2009/11/17

ചക്കബാധ


Picture by Joel Preetham Pais 

വീട്ടില്‍‌ രണ്ട് പ്ലാവുകള്‍ ഉണ്ടായിരുന്നു. മുണ്ടംപ്ലാവും, വരിക്കപ്ലാവും. മുണ്ടംപ്ലാവില്‍ കൂഴച്ചക്കയാണ്. വരിക്കപ്ലാവ്‌ വളരെ വലുതായിരുന്നു. ചക്കയിടാന്‍ വളരെ പ്രയാസവും.
ഞാന്‍ ഹൈ സ്കൂളില്‍ പഠിയ്ക്കുന്ന കാലം. ഒരു ഞായറാഴ്ച ദിവസം രാവിലെ, "മോനേ, നീ ആ അപ്രത്തെ രാമേന്ദ്രന്റടുത്ത് ആ ചക്കയൊന്നിടാന്‍ പറ. എന്തുമാത്രം ചക്കയാ കാക്ക കൊത്തി നശിപ്പിച്ചു കളേന്നെ...", അമ്മ അടുക്കളേന്നു പരിതപിച്ചു.

ചില്ലറ മരം കയറ്റമൊക്കെ വശമുണ്ട്... പക്ഷെ രണ്ടാള്‍ പൊക്കത്തില്‍ കൂടുതല്‍ കയറി ഗിന്നസില്‍ പേരെടുക്കാനൊന്നും ഞാന്‍ അഹങ്കാരിയായിരുന്നില്ല.

എന്നിരുന്നാലും "ജാക്ക് ഫ്രൂട്ട് പ്ലക്കിംഗ്"  ഔട്ട്‌സോഴ്സ് ചെയ്യണോ വേണ്ടായോ എന്നു ഞാന്‍ ചക്കമരത്തിന്റെ മൂട്ടില്‍ നിന്നൊരു "കേസ് സ്റ്റഡി" നടത്തി. ഒരു കൈ നോക്കാം എന്നുറപ്പിച്ചു... ഒരു നീളന്‍ കമ്പു തരപ്പെടുത്തി. അതിന്‍റെ അറ്റത്ത്‌ ഒരു കറിക്കത്തി കെട്ടിവച്ചു, ചക്കയുടെ ഞെട്ടില്‍കൊളുത്തി സൂക്ഷ്മതയോടെ... ആഞ്ഞു വലിച്ചു.

ഠിം... ദാ കെടക്കുന്നു. പക്ഷെ ചക്കയല്ല...   ആ നീളന്‍ വടി മലര്‍ന്നടിച്ചു വീണിതല്ലോ കിടക്കുന്നു ധരണിയില്‍... മരംകൊത്തിപ്പരുവത്തില്‍ കത്തി പ്ലാവിന്‍റെ മണ്ടക്കും.

"പ്രശ്നമായല്ലോ?"... 
അയ്യപ്പന്റമ്മ ചുട്ട നെയ്യപ്പം കൊതിച്ച കാക്കയെപ്പോലെ ഞാന്‍ മുഖം വക്രിച്ചും ഗോഷ്ടിച്ചും മേപ്പോട്ടു നോക്കി. ചക്കക്കറ തുള്ളിയായി മുഖത്തു വീണതു മാത്രം മിച്ചം.  വേറെ വഴിയില്ല. ഇനി രമേന്ദ്രന്‍ ചേട്ടന്‍ ശരണം.

രാമചന്ദ്രന്‍ ചേട്ടനു അല്ലറ ചില്ലറ കൃഷിപ്പണിയാണ് ജോലി. കൂട്ടത്തില്‍ ഒരു ചെറിയ ചായക്കടയുമുണ്ട്.  ചേട്ടന്റെ പുരയിടത്തെ വേര്‍തിരിക്കുന്ന അരമതില്‍മുകളിലെ തിരശ്ചീനതലത്തില്‍ ഞാന്‍ താടി പ്രതിഷ്ഠിച്ചു; നയനങ്ങള്‍ സാധകം ചെയ്തു. ആരെയും കാണാനില്ല.

"രാമേന്ദ്രണ്ണാ, രമേന്ദ്രണ്ണാ..."
പിന്നെയും വിളിച്ചു.  
"രാമേന്ദ്രണ്ണാ, രമേന്ദ്രണ്ണാ..."
"ങാ, എന്താ...?"
"ഒരു ചക്കയിടണമല്ലോ"
"അവിടെ നിന്നോ... ഞാന്‍ ഇപ്പവരാം."

ഒരു അരമുക്കാല്‍ മണിക്കൂറുകഴിഞ്ഞാണ് പുള്ളി വന്നത്. വന്നപാടെ കൂടുതലൊന്നും ചോദിക്കാതെ അണ്ണാന്‍റെ ലാഘവത്തോടെ കൊമ്പില്‍ നിന്നും കൊമ്പിലേക്കു തത്തിക്കളിച്ചു, "പ്ടിം, പ്ടിം, പ്ടിം, പ്ടിം"... നാലഞ്ചു ചക്കകള്‍ തറയില്‍. കൂട്ടത്തില്‍ കറിക്കത്തിയും. കീ കൊടുത്തുവിട്ട റോബോട്ടിന്‍റെ യാന്തികതയോടെ അതിലൊരു ചക്കയുമെടുത്തു പുള്ളി സ്ഥലം വിട്ടു.

കുറച്ചു പ്ലാവിലകള്‍ കൈയ്യില്‍ എടുത്തു തടപിടിച്ചു ബാക്കി ചക്കകള്‍ അടുക്കളയുടെ പിന്നാമ്പുറത്തു നിരത്തി വച്ചു.  ഉള്ളം കയ്യില്‍ നക്ഷത്രപ്പൂക്കള്‍ ‍ വിരിഞ്ഞു.

"ആ ചക്കയൊന്നു വെട്ടിപ്പൊളിക്കാമോ?" അമ്മ ചോദിച്ചു.
കൃത്യമായി ചക്ക പീസുപീസാക്കാനുള്ള  എന്‍റെ കഴിവില്‍ അമ്മക്കു വല്യ വിശ്വാസമാണ്. അതറിയാവുന്ന എനിക്കു ഉള്ളില്‍ ചെറിയ ഒരു അഹങ്കാരവും...

കോടാലിയെടുത്തു ഞാന്‍ ചക്ക നടുവേ വെട്ടിക്കീറി. പിന്നെ പല കഷണങ്ങളാക്കി പിളര്‍ന്നു വരിവരിയായി വച്ചു. ചക്ക വെടിപ്പാക്കാന്‍ ഒരു കമ്പിന്‍റെ  തലയില്‍ തുണി ചുറ്റി വെളിച്ചെണ്ണയില്‍ മുക്കിയ ഒരു ഉപകരണമുണ്ട്.., ഒരു ചെറു പന്തം പോലെ. ഞാന്‍ അതെടുത്തു ചക്കക്കറയുടെ മേലെ റോഡ്‌റോളര്‍ കളിച്ചു. ചക്കപ്പന്തത്തിന്‍റെ തല ഒരു ലോലിപ്പോപ്പിന്‍റെ കണക്കു തടിച്ചുരുണ്ടു. കയ്യിലെ കറ കളയാന്‍ കുറച്ചു വെളിച്ചെണ്ണ തടവി.

അമ്മവന്നു. ചക്കച്ചുളകള്‍ അടര്‍ത്തിയെടുത്തു.  ഓരോ ചുളയുടെയും തലയും കടയും ചെത്തി.... കുറുകനെ ഒന്നു കോറി അതിലൂടെ കുരുവിനെ പുറന്തള്ളി. പിന്നെ ശേഷിച്ച കവചത്തെ ചെറുതായി അരിയാന്‍ തുടങ്ങി.

ഞാന്‍ ഇടക്ക് ഒന്നു രണ്ടു ചുളകള്‍ എടുത്തു രുചിച്ചു നോക്കി. വെളിച്ചെണ്ണയും, ചക്കക്കറയും ചേര്‍ന്ന ഒരു സമ്മിശ്രഗന്ധം, എന്നാല്‍ ചക്കക്ക് സാമാന്യം സ്വാദുണ്ട്.

അമ്മ പറഞ്ഞു, "കഴിഞ്ഞ വര്‍ഷത്തെ സ്വാദില്ല. വെള്ളം കേറിയതാണെന്നു തോന്നുന്നു.". രുചി നോക്കാതെ എങ്ങനെ ആ അഭിപ്രായം പറഞ്ഞു എന്നെനിക്കറിയില്ല. ഒരു തവണയും ചക്ക കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നല്ലതാണെന്ന് അമ്മ പറഞ്ഞിട്ടില്ല. കഴിഞ്ഞതെല്ലാം നല്ലതാണെന്നുള്ള പഴഞ്ചിന്തയായിരിക്കാം.

ചക്കയുടെ സര്‍ജറി കഴിഞ്ഞു.  ചക്കമടലും ചകിണിയും എടുത്തു രാമചന്ദ്രന്‍ ചേട്ടന്‍റെ പശുവിനു കൊടുത്തു.

എന്തോ വിശിഷ്ടഭോജ്യമെന്നു കരുതി പശു ആവേശം കാട്ടി. പിന്നെ വളരെ സാവധാനം നിര്‍വികാരതയോടെ മടലുകള്‍ ചവച്ചു; കീഴ്ത്താടി എതിര്‍ നാഴികമണിദിശയില്‍ ചലിപ്പിച്ചു ശൂന്യതയില്‍ പൂജ്യം വരച്ചുകൊണ്ടിരുന്നു.  • ഉച്ചക്കു ഊണുകഴിക്കാനിരുന്നു. ചോറും ചക്കത്തോരനും മറ്റെന്തോ അരസികന്‍ കറിയും. ചക്ക കുശാലായി അടിച്ചു. അനങ്ങാന്‍ വയ്യാതെ പോയിക്കിടന്നുറങ്ങി.
 • വൈകുന്നേരം ചക്ക എരിശ്ശേരിയും കഞ്ഞിയും.. കുഴപ്പമില്ല... കഴിച്ചു.
 • പിറ്റേന്ന് വൈകിട്ട് സ്കൂളില്‍നിന്നു വന്നപ്പോള്‍ ചക്കപ്പുഴുക്ക്...
 • ദാ വരുന്നു ചക്ക വറ്റല്‍...
 • അടുത്ത ദിവസം പഴുത്ത ചക്ക...
 • പിന്നെ ചക്കക്കുരുത്തോരന്‍...
 • ഏറ്റവും ഒടുവില്‍ ചക്ക വരട്ടിയത് അമ്മ ഒരു കുപ്പിയില്‍ ഭദ്രമാക്കി വച്ചു. ഒരാഴ്ചത്തേക്കു കഴിക്കാന്‍.
ഒരാഴ്ചത്തേക്ക് എന്‍റെ ഉടുപ്പിലും, നടപ്പിലും, ചിന്തയിലും എല്ലാം ചക്കയായിരുന്നു...

ഉടനെയെങ്ങും ചക്ക പിടിക്കല്ലേ എന്നു പ്രാര്‍ത്ഥിച്ചു ഞാന്‍ ആ വാരം തള്ളി നീക്കി.

7 അഭിപ്രായങ്ങൾ:

 1. ചക്ക...ചക്കാ..ചക്കാ.....വായില്‍‌ വെള്ളമൂറുന്നു മാഷേ.
  മനുഷ്യനെ കൊതിപ്പിക്കുന്നതിനൊക്കെ ഒരു അതിരില്ലേ?
  രസികന്‍ ബ്ലോഗ്. ഇനി അടുത്ത 'മാങ്ങ'യുടെ കഥയ്ക്കായി കാത്തിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 2. ചെറുപ്പത്തില്‍ ധാരാളം ചക്ക തിന്നത് കൊണ്ടാണോ ബ്ലോഗ്ഗര്‍ ചക്ക പരുവം അയതുഎനു എന്റെ ഭാര്യ ചോദിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 3. ഭാര്യ ഉദ്ദേശിച്ചത് പുറമേ മുള്ളുകള്‍ നിറഞ്ഞതാണെങ്കിലും ഉള്ളില്‍ തേന്‍ കിനിയുന്ന നല്ല മധുരച്ചുളകള്‍ ആണെന്നാണ്‌. എത്ര സത്യം, ഞാന്‍ എത്ര നല്ലവന്‍! എന്‍റെ വക ഒരു പുതുച്ചൊല്ല് കൂടി "കണ്ടാല്‍ മുരടന്‍, ഉണ്ടാല്‍ രസികന്‍".... എപ്പടി?

  മറുപടിഇല്ലാതാക്കൂ
 4. Chakka chulakku maduram undangilum akathae kuruvinu nalla kattiyanu. Ahtu kazichal athilum prasnam anu. comments by Janu

  മറുപടിഇല്ലാതാക്കൂ
 5. 10 ചക്കക്കുരുവിനു ഒരു Gas-X അരച്ചു ചേര്‍ത്ത് ചക്കക്കുരെക്സ് തോരന്‍ വച്ചു കഴിച്ചാല്‍ ജാന്‍സിയുടെ അസുഖം പമ്പകടക്കും. ഇച്ചിരി പച്ചമുളക്, ഇച്ചിരി വെളുത്തുള്ളി എന്നിവകൂടി ആയിക്കോട്ടെ. രണ്ടു സ്പൂണ്‍ ആവണക്കെണ്ണയില്‍ ഒരു നുള്ള് കടുകു കൂടി വറുത്തു താളിച്ചാല്‍ പിന്നെ എന്‍റെ ജാന്‍സീ, പിടിച്ചാല്‍ കിട്ടത്തില്ല.

  മറുപടിഇല്ലാതാക്കൂ
 6. ഒരു കാര്യം പറഞ്ഞോട്ടെ. ആകെ കൂടെ കുഞ്ഞുങ്ങള്‍ വാരി വലിചെഴുതിയ പോലെ, ചില അക്ഷരങ്ങള്‍, വലുത്, ചിലത് ചെറുത്‌.
  അക്ഷരങ്ങള്‍ക്കാണേല്‍ വ്യക്തത കുറവും. എന്ത് പറ്റി ഇവിടെ?

  ചക്ക പുരാണം നന്നായി പറഞ്ഞു കേട്ടോ. ഒരു ചക്ക കഥ കേള്‍ക്കുന്നത് ആദ്യമായാ.
  പണ്ട് വീട്ടില്‍ ഉമ്മ ചക്ക തള്ളിയിട്ടു ചുള ചുളയായി തരുന്നത് ഓര്‍ത്തു പോയി.

  മറുപടിഇല്ലാതാക്കൂ
 7. ഞാനൊരു ചക്ക പ്രേമിയാണ്. ചക്ക വരട്ടിയൊ, അട ആക്കിയൊ... പ്രഥമനാക്കിയൊ.... എങ്ങനെ തന്നാലും വിരോധം ഇല്ലാ... പിന്നെ ചക്കക്കുരു... അതുകൊണ്ട് തീയൽ വച്ചുതന്നാലും.. മെഴുക്കുപുരട്ടി ഉണ്ടാക്കിതന്നാലും... കൊത്തിയരിഞ്ഞു തോരൻ ആക്കി തന്നാലും യാതൊരു അഹാങ്കാരവും കൂടാതെ ഞാൻ കഴിക്കും... അതിനിടെ മറന്നൂ, ചക്കചുള ഉപ്പേരി... ശോ.. വായിൽ വെള്ളം വരുന്നൂ.. പിന്നെ കീഴ്ശ്വാസം അതങ്ങുഞാൻ സഹിച്ചു... ഫ്രീ ആയി ഞാൻ പഞ്ഞി സപ്ലൈ ചെയ്യാം...

  മറുപടിഇല്ലാതാക്കൂ