![]() |
| Courtesy: Wikimedia.org |
ച്ചെഞ്ചുണ്ടു തൊട്ടൂ, മുകരുന്ന നേരം
കൊഞ്ചിച്ച നാദ, ക്കുഴലിന്‍നിവേദ്യം
പഞ്ചാമൃതത്തി, ന്മധുരപ്രസാദം
കണ്ടീടുകേമം സുരഗംഗമദ്ധ്യേ
തണ്ടാംകടക്കോല്‍ തിരിയുന്ന കാലം
ഉണ്ടായതാംനല്‍ നവനീത ഗീതം
ഇണ്ടല്‍വിരാമം സുഖദപ്രവാഹം
തോയംതുളുമ്പും നിറമാരിവര്‍ഷം
പെയ്യുന്നനംഗം നിറയുന്നു സര്‍വം
മായംകുറഞ്ഞാ മഴവില്ലു ചേലായ്
മേയും മനസ്സില്‍ മുരളീനിനാദം
മഞ്ഞക്കടമ്പി, ന്മുടിനാരു തോറും
മഞ്ഞിറ്റുവീഴ്ത്തീ, മധുരാനുരാഗം
മഞ്ജീരനാദം സുമസാര വൃന്ദം
നെഞ്ഞിന്റെയുള്ളില്‍ നിറദീപ്തരാഗം
ആസ്യംവിലാസം നടനസ്യ ലാസ്യം
വാസന്തപൂവിന്‍ മധുമന്ദഹാസം
വീശിക്കുളിര്‍ന്നൂ നയനാഭിരാമം
പാശംവെടിഞ്ഞൂ ഹൃദയപ്രയാണം
കണ്‍കോണിലൂറും പ്രണയാര്‍ദ്രഭാവം
വെണ്ണീറു ചൂഴുന്നഴലിന്‍പ്രരോദം
വിണ്‍കൊണ്ടദൃശ്യ പ്രണതപ്രഭാവം
എണ്ണീടലാമോ സരസപ്രപഞ്ചം
നീലാംബരത്തില്‍ മതിചന്ദ്രബിംബം
ചേലും നിലാവായൊഴുകും സരസ്സില്‍
ആലസ്യമില്ലാ മിഴിയെത്തുറന്നൂ
നീലാമ്പലെല്ലാം നിറയുന്നപോലേ
നേരൊത്തപൈമ്പാല്‍ നുരയും സുഗീതം
പാരംശ്രവിപ്പൂ അനുവാചജാലം
കോരിത്തരിച്ചെ, ന്മനവും സമുഗ്ദ്ധം
പാരില്‍പ്രസീദ, പ്പരമാര്‍ത്ഥ സിദ്ധേ
വൃത്തം - ഇന്ദ്രവജ്ര.
പ്രചോദനം - ശ്രീനാഥന്റെ കവിത അറിയാതെ പോകുന്ന ക്യാമ്പസ് വായിച്ചപ്പോള്‍ ചതുരക്കവിത മുനയൊടിച്ചു വൃത്തത്തിലാക്കാന്‍ തോന്നി.





