപ്പോള്‍
എന്റെ അനുഭവങ്ങള്‍ എനിക്കെന്നോട് പറയണമെന്നുണ്ട് 
പക്ഷെ മരിച്ചു ജനിച്ച ആത്മാക്കള്‍ക്ക് ഓര്‍മ്മകളില്ലല്ലോ
അതുകൊണ്ട് ഇനിയും നിന്നെ കാത്ത് ഞാന്‍ പച്ചയായി...