2010/05/09

അമ്മദിനം

അമ്മയ്ക്കെന്നും മകന്‍ദിനം
എനിക്കു വല്ലപ്പോഴും അമ്മദിനം

ഒരു ചെറുതരിയായി ഉരുവായി
ഉലയാതെ ഉടയാതെ കാത്ത്
ചോര കൊടുത്തു ചുമന്ന മുതല്‍
അമ്മയ്ക്കെന്നും മകന്‍ദിനം


ഇരുള്‍ കുടിച്ചു, പകല്‍ കൊതിച്ചു
പൊരുള്‍ തിരഞ്ഞു  ഞാനിരുന്നു
തുണയിരുന്നു ചെറുതുടിപ്പു താളമെണ്ണി
ഏകാന്തതയില്‍, ഏകത്വബന്ധമായ്     

ഒടുവില്‍, നൊമ്പരം നല്‍കി, യുടല്‍
പകുത്തെതെ, ന്നസ്തിത്വമോഹം
പിന്നെ സ്നേഹം വലിച്ചു കുടിച്ചു വളര്‍ന്നു ഞാന്‍
ചെറുതായി അമ്മയെന്‍ "പരിധിക്കു വെളിയിലായ്"

ഇന്നമ്മ ദിനം. ഒരു നിമിഷം, ഒന്നു ഫോണ്‍ ചെയ്യട്ടെ...

നാഴികനീണ്ട ഫോണ്‍ (വീണ്‍?) വാക്കുകള്‍
പാതിമാഞ്ഞ സ്ലേറ്റില്‍ വരക്കോലം തൊട്ട്
"ഇതമ്മയാണെ"ന്നൊളികണ്ണു നോക്കി
നാണിച്ചൊരു നിമിഷാര്‍ദ്ധമേകിയോ?

രണ്ടാം തരത്തില്‍ തീരാവിശേഷങ്ങള്‍
തുള്ളിപ്പറഞ്ഞൂ നായ്ക്കുട്ടിയായി ഞാന്‍
മൊഴിക്കഷണങ്ങ‍ള്‍ പെറുക്കിയെടുക്കുവാന്‍
ഇന്നാ നായ്ക്കുട്ടിയില്ലയെന്‍ കൂട്ടിന്...

എന്നിട്ടും,
"വല്ലോം കഴിച്ചോ?"യെന്നു പാല്‍ ചുരന്ന്

ഇടറിയ സ്വരത്തില്‍ രാഗമിട്ട്
"സുഖമോ കുട്ടി"യെന്നു താരാട്ടു പാടി
ഇന്നും മനസ്സിന്‍ തൊട്ടിലാട്ടിയെന്നമ്മ

അമ്മയ്ക്കെന്നും മകന്‍ദിനം
എനിക്കു വല്ലപ്പോഴും ഒരമ്മദിനം

30 അഭിപ്രായങ്ങൾ:

  1. ലോകത്തിലെ എല്ലാ അമ്മമാർക്കും വേണ്ടി, പല കാരണങ്ങളാൽ ഒരിയ്ക്കലും അമ്മയാകാൻ പറ്റാത്തവർക്കു വേണ്ടി, ഉപാധികളില്ലാത്ത സ്നേഹം ചുരത്തുന്നവർക്കെല്ലാം വേണ്ടി......

    അമ്മ എന്നതൊരു വികാരമാണ്, ഒരിയ്ക്കലും ഒരു സ്ഥാനമല്ല.
    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  2. അമ്മയ്ക്കായുള്ള ഈ സമര്‍പ്പണം നന്നായി
    “അമ്മയ്ക്കെന്നും മകന്‍ദിനം
    എനിക്കു വല്ലപ്പോഴും ഒരമ്മദിനം“

    മറുപടിഇല്ലാതാക്കൂ
  3. അമ്മയ്ക്കെന്നും മകന്‍ദിനം
    എനിക്കു വല്ലപ്പോഴും ഒരമ്മദിനം!
    ശരിയാണ്. അമ്മയുടെ നോവറിയുന്ന മക്കൾ ചുരുക്കം...

    മറുപടിഇല്ലാതാക്കൂ
  4. അമ്മയ്ക്കെന്നും മകന്‍ദിനം
    എനിക്കു വല്ലപ്പോഴും അമ്മദിനം

    അമ്മയെ കുറിച്ചു എത്ര എഴുതിയാലും പറഞ്ഞാലും തീരില്ല വഷളാ.!! അമ്മയാണ് സ്നേഹം .! “മാതാവിന്‍റെ കാല്‍ ചുവട്ടില്‍ നിന്‍റെ സ്വര്‍ഗം“ പ്രവാചക വചനം .!!

    മറുപടിഇല്ലാതാക്കൂ
  5. “അമ്മയ്ക്കെന്നും മകന്‍ദിനം
    എനിക്കു വല്ലപ്പോഴും അമ്മദിനം”
    ഈ വരികള്‍ ഇഷ്ട്ടായി

    മറുപടിഇല്ലാതാക്കൂ
  6. നമ്മെളെല്ലാം ആചരിക്കുന്ന ഒരു കാര്യം തന്നെ ഈ വരികളിൽ പറഞ്ഞിരിക്കുന്നത്”അമ്മയ്ക്കെന്നും മകന്‍ദിനം
    എനിക്കു വല്ലപ്പോഴും അമ്മദിനം”..... .

    വളരെ നന്നായി കേട്ടൊ വഷളാ.....

    വേറൊരു വെർഷൻ സായ്പ്പിന്റേത് ദാ...

    “അമ്മതൻ രതി സുഖ വഴിയേ മുളതെറ്റി ,
    ചുമ്മാകടന്നുവന്നവൻ ഞാനെങ്കിലും;കിട്ടീ
    യമ്മൂമ്മതൻ പരിചരണങ്ങളിത്രകാലം !
    അമ്മയിപ്പോൾ നാലാമിണയുടെകൂടെ;എങ്ങോ....

    ഉമ്മകൾ തന്നിട്ടുണ്ടോയെനിക്ക്,എന്നുടമ്മ ?
    ഓർമ്മയിലില്ല എന്തോയതതു മറന്നതാകാം...
    അമ്മിഞ്ഞിയൂട്ടിയിട്ടില്ല എന്നെയമ്മ, അതു
    യമ്മതൻ മാറിടഭംഗി കാത്തു സൂക്ഷിക്കുവാൻ !

    അമ്മദിനമാണിന്നുപോലും - ഓർമ്മിച്ചിടേണം
    മമ്മിയെ ഇന്നു മാത്രം ! കൊടുത്തിടേണം പോലും;
    ചമ്മലില്ലാതെ ഭാവുക സ്നേഹ കുറിപ്പുകൾ ,
    സമ്മാനങ്ങളൊപ്പം വേറെയതു വേണ്ടപോലെ !“

    മറുപടിഇല്ലാതാക്കൂ
  7. “അമ്മയ്ക്കെന്നും മകന്‍ദിനം
    എനിക്കു വല്ലപ്പോഴും അമ്മദിനം”

    ഇപ്പോഴത്തെ മകന്‍ തെളിഞ്ഞു നില്‍ക്കുന്ന വരികള്‍.
    സത്യത്തില്‍ എല്ലാം ഒരു കടമ പോലെ ചുരുങ്ങിയിരിക്കുന്നു.
    അവിടെ അമ്മയും.....!

    മറുപടിഇല്ലാതാക്കൂ
  8. അമ്മയെ മണക്കുന്നെനിക്ക്
    അമ്മയെ പൊള്ളുന്നെനിക്ക്
    അമ്മയെ തണുക്കുന്നെനിക്ക്
    അമ്മ അകലുന്നെനിക്ക്
    ഒറ്റയാകുന്നമ്മ
    ഒറ്റയാകുന്നു ഞാന്‍
    ഒറ്റയാകുമോ ഈ പ്രപഞ്ചം.

    കുറ്റബോധം കൂട്ടാന്‍ സഹായിച്ചു.
    നന്ദി വഷളാ.

    മറുപടിഇല്ലാതാക്കൂ
  9. അമ്മദിനം,വൃദ്ധസദനങ്ങളിലാഘോഷ പൂര്‍വ്വം കൊണ്ടാടി..!!!
    പ്രിയമക്കള്‍ അമ്മവീടുകളില്‍ അമ്മമാര്‍ക്ക് ഗ്രീറ്റിംഗ് കാര്‍ഡുകളയച്ചു...
    അമ്മയെ വിളിക്കാറില്ലേടാ,ചെക്കാ,എന്നന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടി
    കേട്ട് ഞാന്‍ നിശ്ശബ്ദനായിപ്പോയി..“മുറ തെറ്റാതെ ജന്മദിനത്തില്‍ ഞാന്‍
    അമ്മയെ വിളിച്ച് വിഷ് ചെയ്യാറുണ്ട്”!! അമ്മിഞ്ഞപ്പാലിന് പകരം!!!
    പെറ്റമ്മയെ,ഓര്‍ക്കുവാന്‍ പറ്റാതൊരു ലോകം.!

    മറുപടിഇല്ലാതാക്കൂ
  10. അമ്മയ്ക്കെന്നും മകന്‍ദിനം
    എനിക്കു വല്ലപ്പോഴും ഒരമ്മദിനം - എല്ലാം ഒരു ദിനത്തിലൊതുങ്ങുന്നോ ...

    മറുപടിഇല്ലാതാക്കൂ
  11. "വല്ലോം കഴിച്ചോ?"യെന്നു പാല്‍ ചുരന്ന്
    ഇടറിയ സ്വരത്തില്‍ രാഗമിട്ട്
    "സുഖമോ കുട്ടി"യെന്നു താരാട്ടു പാടി
    ഇന്നും മനസ്സിന്‍ തൊട്ടിലാട്ടിയെന്നമ്മ

    :)

    മറുപടിഇല്ലാതാക്കൂ
  12. അമ്മയ്ക്കെന്നും മകന്‍ദിനം
    എനിക്കു വല്ലപ്പോഴും അമ്മദിനം....

    അത് പറയുമ്പോള്‍ തന്നെ ചങ്ക് പൊളിയുന്ന പോലെ

    മറുപടിഇല്ലാതാക്കൂ
  13. "അമ്മയ്ക്കെന്നും മകള്‍ദിനം
    എനിക്കു വല്ലപ്പോഴും അമ്മദിനം" എന്ന് ഞാന്‍ മാറ്റി വായിച്ചു.

    അമ്മയേക്കുറിച്ചുള്ള കവിത നന്നായി. അച്ഛനമ്മമാരെക്കുറിച്ച് എത്ര പറഞ്ഞാലും, വായിച്ചാലും മതിവരില്ല. നന്ദി വഷളാ...

    മറുപടിഇല്ലാതാക്കൂ
  14. അമ്മയ്ക്കെന്നും മകന്‍ദിനം
    എനിക്കു വല്ലപ്പോഴും അമ്മദിനം
    വഷളാ, ഈ വരികള്‍ വളരെ ഇഷ്ടമായി. പക്ഷെ അതില്‍ ഒരു വിഷമം ഒളിഞ്ഞു കിടക്കുന്നു. പ്രായമായ അച്ഛനമ്മമാര്‍ എപ്പോഴും മക്കളെക്കുറിച്ച് ആലോചിക്കുന്നത് സ്വാഭാവികം. അവര്‍ക്ക് വേറൊന്നിനെക്കുറിച്ചും ചിന്തിക്കാനില്ല. അവരുടെ കര്‍ത്തവ്യങ്ങളും കടമകളും ഒക്കെ കഴിഞ്ഞു. അമ്മദിനം വല്ലപ്പോഴുമാണെങ്കിലും നമ്മുടെ എല്ലാവരുടെയും മനസ്സില്‍ അച്ഛനമ്മമാര്‍ എപ്പോഴുമുണ്ട്. നിത്യജീവിതത്തിലെ തിരക്കുകള്‍ക്കിടെയില്‍ എന്നും ഓര്‍ക്കാന്‍ സമയം കിട്ടാറില്ല എന്നുമാത്രം. അതൊരു തെറ്റായി എനിക്ക് തോന്നുന്നില്ല. ഇതൊരു life cycle ആണ്. നമ്മുടെ അച്ഛനമ്മമാരും അവരുടെ അച്ഛന്‍റെയും അമ്മയുടെയും അടുത്ത് ഇങ്ങനെയൊക്കെ ആയിരുന്നു. മനസ്സില്‍ തോന്നിയത് എഴുതി എന്നു മാത്രം.

    അമ്മയോടുള്ള സ്നേഹം വരികളില്‍ നിറഞ്ഞുനില്‍ക്കുന്നു. കവിത വായിച്ചപ്പോള്‍ ആ സ്നേഹം ഇരട്ടിയായതുപോലെ.എല്ലാ ഭാവുകങ്ങളും.

    മറുപടിഇല്ലാതാക്കൂ
  15. നന്നായിട്ടുണ്ട്.ഇഷ്ടപ്പെട്ടു

    മറുപടിഇല്ലാതാക്കൂ
  16. Mothers hold their children's hands for a short while, but their hearts forever.
    - Author Unknown

    മറുപടിഇല്ലാതാക്കൂ
  17. വളരെ നല്ല പോസ്റ്റ്‌... ഞാനും അമ്മയെ ഒന്ന് വിളിക്കട്ടെ.. വളരെ യോചിച്ച ഒരു ഗാനവും,..

    മറുപടിഇല്ലാതാക്കൂ
  18. വഷളാ..ആ പാട്ട് നന്നായിട്ടുണ്ട്. കവിതയ്ക്ക് പറ്റിയ പാട്ടാണ്‌. :)

    മറുപടിഇല്ലാതാക്കൂ
  19. hai jayetta..... othiri... othiri..... othiri...... ishttamayi....... aashamsakal..............

    മറുപടിഇല്ലാതാക്കൂ
  20. snehathin palazhi ammayil ninnu makanilekku,makanil ninnum avarude makkalilekku......... anganeyaanu ozhukunnathu,thirinjozhukunnathu thadassangalundakumbol mathram.just an observation!!!! well written.

    മറുപടിഇല്ലാതാക്കൂ
  21. ആ രണ്ടു വരികള്‍ തന്നെ മതി , എല്ലാം അതില്‍ തന്നെ ഉണ്ടല്ലോ ! വളരെ നന്നായി , കാണാന്‍ വൈകിയോന്നൊരു സംശയം മാത്രം ബാക്കി .

    മറുപടിഇല്ലാതാക്കൂ
  22. “അമ്മയ്ക്കെന്നും മകന്‍ദിനം
    എനിക്കു വല്ലപ്പോഴും അമ്മദിനം”
    വളരെ നന്നായി ...

    മറുപടിഇല്ലാതാക്കൂ
  23. രണ്ടുവരിയില്‍ തന്നെ പറയേണ്ടതെല്ലാം പറഞ്ഞു.
    വളരെ നന്നായി

    മറുപടിഇല്ലാതാക്കൂ
  24. വളരെ നന്നായി, ഈ ഓർമ്മപ്പെടുത്തൽ.

    മറുപടിഇല്ലാതാക്കൂ
  25. നല്ല വരികള്‍..
    ശരിക്കും ഇഷ്ട്ടപ്പെട്ടു
    പാട്ടും കൊള്ളാം!

    മറുപടിഇല്ലാതാക്കൂ
  26. അഭിപ്രായം പറഞ്ഞ എല്ലാര്‍ക്കും നന്ദി

    മറുപടിഇല്ലാതാക്കൂ
  27. first two lines simply great!
    @ bilathi.... Aaraanavo ithinte karthavu?

    മറുപടിഇല്ലാതാക്കൂ
  28. അമ്മയ്ക്കെന്നും മകന്‍ദിനം
    എനിക്കു വല്ലപ്പോഴും അമ്മദിനം

    മനസ്സില്‍ തട്ടി...
    നല്ല വരികള്‍

    മറുപടിഇല്ലാതാക്കൂ
  29. @ maithreyi : വരി കണ്ടാല്‍ തന്നെ അറിയില്ലേ ബിലാത്തി അണ്ണന്‍ന്‍റെതാണെന്ന്..!!

    മറുപടിഇല്ലാതാക്കൂ