2010/08/15

സ്ഥാന മുദ്ര

അങ്ങനെ നീലാകാശത്ത് സൂര്യന്‍ ജ്വലിച്ചു നിന്ന യെന്തൊരോ ഒരു ദിവസം ഞാനും കലാലയത്തിന്റെ തിരുമുറ്റത്ത്‌ വാമപദമൂന്നി. ഒരു പോക്കുവരത്തുകാരനായി ജീവിതം തുടങ്ങി.

തത്വത്തില്‍ ഒരു വിനോദ സഞ്ചാരലാവണവും എന്നാല്‍ മെന്‍സ്ഹോസ്റ്റല്‍ എന്ന് അറിയപ്പെടുന്നതുമായ ഒരു അധോലോകകേന്ദ്രമുണ്ടായിരുന്നു. അതില്‍ അംഗത്വമുള്ള ഒരു അധിനിവേശസംഘമായിരുന്നു ക്ലാസ്സിന്റെ ഗതിവിഗതികള്‍ നിയന്ത്രിച്ചിരുന്നത്. ആ പ്രമാണിവര്‍ഗ്ഗത്തിന്റെ കീഴില്‍ ഞങ്ങള്‍ പോക്കുവരത്തുകാര്‍ക്ക് തങ്ങളുടെ വിപ്ലവം ലക്‌ഷ്യം കാണുമെന്നു യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു.

എന്നെപ്പോലെ മാന്യന്മാരായ ചില പോക്കുവരത്തുകാര്‍ തെരേജ പെറ്റ ഇലക്ട്രിക്കല്‍ പൊത്തകം പോലെ ആര്‍ക്കും വേണ്ടാതെ ഒരു കോണില്‍ നിശബ്ദരായി പൊടി പിടിച്ചങ്ങനെ കിടന്നു. തന്നേമല്ല, മുന്തിയ അരസികനും, മുഴുത്ത അന്തര്‍മുഖനുമായ ഞാനാകട്ടെ, സര്‍വരാലും ത്യജിക്കപ്പെട്ടു, നാരീജനങ്ങളുടെ അവഗണനയും ജുഗുപ്സദൃഷ്ടിയുമേറ്റു, ആള്‍ബലമില്ലാതെ അങ്ങനെയൊക്കെ അങ്ങ് കഴിഞ്ഞുപോന്നു. എന്റെ കാര്യം പറഞ്ഞാല്‍ സാക്ഷാല്‍ ഗോപീവസ്ത്രചോരന്റെ നേര്‍ വിപരീതം പോലെയായിരുന്നു, ഒരു ഹനുമാന്‍ ലൈന്‍...

അങ്ങനെയിരിക്കെ ഹോസ്റ്റലന്മാരുടെ അസമത്വസമീപനത്തില്‍ മനംനൊന്ത്‌ മനസ്സുകൊണ്ട് പോക്കുവരുത്തനായി പരിവര്‍ത്തനം ചെയ്യപ്പെട്ട ഒരു മര്യാദരാമനെ കൂട്ടിനു കിട്ടി. അവന്റെ പേരു പാഞ്ചാലന്‍. അങ്ങനെ ഞങ്ങള്‍ അടയും ചക്കരയും ആയി കൂട്ടുകൂടി.

ഞങ്ങടെ പാഞ്ചാല-ഹനൂമദ് സംവാദത്തില്‍ നിന്നു ഒരേട്‌ ഇവിടെ ചീന്തുന്നു.

പാഞ്ചാലന്‍: "അളിയാ, എവന്മാരൊക്കെ ഭയങ്കര വൃത്തികെട്ടവന്മാരാ"
"എന്തു പറ്റിയെഡേ?"
"അതിപ്പം..."
"എന്തുവാ?... നീ പറ"
"എന്നാലും..."
"കൊഴപ്പമില്ലെന്നെ, ഞാനാരോടും പറയത്തില്ല"

അങ്ങനെ നിര്‍ബന്ധിച്ചപ്പോള്‍ പാഞ്ചാലന്‍ മനസ്സിന്റെ കെട്ടഴിച്ചിട്ടു... അതിപ്രകാരമായിരുന്നു.

"ഞാനങ്ങനെ മുറിയില്‍ ഇരുന്നു ഇലക്റ്റീവ് സബ്ജക്റ്റായ ഒരു ഹ്രസ്വപുസ്തകം വായിച്ചു രസിക്കുകയായിരുന്നു. അപ്പൊ വാതില്‍ തള്ളിത്തുറന്നു നമ്മടെ സീനിയര്‍ ദുര്‍ന്നിവാസന്‍ റൂമിലേക്ക്‌ ഗഡന്നു വന്നു.

സമ്പ്രദായപ്രകാരം പ്രഥമ ദൃഷ്ട്യാ തന്നെ ഗുപ്തകേശം, പിതൃശൂന്യന്‍, ശുനകന്‍, ശ്വാനസുതന്‍, യാചകന്‍, കൊലമര ആരോഹക സന്താനം എന്നിങ്ങനെ ചില ഉത്കൃഷ്ട സംബോധനകള്‍ (ചില പ്രാദേശിക വ്യതിയാനങ്ങളോടെ) കൊണ്ടു എന്നെ ആദരിച്ചു. അതുകേട്ടു പുളകിതഗാത്രനായ ഞാന്‍ മൗനിയായി വര്‍ത്തിച്ചു
" പാഞ്ചാലന്‍ പറഞ്ഞു.

"എന്നിട്ടു?", ഞാന്‍ ഉത്സുകനായി...

ദുര്‍ന്നിവാസന്‍ അരുളിച്ചെയ്തു "ഭവാന്‍, ജനാലയില്‍ക്കൂടി പുറത്തേയ്ക്ക് ഒന്നു കണ്ണോടിച്ചാലും. പുഷ്പങ്ങള്‍ വാടിക്കരിഞ്ഞിരിക്കുന്നു"
"അതിനു?"
"പരിസ്ഥിതി സംരക്ഷിക്കണം"
"എങ്ങനെ?"
"ഭൂമീദേവിയെ പുഷ്പിണിയാക്കണം"
"...?"
"ഭ്ഭാ!, നോക്കി നിക്കാതെ തറേലോട്ടിറങ്ങി പുഷ് അപ്പ്‌സ് ചെയ്യടാ ശൂന്യമഗനേ..."

ഞെട്ടിപ്പോയ പാഞ്ചാലന്‍ ധടപടേന്നു പുഷ് അപ്പ്സ് ചെയ്തു തീര്‍ത്തു. സന്തോ...ഷമായി.

അടുത്ത കലാപരിപാടി ഒരു അപൂര്‍വ രാഗാലാപം.

"നിന്റെ ചന്ത്യോള രാഗവിസ്താരം ഒന്നു കാണട്ടെ. നീ ഓരോരോ സ്വരങ്ങളായി അവരോഹണം ചെയ്യൂ..."

നിവൃത്തിയില്ലാതെ പഞ്ചാലന്‍ തന്റെ ഫസ്റ്റ് പേപ്പറുകള്‍ അഴിച്ചുമാറ്റി. സെക്കന്റ്‌ പേപ്പറില്‍ തൊടാതെ പരിഭ്രമിച്ചു നിന്നു.

ദുര്‍ന്നിവാസഗുരു സംഗതികള്‍ കാട്ടിക്കൊടുത്തു, "ശുദ്ധചന്ത്യോള രാഗത്തില്‍ എന്തിനീ ഷഡ്ജം?"

പഞ്ചാലനുമില്ലേ അന്തസ്സും ആഭിജാത്യവും? അവന്‍ ഷഡ്ജം പാടിയില്ല.

ക്രുദ്ധമാനസനായി ദുര്‍ന്നിവാസന്‍ പോയി. അതേ സ്പീഡില്‍ തിരിച്ചു വന്നു. കൂടെ അതിഖരത്തില്‍ ആക്രോശിച്ചു ഘടാഘടിയന്മാരായ കുറെ ദുര്‍ന്നിവാസന്‍ ക്ലോണ്‍സും...

ഒടുവില്‍ ലജ്ജ അനാവൃതമായ പാഞ്ചാലന്‍ ശിരസ്സ് താഴ്ത്തി നിന്നു. ഈ കഥയില്‍ കിഷന്‍ വന്നതുമില്ല ഡ്യൂപ്ലിക്കേറ്റ്‌ ഷഡ്ജം കൊടുത്തതുമില്ല.

ചെറുത്തു നില്‍പ്പില്‍ അസംതൃപ്തരായ സീനിയര്‍വൃന്ദം വിധിച്ചു...

"നിന്റെ ആസനദ്വയം ബ്ലൂപ്രിന്റില്‍ ആവിഷ്ക്കാരം ചെയ്യൂ"

ഒരു കസേരയില്‍ നീല മഷി പുരട്ടി പാഞ്ചാലനെ ഉപവിഷ്ടനാക്കി. പിന്നെ ഒരു ഡ്രായിംഗ് പേപ്പറില്‍ ഇരുത്തി പൃഷ്ഠോക്കോപ്പി എടുത്തു.

"ഈ പൃഷ്ഠോക്കോപ്പി ഫ്ലോറിലുള്ള എല്ലാ സീനിയേര്‍സിനെയും കാണിച്ചു തൃക്കൈവിളയാടിച്ചു കൊണ്ടുവരൂ", ഉദ്ഘോഷിച്ചു സംഘം അനാഗതരായി.

പാവം പാഞ്ചാലന്‍... പൃഷ്ഠത്തിന്റെ ഫോട്ടോസ്റ്റാറ്റ് റൂം റൂമാന്തിരം സാക്ഷ്യപ്പെടുത്താന്‍ കൊണ്ടുപോയി.

പക്ഷെ, കണ്ടു ബോധ്യം വന്നാലെ അപ്പീസര്‍മാര്‍ ഒപ്പിടൂ...

ഒറിജിനല്‍ കാണിക്കാന്‍ ആവശ്യപ്പെട്ടു. വീണ്ടും പയ്യന്‍ ചന്ത്യോള രാഗം പാടി.

സൈന്‍ കിട്ടി. ഇനി അടുത്ത സെക്ഷനിലേക്ക്, വീണ്ടും ഒറിജിനല്‍ കാണിച്ചു, ഒപ്പിച്ചു.

അങ്ങനെ പാഞ്ചാലന്‍ ആ ഷീറ്റ് മുഴുവന്‍ ഒപ്പ് വാങ്ങിക്കൂട്ടി ഗിന്നസ് ബുക്കില്‍ കയറി.

കഥ മുഴുമിച്ച് പാഞ്ചാലന്‍ നിസ്സംഗതയോടെ ഇരുന്നു. ഒരു നിമിഷം ഞാന്‍ ആ കണ്ണുകളിലേക്കു നോക്കിയിരുന്നു. പിന്നെ വളരെ മൃദുവായി മൊഴിഞ്ഞു.

"ആ ഷീറ്റ് ഒണ്ടോ?"

പെണ്ണുകാണാന്‍ വന്നവനു ചായ കൊടുക്കുന്നവളുടെ നാണത്തോടെ പാഞ്ചാലന്‍ അതു മെല്ലെ വച്ച് നീട്ടി.

ഒരു പ്രൂഫും ചോദിക്കാതെ ഞാന്‍ അതു സൈന്‍ ചെയ്തു തിരികെ കൊടുത്തു. 'ദ്ദാണ് സുഹൃത്ബന്ധം...

വിശ്വാസം അതല്ലേ എല്ലാം?...

2010/08/04

ശിവരാമന്‍ പറയാതിരുന്നത്

അങ്ങേലെ ശിവരാമന്റെ വീട്ടിലൊരു കാറു വന്നല്ലോ, അവന്‍ ആസ്സാമീന്നു വന്നോ എന്തോ?" എന്ന് കേട്ടാണ് രമേഷ് രാവിലെ കണ്ണ് തിരുമ്മിയത്‌.

വൃശ്ചികത്തിലെ നേരിയ അലസക്കുളിരില്‍ ഒളിക്കാന്‍ ഇനിയും നിവൃത്തിയില്ല. പുലരിച്ചൂടില്‍ തണുപ്പിന്റെ അവസാന ആശ്വാസവും പയ്യെ അലിഞ്ഞില്ലാതായി... ഏഴുനേല്‍ക്കുക തന്നെ, രക്ഷയില്ല...

അച്ഛനോടാണമ്മ ശിവരാമന്റെ കാര്യം പറഞ്ഞെന്നു തോന്നുന്നു. മറുപടിയൊന്നും കേട്ടില്ല, അമ്മ മറുപടി കാക്കാറുമില്ലല്ലോ.

ചടഞ്ഞെണീറ്റ് രമേഷ് പ്രഭാത കൃത്യങ്ങളില്‍ മുഴുകി. 8 മണി ആകുമ്പോഴേക്കും കോളേജില്‍ പോകാന്‍ ഇറങ്ങേണ്ടതല്ലേ.

പ്രഭാത സേവയുടെ ആദ്യ പടി മുറ്റത്തെ മുരടിച്ച മാവില്‍ ചാരി പല്ല് വെടിപ്പാക്കലാണ്. അതിനിടയ്ക്ക് വീട്ടിന്റെ മുന്നിലെ റോഡിലെ സഞ്ചാരം കാണുകയും ആവാം.
"എന്താ രമേശാ, രാവിലെ തന്നെ പല്ല് തേപ്പാണോ?" പേരറിയാത്ത പരിചയക്കാരന്‍ ലോഗ്യം ചോദിച്ചു. വെറുതെ ചിരിച്ചു, ഒന്നും പറഞ്ഞില്ല.

ഇപ്പോള്‍ ഏഴു മണിയായിക്കാണും. നടക്കുന്ന അലാറമാണ്‌ കറുത്ത കുറിയ ആ മനുഷ്യന്‍. വെയിലു കൊണ്ട് ചാര നിറമായ കാലന്‍കുട തലകീഴായി വലത്തേ തോളില്‍ ചേര്‍ത്ത്, പട്ടാളക്കാരന്റെ മാര്‍ച്ച്പാസ്റ്റ് പോലെയാണ് അയാളുടെ നടത്ത.

പ്രായം അത്രയ്ക്കങ്ങോട്ടയില്ലെന്നു തോന്നുന്നു, എന്നാലും വയസ്സന്റെ പോലെ... പ്രാരാബ്ധങ്ങള്‍ നിറം മായ്ച്ചതാവാനെ വഴിയുള്ളൂ. നരച്ച മുടിയും താടിയും. ചേടിയാപ്പീസില്‍ ആയിരിക്കും അയാള്‍ടെ ജോലി എന്ന് ഊഹിച്ചു. അടുത്ത് പോര്‍സെലൈന്‍ വസ്തുക്കള്‍ നിര്‍മ്മിക്കുന്ന കളിമണ്‍ ഫാക്ടറിയുണ്ട്. അതിന്റെ നാട്ടുപേരാണ് ചേടിയാപ്പീസ്.

രമേഷിന് അയാളെ കൂടുതല്‍ അറിയില്ല. അവന്‍ അല്ലേലും അങ്ങനെയാണ്, കടുത്ത അന്തര്‍മുഖന്‍... ആരോടും അടുക്കില്ല, കൂടിപ്പോയാല്‍ ഒരു നേര്‍ത്ത പുഞ്ചിരി, അത്രന്നെ.

അച്ഛന്‍ നാട്ടില്‍ പേരെടുത്ത അദ്ധ്യാപകന്‍, കര്‍ക്കശന്‍, പ്രഗത്ഭന്‍. "എത്ര നല്ല പയ്യന്‍!"നായിരിക്കുക എന്ന വല്യൊരു ഭാരം അച്ഛന്റെ മാന്യത അവന്റെ തോളിലേറ്റിയിട്ടുണ്ട്. തന്മൂലം രമേഷിന് എവിടെച്ചെന്നാലും ശ്വാസംമുട്ടലാണ്. വാക്കുകള്‍ അളന്നു കുറിച്ചേ പറയൂ. എന്തിലും മിതത്വം പാലിക്കും. ഒന്നും പ്രതികരിക്കത്തവന്‍ എല്ലാവര്‍ക്കും കുട്ടിയാണല്ലോ. കുട്ടികളെ നിലയ്ക്കു നിര്‍ത്തുന്ന അച്ഛന്റെ മകന്‍ അധികപ്രസംഗി എന്ന വിരോധാഭാസം ഉണ്ടാക്കാതെ രമേഷ് അതീവ മാന്യനായി ജീവിച്ചു പോന്നു.

വീടിനു തൊട്ടു മുന്നില്‍ ഒരു ചെമ്മണ്‍ പാതയാണ്. അത് കാരണം വല്യ പൊടി ശല്യമാണ്. തലേന്ന് ചെറുമഴ പൊടിഞ്ഞെന്നു തോന്നുന്നു. പൊടിപിടിച്ച ഇലകളില്‍ മഴത്തുള്ളികളുടെ ചൊറിപിടിച്ച വടുക്കള്‍ കാണാനുണ്ട്.

"എടാ, രമേശാ നിനക്കിന്നു കോളേജില്‍ പോണ്ടേ? ഇതുവരേം പല്ലു തേച്ചില്ലേ? ദാ, കാപ്പിയെടുത്തു വച്ചു..." അമ്മ ധൃതി വയ്ക്കുന്നു.
പല്ലുതേപ്പിനും വഴിക്കാഴ്ചകള്‍ക്കും വിരാമമിട്ടു രമേഷ് കുളിമുറിയിലേക്കോടി. ദാ എന്നൊരു കാക്കക്കുളിയും കുളിച്ചു തീന്മേശ മുമ്പിലെത്തി.


റെഡിയായി വഴിയിലേക്കിറങ്ങി. രണ്ടു മൂന്നു ഫര്‍‌ലോംഗ് നടക്കണം ബസ്സ് പിടിക്കാന്‍... പോന്ന വഴി ശിവേട്ടന്റെ വീട്ടിലേക്കു ഒന്ന് കണ്ണോടിച്ചു. പുറത്താരെയും കാണാനില്ല. ശിവേട്ടന്‍ പട്ടാളത്തിലാണ്. ഇപ്പൊ ആസാമില്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ ജവാനാണ്. രണ്ടു മാസം മുമ്പാണ് പുള്ളി നാട്ടില്‍ നിന്നും പോയത്. പിന്നെന്തേ ഈ വരവിന്റെ ഉദ്ദേശം? ആ, എന്തോ ആവട്ടെ...

ആ പരിസരത്ത് രമേഷിന് കുറച്ചെങ്കിലും അടുപ്പമുള്ള ആള് ശിവരാമന്‍ ആണ്. തിരിച്ചങ്ങോട്ടും. ശിവന് രമേഷിനെക്കള്‍ ഒരു ഏഴെട്ടു വയസ്സ് മൂപ്പ് കാണും. രമേഷിനെപ്പോലെ ആരോടും ഇടപെടാത്ത ഒരു മനുഷ്യന്‍... മുടി പറ്റെ വെട്ടി, മീശ കൃത്യമായി വെട്ടി നിര്‍ത്തി എപ്പോഴും വെടിപ്പായി വസ്ത്രം ധരിച്ചു നടക്കുന്ന ശിവേട്ടന്‍.

സമാന സ്വഭാവം ആയതു കൊണ്ടാവാം, അവര്‍ തമ്മില്‍ ഒരു മാനസിക അടുപ്പം ഉണ്ടായിരുന്നു. എന്നാലും കുശലം പറച്ചില്‍ മിക്കവാറും ഒരു പുഞ്ചിരിയിലോ, "എന്താ വിശേഷ"ത്തിലോ ഒതുങ്ങിക്കൂടി.

ശിവേട്ടന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ടു മൂന്നു കൊല്ലം ആയെന്നു തോന്നുന്നു. ഗിരിജേച്ചി തയ്യലും മറ്റുമായി കഴിഞ്ഞു കൂടുന്ന നല്ല അദ്ധ്വാനശീലയാണ്. അവര്‍ ഒരു സമയവും വെറുതെ ഇരിക്കുന്നത് കാണാറില്ല.

അമ്മ എല്ലാം തയ്പ്പിക്കുന്നത് ഗിരിജേച്ചിയെക്കൊണ്ടാണ്. തയ്യല്‍ അത്ര മെച്ചമൊന്നുമല്ല. എന്നാലും അവള്‍ക്കൊരു സഹായമാവുമെല്ലോ എന്നു അമ്മ പറയുന്നത് കേള്‍ക്കാം.

റോഡ്‌സൈഡില്‍ മെറ്റില്‍ ചീളുകള്‍ വരിയൊപ്പിച്ചു കൃത്യമായി കൂന കൂട്ടിയിരിക്കുന്നു. ഒരു തെരുവുപട്ടി മെറ്റില്‍ കൂനയുടെ ചരിവുപറ്റി വെയില്‍ കായുന്നുണ്ട്. പുതിയ ചില പരിഷ്കാരങ്ങള്‍...

ഏറെ നാളായുള്ള പരിദേവനങ്ങള്‍ക്ക് വിരാമായെന്ന് തോന്നുന്നു. റോഡ്‌പണി തുടങ്ങിയിട്ടുണ്ട്. കുറെ ടാര്‍ വീപ്പകള്‍ സൈഡില്‍ നിരത്തി വച്ചിരിക്കുന്നു. തലേന്ന് ഇട്ട ടാര്‍ പലടത്തും ഒലിച്ചിറങ്ങി കുമിളിച്ചു നില്‍പ്പുണ്ട്‌... പുരോഗതിയുടെ രക്തസാക്ഷിയായി ഒരു മണ്ണിര ടാറില്‍ ഒട്ടി പ്രാണ വെപ്രാളപ്പെടുന്നു.

അന്നും കോളേജു വിരസമായിരുന്നു.അന്നും വൈദ്യുത സര്‍ക്കീട്ടില്‍ ഇലക്ട്രോണ്‍സ് നിശ്ചയിച്ചുറപ്പിച്ച ദിശയില്‍ തന്നെ ഒഴുകി; കാന്തം ഫാരഡെ പ്രവചിച്ച ദിശയില്‍ തന്നെ തിരിഞ്ഞു. വിരസമായ തനിയാവര്‍ത്തനങ്ങള്‍...

നിഴലുകള്‍ ദിശ മാറിക്കളിച്ചു. പകല്‍ ഇഴഞ്ഞിഴഞ്ഞു കടലിലേക്ക്‌ വീഴാന്‍ തുടങ്ങുന്നു. വൈകുന്നേരത്തെ ബസ്സിറങ്ങി രമേഷ് വീട്ടിലേക്കു നടന്നു.


"രമേശാ, നീ ആ ശിവരാമനെ കണ്ടാര്ന്നോ?, അവനെന്തോ അസുഖം ആയിട്ടാണ് വന്നെന്നു പറേന്ന കേട്ടു", ചായ നീട്ടിയിട്ട് അമ്മ പറഞ്ഞു.
"ആണോ? ഞാന്‍ കണ്ടില്ല"
"അവിടെ പോയൊന്നു തിരക്കണ്ടേ?"
"ങാ, ഞാറാഴ്ച ആവട്ടെ"
"അതു മോശമല്ലേ? നിന്നോട് വല്ലപ്പോഴും വര്‍ത്താനം പറയുന്നോനല്ലേ... ഇത്രേം അടുത്ത് കെടന്നിട്ട്‌?, ഒന്നു പോയി തെരക്കു മോനെ..."
"ആ, ഇച്ചിരി കഴിയട്ടെ"

അമ്മയുടെ ശല്യം സഹിക്കാതായപ്പോള്‍ ശിവരാമനെ കാണാന്‍ പോയി...

ഉമ്മറത്ത് ഒരു കസേരയില്‍ ശിവേട്ടന്‍ ഇരിക്കുന്നുണ്ട്. താടി വളര്‍ന്നിരിക്കുന്നു. ചില വെള്ളിക്കമ്പികളും... അലക്ഷ്യമായ മുടിയും. ഇത് പതിവുള്ളതല്ലല്ലോ. കണ്ടിട്ട് ഒരു ഭാവഭേദവുമില്ല. എന്തോ പന്തികേടുണ്ട്.

"ശിവേട്ടന്‍ എപ്പ വന്നു?", രമേഷ് ലോഗ്യം പറഞ്ഞു.
"..." മറുപടിയില്ല.
"ങ്ഘും....." രമേഷ് ഒന്ന് മുരടനക്കി
ആളനക്കം കേട്ട് ഗിരിജേച്ചി വന്നു. "ങാ, രമേശോ, ഇരി..."

ഒരു നിമിഷത്തിന്റെ നിശബ്ദത....

ഗിരിജേച്ചി: "ശിവേട്ടന്‍ വന്നേപ്പിന്നെ ഇങ്ങന്യാ, ഒരു മിണ്ടാട്ടോവില്ല"
"എന്താ പറ്റ്യെ?"
"അറിഞ്ഞൂട, കായംകൊളത്തുകാരന്‍ ഒരു മമ്മദാണ് രാവ്‌ലെ കൂടെ വന്നെ. അയ്യാളു പറഞ്ഞെ, യുദ്ധം കണ്ടു പേടിച്ചെന്നാ, ദാ നോക്ക് കൊറേ ഗുളികേം ഡോക്ടറുടെ കുറിപ്പടീം"

ആ കുറിപ്പടി നോക്കി. എന്തെക്കെയോ എഴുതീട്ടുണ്ട്‌, കൂട്ടത്തില്‍ stress related എന്ന് കണ്ടു. കൂടുതലൊന്നും മനസ്സിലായില്ല.

നിശബ്ദത സൂചി മുനപോലെ തറഞ്ഞു കയറി. "... എന്നാ... ഞാമ്പോട്ടേ, രണ്ട'വസം കഴിഞ്ഞു ശര്യാവുമാരിക്കും"

പയ്യെപ്പയ്യെ... ചായക്കട വാസുവിന്റെ അധ്യക്ഷതയില്‍ ശിവരാമന്റെ തിരക്കഥ എഴുതിത്തുടങ്ങി...

"ശിവന് പണ്ടേ തോക്കു പേടിയാ. പോലീസില്‍ ചേരാന്‍ ഞങ്ങള്‍ ഒരുമിച്ചാ പോയെ. അന്നവന്‍ വിരണ്ടോടിയതാ... ഇവനെങ്ങനെ ഈ പട്ടാളത്തീച്ചേര്‍ന്നു?"
"തോക്ക് കൊണ്ട് വെടിവയ്ക്കാന്‍ പറഞ്ഞപ്പോള്‍ ശിവന്‍ ബോധം കെട്ടു വീണാര്‍ന്നിരിക്കും, ഹ ഹ..."
"ശിവരാമനു മുഴുത്ത പ്രാന്താന്നാ പറേന്നെ, ആര്‍ക്കറിയാം ഇനി ശരിയാവുമോന്നു"


മാസം ഒന്ന് കഴിഞ്ഞു. ശിവേട്ടന്റെ നിലയില്‍ വല്യ മാറ്റമൊന്നും കണ്ടില്ല. വല്ലപ്പോഴും ഒന്നോ രണ്ടോ വാക്കുകള്‍ പറയും. ഒന്നിനും മറുപടിയില്ല.

പിന്നൊരു ദിവസം... ഉച്ചയൂണു കഴിച്ചോണ്ടിരുന്ന ശിവേട്ടന്‍ ഗിരിജേച്ചിയോടു പൊടുന്നനെ പറഞ്ഞു...

"മീന്‍ കറിയ്ക്ക് നല്ല എരിവ് "

ഗിരിജേച്ചിയുടെ മുഖം അതിശയവും സന്തോഷവും കൊണ്ടു വിടര്‍ന്നു. "അയ്യോ, ഞാന്‍ അറിഞ്ഞില്ല... ഇനി നോക്കാം
"'ന്നാലും, രുചിയുണ്ട് "

കൂടുതല്‍ പഠിച്ചില്ലെങ്കിലും കാര്യവിവരം ഉള്ള ഒരു മനഃശാസ്ത്രജ്ഞ ആയിരുന്നു ഗിരിജേച്ചി. അടുത്ത മുടങ്ങാതെ അവര്‍ മീന്‍ വാങ്ങാന്‍ തുടങ്ങി. മീനിന്റെ പലവിധ കറികള്‍ ചെറിയ ചെറിയ സംസാരവിഷയങ്ങള്‍ ആയി. എങ്കിലും, അവരൊരിക്കലും തിരക്കു പിടിച്ചില്ല.

"ശിവേട്ടാ, നാളെ എന്തു മീനാ വാങ്ങണ്ടേ?"
"എന്തേലും, നിന്റിഷ്ടം പോലെ"
"എന്നാലും, കരിമീന്‍ വേണോ?"
"കൊള്ളാം"
"വറുത്തരയ്ക്കണോ?... പൊള്ളിക്കണോ?"

അങ്ങനെ ചെറിയ ചെറിയ വര്‍ത്തമാനങ്ങള്‍...

അന്നൊരു ദിവസം... ഗിരിജേച്ചി തയ്ച്ചു കൊണ്ടിരുന്നപ്പോളാണ്...

കസേരയില്‍ ചടഞ്ഞു കൂടിയിരുന്ന ശിവേട്ടന്‍ എണീറ്റിഴഞ്ഞു വേച്ചു രണ്ടുമൂന്നു ചുവടു നടന്നു... പിന്നെ, ഊണുമേശയുടെ വക്കില്‍ തട്ടി ധടപടാന്ന് താഴെ വീണു.

"എന്ത്വാ നിങ്ങളീ കാണിക്കുന്നേ? നേരെ ചൊവ്വേ നടക്കാതെ തപ്പിത്തടഞ്ഞു പോകും, മറിഞ്ഞു വീഴാനായിട്ട്... എല്ലാം കയ്യിലിരുപ്പാ... നന്നാവണമെന്ന് അവനോനൂടെ തോന്നണം... " പൊടുന്നനെ അവര്‍ക്ക് സഹാനുഭൂതിയല്ല തോന്നിയത്. ഉള്ളിലെ കനല്‍ രോഷമായി കത്തിപ്പടര്‍ന്നു...

ശിവേട്ടന്‍ ഒരു നിമിഷം നന്നേ പകച്ചു, പിന്നെ താനേ എഴുന്നേറ്റു. പതിയെ നടന്നു മുറിയുടെ പുറത്തേക്ക് പോയി. അന്നാദ്യമായി...

അതൊരു മാസ്മരികമായ തുടക്കമായിരുന്നു. ഒരു ഷോക്ക് ട്രീറ്റ്മെന്റ് കിട്ടിയ പോലെ ശിവേട്ടന്റെ മാറ്റം വേഗത്തിലായി. സംസാരത്തില്‍ പുരോഗതിയുണ്ടായി. പുറത്തേക്കിറങ്ങാന്‍ തുടങ്ങി.

അയാള്‍ടെ ദേഹത്തെ ബാധ താനേ ഒഴിഞ്ഞു പോയെന്നും, അല്ല ഏതോ മന്ത്രവാദി ഒഴിപ്പിച്ചെന്നും ജനസംസാരമുണ്ടായി. മാസം ഒന്ന് കഴിഞ്ഞു. ശിവേട്ടന്‍ പഴേ പടിയായി. എന്നാലും, തനിക്കെന്താണ്‌ പറ്റിയതെന്നു അയാള്‍ ഭാര്യയോടു പോലും പറഞ്ഞില്ല. അവരൊട്ടു ചോദിച്ചതുമില്ല.

പെട്ടെന്നൊരു നാള്‍ പിന്നെന്തിനാണ് ശിവേട്ടന്‍ വീടിന്റെ പുറകിലെ പുളിമരത്തില്‍ ആ രഹസ്യം കയറിന്റെ തുഞ്ചത്തു പരസ്യമായി തൂക്കിയിട്ടത്?