ചെങ്കല്‍പാറകള്‍ വളര്‍ന്ന ഒരു ഊഷരനിലം. ചുറ്റും ചുഴലുന്ന ഹുങ്കാരവം; പൊടിപ്രളയത്തില്‍ സൂര്യന്‍ ഒലിച്ചില്ലാതായി. മാനം കരിംനീലവും, ഭൂമി പൊടിയില്‍ ചാലിച്ച ഊതനിറവും കാന്‍വാസില്‍ വരച്ചു ചേര്‍ത്തു. ഒരു Sci-Fi മൂവിയുടെ ആദ്യ സീന്‍ പശ്ചാത്തലം പോലെ.
ദൃശ്യങ്ങള്‍ ക്ലിയറായെങ്കില്‍ ഇനി നമുക്കു കാമറ zoom ചെയ്യാം... Tshshshsh ... Tshshshsh... Tshshshsh.
ഒരു വലിയ പാറ കാണായി. Tshshshsh... അതിലെ ഒരു ചെറിയ മണല്‍ത്തരി കാമറക്കണ്ണിനോടൊപ്പം വളര്‍ന്നു, സ്ക്രീന്‍ നിറഞ്ഞു.
Tshshshsh... അസംഖ്യം അണുമാത്രയിലുള്ള കോശങ്ങള്‍.... അമിതാവേശത്തോടെ പിന്നെയും കാമറ പാഞ്ഞടുത്തു... അതിലെ ഒരു കോശത്തെ മാത്രം കേന്ദ്രീകരിച്ചു.
ഞൊടിയിടയില്‍ ആ മാതൃകോശം നെടുകെ പിളര്‍ന്നു... അതില്‍ ഒരു കണികയായി ഞാന്‍ പിറന്നു. പ്രജനനാനന്തരം അനാഥനായി പൊടിയിലമര്‍ന്നു കിടന്നു... കോടിയിലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞു.
വര്‍ത്തമാന കാലം
എന്‍റെ നിഷ്ക്രിയത്വം തപസ്സായി തെറ്റിദ്ധരിച്ചു സ്ത്രൈണരൂപസാമ്യമുള്ള ഏതോ ദേവന്‍ പ്രത്യക്ഷപ്പെട്ടു. മേഘപാളികള്‍ പൊതിഞ്ഞ ഒരു അവ്യക്ത രൂപം. അതിതീഷ്ണമായ പ്രകാശത്താല്‍ ഞാന്‍ ഉണര്‍ത്തപ്പെട്ടു.
ചുറ്റും ഇളം കാറ്റിലാടുന്ന ചെടികള്‍... ചെറു കിളികളുടെ പതിഞ്ഞ കൂജനം.
കാമറമാന്‍ തിരിച്ചു വന്നു പ്രകൃതിയിലെ മാറ്റങ്ങള്‍ ഒപ്പിയെടുത്തു. പിന്നെ എന്‍റെ നേരെ തിരഞ്ഞു "Action" എന്നു പറഞ്ഞു.
തലയില്‍ സ്വര്‍ണ്ണക്കിരീടവും, തത്തമ്മച്ചുണ്ടും, തരളമേനിയും, നീണ്ട മുടിയും ഉള്ള ദേവന്‍ എന്‍റെ അടുത്തേക്കു വന്നു... കസവുകരയുള്ള ഒരു നീളന്‍ തുണി പിന്‍കഴുത്തിലൂടെ ചുറ്റി, മാറു മറച്ചുകൊണ്ടു അരയില്‍ ചൊരുകിയിരിക്കുന്നു. ആടയാഭരണങ്ങള്‍ വെയിലത്ത് തിളങ്ങി ഒരു കലൈഡോസ്കോപ്പിലേക്ക് നോക്കുന്നതു പോലെ തോന്നിച്ചു. തിളങ്ങുന്ന പച്ച നിറമുള്ള വസ്ത്രം അരയ്ക്കുകീഴെ താറുടുത്തിരിക്കുന്നു. മുന്‍വശം മേല്‍പ്പോട്ടു വളഞ്ഞു നിക്കുന്ന സ്വര്‍ണ്ണപ്പാപ്പാസ്. ശരീരത്തില്‍ ഒട്ടിയിരുന്ന ശേഷിച്ച മേഘക്കീറുകള്‍ കാറ്റില്‍ പറന്നു പോയി. എനിക്കു ദേവന്‍റെ പേരറിയില്ല; എല്ലാ ദൈവങ്ങള്‍ക്കും പേരിട്ടിരുന്നതു എന്നെ അറിയിച്ചിരുന്നതുമില്ല.
പെട്ടെന്ന് രാമാനന്ദ് സാഗറിന്‍റെ ഭക്തിസീരിയലില്‍ കാണും പോലെ ആ രൂപം സ്ക്രീന്‍ നിറഞ്ഞു ദ്വിമാനതലത്തില്‍ വളര്‍ന്നു. ഞാന്‍ ചെറുതായി ചെറുതായി സ്ക്രീനിനുള്ളിലേക്ക് വലിഞ്ഞു.
ദേവന്‍ ചോദിച്ചു "വത്സാ, എന്താണാഗ്രഹം? പറയൂ..."
"അങ്ങേന്താണുദ്ദേശിക്കുന്നത്?, ഞാന്‍ എവിടെയാണ്?" എനിക്കൊന്നും മനസ്സിലാകുന്നില്ല.
"നിന്‍റെ തപസ്സില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു. എന്തു വരവും ചോദിച്ചു കൊള്ളൂ"
"വരമൊക്കെ അവിടെ നിക്കട്ടെ, ആദ്യം എന്താണു സംഭവിക്കുന്നതെന്നു അരുളിച്ചെയ്താലും "
"നീ തപസ്സുചെയ്തപ്പോള്‍ ഇവിടെ പലതും നടന്നു. ജലമുണ്ടായി, പലതരം ചെടികളും, മരങ്ങളും, പ്രാണികളും, പക്ഷികളും, ജന്തുക്കളും ഉണ്ടായി. അഹങ്കാരികളായ ചില കുരങ്ങന്മാര്‍ പൊടുന്നനെ വാലു മുറിച്ചു രണ്ടു കാലില്‍ നടന്നു മനുഷ്യരായി"
"മാതൃശരീരം ഛേദിച്ചു എന്നോടൊപ്പം പിറന്ന കൂടപ്പിറപ്പെവിടെ?"
"അവന്‍ പനിയന്‍. ജീവിക്കാന്‍ നിവൃത്തിയില്ലാതെ അവന്‍ അലഞ്ഞു. കാറ്റത്ത് പറന്നു നടന്നു. ഒടുവില്‍ എങ്ങനയോ ഒരു മനുഷ്യന്‍റെ ശരീരത്തില്‍ പ്രവേശിച്ചു. അതോടെ അവന്‍റെ സമയം തെളിഞ്ഞു. മനുഷ്യശരീരത്തെ കരുവാക്കി അവന്‍ തടിച്ചു കൊഴുത്തു."
"പിന്നെ?"
"രോഗാതുരനായ ആ മനുഷ്യനെ പനിയന്‍ ഒരു ട്രോജന്‍ കുതിരയാക്കി... വായുദേവന്‍റെ സഹായത്തോടെ പനിയന്‍ തന്‍റെ ബീജങ്ങള്‍ ആ രോഗിയുടെ അടുപ്പക്കാരിലേക്ക് download ചെയ്തു. അങ്ങനെ പനിയന്‍ അക്ഷരാര്‍ത്ഥത്തില്‍ നാടു വിറപ്പിച്ചു. ഒടുവില്‍...."
ദേവന്‍ പെട്ടെന്ന് കഥ നിര്‍ത്തി... എന്തോ ദുശ്ശങ്ക എന്നെ വേട്ടയാടി.
"ഒടുവില്‍?" ഞാന്‍ സ്വരമുയര്‍ത്തി ഉദ്വേഗത്തോടെ ചോദിച്ചു.
"അവര്‍, ദുഷ്ടന്മാര്‍ പനിയന്‍റെ ശരീരം വെട്ടിനുറുക്കി... ഏതോ ലായിനിയില്‍ കലക്കി കൊടും വിഷമാക്കി മാറ്റി. ആ വിഷം കുത്തിവച്ചു അവര്‍ പനിയന്‍റെ തലമുറയെ ഇഞ്ചിഞ്ചായി കൊന്നു."
കോപം കൊണ്ടും താപം കൊണ്ടും എന്‍റെ ശരീരം അടിമുടി വിറച്ചു. മനസ്സില്‍ പ്രതികാരദാഹം പടര്‍ന്നു കേറി.
"ദേവാ, എനിക്കു പ്രതികാരം ചെയ്യണം, പനിയനെ കൊന്നവരോടു പകരം ചോദിക്കണം"
"നിനക്കെന്താണു വേണ്ടതെന്നു പറയൂ"
"എനിക്കു അമരത്വം വേണം. എന്നിട്ട് എല്ലാ മനുഷ്യരെയും കൊന്നൊടുക്കണം"
"അമരത്വം? അസംഭവ്യം, അസംഭവ്യം... അതു നടപ്പില്ല. സാക്ഷാല്‍ ബ്രഹ്മനു പോലും അതു sanction ചെയ്യാന്‍ പറ്റില്ല. Absolutely no exceptions"
"പിന്നെ എന്തു തരാന്‍ പറ്റും?"
"നിനക്ക് ഞാന്‍ വേഷപ്രച്ഛന്നമന്ത്രം ഉപദേശിക്കാം. ഇതു ജപിച്ചാല്‍ നിനക്ക് ആവശ്യാനുസരണം രൂപം മാറാന്‍ കഴിവുണ്ടാവും. അനന്തരം എതിരാളിയുടെ എല്ലാ ആയുധങ്ങളും നിഷ്പ്രഭമാവും. പിന്നെ അവര്‍ക്ക് നിന്നെ കീഴ്പ്പെടുത്താന്‍ പുതിയ വെടിക്കോപ്പുകള്‍ നിര്‍മ്മിക്കേണ്ടി വരും "
ദേവന്‍ തുടര്‍ന്നു "പക്ഷെ ഒരു വ്യവസ്ഥ. രൂപ മാറ്റത്തിന് ഒരു ഒളിത്താവളം ആവശ്യമാണ്. അതു മനുഷ്യനൊഴികെ ഏതു മൃഗത്തിന്‍റെയോ പക്ഷിയുടെയോ ശരീരമാകാം"
ഞാന്‍ മൗനം പാലിച്ചു. അടുത്ത പദ്ധതിയെക്കുറിച്ചു ചിന്തിക്കുകയായിരുന്നു.
ഞാന്‍ തൃപ്തനല്ലെന്ന് ദേവനു തോന്നി. വീണ്ടും അരുളിച്ചെയ്തു. "അമരത്വമൊഴിച്ചു ഒരു വരം കൂടി ചോദിച്ചോളൂ"
കിട്ടിയ അവസരം മുതലാക്കി ഞാന്‍ പറഞ്ഞു. "ഭവാന്‍, എനിക്കു രൂപം മാറാനുള്ള ഒരു മാധ്യമം വേണം. അങ്ങ് ഒരു വരാഹമായി മാറൂ, ഞാന്‍ അങ്ങില്‍ പ്രവേശിച്ചു രൂപപരിവര്‍ത്തനം ചെയ്യട്ടെ"
ദേവന്‍ ഒന്നു ഞെട്ടി, ചമ്മി, ആകെ വെട്ടിലായി. ഭസ്മാസുരന് വരം കൊടുത്തപോലെ എന്നു മനസ്സില്‍ പ്രാകി.
സഹായിക്കാന്‍ വന്നിട്ടു പണികൊടുത്ത എന്നെ ദേവന്‍ ശപിച്ചു. നീ ഇനി മുതല്‍ ഹീനന്‍ എന്നര്‍ത്ഥം വരുന്ന h1n1(ഹിനിയന്‍) എന്നറിയപ്പെടട്ടെ...
പിന്നെ അമാന്തിച്ചില്ല. ഞൊടിയിടയില്‍ എന്‍റെ മുന്നില്‍ ഒരു ഭീമന്‍ പന്നി മുക്രയിട്ടു. പന്നിയുടെ ചെത്തി മിനുക്കിയ നാസാരന്ധ്രത്തിലൂടെ ഞാന്‍ ഉള്ളില്‍ പ്രവേശിച്ചു. അങ്ങനെ രൂപം മാറിയ ഞാന്‍ എന്‍റെ സോദരന്‍റെ ഘാതകരോടു എണ്ണിയെണ്ണി പക വീട്ടി.
ഹിനിയനെ തളയ്ക്കാന്‍ നിങ്ങള്‍ അക്ഷൗഹിണിപ്പട തീര്‍ത്തു. ആവനാഴിയില്‍ പുതിയ ശസ്ത്രങ്ങളും നിറച്ച് എതിരിട്ടു. എന്നെ ഒരു പരിധി വരെ ഒതുക്കി. പക്ഷെ നിങ്ങളുടെ ഈ വിജയം വെറും താത്കാലികം മാത്രം. വേറെ പല രൂപങ്ങളിലും ഞാന്‍ ഇനിയും വന്നുകൊണ്ടേയിരിക്കും. നമുക്കു യുദ്ധം തുടരാം. ഇനി അടുത്ത വര്‍ഷം...
എടാ ഹിനി നീ അത്ര അഹംകാരം പാടില്ല. നീ വീണ്ടും പല പേരില്‍ വരും എന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം നിന്റെ സഹോദരനെ നിഗ്രഹിച്ച ആ ആയുധം ഞങ്ങള്‍ നിനകായ് സൂഷിക്കുന്നു. നിന്റെ കളി 21 നൂറ്ണ്ടിലെ ഫിഷഗുരന്മാരോട് വേണ്ട. I appreciate the creativity and imagination of your story teller. Hats off.
മറുപടിഇല്ലാതാക്കൂഈ കമന്റ് വായിക്കുമ്പോള്‍ ജോസ് പ്രകാശിന്റെ ശബ്ദം ഓര്‍മ്മിക്കുക
മറുപടിഇല്ലാതാക്കൂ"മിസ്റ്റര്‍ ഹിനിയന്‍, താങ്കള്‍ അധികം നിഗളിക്കേണ്ട. താങ്കളെ ഒതുക്കാനുള്ള സൂത്രം...റോയന്റെ കയ്യില്‍ ഉണ്ട്. എനിക്കും കിട്ടി ഒരെണ്ണം...."
ഈ കമന്റ് വായിക്കുമ്പോള്‍ ജയന്റെ ശബ്ദം ഓര്‍മ്മിക്കുക
മറുപടിഇല്ലാതാക്കൂ"ഒരു ഹിനിയനെ കിട്ടിയിരുന്നെങ്കില്‍.......അവ്ന്റെ കഥ കഴിക്കാമായിരുന്നു"
ഇനി എന്റെ ശബ്ദം ഓര്‍മ്മിക്കുക
"അഭിനന്ദനങ്ങള്‍. എന്തൊരു ഭാവന! ഹിനിയന്‍ കലക്കിട്ടുണ്ട് മാഷേ"
ഇനി വന്നാല്‍ ഹിനിയന്‍റെ മുട്ടുകാലു തല്ലിയോടിക്കുമെന്നാ ഡോക്ടര്‍ അണ്ണന്മാര് പറയുന്നത്........:)
മറുപടിഇല്ലാതാക്കൂഓരോ കാലങ്ങളില്‍ ഓരോ അസുഖങ്ങള്‍.
മറുപടിഇല്ലാതാക്കൂഒടുവില് നമ്മുടെ ഭിഷഗ്വരന്മാര്‍ അതിനെ പ്രധിരോധിക്കാന്‍ മരുന്ന് കണ്ടെത്തുമ്പോഴേക്കും പുതിയ "സംഭവം" മാര്‍കറ്റില്‍ ഇറങ്ങുകയായി.
മനുഷ്യാ, അഹങ്കരിക്കല്ലേ എന്ന് പ്രപഞ്ച സൃഷ്ടാവിന്റെ മുന്നറിയിപ്പ്.
നല്ല രസത്തില്‍ പറഞ്ഞു.
പുതിയ പോസ്റ്റുകള്‍ ഇടുമ്പോള്‍ ഒരു മെയില്‍ ഇട്ടൂടെ മാഷെ. എന്നാല്‍ എളുപ്പത്തില്‍ എത്തി പെടാന്‍ പറ്റും.
ഇങ്ങിനെ പഴയ പോസ്റ്റുകള്‍ നോക്കി വരട്ടെ.