2010/10/10

ഓടക്കുഴല്‍ വാദ്യം

Courtesy: Wikimedia.org
മൊഞ്ചായ്ക്കരത്താല്‍ തഴുകിത്തലോടി-
ച്ചെഞ്ചുണ്ടു തൊട്ടൂ, മുകരുന്ന നേരം
കൊഞ്ചിച്ച നാദ, ക്കുഴലിന്‍നിവേദ്യം
പഞ്ചാമൃതത്തി, ന്മധുരപ്രസാദം

        കണ്ടീടുകേമം സുരഗംഗമദ്ധ്യേ
        തണ്ടാംകടക്കോല്‍ തിരിയുന്ന കാലം
        ഉണ്ടായതാംനല്‍ നവനീത ഗീതം
        ഇണ്ടല്‍വിരാമം സുഖദപ്രവാഹം


തോയംതുളുമ്പും നിറമാരിവര്‍ഷം
പെയ്യുന്നനംഗം നിറയുന്നു സര്‍വം
മായംകുറഞ്ഞാ മഴവില്ലു ചേലായ്
മേയും മനസ്സില്‍ മുരളീനിനാദം

        മഞ്ഞക്കടമ്പി, ന്മുടിനാരു തോറും
        മഞ്ഞിറ്റുവീഴ്ത്തീ, മധുരാനുരാഗം
        മഞ്ജീരനാദം സുമസാര വൃന്ദം
        നെഞ്ഞിന്റെയുള്ളില്‍ നിറദീപ്തരാഗം


ആസ്യംവിലാസം നടനസ്യ ലാസ്യം
വാസന്തപൂവിന്‍ മധുമന്ദഹാസം
വീശിക്കുളിര്‍ന്നൂ നയനാഭിരാമം
പാശംവെടിഞ്ഞൂ ഹൃദയപ്രയാണം

        കണ്‍കോണിലൂറും പ്രണയാര്‍ദ്രഭാവം
        വെണ്ണീറു ചൂഴുന്നഴലിന്‍പ്രരോദം
        വിണ്‍കൊണ്ടദൃശ്യ പ്രണതപ്രഭാവം
        എണ്ണീടലാമോ സരസപ്രപഞ്ചം


നീലാംബരത്തില്‍ മതിചന്ദ്രബിംബം
ചേലും നിലാവായൊഴുകും സരസ്സില്‍
ആലസ്യമില്ലാ മിഴിയെത്തുറന്നൂ
നീലാമ്പലെല്ലാം നിറയുന്നപോലേ

        നേരൊത്തപൈമ്പാല്‍ നുരയും സുഗീതം
        പാരംശ്രവിപ്പൂ അനുവാചജാലം
        കോരിത്തരിച്ചെ, ന്മനവും സമുഗ്ദ്ധം
        പാരില്‍പ്രസീദ, പ്പരമാര്‍ത്ഥ സിദ്ധേ
വൃത്തം - ഇന്ദ്രവജ്ര.
പ്രചോദനം - ശ്രീനാഥന്റെ കവിത അറിയാതെ പോകുന്ന ക്യാമ്പസ് വായിച്ചപ്പോള്‍ ചതുരക്കവിത മുനയൊടിച്ചു വൃത്തത്തിലാക്കാന്‍ തോന്നി.

22 അഭിപ്രായങ്ങൾ:

 1. "മൊഞ്ചായ്ക്കരത്താല്‍ തഴുകിത്തലോടി-
  ച്ചെഞ്ചുണ്ടു തൊട്ടൂ, മുകരുന്ന നേരം
  കൊഞ്ചിച്ച നാദ, ക്കുഴലിന്‍നിവേദ്യം
  പഞ്ചാമൃതത്തി, ന്മധുരപ്രസാദം"

  ഓടക്കുഴലില്‍ നിന്നും ഉതിര്‍ന്ന നാദത്തെ വളരെ മധുരമായി വര്‍ണ്ണിച്ചിരിക്കുന്നു. നന്നായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 2. ഇത്തിരി കട്ടിയായി എനിക്കെങ്കിലും,ഈ നാദം ഗംഭീരമായി.

  മറുപടിഇല്ലാതാക്കൂ
 3. മാഷേ ഞാനൊന്നും പറയാന്‍ ആളല്ല.
  വായിച്ചു. വായിക്കാന്‍ രസം തോന്നി.
  ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 4. അജ്ഞാതന്‍12:08

  കലക്കീട്ട്വോ മാഷേ,...(തൃശൂര്‍ഭാഷയില്‍ ടിനി ശൈലിയില്‍ വായിക്കണേ..). കൊള്ളാം നല്ലൊരു കവിതാ ഉദ്യമം. മൂന്നു പ്രാവശ്യം വായിച്ചു, റാംജി പറഞ്ഞ പോല ചൊല്ലാന്‍ രസമുണ്ട്. അനന്തമജ്ഞാതമവര്‍ണ്ണനീയം... അതു പോലാണോ? അതോ ചിന്താവിഷ്ടയായ സീത പോലെയോ? എന്തായാലും കൊള്ളാം. പക്ഷേ ഒരു സംശയം..നവനീതം വെണ്ണനെയ്യല്ലേ? വേറേ അര്‍ത്ഥമുണ്ടാവും അല്ലേ പണ്ഡിറ്റ്ജി? ശ്രീനാഥന്‍ മാഷ് ഒരു പാടു പേര്‍ക്കു പ്രചോദനമായി. നല്ല കാര്യം.

  മറുപടിഇല്ലാതാക്കൂ
 5. മൈത്രേയീ, പണ്ടൊക്കെ (സ്കൂള്‍ കാലഘട്ടം) വൃത്തത്തില്‍ എഴുതുമായിരുന്നു. പിന്നെ കൂമ്പടഞ്ഞു പോയി.

  "അനന്തമജ്ഞാതമവര്‍ണ്ണനീയം" ഉപേന്ദ്രവജ്ര ആണ്. ഇന്ദ്രവജ്രയിലെ ആദ്യത്തെ അക്ഷരം ലഘു ആയാല്‍ ഉപേന്ദ്രവജ്ര ആകും

  ഇന്ദ്രവജ്രയിലെ ഈ ശ്ലോകം കേട്ടുകാണും.

      കാവ്യം സുഗേയം, കഥ രാഘവീയം,
      കര്‍ത്താവു തുഞ്ചത്തുളവായ ദിവ്യന്‍,
      ചൊല്ലുന്നതോ ഭക്തിമയസ്വരത്തി,-
      ലാനന്ദലബ്ധിയ്ക്കിനിയെന്തു വേണം?


  ഇന്ദ്രവജ്ര/ ഉപേന്ദ്രവജ്ര മിക്സ്‌ ചെയ്‌താല്‍ ഉപജാതി എന്നൊരു വൃത്തം ഉണ്ടാകും. ഉദാഹരണം താഴെ. രണ്ടാമത്തെ വരി ഇന്ദ്രവജ്ര. ബാക്കി മൂന്നും ഉപേന്ദ്രവജ്ര

      സുഖത്തിലുണ്ടാം സഖിമാരനേകം,
      ദുഃഖം വരുമ്പോള്‍ പുനരാരുമില്ല
      ഖഗങ്ങള്‍ മാവില്‍ പെരുകും വസന്തേ,
      വരാ ശരത്തിങ്കലതൊന്നുപോലും.

  മറുപടിഇല്ലാതാക്കൂ
 6. “ആയിരം കാട്ടാന മുന്നില്‍ വന്നാല്‍ ഞാനെന്ത് കാട്ടാനാ“ അയ്യോ അതല്ല പറയാന്‍ വന്ന വിശയം മാറിയാ പറഞ്ഞത് സോറി.
  റാംജി പറഞ്ഞ പോലെ ഞാനും ഒന്നും പറയാന്‍ ആളല്ല പക്ഷെ വായിച്ചപ്പോള്‍ കൊള്ളാലോ എന്ന് മനസ്സ് പറഞ്ഞു അത് ഞാന്‍ ഇവിടെയും പറയുന്നു

  മറുപടിഇല്ലാതാക്കൂ
 7. വഷളാ, സമ്മതിച്ചു.(കാട്ടുപൂച്ച കണ്ടു പിടിച്ചു തന്നില്ല എന്നൊരു പരിഭവം ഉണ്ട്.) ഭാഷയോടുള്ള പരിജ്നാനതിലേറെ വഷളനു അതിനോടുള്ള ഇഷ്ടം കാണുമ്പോ വല്ലാത്ത സന്തോഷവും, സ്നേഹവും തോന്നുന്നു.(തെറ്റിദ്ധരിക്കണ്ട). നേരത്തെ നമ്മള്‍ സംവദിച്ചത് പോലെ prose നെ poetry എന്ന് വിശേഷിപ്പിക്കുമ്പോള്‍ നഷ്ടപ്പെടുന്ന എന്തോ ഒരു "ഇത് " ഉണ്ടല്ലോ അത് ഇവിടെ കിട്ടി. കവിതകളെക്കുറിച് ആധികാരികമായി പറയാന്‍ അറിയില്ലെങ്കിലും ഇത് വൃത്തമൊക്കെ തിരിച്ചത് കൊണ്ടാവണം വായിക്കാന്‍ നല്ല സുഖം തോന്നി. വഷളന്‍ ജി, അഭിനന്ദനങ്ങള്‍.

  ഇന്ദ്രവൃജയെ പറ്റി detailed ആയി വിശദീകരിക്കാമോ വഷള്‍ ജി? ചുമ്മാ അറിയാന്‍ മോഹം.

  മറുപടിഇല്ലാതാക്കൂ
 8. ജയേട്ടാ കവിത വായിച്ചു ,പത്താം ക്ലാസ്സിനു ശേഷം വൃത്തം മുതലായ കാര്യങ്ങള്‍ ഉപേക്ഷിച്ചതിനാല്‍ കവിതയെ പറ്റി കൂടുതല്‍ പറയാനുള്ള അറിവില്ല .പക്ഷെ റാംജി ഭായി പറഞ്ഞതുപോലെ വായിക്കാന്‍ രസം തോന്നി

  മറുപടിഇല്ലാതാക്കൂ
 9. ബാച്ചീസ്,

  ലക്ഷണം : "കേളിന്ദ്രവജ്രയ്ക്ക് തതം ജഗംഗം"

  അതായത് ഗണം ഗണം ഗണം ഗുരു ഗുരു

  ഗണങ്ങള്‍ ഓര്‍ത്തുവയ്ക്കാന്‍:
  ആദി മദ്ധ്യാന്ത വര്‍ണ്ണങ്ങള്‍ ലഘുക്കള്‍ യരതങ്ങളില്‍
  ഗുരുക്കള്‍ ഭജസങ്ങള്‍ക്ക്
  മനങ്ങള്‍ ഗല മാത്രമാം


  അതായത് ആദ്യം, മദ്ധ്യം, അവസാനം ലഘു (v) വന്നാല്‍ v-- (യ), -v- (ര), --v (ത)
  അതായത് ആദ്യം, മദ്ധ്യം, അവസാനം ഗുരു (-) വന്നാല്‍ -vv (ഭ), v-v (ജ), vv- (സ)
  എല്ലാം ഗുരു മഗണം (---)
  എല്ലാം ലഘു നഗണം (vvv)

  ലഘു, ഗുരു, മാത്ര.
  അക്ഷരങ്ങള്‍ ഉച്ചരിക്കനെടുക്കുന്ന സമയം അനുസരിച്ച് മാത്രകളായി തരം തിരിക്കുന്നു. ലഘുവിനു ഒരു മാത്ര ഗുരുവിനു രണ്ടു മാത്ര

  ദീര്‍ഘം, അനുസ്വാരം, വിസര്‍ഗം തുടങ്ങിയവ വന്നാല്‍ ഗുരു
  കൂട്ടക്ഷരം, ചില്ല് എന്നിവ ഒരക്ഷരത്തിനു ശേഷം വന്നാല്‍ അവയെ ഗുരുവായി പരിഗണിക്കും

  മറുപടിഇല്ലാതാക്കൂ
 10. Bachees,
  Mathematically, Ganam has an interesting resemblance to binary numbers. If you treat laghu as 0 and guru as 1

  Then
  011 = 3 = യ
  101 = 5 = ര
  110 = 6 = ത
  100 = 4 = ഭ
  010 = 2 = ജ
  001 = 1 = സ
  111 = 7 = മ
  000 = 0 = ന

  മറുപടിഇല്ലാതാക്കൂ
 11. എന്റെ കുറിപ്പ് പ്രചോദനമെന്നതിനേക്കാൾ പ്രകോപനമായി എന്നതല്ലേ ശരി. നന്ദി. ഉജ്ജ്വലമായി രചന. ജെകെയുടെ പദസ്വാധീനവും താളബോധവും കൃതഹസ്തതയും അസൂയാവഹമാണ്. ഓടക്കുഴൽ വിളി ഒഴുകി വരുമ്പോലെ തോന്നി.‘ഹരിപകരുന്നു, ഗാഢമുരളിയിൽ ഒരു ഹൃദയം നിറയെ പരിഭവം‘ എന്ന് ഹരിപ്രസാദ് ചൌരാസിയയെക്കുറിച്ച് ബാലേന്ദ്രൻ എഴുതിയതും ഓർത്തു. പിന്നെ ചതുരം വൃത്തത്തിലാക്കിയതൊന്നുമല്ല ഇത്, തതം ജഗംഗം എന്ന് സ്കെയിലു വച്ചു മുറിച്ചല്ലല്ലോ എഴുതിയത്, ഇന്ദ്രവജ്രയുടെ ഈണമല്ലായിരുന്നോ മനസ്സിൽ? വൃത്തത്തെക്കുറിച്ചുള്ള ഒരു കുറിപ്പെഴുതിയതും നന്നായി.

  മറുപടിഇല്ലാതാക്കൂ
 12. അജ്ഞാതന്‍12:08

  അയ്യോ, മലയാളം ഗ്രാമര്‍ ക്ലാസ്സില്‍ വന്ന പോലെ.....എഴുതിയ പദ്യങ്ങളെല്ലാം നന്നായി അറിയാവുന്നവ തന്നെയായിരുന്നു. വീണ്ടും കണ്ടപ്പോള്‍ സന്തോഷം തോന്നി. എന്തായാലും നിയമദ്ധമായി കവിത എഴുതാനുള്ള ആ ശ്രമം അഭിനന്ദനീയം തന്നെ.
  And the resemblance pointed out to binary nos is also superb!

  മറുപടിഇല്ലാതാക്കൂ
 13. വഷൂ ,ഞാന്‍ പഠിച്ച സ്കൂളില്‍ എന്‍റെ ഒരു ബന്ധു ,ആയിരുന്നു മലയാളം ടീച്ചര്‍ .മാസത്തില്‍ ഒരിക്കല്‍ ബോര്‍ഡില്‍ ഇതുപോലെ വൃത്തം തിരിച്ച് കാണിക്കണം . ,എന്‍റെ ഊഴം വരുന്ന ആ ദിവസം ഞാന്‍ ക്ലാസ്സില്‍ പോകില്ല .കാരണം എനിക്ക് അത് എന്തോ വല്ലാത്ത ഒരു ബുദ്ധി മുട്ട് ആയി തോന്നും .,കുറച്ചൊക്കെ അറിയാം ,എന്നാലും അവിടെ നിന്ന് ചെയ്യുമ്പോള്‍ കാലിന്‍റെ മുട്ട് ഇടിക്കും .എല്ലാം തെറ്റി പോകും . കുറെ നല്ല വഴക്ക് കിട്ടും .മലയാളം പരീക്ഷ വരുമ്പോള്‍ ,തലേന്ന് വരെ ഒരു ക്ലാസ്സ്‌ ഉണ്ടാവും .വൃത്തം അല്ലാതെ ബാക്കി എല്ലാം പഠിച്ചോ എന്ന് ചോദിക്കില്ല ഹഹ .പത്താം ക്ലാസ്സ്‌ പരീക്ഷ കഴിഞ്ഞു മാര്‍ക്ക്‌ അറിയാന്‍ ,ആ ടീച്ചര്‍ ഉണ്ടായില്ല ,പെട്ടന്ന് മരിച്ചു പോയി . ഇപ്പോള്‍ ഇത് വായിച്ചപ്പോള്‍ അതെല്ലാം ഓര്‍മ്മ വന്നു .,
  മൈത്രേയീ, പറഞ്ഞപോലെ ,പണ്ഡിറ്റ്ജി.ഇതൊക്കെ എന്‍റെ പോലെ മലയാളം മറന്നവര്‍ക്ക് ഒരു സഹായം തന്നെ ,നന്ദി ....

  ''നീലാംബരത്തില്‍ മതിചന്ദ്രബിംബം
  ചേലും നിലാവായൊഴുകും സരസ്സില്‍
  ആലസ്യമില്ലാ മിഴിയെത്തുറന്നൂ
  നീലാമ്പലെല്ലാം നിറയുന്നപോലേ''

  മറുപടിഇല്ലാതാക്കൂ
 14. എനിക്കറിയാത്ത വിഷയം ആണ് ഇത്.. എന്നാലും ഇടിവെട്ട് സാധനം എന്ന് മനസിലായീ. ഇനി ഇതൊരു തോഴിലാക്കാനാണ് ഭാവം എങ്കില്‍ ഇടികിട്ടും എന്നും മനസിലാക്കുകാ..

  മറുപടിഇല്ലാതാക്കൂ
 15. ദക്ഷിണ വച്ചു നമസ്കരിച്ചു ഗുരുവായി സ്വീകരിക്കുന്നു. ഇതൊക്കെ ഒപ്പിച്ച് എഴുതേണ്ടിവന്നാല്‍ വട്ടം കറങ്ങിപ്പോയതു തന്നെ. പണ്ട് പാടിനോക്കിയാണ് വൃത്തം കണ്ടുപിടിച്ചിരുന്നത്. കുറേയൊക്കെ ശരിയാകും. ചിലത് തെറ്റും.
  ഇന്ദ്രവജ്രയിലേറിവന്ന ആ ഓടക്കുഴല്‍ നാദം നന്നേ ആസ്വദിച്ചു കേട്ടോ.

  മറുപടിഇല്ലാതാക്കൂ
 16. odakkuzhal nadham assalayi....... aashamsakal.............

  മറുപടിഇല്ലാതാക്കൂ
 17. അഭിപ്രായങ്ങള്‍ വിലമതിക്കുന്നു. നന്ദി.

  മറുപടിഇല്ലാതാക്കൂ
 18. ഓടക്കുഴല്‍ വാദ്യമുള്ളം നിറഞ്ഞതു-
  മോടിയില്‍ ചൊല്ലിപ്പതം വരുത്തി .
  വേടനെപ്പേടിച്ചു കാട്ടിലലയുന്ന
  പേടമാന്‍ പോലെ പകച്ചുപോയി .
  നാടിന്നഭിമാന ബൂലോക ബ്ലോഗറെ -
  ത്തേടിപ്പിടിക്കാന്‍ കൊതിയുമായി .
  പാടിപ്പുകഴ്ത്തുകയല്ലെന്റെ സോദരാ
  ഓടക്കുഴല്‍ വാദ്യം കേമമായി

  മറുപടിഇല്ലാതാക്കൂ
 19. ആസ്യംവിലാസം നടനസ്യ ലാസ്യം
  വാസന്തപൂവിന്‍ മധുമന്ദഹാസം
  വീശിക്കുളിര്‍ന്നൂ നയനാഭിരാമം
  പാശംവെടിഞ്ഞൂ ഹൃദയപ്രയാണം

  ആഹാ..
  ചങ്ങമ്പുഴ അടുത്തു കൂടി പോയതു പോലെ തോന്നി.
  പഠിച്ചതും പിന്നീട്‌ മറന്ന് പോയതും ഓർമ്മിപ്പിച്ചത്‌ ഭംഗിയായി.

  വളരെ നല്ല പോസ്റ്റാണ്‌.
  ശ്രീനാഥന്റെ പോസ്റ്റ്‌ വായിക്കുവാൻ സഹായിച്ചതിനും നന്ദി.

  മറുപടിഇല്ലാതാക്കൂ
 20. ഇന്ദ്രവജ്ര വൃത്തത്തിലിതാ ഉജ്ജ്വലമായി തിളങ്ങുന്നൂ ...
  ഇന്ദ്രധനുസ്സൊന്നുപോൽ മാറ്റൊലിയിട്ടിതായീവേണുഗാനം !

  മറുപടിഇല്ലാതാക്കൂ
 21. ആസ്യംവിലാസം നടനസ്യ ലാസ്യം
  വാസന്തപൂവിന്‍ മധുമന്ദഹാസം
  വീശിക്കുളിര്‍ന്നൂ നയനാഭിരാമം
  പാശംവെടിഞ്ഞൂ ഹൃദയപ്രയാണം

  പ്രാസ ഭംഗിയോടെ ചിട്ടപ്പെടുത്തിയ കവിത. പതിവ് ശൈലിയില്‍ നിന്നും കളം മാറ്റി ചവിട്ടുകയാണോ. നന്നായിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 22. ഒന്നു കളം മാറ്റി ചവിട്ടണം.
  കവിതകൾ വൃത്തത്തിലെഴുതണം.
  കഴിവുകൾക്ക് ക്ളാവു പിടിക്കാതിരിക്കട്ടെ
  ഇനിയും പ്രതീക്ഷിക്കുന്നു.

  മറുപടിഇല്ലാതാക്കൂ