2009/11/06

വേതാളം

രാത്രി വളരെ വൈകി. രാവിലെ മുതല്‍ ജങ്കുകള്‍ അടിഞ്ഞു കരള്‍ദീനം പിടിച്ച ലാപ്ടോപ്പിന്റെ നെഞ്ചിടിപ്പു ക്രമാതീതമായി. നെറ്റിയില്‍ തൊട്ടപ്പോള്‍ 110 ഡിഗ്രി പനി...

ചക്രശ്വാസം വലിച്ച ലാപ്ടോപ്പിന്റെ ഓക്സിജന്‍ കട്ടുചെയ്തു ദയാവധംകൊടുത്തു. കുറച്ചു കഴിഞ്ഞു ആരാച്ചാരുടെ സംതൃപ്തിയോടെ നിദ്രയില്‍ വിലയം പ്രാപിച്ചു.

പിറ്റേന്നു രാവിലെ മൃതമായ ലാപ്ടോപ്പിനെ കറുത്ത തുകല്‍ സഞ്ചിയില്‍ പൊതിഞ്ഞു മേശപ്പുറത്തു നിന്നു താഴെയിറക്കി. ശവസഞ്ചി തോളില്‍ തൂക്കി കാറിനെ ലക്ഷ്യമാക്കി നടന്നു. കാറിന്റെ പിന്‍സീറ്റില്‍ ശവമിറക്കി വച്ചു. ആംബുലന്‍സ് ഡ്രൈവറുടെ നിസ്സംഗതയോടെ ഓഫീസിലേക്കു കാര്‍ തെളിച്ചു.

പാര്‍ക്കിംഗ് ലോട്ടില്‍ നിന്നും ശവം താഴെയിറക്കി തോളില്‍ തൂക്കി പിന്നെയും നടന്നു. ഒരു 2-3 മിനിട്ടു വേണം ശവപ്പറമ്പിലെത്താന്‍. ശവത്തെ ആച്ഛാദനം ചെയ്ത കരിന്തുണിയുടെ ഇടത്തെ വശത്തുള്ള അറയില്‍നിന്നും പെട്ടെന്ന് "കി ക്കി ക്കി കി ക്കി ക്കി" എന്നു വികൃതശബ്ദത്തില്‍ ആരോ ചിലയ്ക്കാന്‍ തുടങ്ങി. ശവത്തിന്റെ കീശയില്‍ കൈയിട്ടു ആ വസ്തുവിനെ പുറത്തെടുത്തു. എന്‍റെ കൈയ്യിലിരുന്നു അതു വിറയ്ക്കാനും ശബ്ദിക്കാനും തുടങ്ങി.

വേതാള്‍മൊബൈലിനെ തോളത്തുകയറ്റി ഞാന്‍ നടന്നു. തുടര്‍ന്നു വേതാളം എന്‍റെ ഇടത്തെ ചെവിയില്‍ സംസാരിക്കാന്‍ തുടങ്ങി.

"ഞാന്‍ അങ്ങയോടു ഇപ്പോള്‍ ഒരു കഥ പറയാം. ഈ കഥയുടെ അവസാനം ഞാന്‍ ഒരു ചോദ്യം ചോദിക്കും. അതിനുള്ള മറുപടി പറഞ്ഞില്ലെങ്കില്‍ അങ്ങയുടെ പണി പോകും."

വേതാളം തുടര്‍ന്നു. "അടുത്തുള്ള ഒരു തോട്ടത്തില്‍ ജോലി ചെയ്തിരുന്ന ഒരു കൃഷിക്കാരനുണ്ട്. അയാളോട്

അടുത്തചന്തയ്ക്കു വില്‍ക്കാന്‍ നല്ല വലിയ പഴങ്ങള്‍ വിളവെടുക്കണമെന്നു നിര്‍ദ്ദേശിച്ചു. എന്നാല്‍ മടിയനായ കൃഷിക്കാരന്‍ സമയത്തു പഴങ്ങള്‍ പറിച്ചെടുത്തില്ല. ചന്ത സമയമായി. തോട്ടം മുതലാളി പഴങ്ങളും തിരക്കി അക്ഷമനായി മീശക്കു തീപിടിച്ചതു പോലെ ഇരിപ്പാണ്."

വേതാളം ചോദിച്ചു... "ജയന്‍, താങ്കള്‍ ഈ കഥ ശ്രദ്ധിച്ചു കേട്ടല്ലോ. ഇനി പറയൂ, ഈ കഥയിലെ തോട്ടക്കാരന്‍ എന്നാണു ആ പഴങ്ങള്‍ പാകത്തിനു വിളയിച്ചു ചന്തയില്‍ കൊണ്ടു പോയി കൊടുക്കുന്നത്? ഞാന്‍ നേരത്തെ പറഞ്ഞതു പോലെ ശരിയുത്തരം പറഞ്ഞാല്‍ താങ്കള്‍ക്കു യാത്ര തുടരാം. ഉത്തരം തെറ്റിയാല്‍..."

ഞാന്‍ പറഞ്ഞു "OK, will be there in five minutes and send your doc's across..."

എന്‍റെ മറുപടിയില്‍ തല്ക്കാലം തൃപ്തനായ വേതാളം പിന്നെ ശബ്ദമുണ്ടാക്കാതെ ശവസഞ്ചിയുടെ കീശയില്‍പ്പോയി ഒളിച്ചു...

6 അഭിപ്രായങ്ങൾ:

  1. Anonymous19:38

    അല്ലയോ മഹാരാജന്‍! എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്, ശ്രദ്ധിച്ചു കേട്ടോളു. ഇതിന്‌ ശരിയായ ഉത്തരം പറഞ്ഞാല്‍ താങ്കള്‍ക്ക് തുടര്‍ന്നും ബ്ലോഗ് എഴുതാം, അതല്ല മറിച്ചാണെങ്കില്‍ ഇതോടെ ഈ പണി നിര്‍ത്തണം. ചോദ്യം ഇതാണ്‌, ഈ കഥയിലെ മടിയനായ തോട്ടക്കാരന്‍ സത്യത്തില്‍ താങ്കള്‍ തന്നെയല്ലേ?

    ഒരു വായനക്കാരി

    മറുപടിഇല്ലാതാക്കൂ
  2. സമ്മതിച്ചിരി‍ക്കുന്നു അനാമികേ, ഹൊ, എന്തൊരു ബുദ്ധി...

    മറുപടിഇല്ലാതാക്കൂ
  3. ഒരുപാടു നേരം ശവപ്പെട്ടിയുടെ മുന്നിലിരിക്കുമ്പോള്‍ ഇങ്ങനെയൊക്കെ തോന്നും..... എനിക്കും ഇടയ്ക്കിടയ്ക്ക് ഇങ്ങനെയൊക്കെ തോന്നാറുണ്ട്.... ചികിത്സിക്കണമെന്നു ആളുകള്‍ ഇടയ്ക്കിടയ്ക്ക് പറയാറുണ്ട്... എന്തായാലും ഒരു കൂട്ട് കിട്ടി... ചേട്ടാ സന്തോഷമായി......

    വീണ്ടും വരാം...
    ഇനിയും എഴുതുക... ആശംസകള്‍....

    മറുപടിഇല്ലാതാക്കൂ
  4. "അപ്പൊ പറഞ്ഞപോലെ, ഊളമ്പാറയില്‍ ഒരുമിച്ചു കാണാം"

    മറുപടിഇല്ലാതാക്കൂ
  5. ദാ പണി പിടിക്കണ മഷീ ന്‍ ഒന്ന് വാങ്ങി ഇന്നലെ, എല്ലാര്‍ക്കും ആകാമെങ്കില്‍ എന്തുകൊണ്ട് എനിക്ക് വയ്യ അല്ല പിന്നെ...

    അല്ല പറഞ്ഞ്‌ വരണത് ഇയാള്‍ വിക്രമാദിത്യനാണെന്നാ?

    മറുപടിഇല്ലാതാക്കൂ
  6. ആഹ. കൊള്ളാല്ലോ വഷളാ. ഇത്തരം ഉത്തരാധുനിക സംഭവങ്ങളും കയ്യിലുണ്ടല്ലെ.
    ഉപമകള്‍ ഏറെ ഇഷ്ടായി. തൊടുത്തു വിട്ട ചോദ്യത്തിന് ഉത്തരം കിട്ടിയോ ആവോ?
    ആര്‍ക്കറിയാം അല്ലെ? അല്ലെങ്കിലും ഞാനിങ്ങനെയാ. ആവശ്യമില്ലാത്ത കാര്യമൊക്കെ ആലോചിച്ചു തല പുണ്ണാക്കും. ശോ.
    (പഴയ പോസ്റ്റുകള്‍ കുറേശെ വായിച്ചു വരികയാ കേട്ടോ)

    മറുപടിഇല്ലാതാക്കൂ