2010/04/19

വഷളന്റെ വിഷു

PG-13 Rated

ഇത്തവണ വിഷു ഒരു ഇടദിവസം കേറി വന്നതു കൊണ്ട്, തുടര്‍ന്നുള്ള ശനിവാരം അതങ്ങ് കൂടിയേക്കാം എന്ന് കുടുംബയോഗം ഏകപക്ഷീയമായ (ഏകകക്ഷീയമായ?) തീരുമാനം എടുത്തു. വോട്ടവകാശമില്ലാത്ത സൈലന്റ് മെമ്പര്‍ ആയ ഞാന്‍ വെറുതെ "ആ അത് കൊള്ളാം" എന്നൊക്കെ തട്ടിവിട്ടു സ്വയം ഒന്ന് വലുതായി...

അങ്ങനെ ശനിയാഴ്ച സമാഗതായാഹാ... ആപ്പീസു പണിയൊന്നുമില്ലാതെ രാവിലെ ഒന്നു ചുരുണ്ട് കൂടിക്കിടന്ന എന്നെ ചട്ടുകത്തിനു ദോശ ഇളക്കുന്നത് പോലെ മറിച്ചിട്ട് സഹധര്‍മ്മിണി മൊഴിഞ്ഞു "വിഷുവാണെന്നു മറന്നോ? കണ്ണ് തുറക്കാതെ എഴുന്നേറ്റു പോയി കണി കാണ്‌". അങ്ങനെ എന്നെ ഒരു ഗാന്ധാരനാക്കി ഉന്തിത്തള്ളി താഴേക്ക്‌ വിട്ടു. കണ്ണുകെട്ടിയ കുതിരയെ നിയന്ത്രിക്കുന്ന വണ്ടിക്കാരനെ പോലെ ശ്രീമതി പുറകില്‍ നിന്നും എന്നെ ആട്ടിത്തെളിച്ചു കൊണ്ടുപോയി. ഭാഗ്യത്തിന് ഇടയ്ക്ക് ഏറുകണ്ണിട്ടു ഞാന്‍ വഴി ഉറപ്പാക്കുന്നത് പുള്ളിക്കാരി അറിഞ്ഞില്ല. നമ്മുടെ സേഫ്റ്റി നമ്മള്‍ തന്നെ നോക്കണമല്ലോ...

ഒടുവില്‍ പട്ടാള അകമ്പടിയോടെ ഞാന്‍ കണിസ്ഥല്‍ മേഖലയില്‍ എത്തി. ബന്ധനവിമുക്തനായി... തെളിഞ്ഞ വിളക്ക്... മുമ്പില്‍ ഒരു പ്ലാസ്റ്റിക്‌ കൂടയില്‍ കുറെ പ്ലാസ്റ്റിക്‌ പൂക്കള്‍... ഒറിജിനല്‍ ആപ്പിള്‍ രണ്ടെണ്ണം. മുന്തിരി ഫൈയ്ക്ക് ഒരു കുല. പിന്നെ കുറെ നാണയത്തുട്ടുകള്‍. ഒരു സ്വര്‍ണമാല. തലേന്ന് വരെ ഞാന്‍ മീശ വടിക്കാന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു ചെറിയ കണ്ണാടി. സെറ്റ് മുണ്ട്. എല്ലാത്തിനും സാക്ഷിയായി ഗോവിനെ ചാരിനില്‍ക്കുന്ന ഓടക്കുഴല്‍ധാരി... അങ്ങനെ കണി ദര്‍ശിച്ചു... ശുഭം. കൊള്ളാം, വല്ലഭയ്ക്ക് പുല്ലുമായുധം എന്ന് പറഞ്ഞു ഞാന്‍ പുള്ളിക്കാരിയെ അഭിനന്ദിച്ചു.

"എന്തിനാ ഇത്രേം മെനക്കെടുന്നെ? പിന്നെ ഈ പ്ലാസ്റിക് പൂവിനേക്കാള്‍ നല്ലത് ഒരു virtual കണിയല്ലേ? വേണെങ്കില്‍ ഞാന്‍ അടുത്ത വര്‍ഷം ബെഡ്ഡിന്റെ കടയ്ക്കല്‍ ഒരു monitor പിടിപ്പിയ്ക്കാം. ഭക്തിസാന്ദ്രമായ മണിയൊച്ചയോടെ ഒരു ഒന്നാന്തരം കണി കണ്ണ് തുറന്നാല്‍ ഉടന്‍ കാണാമല്ലോ? കൂട്ടത്തില്‍ ബോണസ് ആയി മധുരമായ ഒരു വിഷുപ്പാട്ട് അലാറമാക്കി വയ്ക്കാനും പറ്റും, എങ്ങനുണ്ട് എന്റെ idea"?

അത് കൊള്ളാമല്ലോ എന്ന് പ്രോത്സാഹനവര്‍ത്തമാനം ഇപ്പം കേള്‍ക്കും എന്ന് ഞാന്‍ വിചാരിച്ചു. ഒണക്ക മീന്‍ പ്രതീക്ഷിച്ച പൂച്ചയെപ്പോലെ മ്യാവൂ നിന്നു. പക്ഷെ idea അത്ര എറിച്ചില്ല. മൗനം സമ്മതമല്ല.

(ഇപ്പോള്‍ എല്ലാം virtual അല്ലെ? ആപ്പീസില്‍ തൊട്ടപ്രത്തെ ക്യൂബില്‍ ഇരിക്കുന്നവന്‍ ഇന്‍സ്റ്റന്റ് മെസേജ് അയച്ചാണ് സംസാരിക്കുന്നത്. എന്റെ idea 'ക്ഷ' പിടിയ്ക്കും എന്ന് വിചാരിച്ചു, പക്ഷെ നനഞ്ഞ വിഷുപ്പടക്കം പോലെ ചീറ്റിപ്പോയി).

രാവിലെ കുത്തിപ്പൊക്കിയതിനും idea തിരസ്കരിച്ചതിനും ബദലായി ഒരു ചായക്കൈ നീണ്ടു വന്നു. കുറച്ചു നേരമായെന്നു തോന്നുന്നു ആ ശീതള പാനീയം ഉത്ഭവിച്ചിട്ട്‌. ഏറിപ്പോയാല്‍ ഒരു 20 ഡിഗ്രി സെല്‍ഷിയസ് ചൂട് കാണും. ഒരു അലോഗ്യവും കാട്ടാതെ ഞാന്‍ ആ വാട്ടച്ചായ ഏറ്റുവാങ്ങി. പശു കാടി കുടിക്കുന്ന വേഗത്തില്‍ എന്റെ അന്നനാളം അതു വലിച്ചെടുത്തു... ഗ്ലും ഗ്ലും ഗ്ലും... കപ്പു കാലി. ചായക്കൈ വലിയുന്നതിനു മുമ്പേ കപ്പു തിരിച്ചു കൊടുത്തു അടുക്കളയിലേക്കു ഒരു നടത്ത ലാഭിച്ചു.

പത്രം എടുത്ത് സോഫയില്‍ ചടഞ്ഞു കൂടി. തലയും ചൊറിഞ്ഞു വെറുതെ പേജുകള്‍ പരതി. വല്യ കൊണമൊന്നുമില്ല... ആകപ്പാടെ ഒരു വിരസത...

പെട്ടെന്ന് ഫോണ്‍ ചിലച്ചു. കേള്‍ക്കാത്ത ഭാവത്തില്‍ ഞാന്‍ പത്രം വായന മുറുക്കി.

"ദേ ആ പേപ്പറിന്റെ ചന്തം നോക്കാതെ ആ ഫോണൊന്നെടുത്തൂടെ?" ഹായ്, എന്ത് മാന്യമായ വിഷു ആശംസ! ഐശ്വര്യമായി! കിട്ടേണ്ടത് കിട്ടിയപ്പോള്‍ ഫോണ്‍ താനേ പൊങ്ങി.
"ആ വഷളാ, ഞാനാ മാന്യന്‍... വിഷുവൊക്കെ എങ്ങനൊണ്ട്? വൈകുന്നേരം ഒന്നടിച്ചു പൊളിക്കണ്ടേ? ഇവിടെ കൂടാം. കുറെ മല്ലൂസും വരുന്നുണ്ട്""
വിളിച്ചത് മനു. 10 ലിറ്റര്‍ ബിയര്‍ സംഭരണശേഷിയുള്ള സോഫ്റ്റ്‌ വയറുള്ള ഒരു സോഫ്റ്റ്‌വെയര്‍ പണിക്കാരന്‍. വൈകുന്നേരം ചെല്ലാമെന്നു ഞാന്‍ സമ്മതിച്ചു.

അങ്ങനെ വിഷുവിന്റെ മാറ്റിനി ഷോ കഴിഞ്ഞു. ഇനി ഫസ്റ്റ് ഷോ...


ഒരേഴു മണിയായിക്കാണും കുടുംബസമേതം മനുവിന്റെ വിട്ടിലെത്തിയപ്പോള്‍... ബാലേട്ടനും വന്നിട്ടുണ്ട്. ബാലേട്ടന്‍ ഒരു പ്രമുഖ ബാങ്കിലെ ലോണ്‍ ഓഫീസര്‍ ആണ്. mortgage loan processing ആണ് മൂപ്പരുടെ സ്പെഷ്യാലിറ്റി. വീടില്ലാത്തവര്‍ക്ക് വീട് കൈയ്യില്‍ പിടിപ്പിക്കുന്ന ഒരു സാമൂഹ്യ സ്നേഹി... കൂടാതെ പേരറിയാത്തതും അറിയുന്നതുമായ കുറെ മല്ലൂസും ഹാജര്‍.

എല്ലാരും ഉപവിഷ്ടരായപ്പോള്‍ മുഖവുരയൊന്നുമില്ലാതെ മനു നയം വ്യക്തമാക്കി. ചാരിത്ര്യം നഷ്ടപ്പെടാത്ത ഒരു Chivas Regal പുള്ളി മേശപ്പുറത്തു എടുത്തു വച്ചു. പതിനെട്ടു വര്‍ഷമായി മണ്ണിനടിയില്‍ കാത്തു സൂക്ഷിച്ച അതിന്റെ കന്യാചര്‍മ്മം ആ ദുഷ്ടന്‍ അര നിമിഷത്തിനുള്ളില്‍ പിച്ചിച്ചീന്തി. ഗ്ലാസിലെ ഐസു സ്വര്‍ണവര്‍ണ്ണമായി.

മനു വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമേ കുടിക്കാറുള്ളൂ. മഴ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും. ഞാന്‍ അങ്ങനെ കുടിക്കാറില്ല. (സത്യം! പിന്നെ ഓണത്തിനും ചംക്രാന്തിക്കും വല്ലപ്പോഴും ഒരു സ്പൂണ്‍. അത്രേം മാത്രം. വായാടി ഏതോ പോസ്റ്റില്‍ പറഞ്ഞ പോലെ ഇത് വിശ്വസിച്ചില്ലെങ്കില്‍ നിങ്ങളുടെ കണ്ണ് പൊട്ടിപ്പോട്ടെ!)
 
സംസാരം മൂത്തു വന്നപ്പോള്‍ പുതുതായി പരിചയപ്പെട്ട മലയാളി ബാലേട്ടനോടു പറഞ്ഞു "എനിക്കൊരു used condom വേണം"

എല്ലാരും ഞെട്ടി. ബാലേട്ടന്‍ ശരിക്കും വിളറി.

ബാലേട്ടന്‍ : "used condom?"

മലയാളി : "അതെ ഞാനും ഭാര്യയും മാത്രമല്ലേയുള്ളൂ. തല്ക്കാലം ഒരു used condom മതി"

"നിങ്ങളെന്താ ഇപ്പറേന്നെ? എനിക്ക് മനസ്സിലായില്ല."

"നിങ്ങളു ഒരു ലോണ്‍ ഓഫീസര്‍ അല്ലെ? അപ്പോ‍ അറിയില്ലേ?"

"ഇല്ല."

"ഒരു used condom. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കൂടി താമസിക്കാന്‍"

"ഓ. നിങ്ങള്‍ പറയുന്നത് used condo-യെക്കുറിച്ചാണോ?"

"തന്നെ തന്നെ! used condom"

"ആ നമ്മള്‍ക്ക് ശരിയാക്കാം. ആദ്യം നിങ്ങള്‍ ഒരു റിയല്‍ എസ്റ്റേറ്റ്‌ ഏജെന്റിനെ കാണൂ. condo വാങ്ങാന്‍ എല്ലാം ശരിയായി ലോണ്‍ വേണ്ടുന്ന സമയത്ത് എന്നോട് പറഞ്ഞാല്‍ മതി. നമുക്ക് നോക്കാം"

ഞങ്ങള്‍ ചിരിയടക്കി ഒരുവിധം പിടിച്ചിരുന്നു. അദ്ദേഹം ഉദ്ദേശിച്ചത് condo എന്ന് ചുരുക്കപ്പേരുള്ള condominium (apartment പോലെ) വാങ്ങിക്കുന്ന കാര്യം ആണ്. എന്തായാലും ഈ വര്‍ഷം കുറച്ചു ചിരി‍ക്കുമെന്നു തോന്നുന്നു.

പിന്നെ, മനുവിന്റെ വീട്ടിലെ വിഭവസമൃദ്ധമായ ഊണും കഴിച്ചു ഞങ്ങള്‍ മടങ്ങിപ്പോന്നു.


എല്ലാവര്‍ക്കും എന്റെ വിഷു ആശംസകള്‍!

37 അഭിപ്രായങ്ങൾ:

 1. ഏതായാലും വഷളാ കുറച്ചു ചിരിച്ചു. പിന്നെ താമസിച്ചു പോയ വിഷു ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. നല്ല അവതരണ രീതി . ചിലയിടത്തൊക്കെ പൊട്ടിച്ചിരിച്ചു പോകും. ആശംസകള്‍ . ഇനിയും എഴുത്ത് തുടരുക...

  മറുപടിഇല്ലാതാക്കൂ
 3. ഹ..ഹ.ഹ.....ലത് ഗലക്കി ട്ടോ.

  അല്ല, ഈ സ്പൂണ് എത്ര വലിപ്പം ഉണ്ടാവും ? ഒരു ഒന്ന്-ഒന്നര ലിറ്റര്‍ സ്പൂണ് ആണോ?

  മറുപടിഇല്ലാതാക്കൂ
 4. വഷളാ...വിഷുവിനെ ഇത്ര വഷളാക്കേണ്ടിയിരുന്നില്ല
  അത്രമാത്രമാണ് ചിരിച്ചു വഷളായത്..കേട്ടൊ...

  ഞങ്ങളിവിടെ കണിമംഗലത്തുകാർ ഇത്തിരി നേരത്തെ, ഉറയില്ലാതെ കണികണ്ടുയെന്നുമാത്രം !
  നിങ്ങളവിടെ കണ്ണംകുളങ്ങരക്കാർ ഇത്തിരി വൈകി, ഉറയിട്ട് കണികണ്ടുയെന്നുമാത്രം !!

  മറുപടിഇല്ലാതാക്കൂ
 5. ക്യാപ്റ്റന്റെ സംശയം എനിയ്ക്കും ഉണ്ട്.

  മറുപടിഇല്ലാതാക്കൂ
 6. രസിച്ചു..ആ സ്പൂണിന്റെ വലുപ്പത്തിന്റെ കാര്യത്തില്‍ എന്താണാവോ എല്ലാരേം പോലെ എനിക്കുമൊരു സംശയം.:)

  മറുപടിഇല്ലാതാക്കൂ
 7. ഹ ഹ ഹ ...... കുറെ ചിരിച്ചു. " വഷളന്റെ വിഷു" അസ്സലായിട്ടുണ്ട്. വിഷുക്കണി വളരെ ഇഷ്ടപ്പെട്ടു.
  വഷളാ.... ശ്രീമതിയുടെ മുന്‍പില്‍ എലി പോലെയിരുന്നാലും ഒരു സ്പൂണ് ‍കയ്യില്‍ വച്ചിരിക്കുന്നത് പാവം ശ്രീമതിയുണ്ടോ അറിയുന്നു. ഉം... പാവം സ്ത്രീജനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 8. കാര്യങ്ങള്‍ വ്യക്തമായി ചോദിച്ചു മനസ്സിലാക്കി പ്രവര്‍ത്തിച്ചത് ഭാഗ്യം.. ഇല്ലായിരുന്നെങ്കില്‍.. എന്ടന്മ്മോ.. എന്തൊരു വിഷു ആയി മാറിയേനെ.. :) :)
  - കലക്കി.. :) :)

  മറുപടിഇല്ലാതാക്കൂ
 9. വഷളാ,
  എന്താ പറഞ്ഞത് ഒരു സ്പൂണോ?" ആന വായേല്‌ അമ്പഴങ്ങ" എന്ന് കേട്ടിട്ടുണ്ട്!!

  ഹും! വിഷുന്റെ കെട്ട് ഇപ്പോഴും ഇറങ്ങിയിട്ടില്ലെന്ന് ആ മുഖം കണ്ടാല്‍ അറിഞ്ഞൂടേ.. അല്ലെങ്കില്‍ വേണ്ടാ, പീഡി വരട്ടെ. പീഡിക്ക് ഇതൊക്കെ പെട്ടെന്ന് മനസ്സിലാകും. :)

  പിന്നെ സത്യം പറയാലോ, വിഷുവായിട്ട് ആ വൃത്തിക്കെട്ട കറുത്ത കണ്ണട എടുത്ത് മാറ്റിയത് നന്നായി!

  മറുപടിഇല്ലാതാക്കൂ
 10. ഒരു കണികണ്ട് ഒരു സദ്യയും കഴിഞ്ഞ് ഏമ്പക്കം വിട്ട് കുടുകുടാ ചിരിച്ച് ഞാന്‍ പോണു.

  മറുപടിഇല്ലാതാക്കൂ
 11. 10 ലിറ്റര്‍ ബിയര്‍ സംഭരണശേഷിയുള്ള സോഫ്റ്റ്‌ വയറുള്ള ഒരു സോഫ്റ്റ്‌വെയര്‍ പണിക്കാരന്‍..
  കൊള്ളാം കേട്ടോ ::)

  മറുപടിഇല്ലാതാക്കൂ
 12. വഷളന്‍ പറഞ്ഞ സ്പൂണിന്റെ ചിത്രം ഇവിടെ കാണാം.

  മറുപടിഇല്ലാതാക്കൂ
 13. ഫോട്ടോ ഒക്കെ മാറ്റി അല്ലെ...ആ..കലികാലം!

  മറുപടിഇല്ലാതാക്കൂ
 14. വായാടി പറഞ്ഞു: വിഷുവായിട്ട് ആ വൃത്തികെട്ട കറുത്ത കണ്ണട എടുത്ത് മാറ്റിയത് നന്നായി!

  ഇനി അതിന്റെ ആവശ്യമില്ല. ചെങ്കണ്ണ് രോഗം മാറിയെന്നു തോന്നുന്നു. വട്ട് മാറിയപ്പോള്‍ പണ്ട് തടിക്കൂട്ടില്‍ നിന്നും പുറത്തു വിട്ടില്ലേ? അതു പോലെ.....

  മറുപടിഇല്ലാതാക്കൂ
 15. ശരിക്കും പോസ്റ്റ്‌ വായിച്ചു ചിരിച്ചു
  വിഷു തമാശ കൊള്ളാം..!!

  മറുപടിഇല്ലാതാക്കൂ
 16. pinky18:10

  നല്ല പോസ്റ്റ്‌ കുറെ ചിരിച്ചു. മൂരുവിന്റെ സ്പൂണ്‍ കൊള്ളാം.....മനുവും, ബാലെട്ടനുമൊക്കെ എവിടെയോ കണ്ട് പരിചയമുള്ള കഥാപാത്രങ്ങളെപ്പോലെ ..........സോഫ്റ്റ്‌ വയറുള്ള software പണിക്കാരന്‍ ആ പ്രയോഗം ഗലക്കി ......

  മറുപടിഇല്ലാതാക്കൂ
 17. വൈകിയൊരു വിഷ്...ചിരിയടങ്ങുന്നേയുള്ളു ഈ നേരവും..!
  ഒരു കോണ്ടമയം ആകെ..!! ഗലഗലങ്ങീട്ടോ..!!

  മറുപടിഇല്ലാതാക്കൂ
 18. ഒരു സ്പൂണ്‍ ദ്രാവകം അകത്തു ചെന്നപ്പോള്‍ വഷളന്‍ പാടിയ വിഷുപ്പാട്ട്!

  മറുപടിഇല്ലാതാക്കൂ
 19. മനു വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമേ കുടിക്കാറുള്ളൂ. മഴ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും- അതൊരു രോഗമാണോ വഷളാ ?
  മൂരാച്ചി ഇട്ട സ്പൂണിന്റെ പടം കൊള്ളാം ,ശരിക്കും അതുപോലുള്ള സ്പ്പൂണ്‍ ആണോ വഷളന്‍ ഉപയോഗിക്കുന്നത് ?
  ഗലക്കി വഷള :)

  മറുപടിഇല്ലാതാക്കൂ
 20. Eapen Kuruvilla11:57

  kani kandathu roopha aano atho dollaro?

  മറുപടിഇല്ലാതാക്കൂ
 21. pinky14:24

  വായാടി പാട്ട് അടിപൊളി! കൊടുകൈ! അറിഞ്ഞോ? വായാടിയുടെ പാട്ട് പാടി പാടി ....വഷളന്‍ ഇപ്പോള്‍ ഈ അവസ്ഥയിലാണ് ... .. കഷ്ടം മനുഷ്യന്റെ ഒരു കാര്യം ...... ഇതൊന്നു കേള്‍ക്കു!

  മറുപടിഇല്ലാതാക്കൂ
 22. ഹ ഹ കൊള്ളാം ,വൈകിവന്ന ഒരു വിഷ് ഇരിക്കട്ടെ,അടുത്ത വിഷുവിന് അഡ്വാന്‍സായും ഉപയോഗിക്കാം “happy vishu "
  idea ഏറ്റില്ലെല്ലേ ,an idea can change your wife എന്നാക്കേണ്ടിവരുമോ ?

  മറുപടിഇല്ലാതാക്കൂ
 23. *** റ്റോംസ് കോനുമഠം : "ഏതായാലും വഷളാ കുറച്ചു ചിരിച്ചു. പിന്നെ താമസിച്ചു പോയ വിഷു ആശംസകള്‍"
  എന്റെ വക ഒരു വിഷുപ്പൂത്തിരി Ϯ ഇതാ പിടിച്ചോ 

  *** കാണാമറയത്ത് : "നല്ല അവതരണ രീതി . ചിലയിടത്തൊക്കെ പൊട്ടിച്ചിരിച്ചു പോകും. ആശംസകള്‍ . ഇനിയും എഴുത്ത് തുടരുക."
  പൊട്ടിച്ചിരിച്ചോ? കാണാമറയത്തിരുന്നായോണ്ട് കൊഴപ്പമില്ല. അല്ലെങ്കില്‍ ചിലപ്പോള്‍ തെറ്റിദ്ധരിച്ചേനെ.

  *** Captain Haddock : "അല്ല, ഈ സ്പൂണ് എത്ര വലിപ്പം ഉണ്ടാവും ? ഒരു ഒന്ന്-ഒന്നര ലിറ്റര്‍ സ്പൂണ് ആണോ?"
  *** ശ്രീ : "ക്യാപ്റ്റന്റെ സംശയം എനിയ്ക്കും ഉണ്ട്.
  *** Rare Rose : "ആ സ്പൂണിന്റെ വലുപ്പത്തിന്റെ കാര്യത്തില്‍ എന്താണാവോ എല്ലാരേം പോലെ എനിക്കുമൊരു സംശയം.:)"
  എല്ലാര്‍ക്കും സംശയം. ഇനി ഞാന്‍ എന്തു പറയാനാ? ഇതിന്റുത്തരം മൂരാച്ചി കഷ്ടപ്പെട്ട് കണ്ടുപിടിച്ചതല്ലേ? പക്ഷെ ലിങ്ക് തെറ്റായിരുന്നു...സ്പൂണിന്റെ ചിത്രം ഇവിടെ കാണാം.

  *** ബിലാത്തിപട്ടണം / Bilatthipattanam : "ഞങ്ങളിവിടെ കണിമംഗലത്തുകാർ ഇത്തിരി നേരത്തെ, ഉറയില്ലാതെ കണികണ്ടുയെന്നുമാത്രം ! നിങ്ങളവിടെ കണ്ണംകുളങ്ങരക്കാർ ഇത്തിരി വൈകി, ഉറയിട്ട് കണികണ്ടുയെന്നുമാത്രം !!"
  ബില്ലു ഭൈയ്യാ, എന്താ ഇപ്പൊ ഒരു ഉറ പ്രശ്നം? ഉള്ളത് ചൊന്നാല്‍ ഉറയും ചിരിക്കും.

  *** ഹേമാംബിക :  :)
  ഇരിക്കട്ടെ ഒരു വിഷുപ്പടക്കം 

  ***സഖി : "ഒരു സ്പൂണ് ‍കയ്യില്‍ വച്ചിരിക്കുന്നത് പാവം ശ്രീമതിയുണ്ടോ അറിയുന്നു. ഉം... പാവം സ്ത്രീജനങ്ങള്‍"
  എന്തു ചെയ്യാനാ സഖീ, ജീവിച്ചു പൊയ്ക്കോട്ടേ, പാവം ആണ്‍ജനങ്ങള്‍ 

  *** വെള്ളത്തിലാശാന്‍ : "കാര്യങ്ങള്‍ വ്യക്തമായി ചോദിച്ചു മനസ്സിലാക്കി പ്രവര്‍ത്തിച്ചത് ഭാഗ്യം.. ഇല്ലായിരുന്നെങ്കില്‍.. എന്ടന്മ്മോ.. എന്തൊരു വിഷു ആയി മാറിയേനെ.. :) :) "
  ആശാനെ,  അത് തന്നെ! അല്ലെങ്കില്‍ ആശാന് പറ്റിയ പോലെ മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോകും

  *** Vayady : "ആന വായേല്‌ അമ്പഴങ്ങ"
  നിന്റെ വായില്‍ കുമ്പളങ്ങ... ഹല്ല പിന്നെ!

  *** പട്ടേപ്പാടം റാംജി : "ഒരു കണികണ്ട് ഒരു സദ്യയും കഴിഞ്ഞ് ഏമ്പക്കം വിട്ട് കുടുകുടാ ചിരിച്ച് ഞാന്‍ പോണു."
  സദ്യ ഉണ്ടാതല്ലേ, ദാ ഒരു വിഷുക്കൈ നീട്ടം പിടിച്ചോ ഒരൊറ്റ രൂപത്തുട്ട്  

  മറുപടിഇല്ലാതാക്കൂ
 24. *** Renjith : "10 ലിറ്റര്‍ ബിയര്‍ സംഭരണശേഷിയുള്ള സോഫ്റ്റ്‌ വയറുള്ള ഒരു സോഫ്റ്റ്‌വെയര്‍ പണിക്കാരന്‍.."
  എന്റെ രഞ്ജിത്തേ, സോഫ്റ്റ്‌ വയര്‍ എന്നാണ് പുള്ളി resume യില്‍ കൊടുത്തത്, അല്ലാതെ പണി അറിഞ്ഞിട്ടൊന്നുമല്ല. വയറു കൊണ്ടും പിഴച്ചു പോകാം.

  *** nunachi sundari : "ഫോട്ടോ ഒക്കെ മാറ്റി അല്ലെ...ആ..കലികാലം!"
  *** മൂരാച്ചി : "വിഷുവായിട്ട് ആ വൃത്തികെട്ട കറുത്ത കണ്ണട എടുത്ത് മാറ്റിയത് നന്നായി! ഇനി അതിന്റെ ആവശ്യമില്ല. ചെങ്കണ്ണ് രോഗം മാറിയെന്നു തോന്നുന്നു. വട്ട് മാറിയപ്പോള്‍ പണ്ട് തടിക്കൂട്ടില്‍ നിന്നും പുറത്തു വിട്ടില്ലേ? അതു പോലെ....."
  എന്തു ചെയ്യാനാ നുണച്ചീ, ഏതു ഫോട്ടോ ഇട്ടാലും കുറ്റം പറയാന്‍ ആളുകളാ.  ഇനി മൊട്ടയടിച്ചു കാവടിയെടുത്തു വരാന്‍ പറയുമോ? മൂരാച്ചിയുടെ ഫോട്ടോ കണ്ടോ? എന്തൊരു ഐശ്വര്യം... എന്നെ അതുപോലെ ആക്കിയെ അയാള്‍ അടങ്ങൂ.

  *** സിനു : "വിഷു തമാശ കൊള്ളാം..!!"
  സീനുവിനു മാത്രം മനസ്സിലായി തമാശയാണെന്ന്. ശരിയ്ക്കും ഞാന്‍ കുടിച്ചിട്ടില്ലെന്നും. ബുദ്ധിയുണ്ട്...

  *** pinky :  "നല്ല പോസ്റ്റ്‌ കുറെ ചിരിച്ചു. മൂരുവിന്റെ സ്പൂണ്‍ കൊള്ളാം.....മനുവും, ബാലെട്ടനുമൊക്കെ എവിടെയോ കണ്ട് പരിചയമുള്ള കഥാപാത്രങ്ങളെപ്പോലെ ..........സോഫ്റ്റ്‌ വയറുള്ള software പണിക്കാരന്‍ ആ പ്രയോഗം ഗലക്കി ......"
  പിങ്കീ , മനുവിന്റെ വയര്‍ എന്നൊരു പോസ്റ്റ്‌ ഇട്ടാലോ?

  *** ഒരു നുറുങ്ങ് : "വൈകിയൊരു വിഷ്...ചിരിയടങ്ങുന്നേയുള്ളു ഈ നേരവും..!"
  നുറുങ്ങിന് എന്റെ വിഷ്.  ഒരു ഏറുപടക്കം ഇരിക്കട്ടെ പ്ഠോ

  *** Vayady :  "ഒരു സ്പൂണ്‍ ദ്രാവകം അകത്തു ചെന്നപ്പോള്‍ വഷളന്‍ പാടിയ വിഷുപ്പാട്ട്!"
  *** pinky : "വായാടി പാട്ട് അടിപൊളി! കൊടുകൈ! അറിഞ്ഞോ? വായാടിയുടെ പാട്ട് പാടി പാടി ....വഷളന്‍ ഇപ്പോള്‍ ഈ അവസ്ഥയിലാണ് ... .. കഷ്ടം മനുഷ്യന്റെ ഒരു കാര്യം ...... ഇതൊന്നു കേള്‍ക്കു!"
  അങ്ങനെ ഒരു പാവം teetotaller ആയ എന്നെ നിങ്ങള്‍ ഒരു കുടിയനാക്കിയേ... ഈ പാപമൊക്കെ എങ്ങനെ കൊണ്ട് കളയും?

  *** Radhika Nair : "മനു വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമേ കുടിക്കാറുള്ളൂ. മഴ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും- അതൊരു രോഗമാണോ"
  പിന്നേ... കാമിലാരി കഴിക്കുന്നുണ്ട്. എല്ലാര്‍ക്കും കഴിക്കാവുന്ന മരുന്നാന്നെ...ഇപ്പൊ ഭേദമുണ്ട്. 

  *** Eapen Kuruvilla : "kani kandathu roopha aano atho dollaro?"
  ഈപ്പാ, ഏയ്‌ അങ്ങനെയൊന്നുമില്ല... രൂപയായാലും ഡോളിയായാലും പ്രശ്നമില്ല.

  *** ജീവി കരിവെള്ളൂര്‍ : "an idea can change your wife"
  ഓരോന്ന് പറഞ്ഞു കൊതിപ്പിക്കല്ലേ എന്റെ ജീവീ.
  ഒരര്‍ത്ഥത്തില്‍ ജീവി പറഞ്ഞത് ശരിയാ. ഒരു ഐഡിയ പറഞ്ഞാല്‍ ഉടനെ വൈഫ്‌ ചേഞ്ച്‌ ചെയ്യും. ദുര്‍ഗയാവും ദുര്‍ഗ.

  മറുപടിഇല്ലാതാക്കൂ
 25. ഹ ഹ ഹ… വഷളാ സൂപ്പര്‍ വിഷു.!!

  ഭാഗ്യത്തിന് ഇടയ്ക്ക് ഏറുകണ്ണിട്ടു ഞാന്‍ വഴി ഉറപ്പാക്കുന്നത് പുള്ളിക്കാരി അറിഞ്ഞില്ല. നമ്മുടെ സേഫ്റ്റി നമ്മള്‍ തന്നെ നോക്കണമല്ലോ...

  നല്ല കണികാണല്‍…!!

  മറുപടിഇല്ലാതാക്കൂ
 26. വഷളാ, ബ്ലോഗ് വീട് അടിപൊളിയാക്കിയല്ലോ? ഇനി നല്ലൊരു കഥയും കൂടിയിങ്ങ് പോരട്ടെ.. ആശംസകള്‍!

  മറുപടിഇല്ലാതാക്കൂ
 27. **** ഹംസ : "ഹ ഹ ഹ… വഷളാ സൂപ്പര്‍ വിഷു.!!"
  ഹംസയ്ക്കും എന്റെ താമസിച്ചുപോയ വിഷു ആശംസകള്‍.

  **** ഉമേഷ്‌ പിലിക്കൊട്
  **** jayarajmurukkumpuzha
  രണ്ടുപേര്‍ക്കും എന്റെ ആശംസകള്‍. ഒരു സ്മൈലി പിടിച്ചോ... :)

  **** Vayady : "വഷളാ, ബ്ലോഗ് വീട് അടിപൊളിയാക്കിയല്ലോ? ഇനി നല്ലൊരു കഥയും കൂടിയിങ്ങ് പോരട്ടെ.. ആശംസകള്‍!"
  വായാടീ, പെയിന്റിംഗും മൈന്റെനന്‍സും കഴിഞ്ഞു കുത്തുപാളയെടുത്തു. ഇനി ശാപ്പാടിനുള്ള വക കണ്ടെത്തണം. ആശയ ദാരിദ്ര്യം!

  മറുപടിഇല്ലാതാക്കൂ
 28. ഹും! വഷളന്‌ ആശയദാരിദ്യമോ? No way!! :)

  മറുപടിഇല്ലാതാക്കൂ
 29. എത്താനിത്തിരി വൈകി ..എന്നാലും ആശം സകൾ...ഒരു ആശയ ദാരിദ്ര്യവും ഇല്ലാതെ ഇഷ്ടം പോലെ പോസ്റ്റുകൾ ഇക്കൊല്ലം വരട്ടെ

  മറുപടിഇല്ലാതാക്കൂ
 30. "ആപ്പീസു പണിയൊന്നുമില്ലാതെ രാവിലെ ഒന്നു ചുരുണ്ട് കൂടിക്കിടന്ന എന്നെ ചട്ടുകത്തിനു ദോശ ഇളക്കുന്നത് പോലെ മറിച്ചിട്ട് സഹധര്‍മ്മിണി മൊഴിഞ്ഞു"

  എറക്കാടനെപ്പോലെ ഞാനും എത്താനിത്തിരി വൈകി. എങ്കിലും എന്റെ ആശംസകള്‍. പിന്നെ പോസ്റ്റ് ശരിക്കും ചിരിപ്പിച്ചു. രസകരമായ എഴുത്ത്. നല്ല വായന തന്നതിന് നന്ദി.

  മറുപടിഇല്ലാതാക്കൂ
 31. adipoli,sharikkum rasichu!!!!!!happy to know you!better late than never ennalle.....used condoms,americakar ithrakkum daridravaasikal aayo ennu vicharichu aadyam.keep on doing the good job through out the new year!

  മറുപടിഇല്ലാതാക്കൂ
 32. *** ഏറക്കാടന്‍, അക്ബര്‍, chithrangada
  സ്വാഗതം, അഭിപ്രായത്തിനു നന്ദി. ഇനിയും വരുമല്ലോ

  മറുപടിഇല്ലാതാക്കൂ
 33. വഷളാ... ഇത് കലക്കി.....
  നല്ല വിഷുക്കൈനീട്ടം...... ഒരുപാട് ഇഷ്ട്ടപ്പെട്ടു..
  നല്ല അവതരണം. ഓരോന്നിന്റെയും ഇന്‍സ്റ്റന്റ് വാക്കുകള്‍ പ്രത്യേകം ഇഷ്ട്ടപ്പെട്ടു ട്ടോ.
  ഇനിയും ഇത് പോലെയുള്ളതു പോരട്ടെ...... കാത്തിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ