അങ്ങേലെ ശിവരാമന്റെ വീട്ടിലൊരു കാറു വന്നല്ലോ, അവന്‍ ആസ്സാമീന്നു വന്നോ എന്തോ?" എന്ന് കേട്ടാണ് രമേഷ് രാവിലെ കണ്ണ് തിരുമ്മിയത്.
വൃശ്ചികത്തിലെ നേരിയ അലസക്കുളിരില്‍ ഒളിക്കാന്‍ ഇനിയും നിവൃത്തിയില്ല. പുലരിച്ചൂടില്‍ തണുപ്പിന്റെ അവസാന ആശ്വാസവും പയ്യെ അലിഞ്ഞില്ലാതായി... ഏഴുനേല്‍ക്കുക തന്നെ, രക്ഷയില്ല...
അച്ഛനോടാണമ്മ ശിവരാമന്റെ കാര്യം പറഞ്ഞെന്നു തോന്നുന്നു. മറുപടിയൊന്നും കേട്ടില്ല, അമ്മ മറുപടി കാക്കാറുമില്ലല്ലോ.
ചടഞ്ഞെണീറ്റ് രമേഷ് പ്രഭാത കൃത്യങ്ങളില്‍ മുഴുകി. 8 മണി ആകുമ്പോഴേക്കും കോളേജില്‍ പോകാന്‍ ഇറങ്ങേണ്ടതല്ലേ.
പ്രഭാത സേവയുടെ ആദ്യ പടി മുറ്റത്തെ മുരടിച്ച മാവില്‍ ചാരി പല്ല് വെടിപ്പാക്കലാണ്. അതിനിടയ്ക്ക് വീട്ടിന്റെ മുന്നിലെ റോഡിലെ സഞ്ചാരം കാണുകയും ആവാം.
"എന്താ രമേശാ, രാവിലെ തന്നെ പല്ല് തേപ്പാണോ?" പേരറിയാത്ത പരിചയക്കാരന്‍ ലോഗ്യം ചോദിച്ചു. വെറുതെ ചിരിച്ചു, ഒന്നും പറഞ്ഞില്ല.
ഇപ്പോള്‍ ഏഴു മണിയായിക്കാണും. നടക്കുന്ന അലാറമാണ് കറുത്ത കുറിയ ആ മനുഷ്യന്‍. വെയിലു കൊണ്ട് ചാര നിറമായ കാലന്‍കുട തലകീഴായി വലത്തേ തോളില്‍ ചേര്‍ത്ത്, പട്ടാളക്കാരന്റെ മാര്‍ച്ച്പാസ്റ്റ് പോലെയാണ് അയാളുടെ നടത്ത.
പ്രായം അത്രയ്ക്കങ്ങോട്ടയില്ലെന്നു തോന്നുന്നു, എന്നാലും വയസ്സന്റെ പോലെ... പ്രാരാബ്ധങ്ങള്‍ നിറം മായ്ച്ചതാവാനെ വഴിയുള്ളൂ. നരച്ച മുടിയും താടിയും. ചേടിയാപ്പീസില്‍ ആയിരിക്കും അയാള്‍ടെ ജോലി എന്ന് ഊഹിച്ചു. അടുത്ത് പോര്‍സെലൈന്‍ വസ്തുക്കള്‍ നിര്‍മ്മിക്കുന്ന കളിമണ്‍ ഫാക്ടറിയുണ്ട്. അതിന്റെ നാട്ടുപേരാണ് ചേടിയാപ്പീസ്.
രമേഷിന് അയാളെ കൂടുതല്‍ അറിയില്ല. അവന്‍ അല്ലേലും അങ്ങനെയാണ്, കടുത്ത അന്തര്‍മുഖന്‍... ആരോടും അടുക്കില്ല, കൂടിപ്പോയാല്‍ ഒരു നേര്‍ത്ത പുഞ്ചിരി, അത്രന്നെ.
അച്ഛന്‍ നാട്ടില്‍ പേരെടുത്ത അദ്ധ്യാപകന്‍, കര്‍ക്കശന്‍, പ്രഗത്ഭന്‍. "എത്ര നല്ല പയ്യന്‍!"നായിരിക്കുക എന്ന വല്യൊരു ഭാരം അച്ഛന്റെ മാന്യത അവന്റെ തോളിലേറ്റിയിട്ടുണ്ട്. തന്മൂലം രമേഷിന് എവിടെച്ചെന്നാലും ശ്വാസംമുട്ടലാണ്. വാക്കുകള്‍ അളന്നു കുറിച്ചേ പറയൂ. എന്തിലും മിതത്വം പാലിക്കും. ഒന്നും പ്രതികരിക്കത്തവന്‍ എല്ലാവര്‍ക്കും കുട്ടിയാണല്ലോ. കുട്ടികളെ നിലയ്ക്കു നിര്‍ത്തുന്ന അച്ഛന്റെ മകന്‍ അധികപ്രസംഗി എന്ന വിരോധാഭാസം ഉണ്ടാക്കാതെ രമേഷ് അതീവ മാന്യനായി ജീവിച്ചു പോന്നു.
വീടിനു തൊട്ടു മുന്നില്‍ ഒരു ചെമ്മണ്‍ പാതയാണ്. അത് കാരണം വല്യ പൊടി ശല്യമാണ്. തലേന്ന് ചെറുമഴ പൊടിഞ്ഞെന്നു തോന്നുന്നു. പൊടിപിടിച്ച ഇലകളില്‍ മഴത്തുള്ളികളുടെ ചൊറിപിടിച്ച വടുക്കള്‍ കാണാനുണ്ട്.
"എടാ, രമേശാ നിനക്കിന്നു കോളേജില്‍ പോണ്ടേ? ഇതുവരേം പല്ലു തേച്ചില്ലേ? ദാ, കാപ്പിയെടുത്തു വച്ചു..." അമ്മ ധൃതി വയ്ക്കുന്നു.
പല്ലുതേപ്പിനും വഴിക്കാഴ്ചകള്‍ക്കും വിരാമമിട്ടു രമേഷ് കുളിമുറിയിലേക്കോടി. ദാ എന്നൊരു കാക്കക്കുളിയും കുളിച്ചു തീന്മേശ മുമ്പിലെത്തി.
റെഡിയായി വഴിയിലേക്കിറങ്ങി. രണ്ടു മൂന്നു ഫര്‍ലോംഗ് നടക്കണം ബസ്സ് പിടിക്കാന്‍... പോന്ന വഴി ശിവേട്ടന്റെ വീട്ടിലേക്കു ഒന്ന് കണ്ണോടിച്ചു. പുറത്താരെയും കാണാനില്ല. ശിവേട്ടന്‍ പട്ടാളത്തിലാണ്. ഇപ്പൊ ആസാമില്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ ജവാനാണ്. രണ്ടു മാസം മുമ്പാണ് പുള്ളി നാട്ടില്‍ നിന്നും പോയത്. പിന്നെന്തേ ഈ വരവിന്റെ ഉദ്ദേശം? ആ, എന്തോ ആവട്ടെ...
ആ പരിസരത്ത് രമേഷിന് കുറച്ചെങ്കിലും അടുപ്പമുള്ള ആള് ശിവരാമന്‍ ആണ്. തിരിച്ചങ്ങോട്ടും. ശിവന് രമേഷിനെക്കള്‍ ഒരു ഏഴെട്ടു വയസ്സ് മൂപ്പ് കാണും. രമേഷിനെപ്പോലെ ആരോടും ഇടപെടാത്ത ഒരു മനുഷ്യന്‍... മുടി പറ്റെ വെട്ടി, മീശ കൃത്യമായി വെട്ടി നിര്‍ത്തി എപ്പോഴും വെടിപ്പായി വസ്ത്രം ധരിച്ചു നടക്കുന്ന ശിവേട്ടന്‍.
സമാന സ്വഭാവം ആയതു കൊണ്ടാവാം, അവര്‍ തമ്മില്‍ ഒരു മാനസിക അടുപ്പം ഉണ്ടായിരുന്നു. എന്നാലും കുശലം പറച്ചില്‍ മിക്കവാറും ഒരു പുഞ്ചിരിയിലോ, "എന്താ വിശേഷ"ത്തിലോ ഒതുങ്ങിക്കൂടി.
ശിവേട്ടന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ടു മൂന്നു കൊല്ലം ആയെന്നു തോന്നുന്നു. ഗിരിജേച്ചി തയ്യലും മറ്റുമായി കഴിഞ്ഞു കൂടുന്ന നല്ല അദ്ധ്വാനശീലയാണ്. അവര്‍ ഒരു സമയവും വെറുതെ ഇരിക്കുന്നത് കാണാറില്ല.
അമ്മ എല്ലാം തയ്പ്പിക്കുന്നത് ഗിരിജേച്ചിയെക്കൊണ്ടാണ്. തയ്യല്‍ അത്ര മെച്ചമൊന്നുമല്ല. എന്നാലും അവള്‍ക്കൊരു സഹായമാവുമെല്ലോ എന്നു അമ്മ പറയുന്നത് കേള്‍ക്കാം.
റോഡ്‌സൈഡില്‍ മെറ്റില്‍ ചീളുകള്‍ വരിയൊപ്പിച്ചു കൃത്യമായി കൂന കൂട്ടിയിരിക്കുന്നു. ഒരു തെരുവുപട്ടി മെറ്റില്‍ കൂനയുടെ ചരിവുപറ്റി വെയില്‍ കായുന്നുണ്ട്. പുതിയ ചില പരിഷ്കാരങ്ങള്‍...
ഏറെ നാളായുള്ള പരിദേവനങ്ങള്‍ക്ക് വിരാമായെന്ന് തോന്നുന്നു. റോഡ്‌പണി തുടങ്ങിയിട്ടുണ്ട്. കുറെ ടാര്‍ വീപ്പകള്‍ സൈഡില്‍ നിരത്തി വച്ചിരിക്കുന്നു. തലേന്ന് ഇട്ട ടാര്‍ പലടത്തും ഒലിച്ചിറങ്ങി കുമിളിച്ചു നില്‍പ്പുണ്ട്... പുരോഗതിയുടെ രക്തസാക്ഷിയായി ഒരു മണ്ണിര ടാറില്‍ ഒട്ടി പ്രാണ വെപ്രാളപ്പെടുന്നു.
അന്നും കോളേജു വിരസമായിരുന്നു.അന്നും വൈദ്യുത സര്‍ക്കീട്ടില്‍ ഇലക്ട്രോണ്‍സ് നിശ്ചയിച്ചുറപ്പിച്ച ദിശയില്‍ തന്നെ ഒഴുകി; കാന്തം ഫാരഡെ പ്രവചിച്ച ദിശയില്‍ തന്നെ തിരിഞ്ഞു. വിരസമായ തനിയാവര്‍ത്തനങ്ങള്‍...
നിഴലുകള്‍ ദിശ മാറിക്കളിച്ചു. പകല്‍ ഇഴഞ്ഞിഴഞ്ഞു കടലിലേക്ക് വീഴാന്‍ തുടങ്ങുന്നു. വൈകുന്നേരത്തെ ബസ്സിറങ്ങി രമേഷ് വീട്ടിലേക്കു നടന്നു.
"രമേശാ, നീ ആ ശിവരാമനെ കണ്ടാര്ന്നോ?, അവനെന്തോ അസുഖം ആയിട്ടാണ് വന്നെന്നു പറേന്ന കേട്ടു", ചായ നീട്ടിയിട്ട് അമ്മ പറഞ്ഞു.
"ആണോ? ഞാന്‍ കണ്ടില്ല"
"അവിടെ പോയൊന്നു തിരക്കണ്ടേ?"
"ങാ, ഞാറാഴ്ച ആവട്ടെ"
"അതു മോശമല്ലേ? നിന്നോട് വല്ലപ്പോഴും വര്‍ത്താനം പറയുന്നോനല്ലേ... ഇത്രേം അടുത്ത് കെടന്നിട്ട്?, ഒന്നു പോയി തെരക്കു മോനെ..."
"ആ, ഇച്ചിരി കഴിയട്ടെ"
അമ്മയുടെ ശല്യം സഹിക്കാതായപ്പോള്‍ ശിവരാമനെ കാണാന്‍ പോയി...
ഉമ്മറത്ത് ഒരു കസേരയില്‍ ശിവേട്ടന്‍ ഇരിക്കുന്നുണ്ട്. താടി വളര്‍ന്നിരിക്കുന്നു. ചില വെള്ളിക്കമ്പികളും... അലക്ഷ്യമായ മുടിയും. ഇത് പതിവുള്ളതല്ലല്ലോ. കണ്ടിട്ട് ഒരു ഭാവഭേദവുമില്ല. എന്തോ പന്തികേടുണ്ട്.
"ശിവേട്ടന്‍ എപ്പ വന്നു?", രമേഷ് ലോഗ്യം പറഞ്ഞു.
"..." മറുപടിയില്ല.
"ങ്ഘും....." രമേഷ് ഒന്ന് മുരടനക്കി
ആളനക്കം കേട്ട് ഗിരിജേച്ചി വന്നു. "ങാ, രമേശോ, ഇരി..."
ഒരു നിമിഷത്തിന്റെ നിശബ്ദത....
ഗിരിജേച്ചി: "ശിവേട്ടന്‍ വന്നേപ്പിന്നെ ഇങ്ങന്യാ, ഒരു മിണ്ടാട്ടോവില്ല"
"എന്താ പറ്റ്യെ?"
"അറിഞ്ഞൂട, കായംകൊളത്തുകാരന്‍ ഒരു മമ്മദാണ് രാവ്‌ലെ കൂടെ വന്നെ. അയ്യാളു പറഞ്ഞെ, യുദ്ധം കണ്ടു പേടിച്ചെന്നാ, ദാ നോക്ക് കൊറേ ഗുളികേം ഡോക്ടറുടെ കുറിപ്പടീം"
ആ കുറിപ്പടി നോക്കി. എന്തെക്കെയോ എഴുതീട്ടുണ്ട്, കൂട്ടത്തില്‍ stress related എന്ന് കണ്ടു. കൂടുതലൊന്നും മനസ്സിലായില്ല.
നിശബ്ദത സൂചി മുനപോലെ തറഞ്ഞു കയറി. "... എന്നാ... ഞാമ്പോട്ടേ, രണ്ട'വസം കഴിഞ്ഞു ശര്യാവുമാരിക്കും"
പയ്യെപ്പയ്യെ... ചായക്കട വാസുവിന്റെ അധ്യക്ഷതയില്‍ ശിവരാമന്റെ തിരക്കഥ എഴുതിത്തുടങ്ങി...
"ശിവന് പണ്ടേ തോക്കു പേടിയാ. പോലീസില്‍ ചേരാന്‍ ഞങ്ങള്‍ ഒരുമിച്ചാ പോയെ. അന്നവന്‍ വിരണ്ടോടിയതാ... ഇവനെങ്ങനെ ഈ പട്ടാളത്തീച്ചേര്‍ന്നു?"
"തോക്ക് കൊണ്ട് വെടിവയ്ക്കാന്‍ പറഞ്ഞപ്പോള്‍ ശിവന്‍ ബോധം കെട്ടു വീണാര്‍ന്നിരിക്കും, ഹ ഹ..."
"ശിവരാമനു മുഴുത്ത പ്രാന്താന്നാ പറേന്നെ, ആര്‍ക്കറിയാം ഇനി ശരിയാവുമോന്നു"
മാസം ഒന്ന് കഴിഞ്ഞു. ശിവേട്ടന്റെ നിലയില്‍ വല്യ മാറ്റമൊന്നും കണ്ടില്ല. വല്ലപ്പോഴും ഒന്നോ രണ്ടോ വാക്കുകള്‍ പറയും. ഒന്നിനും മറുപടിയില്ല.
പിന്നൊരു ദിവസം... ഉച്ചയൂണു കഴിച്ചോണ്ടിരുന്ന ശിവേട്ടന്‍ ഗിരിജേച്ചിയോടു പൊടുന്നനെ പറഞ്ഞു...
"മീന്‍ കറിയ്ക്ക് നല്ല എരിവ് "
ഗിരിജേച്ചിയുടെ മുഖം അതിശയവും സന്തോഷവും കൊണ്ടു വിടര്‍ന്നു. "അയ്യോ, ഞാന്‍ അറിഞ്ഞില്ല... ഇനി നോക്കാം
"'ന്നാലും, രുചിയുണ്ട് "
കൂടുതല്‍ പഠിച്ചില്ലെങ്കിലും കാര്യവിവരം ഉള്ള ഒരു മനഃശാസ്ത്രജ്ഞ ആയിരുന്നു ഗിരിജേച്ചി. അടുത്ത മുടങ്ങാതെ അവര്‍ മീന്‍ വാങ്ങാന്‍ തുടങ്ങി. മീനിന്റെ പലവിധ കറികള്‍ ചെറിയ ചെറിയ സംസാരവിഷയങ്ങള്‍ ആയി. എങ്കിലും, അവരൊരിക്കലും തിരക്കു പിടിച്ചില്ല.
"ശിവേട്ടാ, നാളെ എന്തു മീനാ വാങ്ങണ്ടേ?"
"എന്തേലും, നിന്റിഷ്ടം പോലെ"
"എന്നാലും, കരിമീന്‍ വേണോ?"
"കൊള്ളാം"
"വറുത്തരയ്ക്കണോ?... പൊള്ളിക്കണോ?"
അങ്ങനെ ചെറിയ ചെറിയ വര്‍ത്തമാനങ്ങള്‍...
അന്നൊരു ദിവസം... ഗിരിജേച്ചി തയ്ച്ചു കൊണ്ടിരുന്നപ്പോളാണ്...
കസേരയില്‍ ചടഞ്ഞു കൂടിയിരുന്ന ശിവേട്ടന്‍ എണീറ്റിഴഞ്ഞു വേച്ചു രണ്ടുമൂന്നു ചുവടു നടന്നു... പിന്നെ, ഊണുമേശയുടെ വക്കില്‍ തട്ടി ധടപടാന്ന് താഴെ വീണു.
"എന്ത്വാ നിങ്ങളീ കാണിക്കുന്നേ? നേരെ ചൊവ്വേ നടക്കാതെ തപ്പിത്തടഞ്ഞു പോകും, മറിഞ്ഞു വീഴാനായിട്ട്... എല്ലാം കയ്യിലിരുപ്പാ... നന്നാവണമെന്ന് അവനോനൂടെ തോന്നണം... " പൊടുന്നനെ അവര്‍ക്ക് സഹാനുഭൂതിയല്ല തോന്നിയത്. ഉള്ളിലെ കനല്‍ രോഷമായി കത്തിപ്പടര്‍ന്നു...
ശിവേട്ടന്‍ ഒരു നിമിഷം നന്നേ പകച്ചു, പിന്നെ താനേ എഴുന്നേറ്റു. പതിയെ നടന്നു മുറിയുടെ പുറത്തേക്ക് പോയി. അന്നാദ്യമായി...
അതൊരു മാസ്മരികമായ തുടക്കമായിരുന്നു. ഒരു ഷോക്ക് ട്രീറ്റ്മെന്റ് കിട്ടിയ പോലെ ശിവേട്ടന്റെ മാറ്റം വേഗത്തിലായി. സംസാരത്തില്‍ പുരോഗതിയുണ്ടായി. പുറത്തേക്കിറങ്ങാന്‍ തുടങ്ങി.
അയാള്‍ടെ ദേഹത്തെ ബാധ താനേ ഒഴിഞ്ഞു പോയെന്നും, അല്ല ഏതോ മന്ത്രവാദി ഒഴിപ്പിച്ചെന്നും ജനസംസാരമുണ്ടായി. മാസം ഒന്ന് കഴിഞ്ഞു. ശിവേട്ടന്‍ പഴേ പടിയായി. എന്നാലും, തനിക്കെന്താണ് പറ്റിയതെന്നു അയാള്‍ ഭാര്യയോടു പോലും പറഞ്ഞില്ല. അവരൊട്ടു ചോദിച്ചതുമില്ല.
പെട്ടെന്നൊരു നാള്‍ പിന്നെന്തിനാണ് ശിവേട്ടന്‍ വീടിന്റെ പുറകിലെ പുളിമരത്തില്‍ ആ രഹസ്യം കയറിന്റെ തുഞ്ചത്തു പരസ്യമായി തൂക്കിയിട്ടത്?
2010/08/04
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ആദ്യം ഒരു തേങ്ങ...
മറുപടിഇല്ലാതാക്കൂഇനി ശിവരാമന് പരയാതിനുന്നത് എന്താണെന്ന് നോക്കിയിട്ട് വരാം
""പയ്യെപ്പയ്യെ... ചായക്കട വാസുവിന്റെ അധ്യക്ഷതയില്‍ ശിവരാമന്റെ തിരക്കഥ എഴുതിത്തുടങ്ങി...""
മറുപടിഇല്ലാതാക്കൂകഥാപാത്രങ്ങള്ക്ക് ജീവനുണ്ടെന്നു തോന്നിപ്പിക്കുന്ന ആഖ്യാനം. വളരെ ഒഴുക്കോടെ വായിച്ചു പോയി. ഒടുവില്‍ ശിവരാമന്‍ ആ രഹസ്യം പറയാതെ പൊയ്ക്കളഞ്ഞു. വാസ്തവത്തില്‍ ശിവരാമന്‍ പറയാതിരുന്നത് എന്തായിരുന്നു.
പെട്ടെന്നൊരു നാള്‍ പിന്നെന്തിനാണ് ശിവേട്ടന്‍ വീടിന്റെ പുറകിലെ പുളിമരത്തില്‍ ആ രഹസ്യം കയറിന്റെ തുഞ്ചത്തു പരസ്യമായി തൂക്കിയിട്ടത്?
മറുപടിഇല്ലാതാക്കൂപോസ്റ്റുമാർട്ടം ചെയ്തുനോക്കിയാലറിയാം!
ശിവരാമൻ ഒന്നും പറയാതെ പോയി. രമേഷും പിന്നാലെ പോവുമോ?
കഥ സൂപ്പറായിരുന്നു ജേക്കെ.
ഭാവുകങ്ങൾ!
കഥ അടിപൊളി....
മറുപടിഇല്ലാതാക്കൂശിവരാമേട്ടനെയും മറ്റു കഥാപാത്രങ്ങളെയും നന്നായി അവതരിപ്പിച്ചു.. ഒഴുക്കുള്ള എഴുത്ത്.. ക്ലൈമാക്സും ഇഷ്ടപ്പെട്ടു.... നല്ല കഥ...
ആശംസകള്‍
നല്ല കഥ,ജെകെ, അവസാനത്തെ ഒരൊറ്റ വാചകത്തിൽ കഥയുടെ തലം വല്ലാതങ്ങുയർന്നു പോയി. അഭിനന്ദനം., എങ്കിലും ജെകെ, അയാൾ എന്തിനാത്മഹത്യ ചെയ്തു, വെറുതെയൊന്നൂഹിക്കട്ടെ, അസമിലെ ഒരു ജവാൻ സ്ത്രീകളോടുള്ള പട്ടാളത്തിന്റെ പൈശാചിക പ്രവൃത്തികളിൽ ഭാഗഭാക്കാകേണ്ടി വന്നതിലുള്ള കുറ്റബോധം സഹിക്കാനാവാതെ....
മറുപടിഇല്ലാതാക്കൂഎനിക്കും കഥ ഇഷ്ടമായി..ആ അവസാന വാചകം ശരിക്കും ചാട്ടുളിയായി....സസ്നേഹം
മറുപടിഇല്ലാതാക്കൂകഥ വളരെ നന്നായി ......
മറുപടിഇല്ലാതാക്കൂകഥാപാത്രങ്ങള് മിഴിവുറ്റതും ......
എന്നാലും അവസാനം ഒരേ ചിന്ത ,
എന്തിനാവും ആതമഹത്യ ?ആ രഹസ്യം ?
ഒരു ക്ലൂ എങ്കിലും തരാമായിരുന്നു !
wild guess നടത്തി തല പുകഞ്ഞു !!!!!!!!!!
വഷളാ..കഥ നന്നായി. കഥാപാത്രങ്ങളെ നേരില്‍ കണ്ട ഒരു പ്രതീതി. എന്നാലും ജീവിതം അവസാനിപ്പിക്കാന്‍ മാത്രം ശിവരാമന് എന്തു പ്രശ്നമാണ് ഉണ്ടായിരുന്നത്? മെച്ചപ്പെട്ട ചികില്‍സ കിട്ടിയിരുന്നെങ്കില്‍ അയാള്‍ ഒരിക്കലും ഇങ്ങിനെ ചെയ്യില്ലായിരുന്നു. അതിന് ആര്‍ക്കും ആരേയും ശ്രദ്ധിക്കാന്‍ സമയം ഇല്ലല്ലോ അല്ലേ?
മറുപടിഇല്ലാതാക്കൂവഷൂ ..ആദ്യമായി കമന്റ് ചെയുന്നതും .ഇതിന് ഒന്നും പറയുന്നില്ല .ആ പേര് പോലെ അല്ല ഇവിടെ കാര്യം എന്ന് അറിഞ്ഞ് സന്തോഷായി തിരിച്ചു പോകുന്നു ..ഇനിയും തീര്‍ച്ചയായും വരും .ആശംസകള്‍ .............
മറുപടിഇല്ലാതാക്കൂപിന്നെ പേരിന്റെ കാര്യം ഞാന്‍ എന്തായാലും ഈ പേരില്‍ വിളിക്കാം .......
ശിവനും രാമനും കൂടി പെരിട്ടതാ കുഴപ്പമായത് ...
മറുപടിഇല്ലാതാക്കൂസിയുടെ വഷൂ ..വിളികേട്ട് ചിരിച്ചു പോയി
എന്തിനാണ് ശിവേട്ടന്‍ വീടിന്റെ പുറകിലെ പുളിമരത്തില്‍ ആ രഹസ്യം കയറിന്റെ തുഞ്ചത്തു പരസ്യമായി തൂക്കിയിട്ടത്?
മറുപടിഇല്ലാതാക്കൂതോക്കുപയോഗിച്ച് കാര്യം സാധിക്കാന്‍ കക്ഷിക്ക് പേടിയായതു കൊണ്ട്.
വഷൾജി….അവസാന വാചകമാണ് കഥയുടെ ഹൈലൈറ്റ്….
മറുപടിഇല്ലാതാക്കൂഇതു പോലെ രഹസ്യങ്ങൾ ബാക്കിയാക്കി മരണത്തിലേക്ക് നടന്ന് കയറിയ
ഒരു പാടുപേരുണ്ട്..ഈ കഥ അവരെ ഓർമ്മിപ്പിക്കുന്നു..
ആശംസകൾ…
കഥ സൂപ്പറായിരുന്നു ജേക്കെ.
മറുപടിഇല്ലാതാക്കൂഭാവുകങ്ങൾ....
എന്റെ ബ്ലോഗില്‍ അപ്േഡററ് കണ്ടില്ല. അതാ വരാന്‍ വൈകിയത്.
മറുപടിഇല്ലാതാക്കൂകഥാപാത്രങ്ങളെല്ലാം നല്ല മിഴിവോടെ കണ്മുന്നിലെത്തി. ശിവരാമനും രമേശും എന്തിന്, രമേശിന്റെ അമ്മയും ശിവരാമന്റെ ഭാര്യയും ഒക്കെ എത്ര തെളിച്ചത്തോടെ നിരന്നു. നല്ല ഭാഷയിലെ എഴുത്തും.
എന്നാലും അവസാനം എന്തിനത് ചെയ്തു എന്ന് എനിക്കും സംശയമാണ്.
ചിരിച്ചു കൊണ്ട് കഴുത്തറുക്കും എന്ന് കേട്ടിട്ടേയുള്ളൂ . ദാ ഇപ്പൊ ഇവിടെ കണ്ടു. വളരെ മനോഹരമായി കഥ പറഞ്ഞു തന്നു വായനക്കാരെ ചുറ്റും നിറുത്തി പതുക്കെ കഥാ പാത്രത്തെ മാവിന്‍ കൊമ്പില്‍ തൂക്കിയിട്ടു. ഒന്നും പറയാതെ. കഥ നന്നായെങ്കിലും കഥാകാരനെ എന്ത് വിളിക്കും ....
മറുപടിഇല്ലാതാക്കൂkollam...!
മറുപടിഇല്ലാതാക്കൂvalare sarassamayi ennal aazhathil chithikkaanum, rasikkaanum sadhichu....... abhinandhanangal................
മറുപടിഇല്ലാതാക്കൂഅഭിപ്രായിച്ച എല്ലാവര്‍ക്കും നന്ദി. അക്ബറിന്റെ തേങ്ങയ്ക്കും നന്ദി.
മറുപടിഇല്ലാതാക്കൂഎനിക്കും അറിയാന്‍ മേലാ എന്തിനാ പുള്ളി ആത്മഹത്യ ചെയ്തതെന്ന്. അതൊക്കെ നിങ്ങളുടെ മനോധര്‍മ്മം പോലെ ഊഹിച്ചെടുത്തോളൂ ..
പിന്നെ, ഞാന്‍ കഥ മനസ്സില്‍ കണ്ടപ്പോള്‍ അതിന്റെ കാരണം കണ്ടത് ഇങ്ങനെ ആയിരുന്നു.
ശിവരാമന്‍ പ്ലാന്റ് ചെയ്ത മൈന്‍ അബദ്ധവശാല്‍ എടുത്തു കളിച്ച ഒരു പാവം കുട്ടി ചിതറിപ്പോകുന്നു. അത് കാണാനിടയായ ശിവരാമന്‍ മാനസിക വിഭ്രാന്തികളില്‍ പെട്ടുഴലുന്നു. വേട്ടയാടപ്പെട്ട കുറ്റബോധത്താല്‍ അയാള്‍ സ്വയം ശിക്ഷിച്ചു.
ജെക്കെ നല്ല കഥ ,പക്ഷെ അവസാനം എന്തിനത് ചെയ്തു എന്ന് സംശയം
മറുപടിഇല്ലാതാക്കൂപേരിലെ കൂട് വിട്ട് കൂടുമാറൽ കാരണം ഭായ് എന്റെ കൂട്ടത്തിൽ നിന്നും തെറിച്ചുപോയതിനാലാണ് ഈ അസ്സലുകഥ എന്നിൽ നിന്നും കുറച്ചുനാൾ ഓടിയൊളിച്ചത് കേട്ടൊ ഭായ്
മറുപടിഇല്ലാതാക്കൂകഥ നന്നായി-വിഷാദരോഗം കൊണ്ട് ജീവനൊടുക്കിയവര്‍ ധാരാളമുണ്ട്-ചുറ്റുമുള്ളവര്‍ അത് മനസ്സിലാക്കില്ലന്ന് മാത്രം.
മറുപടിഇല്ലാതാക്കൂവഷളേട്ടാ,
മറുപടിഇല്ലാതാക്കൂശിവരാമന്റെ കഥ വീണ്ടും മുഴുവനായും വായിച്ചു.
ശ്രീനാഥ് ഏട്ടന്‍ പറഞ്ഞത് തന്നെയാണ് പറയാനുള്ളത്. അവസാന വാചകത്തില്‍ കഥയുടെ ലെവല്‍ തന്നെ മാറിപ്പോയി.. സാദാ ദോശയില്‍ മസാല ചേര്‍ക്കുമ്പോ മസാല ദോശ ആവുന്നത് പോലെ...