2009/10/30

ബ്ലൂ-റെ ഡിസ്കും അണ്ടര്‍ കവര്‍ കോപ്പും

നിര്‍വചനപ്രകാരം കഥകള്‍ ഭാവനകളാണെന്നാണു ഞാന്‍ കരുതിയിരുന്നത്‌... എന്നാല്‍ ഇതൊരു "സത്യകഥ?" (true story) - യാണ്.

എനിക്കു വളരെ വേണ്ടപ്പെട്ട ഒരു സുഹൃത്തുണ്ട്. ഇവിടെ അടുത്ത്‌ ഒരു ലാഭമില്ലാ പ്രസ്ഥാനത്തിലാണ് (Non-profit organization) പുള്ളിയുടെ ജോലി... (ഒരു സ്വകാര്യം, അവിടെ ലാഭം ഉണ്ടാകരുതെന്ന് അദ്ദേഹത്തിനു വലിയ നിര്‍ബന്ധമാണ്‌).

അമേരിക്കയില്‍ വ്യക്തിഗത വിവര സംരക്ഷണ നിയമം വളരെ കര്‍ക്കശമാണ്... പിന്നെ ഞാന്‍ സുഹൃത്തിന്റെ സ്വകാര്യത മാനിക്കണമല്ലോ. അതുകൊണ്ട് അദ്ദേഹത്തിന്റെ പേര് സാക്ഷാല്‍ ശ്രീരാമചന്ദ്രന്റെ പര്യായമാണെന്ന് മാത്രം തല്‍ക്കാലം അറിഞ്ഞാല്‍ മതി.

ശരിക്കും ശ്രീരാമനാമം അന്വര്‍ത്ഥമാക്കുന്ന ഒരു മര്യാദാപുരുഷോത്തമനാണ്, ഈ സുഹൃത്ത്‌. പിന്നെ, സമര്‍ത്ഥന്‍, സദ്ഗുണന്‍, ദീനാനുകമ്പന്‍, കിറുകൃത്യന്‍, സ്ഥിരോല്‍സാഹി ഇങ്ങനെ വിശേഷണങ്ങള്‍ നീളും... സത്യം... ഇങ്ങനെ ഒരു മലയാളിയെ ഞാന്‍ ഇതിനുമുമ്പ്‌ കണ്ടിട്ടേയില്ല.

ഈ ചങ്ങാതി, എല്ലാക്കാര്യവും വ്യക്തമായ രൂപരേഖ തയ്യാറാക്കി നാഴികമണിനിഷ്ടയോടെ ചെയ്തു തീര്‍ക്കുന്ന ആളാണ്. കഴിഞ്ഞ വര്‍ഷം ആണെന്ന് തോന്നുന്നു. ഇഷ്ടന്‍ നാട്ടിലേക്കു പോകാന്‍ പ്ലാന്‍ ചെയ്തു. ആറു മാസം മുമ്പേ ടിക്കറ്റ്‌ ബുക്കു ചെയ്തു. നാട്ടില്‍ ചെന്നാല്‍ ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളുടെ പദ്ധതി സമയവിവര സഹിതം എഴുതിയുണ്ടാക്കി. അതു പലപ്രാവശ്യം റിവൈസു ചെയ്തു.

എല്ലാം ഭദ്രം...


ഇനി കഥയുടെ ഉത്തരകാണ്ഡം... എന്‍റെ സുഹൃത്ത് കുടുംബസമേതം നാട്ടിലെത്തി.

സുഹൃത്തിനു ഒരു മകനുണ്ട്. പ്രായം 20 കഴിഞ്ഞു കാണും. ആറടിയിലേറെ ഉയരം. കറകളഞ്ഞ വാക്സാമര്‍ത്ഥ്യം. അതിസുന്ദരനും സമര്‍ത്ഥനുമായ ചെറുപ്പക്കാരന്‍...

നാട്ടില്‍ രണ്ടു ദിവസം കഴിഞ്ഞു. സുഹൃത്ത് നാളെ ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് മേശപ്പുറത്ത് വച്ചിരിക്കുന്നു. അപ്പോഴാണ് മകന്റെ ദൃഷ്ടി അതില്‍ പതിഞ്ഞത്‌. അയാള്‍ അതില്‍ ഒന്ന് കണ്ണോടിച്ചു...

Dec 23, 2008 11:00AM - Explore Blu Ray disk at local Video shop, buy if available.
(സുഹൃത്ത് ഒരു Audio-Videophile ആണ്, അതിനു വേണ്ടി ഒരുപാടു കാശു ചെലവാക്കുന്ന ആളും ആണ്).

മകന് ഒരു ആശയം തോന്നി. ഇന്നു തന്നെ വീഡിയോക്കടയില്‍പ്പോയി സാധനം വാങ്ങി വന്നാലോ? അച്ഛന്‍ ഒന്ന് ഞെട്ടും. തന്റെ കഴിവു കാണിച്ചുകൊടുക്കാന്‍ ഒരു സുവര്‍ണാവസരം...

മകന്‍ റെഡിയായി. ഒരു അടിപൊളി ജാക്കറ്റും, സണ്‍ഗ്ലാസ്സും ഫിറ്റുചെയ്തു... തലയില്‍ പശതേച്ചു... പശു കിടാവിനെ നക്കിയതുപോലെ ഒന്നുരണ്ടു മുള്ളന്‍ മുടികള്‍ നിര്‍ത്തി. പിന്നെ, ഒരു ആട്ടോയെടുത്തു ടൌണിലേക്ക് പറന്നു.

ലിസ്റ്റിലുള്ളതിനേക്കാള്‍ കാര്യങ്ങള്‍ നടത്തി വരണമെന്ന് മുന്‍കൂട്ടി നിശ്ചയിച്ചു. (അല്ലെങ്കിലും ഏല്പിച്ചുറപ്പിച്ചതിനേക്കാള്‍ കാര്യങ്ങള്‍ സാധിച്ചവനാണല്ലോ ശരിയായ ശ്രീരാമാദൂതന്‍)

Twenty-20 സിനിമ ഇറങ്ങിയ കാലമാണ്... മിലിറ്ററിക്കാരന്റെ ചുവടുവയ്പ്പുകളോടെ സുന്ദരപുരുഷന്‍ വീഡിയോക്കടയിലേക്കു പാഞ്ഞു കയറി.

അസാമാന്യ ചങ്കൂറ്റത്തോടെ ചോദിച്ചു.

"ഇവിടെ Twenty-20 -യുടെ വ്യാജ CD യുണ്ടോ?" (പയ്യന്‍ ഒരു മുഴം മുമ്പേ എറിഞ്ഞതാ... original ഇറങ്ങിയിട്ടില്ലെന്നറിയാം, latest മൂവി കാണിച്ചു വീട്ടുകാരെ ഒന്നു ഞെട്ടിക്കണമല്ലോ)

കടക്കാരന്‍ ഞെട്ടിത്തെറിച്ചു. "ഹേയ്... ഇല്ല സാര്‍... ഞങ്ങള്‍ ഒരു വ്യാജ സീഡിയും വിക്കാറില്ല സാര്‍." അയാള്‍ സീറ്റില്‍ നിന്നും ചാടിയെണീറ്റു.

മകന്‍റെ മിഴിമുനകള്‍ അവിടെയിരുന്ന മറ്റു മൂവികളിലേക്കു നീണ്ടു. ORAL MATHRAM (ഒരാള്‍ മാത്രം) എന്ന സിനിമ കണ്ണിലുടക്കി.

അടുത്ത ചോദ്യം. "ഇതെന്തു സിനിമയാ, "ഓറല്‍ " മാത്രം?"

കടക്കാരന്‍ വീണ്ടും ഞെട്ടി. "അയ്യോ സാര്‍, ഇതു ഒരാള്‍ മാത്രം... നല്ല സിനിമയാ... മറ്റേതോന്നുമല്ല. ഞങ്ങള്‍ ആ ടൈപ്പു സിനിമ വയ്ക്കാറേയില്ലസാറേ..."

"പിന്നെ, നിങ്ങള്‍ ബ്ലൂറെ ഡിസ്കു വിക്കുമോ?"

കടക്കാരന്റെ സകല പ്രജ്ഞയും പോയി. അയാള്‍ ഇറങ്ങി വെളിയിലേക്ക് ഒരോട്ടം...

എന്താണു സംഭവിക്കുന്നതെന്നറിയാതെ സുഹൃത്പുത്രന്‍ വണ്ടറടിച്ചു നിന്നു...


പിറ്റേ ദിവസം.

പദ്ധതിപ്രകാരം സുഹൃത്ത് കടയിലെത്തുന്നു..

"സ്റ്റോക്കെടുപ്പ്‌. കട മൂന്നു ദിവസത്തേക്ക് അവധി" എന്ന ബോര്‍ഡ്‌ കണ്ട അദ്ദേഹം ഇതികര്‍ത്തവ്യാമൂഢനായി പകച്ചു നിന്നു.

ഒപ്പം തന്റെ പ്ലാന്‍ പൊളിഞ്ഞ നിരാശയോടും...

6 അഭിപ്രായങ്ങൾ:

  1. Anonymous22:18

    ഇന്ന്‌ വെള്ളിയാഴ്ച്ച, രാവിലെ മുതല്‍‌ താങ്കളുടെ പുതിയ ബ്ലോഗിനായി ഞാന്‍ കാത്തിരിക്കയായിരുന്നു. ഏതായാലും എന്റെ കാത്തിരിപ്പ്‌ സഫലമായി. രസകരമായിട്ടുണ്ട്. മറ്റൊരു തരത്തില്‍‌ പറഞ്ഞാല്‍‌ അടിപൊളി!. പിന്നെയ്‌..ശ്രീരാമന്റെ 'സീതയെ' കഥയില്‍‌ നിന്നൊഴിവാക്കിയതിന്‌ നന്ദി.

    ഒരു വായനക്കാരി

    മറുപടിഇല്ലാതാക്കൂ
  2. വഷളത്തരം നല്ല രസം.പശു ക്ടാവിനെ നക്കിയതു പോലെ തലമുടി
    പ്രയോഗം.നന്നായി വരട്ടെ."oral maathram"..Veloor Krishnan kuttyude kaala mandalam katha kaaaliyum
    Vaaana Mahotsavavum orma varunnu...

    മറുപടിഇല്ലാതാക്കൂ
  3. നന്നായി വഷളാ. ഇഷ്ടായി.
    പറ്റിയത് ആര്‍ക്കെന്നും, എങ്ങിനെയെന്നും എല്ലാവര്‍ക്കുമറിയാം.
    പിന്നെ ഏറ്റവും ഇഷ്ടായത് (മകന്‍ റെഡിയായി. ഒരു അടിപൊളി ജാക്കറ്റും, സണ്‍ഗ്ലാസ്സും ഫിറ്റുചെയ്തു... തലയില്‍ പശതേച്ചു... പശു കിടാവിനെ നക്കിയതുപോലെ ഒന്നുരണ്ടു മുള്ളന്‍ മുടികള്‍ നിര്‍ത്തി) ഈ വരികള്‍ ആണ്. യുവ തലമുറയുടെ ഈ കോലം, സത്യത്തില്‍ കണ്ടാല്‍ അറപ്പാണ് എനിക്ക് തോന്നാറ്. (എല്ലാവര്ക്കും അങ്ങിനെയാകില്ല കേട്ടോ, ആകണമെന്ന് വാശിയും ഇല്ല) ഇത്തരം ആക്ഷേപ ഹാസ്യങ്ങള്‍ കയ്യിലുണ്ടല്ലെ. അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ