2009/10/16

New Manager അഥവാ പുതു നടത്തിപ്പുകാരന്‍

സാമ്പത്തികമാന്ദ്യത്തിന്‍റെ സമവാക്യങ്ങള്‍ തലങ്ങും വിലങ്ങും കാച്ചിക്കുറുക്കിയപ്പോള്‍ വ്യാപാര മേധാവികള്‍ ഒരു സത്യം കണ്ടെത്തി.  സമവാക്യത്തിന്‍റെ വലതുവശത്ത് തലയെണ്ണം കൂടുതലാണ്‌. തദ്വാരാ ചെലവു ചുരുക്കിയേ പറ്റൂ.


ഒരു വലിയ പലകമേലെ എല്ലാവരുടെയും പേരുകള്‍  നിരത്തി. കൂട്ടുകൂടലും, നീരസങ്ങളും, പിണക്കങ്ങളും വീതം വച്ചു. കണക്കപ്പിള്ള സ്ഥിതിവിവരക്കണക്കു നിരത്തി. 
  • മൂത്ത തലകള്‍ 2 എണ്ണം.
  • ഒഴിഞ്ഞ തലകള്‍ 5 എണ്ണം.
  • ശല്യത്തലകള്‍ 3 എണ്ണം.
  • അതിസമര്‍ത്ഥ തലകള്‍ 1 എണ്ണം.
ടി തലകള്‍ വെട്ടിനിരത്തി. ഒന്നിലും കൂടുതല്‍ തലയിടാത്തതിനാലാവാം, എനിക്കു തലയില്ലെന്നു അവര്‍ വിചാരിച്ചത്. എന്തായാലും എന്‍റെ തല പിടിച്ചു നിന്നു.


പിറ്റെ ദിവസം ജോലിസ്ഥലത്ത് എത്തി. അടുത്ത ചതുരക്കൂടിന്‍റെ അരമതില്‍  മുകളില്‍ ഒരു പുതിയ തല പ്രത്യക്ഷപ്പെട്ടു. "ഹലോ, ഞാനാണു ഇന്നു മുതല്‍ നിന്‍റെ പുതിയ അവകാശി", അങ്ങേര്‍ കൊട്ടിഘോഷിച്ചു... പിന്നെ കൂടിക്കാഴ്ചകള്‍ , ചര്‍ച്ചകള്‍, പുതിയ പദ്ധതികള്‍, ആശയങ്ങള്‍... ഒരാഴ്ച കഴിഞ്ഞു, ഞാന്‍   പഴയ പണികള്‍ തന്നെ ചെയ്യുന്നു, പുതിയവന്‍ ‍പഴയവന്‍റെ പല്ലവികള്‍ ഉരുവിടുന്നു. 

ഒടുവില്‍  ഞാന്‍ ആ സത്യം കണ്ടെത്തി. എല്ലാ പുതിയ തലവന്മാരും നായകളെപ്പോലെയാണെന്ന്. വന്നു കഴിഞ്ഞാല്‍ എല്ലാം മണത്തു നോക്കും. പിന്നെ, തന്‍റെ അതിര്‍വരമ്പുകള്‍  അളക്കും. അതിനു ചുറ്റുമുള്ള മരങ്ങളില്‍  മൂത്രമൊഴിച്ചു സാമ്രാജ്യം ഉറപ്പിക്കും. പിന്നെ വേലിക്കെട്ടിനുള്ളില്‍ കുറെ കുരച്ചു നടക്കും. ഒടുവില്‍ ഒരു മൂലക്കു അടങ്ങിക്കിടക്കും.
അടുത്തു പോകുമ്പോള്‍  ചവിട്ടാതിരുന്നാല്‍ വലിയ കുഴപ്പമില്ലാതെ ജീവിച്ചുപോകാം, അല്ലെങ്കില്‍ കുരയോ, കടിയോ പ്രതീക്ഷിക്കാം...
ഉലകം പിന്നെയും തഥൈവ.

4 അഭിപ്രായങ്ങൾ:

  1. ഹെന്റെ വഷളാ, ഇതെപ്പൊ തുടങ്ങി? കൊള്ളാം കേട്ടോ.

    മറുപടിഇല്ലാതാക്കൂ
  2. വര്‍മ്മാജീ, പ്രതികരണത്തിനു നന്ദി. പണ്ടേ ഭാഷയോടു കുറച്ചു ഭ്രമം ഉണ്ടായിരുന്നു, ഇപ്പൊ, "മദ്ധ്യവയസ്സ് പ്രതിസന്ധി" തരണം ചെയ്യാന്‍ എന്തെങ്കിലും കുത്തിക്കുറിക്കാമെന്നു വിചാരിച്ചു.

    മറുപടിഇല്ലാതാക്കൂ
  3. The barking part of new arrivals are cent percent true, came across with 5 such barkers in this co. since 96.

    മറുപടിഇല്ലാതാക്കൂ
  4. പ്രഥമ പോസ്റ്റ്‌ ഒരു തത്വ ജ്ഞാനം ആയിരുന്നോ.
    ന്റമ്മോ ഇത് വഷളനില്‍ നിന്ന് തന്നെ വന്നതോ?
    ഗംഭീരം ആ കണ്ടു പിടുത്തം. നല്ല വരികള്‍. ഒരു ലോക സത്യം സരസമായി പറഞ്ഞു.

    മറുപടിഇല്ലാതാക്കൂ