2009/10/30

ബ്ലൂ-റെ ഡിസ്കും അണ്ടര്‍ കവര്‍ കോപ്പും

നിര്‍വചനപ്രകാരം കഥകള്‍ ഭാവനകളാണെന്നാണു ഞാന്‍ കരുതിയിരുന്നത്‌... എന്നാല്‍ ഇതൊരു "സത്യകഥ?" (true story) - യാണ്.

എനിക്കു വളരെ വേണ്ടപ്പെട്ട ഒരു സുഹൃത്തുണ്ട്. ഇവിടെ അടുത്ത്‌ ഒരു ലാഭമില്ലാ പ്രസ്ഥാനത്തിലാണ് (Non-profit organization) പുള്ളിയുടെ ജോലി... (ഒരു സ്വകാര്യം, അവിടെ ലാഭം ഉണ്ടാകരുതെന്ന് അദ്ദേഹത്തിനു വലിയ നിര്‍ബന്ധമാണ്‌).

അമേരിക്കയില്‍ വ്യക്തിഗത വിവര സംരക്ഷണ നിയമം വളരെ കര്‍ക്കശമാണ്... പിന്നെ ഞാന്‍ സുഹൃത്തിന്റെ സ്വകാര്യത മാനിക്കണമല്ലോ. അതുകൊണ്ട് അദ്ദേഹത്തിന്റെ പേര് സാക്ഷാല്‍ ശ്രീരാമചന്ദ്രന്റെ പര്യായമാണെന്ന് മാത്രം തല്‍ക്കാലം അറിഞ്ഞാല്‍ മതി.

ശരിക്കും ശ്രീരാമനാമം അന്വര്‍ത്ഥമാക്കുന്ന ഒരു മര്യാദാപുരുഷോത്തമനാണ്, ഈ സുഹൃത്ത്‌. പിന്നെ, സമര്‍ത്ഥന്‍, സദ്ഗുണന്‍, ദീനാനുകമ്പന്‍, കിറുകൃത്യന്‍, സ്ഥിരോല്‍സാഹി ഇങ്ങനെ വിശേഷണങ്ങള്‍ നീളും... സത്യം... ഇങ്ങനെ ഒരു മലയാളിയെ ഞാന്‍ ഇതിനുമുമ്പ്‌ കണ്ടിട്ടേയില്ല.

ഈ ചങ്ങാതി, എല്ലാക്കാര്യവും വ്യക്തമായ രൂപരേഖ തയ്യാറാക്കി നാഴികമണിനിഷ്ടയോടെ ചെയ്തു തീര്‍ക്കുന്ന ആളാണ്. കഴിഞ്ഞ വര്‍ഷം ആണെന്ന് തോന്നുന്നു. ഇഷ്ടന്‍ നാട്ടിലേക്കു പോകാന്‍ പ്ലാന്‍ ചെയ്തു. ആറു മാസം മുമ്പേ ടിക്കറ്റ്‌ ബുക്കു ചെയ്തു. നാട്ടില്‍ ചെന്നാല്‍ ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളുടെ പദ്ധതി സമയവിവര സഹിതം എഴുതിയുണ്ടാക്കി. അതു പലപ്രാവശ്യം റിവൈസു ചെയ്തു.

എല്ലാം ഭദ്രം...


ഇനി കഥയുടെ ഉത്തരകാണ്ഡം... എന്‍റെ സുഹൃത്ത് കുടുംബസമേതം നാട്ടിലെത്തി.

സുഹൃത്തിനു ഒരു മകനുണ്ട്. പ്രായം 20 കഴിഞ്ഞു കാണും. ആറടിയിലേറെ ഉയരം. കറകളഞ്ഞ വാക്സാമര്‍ത്ഥ്യം. അതിസുന്ദരനും സമര്‍ത്ഥനുമായ ചെറുപ്പക്കാരന്‍...

നാട്ടില്‍ രണ്ടു ദിവസം കഴിഞ്ഞു. സുഹൃത്ത് നാളെ ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് മേശപ്പുറത്ത് വച്ചിരിക്കുന്നു. അപ്പോഴാണ് മകന്റെ ദൃഷ്ടി അതില്‍ പതിഞ്ഞത്‌. അയാള്‍ അതില്‍ ഒന്ന് കണ്ണോടിച്ചു...

Dec 23, 2008 11:00AM - Explore Blu Ray disk at local Video shop, buy if available.
(സുഹൃത്ത് ഒരു Audio-Videophile ആണ്, അതിനു വേണ്ടി ഒരുപാടു കാശു ചെലവാക്കുന്ന ആളും ആണ്).

മകന് ഒരു ആശയം തോന്നി. ഇന്നു തന്നെ വീഡിയോക്കടയില്‍പ്പോയി സാധനം വാങ്ങി വന്നാലോ? അച്ഛന്‍ ഒന്ന് ഞെട്ടും. തന്റെ കഴിവു കാണിച്ചുകൊടുക്കാന്‍ ഒരു സുവര്‍ണാവസരം...

മകന്‍ റെഡിയായി. ഒരു അടിപൊളി ജാക്കറ്റും, സണ്‍ഗ്ലാസ്സും ഫിറ്റുചെയ്തു... തലയില്‍ പശതേച്ചു... പശു കിടാവിനെ നക്കിയതുപോലെ ഒന്നുരണ്ടു മുള്ളന്‍ മുടികള്‍ നിര്‍ത്തി. പിന്നെ, ഒരു ആട്ടോയെടുത്തു ടൌണിലേക്ക് പറന്നു.

ലിസ്റ്റിലുള്ളതിനേക്കാള്‍ കാര്യങ്ങള്‍ നടത്തി വരണമെന്ന് മുന്‍കൂട്ടി നിശ്ചയിച്ചു. (അല്ലെങ്കിലും ഏല്പിച്ചുറപ്പിച്ചതിനേക്കാള്‍ കാര്യങ്ങള്‍ സാധിച്ചവനാണല്ലോ ശരിയായ ശ്രീരാമാദൂതന്‍)

Twenty-20 സിനിമ ഇറങ്ങിയ കാലമാണ്... മിലിറ്ററിക്കാരന്റെ ചുവടുവയ്പ്പുകളോടെ സുന്ദരപുരുഷന്‍ വീഡിയോക്കടയിലേക്കു പാഞ്ഞു കയറി.

അസാമാന്യ ചങ്കൂറ്റത്തോടെ ചോദിച്ചു.

"ഇവിടെ Twenty-20 -യുടെ വ്യാജ CD യുണ്ടോ?" (പയ്യന്‍ ഒരു മുഴം മുമ്പേ എറിഞ്ഞതാ... original ഇറങ്ങിയിട്ടില്ലെന്നറിയാം, latest മൂവി കാണിച്ചു വീട്ടുകാരെ ഒന്നു ഞെട്ടിക്കണമല്ലോ)

കടക്കാരന്‍ ഞെട്ടിത്തെറിച്ചു. "ഹേയ്... ഇല്ല സാര്‍... ഞങ്ങള്‍ ഒരു വ്യാജ സീഡിയും വിക്കാറില്ല സാര്‍." അയാള്‍ സീറ്റില്‍ നിന്നും ചാടിയെണീറ്റു.

മകന്‍റെ മിഴിമുനകള്‍ അവിടെയിരുന്ന മറ്റു മൂവികളിലേക്കു നീണ്ടു. ORAL MATHRAM (ഒരാള്‍ മാത്രം) എന്ന സിനിമ കണ്ണിലുടക്കി.

അടുത്ത ചോദ്യം. "ഇതെന്തു സിനിമയാ, "ഓറല്‍ " മാത്രം?"

കടക്കാരന്‍ വീണ്ടും ഞെട്ടി. "അയ്യോ സാര്‍, ഇതു ഒരാള്‍ മാത്രം... നല്ല സിനിമയാ... മറ്റേതോന്നുമല്ല. ഞങ്ങള്‍ ആ ടൈപ്പു സിനിമ വയ്ക്കാറേയില്ലസാറേ..."

"പിന്നെ, നിങ്ങള്‍ ബ്ലൂറെ ഡിസ്കു വിക്കുമോ?"

കടക്കാരന്റെ സകല പ്രജ്ഞയും പോയി. അയാള്‍ ഇറങ്ങി വെളിയിലേക്ക് ഒരോട്ടം...

എന്താണു സംഭവിക്കുന്നതെന്നറിയാതെ സുഹൃത്പുത്രന്‍ വണ്ടറടിച്ചു നിന്നു...


പിറ്റേ ദിവസം.

പദ്ധതിപ്രകാരം സുഹൃത്ത് കടയിലെത്തുന്നു..

"സ്റ്റോക്കെടുപ്പ്‌. കട മൂന്നു ദിവസത്തേക്ക് അവധി" എന്ന ബോര്‍ഡ്‌ കണ്ട അദ്ദേഹം ഇതികര്‍ത്തവ്യാമൂഢനായി പകച്ചു നിന്നു.

ഒപ്പം തന്റെ പ്ലാന്‍ പൊളിഞ്ഞ നിരാശയോടും...

2009/10/23

പൈ കണ്ടുപിടിച്ചതാര്?

"പൈ" എനിക്ക് കൊച്ചിലേ  സുപരിചിതമായിരുന്നു... പൈ എന്ന് ആദ്യം ഞാന്‍ കേട്ടത്‌ മറ്റേമ്മ പറഞ്ഞാണ്.
അച്ഛന്‍റെ അമ്മയെ ഞങ്ങള്‍ മറ്റേമ്മ (മറ്റേ-അമ്മ ലോപിച്ചത്‌) എന്നാണ് വിളിച്ചിരുന്നത്. "പയ്യിനെ കുളിപ്പിച്ചോ? പയ്യിനു കാടി കൊടുത്തോ?" എന്ന് മറ്റേമ്മ ദിവസം പല പ്രാവശ്യം തിരക്കിയിരുന്നു... 


പിന്നെ പൈ-യെക്കുറിച്ചു അറിഞ്ഞത്  "പൈകോ" പ്രസിദ്ധീകരണങ്ങള്‍ വഴിയാണ്. എല്ലാര്‍ക്കും അറിയാം പൂമ്പാറ്റ, അമര്‍ ചിത്രകഥ തുടങ്ങിയവ... അങ്ങനെ കുറെ "പൈകള്‍" എന്‍റെ ബാല്യ സഹചാരികളായി മാറി.  (മുതിര്‍ന്നപ്പോള്‍ വായന "പൈ"ങ്കിളി വാരികകളായി; എന്നാലും ഞാന്‍ പൈ കൈവിട്ടില്ല.)


സ്കൂളില്‍ പഠിക്കുമ്പോള്‍ ജയന്‍റെ ആരാധകനായി. "ഡേയ്, കൊച്ചു പയ്യന്‍ന്‍ന്‍‍‍ന്‍ന്‍ന്‍" എന്നു ജയേട്ടന്‍ പോലും പറഞ്ഞിട്ടുണ്ട്. പിന്നെ മലയാളം ക്ലാസ്സിലെ പുസ്തകങ്ങളില്‍ പൈകളുടെ ഘോഷയാത്രയായിരുന്നു. പൈ (വിശപ്പ്‌), പൈതല്‍, പൈമ്പാല്‍, പൈങ്കിളി, പൈശാചികം (പില്‍ക്കാലത്ത് അന്തോണിച്ചന്‍ അടിച്ചുമാറ്റി...) അങ്ങനെ ലിസ്റ്റു നീളുന്നു.


ഒടുവില്‍, എട്ടിലോ മറ്റോ പഠിക്കുമ്പോള്‍ അതു സംഭവിച്ചു. കണക്കുസാര്‍ പറഞ്ഞു, "പൈ സമം വൃത്തത്തിന്‍റെ ചുറ്റളവ്‌ ഭാഗം വ്യാസം. അതു ഒരു സ്ഥിര സംഖ്യയാണ്"...


പൈ-യുടെ മൂല്യം വെറും 3.14 ആണുപോലും.  എനിക്ക് ബോധം പോയതുപോലെ തോന്നി. എന്‍റെ പൈ-ക്കു വിലയിട്ട ആ അദ്ധ്യാപകന്‍റെ പേരും പൈ സാറ് എന്നായിരുന്നത് ചരിത്രത്തിലെ ഒരു തമാശയായി അവശേഷിക്കുന്നു...


പിന്നെ, കോളേജില്‍ പോയി "വിവരം" വച്ചപ്പോള്‍ എനിക്കു മനസ്സിലായി ആഗോളീകരണത്തിന്‍റെ ഭാഗമായി പാശ്ചാത്യര്‍ നമ്മുടെ പൈയെ സ്വന്തം ആക്കിയെന്ന്. എന്തിനും ബ്രാന്‍ഡ്‌ നൈം കല്‍പ്പിച്ചു കച്ചവടമാക്കുന്ന അവര്‍ പാവം പൈ-യെപ്പോലും വെറുതെ വിട്ടില്ല.  അവര്‍ അതിനു ഒരു ലോഗോയും ഉണ്ടാക്കി.
π
സു‌ക്ഷിച്ചു നോക്കുമ്പോള്‍ എനിക്കു തോന്നുന്നു ഈ സിംബലിനു പശുവിന്‍റെ മുഖത്തിനോടു സാമ്യം ഉണ്ടെന്ന്. അങ്ങനെ മലയാളിപ്പയ്യ് Greek-ല്‍ π ആയി മാറി.


ഈ ആഗോളവല്‍ക്കരണത്തിനെതിരെ നമുക്ക് ശക്തമായി പ്രതികരിക്കാം.


"ഇങ്ക്വിലാബ് സിന്താബാദ്‌"

2009/10/16

New Manager അഥവാ പുതു നടത്തിപ്പുകാരന്‍

സാമ്പത്തികമാന്ദ്യത്തിന്‍റെ സമവാക്യങ്ങള്‍ തലങ്ങും വിലങ്ങും കാച്ചിക്കുറുക്കിയപ്പോള്‍ വ്യാപാര മേധാവികള്‍ ഒരു സത്യം കണ്ടെത്തി.  സമവാക്യത്തിന്‍റെ വലതുവശത്ത് തലയെണ്ണം കൂടുതലാണ്‌. തദ്വാരാ ചെലവു ചുരുക്കിയേ പറ്റൂ.


ഒരു വലിയ പലകമേലെ എല്ലാവരുടെയും പേരുകള്‍  നിരത്തി. കൂട്ടുകൂടലും, നീരസങ്ങളും, പിണക്കങ്ങളും വീതം വച്ചു. കണക്കപ്പിള്ള സ്ഥിതിവിവരക്കണക്കു നിരത്തി. 
  • മൂത്ത തലകള്‍ 2 എണ്ണം.
  • ഒഴിഞ്ഞ തലകള്‍ 5 എണ്ണം.
  • ശല്യത്തലകള്‍ 3 എണ്ണം.
  • അതിസമര്‍ത്ഥ തലകള്‍ 1 എണ്ണം.
ടി തലകള്‍ വെട്ടിനിരത്തി. ഒന്നിലും കൂടുതല്‍ തലയിടാത്തതിനാലാവാം, എനിക്കു തലയില്ലെന്നു അവര്‍ വിചാരിച്ചത്. എന്തായാലും എന്‍റെ തല പിടിച്ചു നിന്നു.


പിറ്റെ ദിവസം ജോലിസ്ഥലത്ത് എത്തി. അടുത്ത ചതുരക്കൂടിന്‍റെ അരമതില്‍  മുകളില്‍ ഒരു പുതിയ തല പ്രത്യക്ഷപ്പെട്ടു. "ഹലോ, ഞാനാണു ഇന്നു മുതല്‍ നിന്‍റെ പുതിയ അവകാശി", അങ്ങേര്‍ കൊട്ടിഘോഷിച്ചു... പിന്നെ കൂടിക്കാഴ്ചകള്‍ , ചര്‍ച്ചകള്‍, പുതിയ പദ്ധതികള്‍, ആശയങ്ങള്‍... ഒരാഴ്ച കഴിഞ്ഞു, ഞാന്‍   പഴയ പണികള്‍ തന്നെ ചെയ്യുന്നു, പുതിയവന്‍ ‍പഴയവന്‍റെ പല്ലവികള്‍ ഉരുവിടുന്നു. 

ഒടുവില്‍  ഞാന്‍ ആ സത്യം കണ്ടെത്തി. എല്ലാ പുതിയ തലവന്മാരും നായകളെപ്പോലെയാണെന്ന്. വന്നു കഴിഞ്ഞാല്‍ എല്ലാം മണത്തു നോക്കും. പിന്നെ, തന്‍റെ അതിര്‍വരമ്പുകള്‍  അളക്കും. അതിനു ചുറ്റുമുള്ള മരങ്ങളില്‍  മൂത്രമൊഴിച്ചു സാമ്രാജ്യം ഉറപ്പിക്കും. പിന്നെ വേലിക്കെട്ടിനുള്ളില്‍ കുറെ കുരച്ചു നടക്കും. ഒടുവില്‍ ഒരു മൂലക്കു അടങ്ങിക്കിടക്കും.
അടുത്തു പോകുമ്പോള്‍  ചവിട്ടാതിരുന്നാല്‍ വലിയ കുഴപ്പമില്ലാതെ ജീവിച്ചുപോകാം, അല്ലെങ്കില്‍ കുരയോ, കടിയോ പ്രതീക്ഷിക്കാം...
ഉലകം പിന്നെയും തഥൈവ.