2010/02/26

വലിയ ചെറിയ അച്ഛന്‍

ഫെബ്രുവരി 26, 2010 രാവിലെ 8:30 AM


ഇന്നു രാവിലെ ഓഫീസിലേക്ക് പോയ്ക്കൊണ്ടിരുന്നപ്പോള്‍, വെറുതെ കാര്‍ റേഡിയോ ഒന്നു തുറന്നു. നാഷണല്‍ പബ്ലിക് റേഡിയോയില്‍ മോണിംഗ് എഡിഷന്‍. പിതൃപുത്ര ബന്ധത്തിന്റെ ഒരു അസാധാരണ കഥ. അതു പങ്കു വയ്ക്കണമെന്നു തോന്നി.



വെറും 16 വയസ്സുള്ളപ്പോഴാണ് കോള്‍ബര്‍ട്ട് വില്യംസ് അച്ഛനായത്. അമ്മയുടെ സഹായമില്ലാതെ അയാള്‍ ആ കുട്ടിയെ വളര്‍ത്തി. ഇപ്പോള്‍ കോള്‍ബര്‍ട്ട്  30; മകന്‍ നേഥന്‍  15 - ഒരു കൌമാരക്കാരന്‍.
കുട്ടികളെ വളര്‍ത്തുന്നതിനെക്കുറിച്ച്  ഇരുവരും മനസ്സു തുറന്നു.


"ഞാന്‍ ജനിച്ചപ്പോ‍ എന്താ തോന്ന്യെ?", നേഥന്‍ അനുനസികച്ചുവയോടെ അലസ‍മായി ചോദിച്ചു. 
"നിനക്കറിയ്വോ? 16 വയസ്സുള്ള ഞാന്‍ അച്ഛനല്ലാത്ത ഒരു അച്ഛനായിരുന്നു. ഒരാള്‍ടെ ചുമതലയേറ്റപ്പം  ആത്മവിശ്വാസം പാടെ തകര്‍ന്നു"  കോള്‍ബര്‍ട്ട് പരുക്കന്‍ സ്വരത്തില്‍ തുടര്‍ന്നു. "ഞാന്‍ ശരിക്കും പേടിച്ചു പോയി" 
പേടി അയാളെ സഹായം തേടാന്‍ പ്രേരിപ്പിച്ചു . കുട്ടിയെ എങ്ങനെ വളര്‍ത്തണം എന്നു പഠിക്കാന്‍ അയാള്‍ ചില parenting groups-ന്‍റെ(കുട്ടികളെ പോറ്റാന്‍  ശിക്ഷണം നല്‍കുന്ന സംഘടനകള്‍)  സേവനം  തേടി. ബാക്കി രക്ഷാകര്‍ത്താക്കളുടെ ഇടയില്‍ കുറച്ചു വേറിട്ട്‌ നിന്നെങ്കിലും ക്രമേണ കോള്‍ബര്‍‍ട്ടിനു ആത്മവിശ്വാസം കിട്ടി.
"അഭ്യസിക്കുന്തോറും നമ്മള്‍ പഠിക്കും" അയാള്‍ പറഞ്ഞു.
"കൌമാരക്കാരന്‍ അച്ഛനോടൊപ്പം വളര്‍ന്നത് നന്നായി.‍ അച്ഛന്‍ ചെറുപ്പമായോണ്ട്  സംസാരിക്കാന്‍ എളുപ്പമാ", നേഥന്‍ പറഞ്ഞു.
കോള്‍ബര്‍‍ട്ട് : "ഇതുവരെ എന്നോടു ഒളിച്ചതെന്തേലും മോനു പറയാനുണ്ടോ?" 
നേഥന്‍  : "എനിക്കു വല്ലാത്ത അഭിമാനം തോന്നുന്നു, എന്‍റെ അച്ഛന്‍ വളരെ നല്ലതായോണ്ട്"
കോള്‍ബര്‍‍ട്ട് സ്വല്പം ആര്‍ദ്രസ്വരത്തില്‍: "മോനേ, എനിക്കും നിന്നെക്കുറിച്ച് അഭിമാനമുണ്ട്... എന്നുവച്ച് നമ്മള്‍ ഇപ്പൊ കരയാനൊന്നും പോന്നില്ല, ല്ലേ?", അയാള്‍ ചിരിച്ചു, "എന്നെ ഒരു അച്ഛനായി കരുതിയതിനു, എന്‍റെ വാക്കുകള്‍ക്കു ഇപ്പോഴും അര്‍ത്ഥം കല്പിക്കുന്നതിനു.. അതില്‍ ഞാന്‍ വളരെ വളരെ അഭിമാനിക്കുന്നു. പിന്നെ, അമ്മയില്ലെന്നു മുട്ടാപ്പോക്കു പറഞ്ഞു നീ ഒരിക്കലും അലംഭാവം കാട്ടിയില്ല"
എല്ലാം കേട്ടപ്പോള്‍ നേഥന് അച്ഛനോടൊരു ചോദ്യം... "എന്‍റെ മക്കളെ വളര്‍ത്താന്‍ അച്ഛന്‍റെ വക എന്താ ഉപദേശം?"
"ഒരിക്കലും ശ്രമം കളയരുത്, എന്താ ചെയ്യുന്നെന്നു   മനസ്സിലാവാഞ്ഞാപ്പോലും. എപ്പഴും ചെവി കൊടുക്കണം, എപ്പഴും  കൈകോര്‍ക്കണം... നിന്റെ മക്കള്‍ക്ക്‌ 14 വയസ്സായാപ്പോലും... കൈപിടിക്കാന്‍ തോന്നിയാല്‍ പിടിക്കണം... എനിക്കറിഞ്ഞൂട, ചിലപ്പോ അതിത്തിരി ബോറായിത്തോന്നാം..."
"ഹും... ശരിയാ, അതു കൊറച്ചു ബോറാ..." നേഥന്‍ ചിരിച്ചു.
"ഞാന്‍ കൈയ്യേപ്പിടിച്ചാല്‍ നിനക്കു കൊഴപ്പമോണ്ടോ?", അതു പറഞ്ഞു അവര്‍ കുറെ ചിരിച്ചു.
"ഒത്തിരി ഇഷ്ടമാ എനിക്കച്ഛനെ..."
"എനിക്കു നിന്നേം"

കോള്‍ബര്‍ട്ടിനു ഇന്നു നാലു മക്കളുണ്ട്.
മൂന്നു അനാഥ ബാല്യങ്ങളെ അയാള്‍ നേഥനോടൊപ്പം വളര്‍ത്തുന്നു. ‍

2010/02/22

അവതാരപ്പെരുമ

ജെയിംസ്‌ കാമറൂണിന്റെ അവതാരം ഡിസംബര്‍ 18-നു റിലീസ് ചെയ്തിട്ട്  ഇപ്പൊ 2 മാസമായി.(എന്‍റെ പിള്ളേര്‍ ഉച്ചരിക്കുന്നത് ഏവ്റ്റാര്‍ എന്നാണ്. ചുരുങ്ങിയ പക്ഷം അവതാര്‍ എന്നെങ്കിലും പറയിപ്പിച്ചു മലയാളത്തോട് കൂറു കാട്ടാന്‍ ഞാന്‍ ശ്രമിപ്പിച്ചിട്ടും അവര്‍ കൂട്ടാക്കാന്‍ തയ്യാറില്ല. വിദേശത്തുള്ള ഭാഷാസ്നേഹിത്തന്തമാരുടെ ഓരോ ഗതികേടേ...)


ഞാന്‍ അവതാരം ദര്‍ശിച്ചിട്ട്‌ ഇപ്പോള്‍ ഒരു മാസത്തിലേറെയായി. അന്നേ ഒരു ബ്ലോഗ്‌ എഴുതണമെന്നു വിചാരിച്ചിരുന്നു. പക്ഷെ, എന്തു ചെയ്യാം? OTBE (Overtaken By Events). ക്ഷമിക്കണം, അമേരിക്കക്കാര്‍ക്കു വേണ്ടിടത്തും വേണ്ടാത്തിടത്തും സംക്ഷേപസംജ്ഞകള്‍ പ്രയോഗിക്കുക ശീലമാണ്...


കുറച്ചു നാളായി എന്‍റെ ബ്ലോഗ്‌ പുരയിടത്തില്‍ പോയിട്ട്. അത്രടം വരെയൊന്നു പോയി നോക്കിയപ്പോള്‍ മനുഷ്യന്‍ സഹിക്കില്ല. കാടും പടലും പിടിച്ചു കിടക്കുന്നു... ആരും വരാതായി. ഇങ്ങനെ പോയാല്‍ ശരിയാകില്ലെന്നു തോന്നി. എല്ലാം ഒന്നു വെട്ടിത്തെളിച്ച് വെള്ളയടിച്ചു ചാണക വെള്ളംതളിക്കണം. നാട്ടിന്‍പുറത്തു വീടു പണി നടക്കുമ്പോള്‍ ഒരു പേക്കോലം (scarecrow) വയ്ക്കാറുണ്ട്. പകരം ഒരു ബ്ലോഗെഴുതി കെട്ടിത്തൂക്കാം...


ചുരുക്കത്തില്‍ ഒരു മാസം മുമ്പ് കണ്ട അവതാരത്തിനെ കെട്ടി പ്രദര്‍ശിപ്പിക്കണം. മുന്‍പില്‍ കുറച്ചു ചന്ദനത്തിരിയും, കുമിഞ്ചാനും കത്തിച്ചു  കൊതുകിനെ ആട്ടിയോടിക്കണം. വൃത്തി വരുത്തണം... അതാണ്‌ ഈ പോസ്റ്റിന്റെ അവതാരോദ്ദേശം...


ഇനി ആദ്യത്തെ അവതാരത്തിലേക്ക് തിരിച്ചു വരാം. ഈ അവതാരം പല വകഭേദത്തില്‍  വിളയാടുന്നുണ്ടായിരുന്നു.  ആദ്യം എന്‍റെ പ്രശ്നം ഏതു അവതാരം ദര്‍ശിക്കണം എന്നായിരുന്നു.  2D,  RealD 3D, IMAX 3D, Dolby 3D, XpanD 3D, 4D എന്നിങ്ങനെ പലവിധത്തില്‍ അവതാരം കാണാം, തൃപ്തിയടയാം. 2D യ്ക്കു ശക്തി പോരെന്നു തോന്നി ആദ്യം തന്നെ തഴഞ്ഞു. പിന്നെ തിരക്കിയപ്പോള്‍ RealD, IMAX എന്നീ രണ്ടു "മൂന്നിടിയന്‍മാര്‍" മാത്രമേ ചുറ്റുവട്ടത്തു പ്രദര്‍ശനമുള്ളൂ.
കാമരറൂണദ്ദേഹം ഏഴു വര്‍ഷം ഈ അവതാര കഥ തലയിലിട്ടുരുട്ടി നടന്നെന്നാണ് കേട്ടത്. കാരണം കഥ എടുക്കാന്‍ പറ്റിയ sterioscopic camera ചന്തയില്‍ വില്‍ക്കാനില്ല. ചിന്തിച്ചു ചിന്തിച്ചു  അയാളുടെ തലയില്‍ ഒരു താമര വളര്‍ന്നു; അതില്‍ വികസിച്ചു വന്നതോ, ഒരു പളപളാ മിന്നുന്ന camera എന്നു ഐതീഹ്യം . ആ camera-യ്ക്കു  കാമറൂണണ്ണന്‍ patent സ്വന്തമാക്കുകയും ചെയ്തു.


എന്തായാലും കാമണ്ണന്‍ ഊണും ഉറക്കവും ഉപേക്ഷിച്ചു നിര്‍മിച്ച camera. അതുകൊണ്ട് സര്‍വ്വാഭരണവിഭൂഷിതമായി ദൃശ്യം കാണണം. ഞാന്‍ ലഭ്യമായ 3D versions- ന്‍റെ ഒരു താരതമ്യ പഠനം നടത്തി... അതിന്‍റെ പരിണിത ഫലം ചുവടെച്ചേര്‍ക്കുന്നു.


IMAX 3D
RealD 3D
കുറെ നാളായി ഈ സംവിധാനം തുടങ്ങിയിട്ട്. "മുറ്റിയ ഇനം".കുറച്ചു പുതിയ സംവിധാനം. "ഇളം പൈതല്‍"
രണ്ടു camera-കള്‍ ഉപയോഗിക്കുന്നു. രണ്ടു projector-കള്‍ ഉപയോഗിച്ച് അവ പ്രദര്‍ശിപ്പിക്കുന്നു. polarized കണ്ണാടി ഓരോ projector-ല്‍ നിന്നുമുള്ള ബിംബങ്ങള്‍ക്കു ദൂരത്തിന്റെ 3D പ്രതീതി ജനിപ്പിക്കുന്നു.ഒരു camera. അടുത്തും അകലെയുമുള്ള ദൃശ്യങ്ങള്‍ സംയോജിപ്പിച്ച്  ഒരു projector വഴി പ്രദര്‍ശിപ്പിക്കുന്നു. polarized കണ്ണാടി (ഇടത്തും വലത്തും) പ്രത്യേക രീതിയില്‍ അവ അരിച്ചു മാറ്റി ദൂരത്തിന്റെ 3D പ്രതീതി ജനിപ്പിക്കുന്നു.
അടുത്ത കാലം വരെ, 70 mm പ്രതലത്തില്‍ analog നിര്‍മ്മിതി. ഇപ്പോള്‍ digital -ല്‍.  തുടക്കം മുതല്‍ digital-ല്‍.
മുഖം നിറഞ്ഞു നില്‍ക്കുന്ന വലിയ polarized കണ്ണാടി.  മൂക്കത്ത് ഉറപ്പിക്കാന്‍ പാടുപെടും.ചെറു കണ്ണാടി. പക്ഷെ നല്ല വീക്ഷണ കോണ്‍ കണ്ടുപിടിക്കാന്‍ കഷ്ടപ്പെടും. കുറച്ചു തിരിച്ചും പിരിച്ചും നോക്കി ഏറ്റവും ശരിയായ സ്ഥാനം കണ്ടുപിടിക്കണം.
ബിംബങ്ങള്‍ പൊടുന്നനെ മുഖത്തേക്ക് തുറിച്ചു തള്ളുന്ന പ്രതീതി അസ്വാഭാവികമായി തോന്നാം. എന്നാലും കുട്ടികള്‍ വളരെ ആസ്വദിക്കുന്നു. ത്വരിതഗതിയില്‍ ദൃശ്യമണ്ഡലം ക്രമപ്പെടുത്തുമ്പോള്‍ കണ്ണിനു കുറച്ചു ക്ഷീണം തോന്നാം. കുറച്ചു കൂടി ലയിച്ചു ചേര്‍ന്ന പ്രതിബിംബങ്ങള്‍. മസ്തിഷ്കത്തിനും കണ്ണിനും ഹിതകരം.
കൂടുതല്‍ നിമിഗ്നമായ അനുഭവം. സിനിമയുടെ ഉള്ളില്‍ കയറിയ പ്രതീതി.ബാഹ്യ പ്രേക്ഷകാനുഭവം.
"ആഹോ" അനുഭൂതി  ("WOW" effect)"കൊള്ളാം, തരക്കേടില്ല" അനുഭൂതി 


അവസാനം എനിക്കു ഒരു തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞില്ല. പിന്നെ നോക്കിയപ്പോള്‍ IMAX-നു കാശു കൂടുതലെന്ന് മനസ്സിലായി. കാശ് കൂടുതല്‍  = നല്ല സാധനം എന്നു തീരുമാനിച്ചു അതു കണ്ടു.


ഒരുപാടു മണിയും കിണിയും (bells and whistles) ആയാണ് അവതാര്‍ വരുന്നത്. 280 മുതല്‍ 310 മില്യന്‍ ഡോളര്‍ ആണ് അവതരിക്കാന്‍ ചെലവായത്. പിന്നെ പരസ്യ വകയില്‍ ഒരു 150 കൂടെ പൊടിച്ചു. ഏതാണ്ട് അര ബില്യന്‍ ഡോളര്‍ (~2500 കോടി രൂപ) മൊത്തം... $687,821,000 ഇതുവരെ (ഫെബ്രുവരി 21 വരെ)  പിരിഞ്ഞെന്നാണ് കണക്ക്. 687 മില്യന്‍.

കഥ നടക്കുന്നത് 2154-ല്‍ ആല്‍ഫ സെന്റോറി ഗാലക്സിയിലെ  പോളിഫെമസ് ഗ്രഹത്തിന്റെ ഉപഗ്രഹമായ പാന്‍ഡോറയിലാണ്. നാ'വി വംശജരാണ്‌ അവിടെ അധിവസിക്കുന്നത്.  10 അടി പൊക്കമുള്ളവര്‍... നീലാണ്ടര്‍ (നീലയില്‍ ആണ്ടവര്‍ - നിറമാണ് ഉദ്ദേശിച്ചത്), പ്രകൃതിയോടു ചേര്‍ന്ന് ജീവിക്കുന്നവര്‍. (ചില ആശയങ്ങള്‍ ഭാരതീയ ചിന്തകളുമായി   നല്ല സാമ്യം തോന്നിച്ചു)
ഇവരുടെ ഭാഷ നാ'വി. (Paul Frommer എന്ന Communications Professor ഈ ഭാഷ തയ്യാറാക്കിയതാണ്. വ്യക്തമായ വ്യാകരണവും, നിഘണ്ടുവും എല്ലാമുള്ള ഒരു ഭാഷയാണ്‌ , അല്ലാതെ വെറും അപശബ്ദങ്ങളല്ല)

അമേരിക്കന്‍ അധിനിവേശവും നാ'വികളുടെ ചെറു ത്തുനില്‍പ്പുമാണ് അവതാര്‍-ന്‍റെ കഥാതന്തു. തദ്ദേശീയരുമായി അടുക്കാനും പാന്‍ഡോറയിലെ ജൈവമണ്ഡലം പഠിക്കാനും അവതാര്‍-കളെ  (നാ'വി ശരീരങ്ങള്‍) സൃഷ്ടിക്കുന്നു. നിര്‍ദ്ദിഷ്ട വ്യക്തികള്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് മനഃശരീര സംയോഗം സാധ്യമാക്കുന്നു.  അവരുടെ മനസ്സ് അവതാര്‍-ശരീരങ്ങളില്‍ പ്രവേശിച്ചു ജീവസ്സുറ്റ നാ'വികളായി മാറി അവരുമായി ഇടകലരുന്നു...
പിന്നെ അധിനിവേശത്തിന്റെ സ്വാര്‍ത്ഥമോഹങ്ങളും നാ'വികളുടെ ജീവന്മരണസമരവും എല്ലാം ദൃശ്യവിസ്മയം തീര്‍ക്കുന്നു...

കഥയില്‍ വലിയ പുതുമയൊന്നും എനിക്കു തോന്നിയില്ല. ഇതുപോലെ അന്യ ഗ്രഹസഞ്ചാരവും പരകായപ്രവേശവും മറ്റും മുന്‍പ് കണ്ടിട്ടുണ്ട്. എന്നാല്‍ സാങ്കേതിക മികവും, എല്ലാ തലങ്ങളിലുമുള്ള പരിപൂര്‍ണ്ണതയും  അവതാര്‍-നെ വേറിട്ടതാക്കുന്നു. ശ്ലാഘനീയം തന്നെ.
കാണേണ്ടുന്ന ഒരു ചിത്രമാണ് അവതാര്‍. സാങ്കേതികത്തികവുള്ള നല്ല തീയറ്ററില്‍ കാണാന്‍ ശ്രമിക്കുക.



ഇപ്പോള്‍ കിട്ടിയത്. Adobe tools ആണ് അവതാരിന്റെ editing-ല്‍  ഉപയോഗിച്ചതെന്ന് കേട്ടു. Adobe Photoshop, Premiere PRO CS4, InDesign,  Lightroom, Adobe Connect,  After Effects,  Illustrator തുടങ്ങിയവ...