മാനത്തെ നീലക്കയത്തില്‍
പതഞ്ഞു തുളുമ്പിയ നിലാവ്
കുളുര്‍ ചന്ദനത്തൊടുകുറിയും
നക്ഷത്രക്കടുക്കനുമിട്ടു
നിശാഗന്ധിയുടെ മണം പേറി
ചില്ലകളില്‍ തപ്പിത്തടഞ്ഞു
പ്രണയാതുരനായി
വിഹ്വലചിത്തനായി
അവളെ കാത്തുനിന്നിരുന്നു
അവളറിയാതെ
നിലാവിന്റെ നിറവും
മൃദുത്വവും പൂത്തുലഞ്ഞ
തരള മേനി ഉരുവിട്ട്
അവന്‍ നിഴലുകൊണ്ട്
പടം വരച്ചു
മയ്യെഴുതിയ നീളന്‍ കണ്ണുകളുടെ
ആഴങ്ങളില്‍ മുങ്ങിത്താണ്
എള്ളിന്റെ നിറവും മണവുമുള്ള
മുടിത്തിളക്കത്തില്‍ മയങ്ങിയ
അവന്‍...
ചെഞ്ചുണ്ടിലെ
പുഞ്ചിരി മുത്തുകള്‍
നെഞ്ചിന്‍ കൂടില്‍
താഴിട്ടു സൂക്ഷിച്ചു
പതിഞ്ഞ പ്രകൃതമുള്ള നിലാവിനെ
അവള്‍ പ്രണയിച്ചില്ല
അവള്‍ മഴയെ പ്രേമിച്ചിരുന്നു...
തുടിച്ചു തുള്ളുന്ന മഴയെ
കരിനീല മേഘങ്ങള്‍ കുടഞ്ഞു
വെള്ളം തെറിപ്പിച്ചു കുസൃതി കാട്ടി
മരങ്ങളില്‍ കിങ്ങിണി കെട്ടി
താളത്തില്‍ പാടി അവളെ രസിപ്പിച്ചു
ഇടയ്ക്കു ചൊടിച്ചു കയര്‍ത്തും
പിന്നെ കാറ്റിന്‍റെ ഊഞ്ഞാലാടിയും
പുരപ്പുറത്തു നിന്ന് അഭ്യാസം കാട്ടിയും
മഴ അവളെ ത്രസിപ്പിച്ചു
ഒടുവില്‍, അവളുടെ മുടിയിഴകളില്‍ മഴ അരിച്ചിറങ്ങി
മുഖത്തു കുങ്കുമം പടര്‍ന്നൊഴുകി
അവളുടെ വിടര്‍ന്ന കണ്ണുകള്‍ കൂമ്പിമയങ്ങി
കവിളില്‍
അധരങ്ങളില്‍
രോമകൂപങ്ങളില്‍
മഴ ഇറ്റിറ്റു വീണു
മഴയുടെ ശമനതാളത്തില്‍ അവള്‍ അലിഞ്ഞുറങ്ങിയില്ലാതെയായി
അന്ന്...അന്നൊരു അമാവാസിയായിരുന്നു...
2010/09/08
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)