2010/11/08

രണ്ടു തലയണകള്‍

ഡിസംബര്‍ പ്രാണവേദനയോടെ അത്യാസന്ന നിലയിലാണ്. ജനുവരിയെ പ്രസവിക്കുന്നതോടെ അവള്‍ മരിക്കും...

വീഞ്ഞിന്റെ ലഹരിയില്‍ മനസ്സിലാവാത്ത എന്തോ ഒന്നിനെ പടിയിറക്കി, നിര്‍വചിക്കാനാവാത്ത പുതിയതെന്തോ സ്വാഗതം ചെയ്തു... ചുറ്റും ആര്‍പ്പും ആരവവും.

പഞ്ചാംഗത്തിലെ പൂജ്യം ഒന്നിനു വഴിമാറിയപ്പോള്‍ ലോകാതിശയം കണ്ടപോലെ വിസ്മയപ്പെട്ടു. ആശ്ലേഷിച്ചു, ആശംസിച്ചു...

കാലപ്രവാഹത്തിലെ വെറുമൊരു തുള്ളിനീരൊഴുകിയെത്തിയപ്പോള്‍ എന്തിനീ അമിതാഹ്ലാദമെന്നു മനസ്സിലായില്ല. രണ്ടായിരത്തിപ്പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് എണ്ണിത്തുടങ്ങിയ പുണ്യവാന്മാരെ, നിങ്ങളറിയുന്നില്ലല്ലോ എനിക്കു സമ്മാനിച്ച ഈ കൂത്താട്ടം...

വര്‍ഷത്തെ പടിയടച്ചിറക്കുമ്പോള്‍ കൂട്ടുകാര്‍ വിരുന്നു വന്നു. പടിതുറന്നപ്പോള്‍ അവര്‍ പിരിഞ്ഞു പോയി. വിരുദ്ധതയില്‍ത്തന്നെയാവട്ടെ തുടക്കം.

രാവേറെയായി. നിശാമുറിയിലെ കിടക്കവിരിപ്പിനു വിരസമായ വൃത്തിയും വെടിപ്പും. പ്രതീക്ഷിച്ചതുതന്നെ...

"എങ്കിലും, ചിട്ടയുടെ കൂട്ടുകാരീ, നീ എന്തേ ഒന്നു മറന്നു? ഉടുവസ്ത്രമില്ലാത്ത നഗ്നരായ തലയണകള്‍ കട്ടില്‍ത്തലയ്ക്കല്‍ പുണര്‍ന്നു കിടക്കുന്നുവല്ലോ?"... പുതുവര്‍ഷത്തിന്റെ ആദ്യത്തെ പൂരണപ്രശ്നങ്ങള്‍ പോലെ.

മേശവലിപ്പില്‍ തലയണവസ്ത്രങ്ങള്‍ ഭംഗിയായി അടുക്കി വച്ചിരിക്കുന്നു. കറുപ്പും വെളുപ്പും നിറത്തിലെ മുഷിപ്പന്‍ ഇനങ്ങളാണ് മുകളിൽ. അടിയില്‍ ചായക്കൂട്ടു തുളുമ്പിയൊഴിച്ച വര്‍ണ്ണപ്രപഞ്ചം.

അവളങ്ങനെയാണ്, കടുത്ത നിറങ്ങള്‍ ഇഷ്ടമല്ല. അവയെ മനസ്സിന്റെ അടിത്തട്ടിലേക്ക് അടുക്കിവയ്ക്കും.

നിറമുള്ള തലയണ ഞാനെടുത്തു, അവള്‍ നിറമില്ലാത്തതും...

നിറങ്ങള്‍ പ്രതീകങ്ങളാണ്. ഈ തലയണയുടുപ്പുകള്‍ സ്വപ്നങ്ങളെ ജനിപ്പിക്കാന്‍ കഴിവുള്ളവയും.

തലയണയുടെ ഓരോ വശവും വ്യത്യസ്തമാണ്. ആദ്യ വശത്തെ പല നിറങ്ങളില്‍ നീലയ്ക്കാണ് മുന്‍‌തൂക്കം... മറുപുറത്ത് പച്ചയ്ക്കും ...

നീലവശത്ത് ആകാശവും, എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങളും, ചന്ദ്രനും, സൂര്യനും, കടലും, മഞ്ഞു മലകളും, നൃത്തം ചെയ്യുന്ന സുന്ദരന്മാരും സുന്ദരിമാരും...

കുറച്ചു മങ്ങിപ്പോയെങ്കിലും പച്ചയില്‍ ഗ്രാമവും, പാടവും, പുഴയും, കൗമാരവും, കൂട്ടുകാരും, പ്രണയവും, ചെടികളും, പൂക്കളും, തുമ്പികളും, കുട്ടിത്തവും കളിയും ചിരിയുമുണ്ട്... ഗൃഹാതുരത്വമുണ്ട്..

"എന്തിനാ ആ വശം എപ്പോഴും വച്ചു കിടക്കുന്നേ, അതോണ്ടല്ലേ ആകെ നരച്ചു പോയത്?" കൂട്ടുകാരി ഓര്‍മ്മിപ്പിച്ചു. എന്നിട്ടവള്‍ വര്‍ത്തമാനകാലത്തിന്റെ നിറശൂന്യതയില്‍ തലയണച്ചു. ആജ്ഞപ്രകാരം ഞാന്‍ സ്വപ്നങ്ങളുടെ നീലത്തലയണ ചൂടി.

അവളുടെ സ്വപ്നത്തില്‍ ലക്ഷ്യത്തിലേക്കുള്ള ഒരു നടവഴി മാത്രം... വഴിവക്കുകളില്‍ സൂചികപ്പലകമേലൊട്ടിച്ച കര്‍ത്തവ്യങ്ങളുടെ ഓര്‍മ്മപ്പട്ടികകളും. ഞാനതില്‍ കൃത്യതയില്ലാത്തൊരു യന്ത്രമനുഷ്യനായിരുന്നു.

നീലത്തലയണ എന്നെ പൊതിഞ്ഞെടുത്തു എങ്ങോ പറത്തിവിട്ടു... ആ വഴിയുടെ മേലെ എങ്ങോ ദൂരെ ദൂരെ. നിലത്തിറങ്ങിയപ്പോള്‍ അഞ്ഞൂറു വര്‍ഷം കഴിഞ്ഞിരുന്നു. സ്ഥലം എനിക്കന്യമായിരുന്നു. എങ്കിലും നൂറ്റാണ്ടുകള്‍ കഴിഞ്ഞു പ്രസിദ്ധീകരിക്കാന്‍ ഞാന്‍ തൊടുത്തിവച്ചിരുന്ന നവവത്സരപ്പോസ്റ്റ് വായിച്ച് ചത്തവന് കമന്റിടുന്നവരെ സ്വപ്നം കണ്ടു ഞാന്‍ തിരിച്ചു വന്നു.

ഉണര്‍ന്നപ്പോള്‍ അവള്‍ പറഞ്ഞു, "ന്യൂ ഇയര്‍ ആയിട്ട് ഇത്രേം ഒറക്കമോ? എന്തൊക്കെക്കാര്യങ്ങളാ പെന്റിംഗ് ആയിട്ട് കിടക്കുന്നെ?"

ഉറക്കത്തിനൊടുവില്‍ എപ്പോഴോ അവള്‍ എന്‍റെ സ്വപ്നത്തലയണ മാറ്റിക്കളഞ്ഞിരുന്നു....

2010/11/03

ലൂസി

ഇതു ലൂസിയുടെ വളരെ വളരെ അസാധാരണമായ, ഹൃദയഭേദകമായ കഥ.

ലൂസി വടക്കേ അമേരിക്കയിലെ ഒരു സര്‍ക്കസ് കൂടാരത്തില്‍ ജനിച്ച ഒരു ചിമ്പാന്‍സിയാണ്... പരീക്ഷണ കുതുകിയായ ഒരു psycho therapist അവളെ എടുത്തു വളര്‍ത്തി.. അവള്‍ വളര്‍ത്തു മകളായി ജീവിച്ചു. വളരെ സംഭവബഹുലവും വിഷാദസാന്ദ്രവും ആയ ആ കഥയാവട്ടെ ഈ പോസ്റ്റിൽ...

ചാള്‍സ് സീബര്‍ട്ട് എന്ന ജേര്‍ണലിസ്റ്റ്/ രചയിതാവിന്റെ The Wauchula Woods Accord: Toward a New Understanding of Animals എന്ന ബുക്കില്‍ ഈ കഥ ആരംഭിക്കുന്നു. ഡോ. മോറിസ് കെ ടമെര്‍ലിന്‍ (Dr. Maurice K. Temerlin)-ന്‍റെ "Lucy Growing up Human : A Chimpanzee Daughter in a Psycho Therapist's Family" എന്ന ഒരു പഴയ ഓര്‍മ്മക്കുറിപ്പുകള്‍ ആണ് ചാള്‍സിന്‍റെ ഈ ബുക്കിന്റെ ആസ്പദം.

1964. ലൂസിയ്ക്ക് രണ്ടു ദിവസം പ്രായമുള്ളപ്പോള്‍ ഡോ. ടമെര്‍ലിന്‍ അവളെ ഒരു മകളായി എടുത്തു വളര്‍ത്തി. മോറിസും അയാളുടെ ഭാര്യ ജൈന്‍ എന്ന സോഷ്യല്‍ വര്‍ക്കറും ആണ് ഈ കഥയിലെ അച്ഛനും അമ്മയും. ലൂസി ജനിച്ചപ്പോള്‍ അവളുടെ തള്ള ചിമ്പിനു അനസ്തേഷ്യ കൊടുത്തു. രണ്ടാം ദിവസം അമ്മയ്ക്ക് Coca Cola-യില്‍ മരുന്നു കൊടുത്തു ഉറക്കിക്കിടത്തി. അവര്‍ ലൂസിയെ ഒരു വിമാനത്തില്‍ സ്വന്തം വീട്ടിലേക്കു കടത്തിക്കൊണ്ടു പോയി. ഒരു ബാസ്സിനെറ്റില്‍ കിടത്തി മുഖം ഒരു ചെറു പുതപ്പു കൊണ്ടു മൂടി ആരും അറിയാതെ.

ഡോ. ടമെര്‍ലിന്‍ ഒരു pet അല്ലെങ്കില്‍ മകള്‍ എന്നതിലുപരി ചില പരീക്ഷണങ്ങള്‍ക്ക് ലൂസിയെ വിധേയയാക്കുക എന്ന്‍ ഉദ്ദേശിച്ചിരുന്നു; അനുകൂല സാഹചര്യങ്ങളില്‍ ഒരു ചിമ്പാന്‍സി എത്രത്തോളം 'മനുഷ്യന്‍‍' ആകും എന്നു പരീക്ഷിക്കുകയായിരുന്നു അദ്ദേഹത്തിന്റെ വളര്‍ത്തുപുത്രി സ്നേഹത്തിന്റെ ഒരു ഗൂഡലക്‌ഷ്യം.

ഡോ. ടമെര്‍ലിന്‍ 1989 ല്‍ മരിച്ചു. ആ കഥ അവശേഷിപ്പിച്ച്...

ഇതു അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പില്‍ നിന്ന്...

  • "ലൂസിക്ക് ഞങ്ങളെ സ്നേഹിക്കാന്‍ പറ്റുമോ?"
  • "അവള്‍ക്കു മനുഷ്യ സഹജമായ വികാരങ്ങള്‍ ഉണ്ടാവുമോ?"
  • "അവള്‍ നല്ല സ്വഭാവം പുലര്‍ത്തുമോ?"
  • "ആക്രമണ സ്വഭാവം കാണിക്കുമോ? ബുദ്ധിമതി ആയിരിക്കുമോ?
  • "ലൈംഗിക വാസനകള്‍ എന്തായിരിക്കും?"
  • "അവള്‍ കുട്ടികളെ പരിചരിക്കുമോ?"
  • "അവള്‍ സംസാരിക്കാന്‍ പഠിക്കുമോ?"

അങ്ങനെ നൂറു കൂട്ടം സംശയങ്ങൾ.

ലൂസി ഒരു മനുഷ്യക്കുട്ടിയായിത്തന്നെ വളര്‍ന്നു. അവള്‍ വളരെപ്പെട്ടെന്നു കുപ്പിപ്പാല്‍ കുടിക്കാന്‍ പഠിച്ചു. രണ്ടാം മാസത്തില്‍ അവളുടെ ദൃഷ്ടി ഉറച്ചു. മൂന്നാം മാസം അവള്‍ തൊട്ടിലില്‍ നിന്നും ഇറങ്ങി ആളുകളോട്‌ ഇടപെട്ടു. ആറാം മാസം അവള്‍ നടക്കാന്‍ തുടങ്ങി.

ഒരു വയസ്സയപ്പോഴേക്കും അവള്‍ അച്ഛനമ്മമാരോടൊത്തിരുന്ന് ഭക്ഷണം കഴിയ്ക്കാന്‍ തുടങ്ങി... അതേ, ഫോര്‍ക്കും നൈഫും സ്പൂണും ഉപയോഗിച്ച്!!!

"ഞങ്ങള്‍ കത്തിയും മുള്ളും ഉപയോഗിയ്ക്കുന്നത് കണ്ടു അവള്‍ അതു പെട്ടെന്ന് അനുകരിച്ചു. അവള്‍ തനിയെ സ്കര്‍ട്ട് ധരിച്ചു. അവള്‍ എന്‍റെ കൈയ്യില്‍ പിടിച്ചു വലിച്ച്, അവളുടെ പുറകെ ഓടിക്കളിക്കാന്‍ പ്രേരിപ്പിക്കുമായിരുന്നു ... ഓടുമ്പോള്‍ അച്ഛന്‍ പുറകിലുണ്ടോ എന്നു ഇടയ്ക്ക് തിരിഞ്ഞു നോക്കിയിരുന്നു..." ടമെര്‍ലിന്‍റെ ഓര്‍മ്മകള്‍ ഇങ്ങനെ പോകുന്നു.




ഒരു പരീക്ഷണം ആണ് താന്‍ നടത്തുന്നത് എന്ന് ടമെര്‍ലിന്‍ തികച്ചും ബോധവാനായിരുന്നു, തന്റെ ലക്ഷ്യത്തില്‍ അദ്ദേഹം സദാ ജാഗരൂകന്‍ ആയിരുന്നു താനും. എന്നാല്‍ മറുവശം, ഒരു അച്ഛന്‍ എന്ന നിലയ്ക്ക് ലൂസിയെ സ്നേഹിക്കാനും അവള്‍ക്കു സംരക്ഷണം നല്‍കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ശരിക്കും ഒരു മകളെപ്പോലെ ലൂസിയെ വളര്‍ത്തച്ഛനും അമ്മയും നെഞ്ചോടടക്കി വളര്‍ത്തി.

ഭാഷ? ഭാഷയുപയോഗിച്ച് സംവേദനം ചെയ്യുന്നത് മനുഷ്യനു മാത്രം ഉള്ള ഒരു കഴിവാണോ? ലൂസിയെ ഭാഷ പഠിപ്പിക്കാന്‍ റോജര്‍ ഫൌട്ട്സ് എന്ന സൈക്കോളജിസ്റ്റ് പ്രൊഫസറിനെ ടമെര്‍ലിന്‍ ഏര്‍പ്പാടു ചെയ്തു. (ചിമ്പുകള്‍ക്ക് സൈന്‍ ലാംഗ്വേജ് ഉപയോഗിച്ച് ആശയ വിനിമയം നടത്താന്‍ സാധിക്കും എന്നു അദ്ദേഹം സ്ഥാപിച്ചിരുന്നു).

ലൂസിയ്ക്ക് ഒരു 4-5 വയസ്സുള്ളപ്പോഴാണ് റോജര്‍ അവളെ പഠിപ്പിക്കാന്‍ തുടങ്ങിയത്‌. എയര്‍പ്ലെയിന്‍, പാവ, ബാള്‍ , പഴം... അങ്ങനെ 250-തോളം വാക്കുകള്‍ ആംഗ്യം കൊണ്ടു കാണിക്കാന്‍ അവള്‍ പഠിച്ചു.

ഒരു വല്യ ചോദ്യം അവളുടെ ആംഗ്യപ്രകടനം വെറും മിമിക്രി ആണോ അതോ അര്‍ത്ഥം അറിഞ്ഞാണോ എന്നായിരുന്നു. ആശ്ചര്യമെന്നു പറയട്ടെ, ലൂസി അര്‍ത്ഥം അറിഞ്ഞു തന്നെയാണ് സൈന്‍ പഠിച്ചത്.

ഇതിനു, ഒരുപാടു തെളിവുകള്‍ റോജറിന്റെ കഥകളില്‍ ഉണ്ട്. അവള്‍ക്കു പൊടുന്നനെ വാക്കുകള്‍ കോര്‍ത്തിണക്കി പുതിയ അര്‍ത്ഥം ധ്വനിപ്പിക്കാന്‍ കഴിഞ്ഞു . ഒരിക്കല്‍ തണ്ണി മത്തന്‍ (water melon ) കൊടുത്തപ്പോള്‍ അവള്‍ അതു "sweet drink food" ആണെന്ന് പറഞ്ഞു (രുചിയുടെ സാമ്യം കൊണ്ട്!). പിന്നെ ഒരിക്കല്‍ പഴകിയ radish തുപ്പിക്കളഞ്ഞിട്ടു അവള്‍ പറഞ്ഞു, "cry-hurt food" (കരയിപ്പിക്കുന്ന, അസ്വാസ്ഥ്യപ്പെടുത്തുന്ന ആഹാരം!).

അവള്‍ക്കു കള്ളം പറയാന്‍ പോലും അറിയാമായിരുന്നു. (അതിന്‍റെ അര്‍ത്ഥം അവള്‍ പ്രസ്തുത സന്ദര്‍ഭം മനസ്സിലാക്കി മാറ്റിപ്പറയുന്നു എന്നാണ്. മനുഷ്യര്‍ക്ക്‌ മാത്രമേ ഇതു ചെയ്യാന്‍ പറ്റൂ എന്നാണല്ലോ പൊതുവെയുള്ള വിശ്വാസം).

റോജര്‍ പറയുന്നു "ഒരിക്കല്‍ ഞാന്‍ വന്നപ്പോള്‍ അവള്‍ക്കു ഒരു potty accident (അസന്ദര്‍ഭത്തിലെ മലവിസര്‍ജ്ജനം) ഉണ്ടായി. സാധാരണഗതിയില്‍ അവള്‍ potty trained (ശൌചകാര്യങ്ങളില്‍ പരിശീലനം ഉള്ള) ആണ്. അന്നെന്തോ പറ്റിപ്പോയി. ഞാന്‍ അസന്തുഷ്ടനായി. ഇതെല്ലാം ഇനി ഞാന്‍ തന്നെ ശുചിയാക്കണമല്ലോ..."

റോജര്‍ ചോദിച്ചു "ആരാ ഈ പണി പറ്റിച്ചെ?"

ലൂസി വിരല്‍ ചൂടി ആംഗ്യം കാണിച്ചു "സൂ"

സൂ അവിടെ പഠിക്കാന്‍ വന്ന ഒരു പെണ്‍കുട്ടിയാണ്. ആ സംഭവം നടന്നപ്പോള്‍ സൂ ആ സ്ഥലത്ത് പോലും ഇല്ലായിരുന്നു! വീണ്ടും വീണ്ടും ആരാഞ്ഞപ്പോള്‍ ലൂസി സമ്മതിച്ചു. ക്ഷമയും ചോദിച്ചു.

പിന്നീട്, സൂ-ന്‍റെ വാക്കുകളില്‍ നിന്ന്...

"ഞാന്‍ അവളെ കണ്ട് ശരിക്കും വാ പൊളിച്ചു പോയി. പ്രത്യക്ഷത്തില്‍ ഒരു ചേര്‍ച്ചയില്ലായ്മ; എന്നാല്‍ ആരെയും ശ്രദ്ധിക്കാത്ത അവളുടെ അലസമായ നടത്തം. ഒന്നും സംഭവിക്കാത്ത പോലെ അടുക്കളയില്‍ ചെന്നു അവള്‍ക്കിഷ്ടപ്പെട്ട ചായപ്പൊടി എടുത്ത് കെറ്റിലില്‍ വെള്ളം പകര്‍ന്നു ചായ തിളപ്പിക്കുന്നത് . അവള്‍ ചായ ഉണ്ടാക്കി ഞങ്ങള്‍ക്ക് തരും. അതൊരു പതിവു സംഭവം ആയിരുന്നു. അവളുടെ നിസ്സംഗതയാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തിയത്. അതില്‍ എല്ലാം അടങ്ങിയിരുന്നു.

അതേ, ഞാന്‍ ചായ ഉണ്ടാക്കുകയാണ്, കൂട്ടത്തില്‍ നിങ്ങള്‍ക്കും കുടിക്കാം എന്ന ആ നിശ്ശബ്ദമായ പറച്ചില്‍!
"

ലൂസിയുടെ കൂടെ ചായ മൊത്തുകയാണ് സൂ ചെയ്തു കൊണ്ടിരുന്നത്. തെല്ലും ഔപചാരികതയില്ലാതെ... വളരെ കാഷ്വലായിട്ട്.

സൂ: "ചായ കുടിക്കുമ്പോള്‍ ഞങ്ങള്‍ മാഗസീനുകള്‍ മറിച്ചു നോക്കും, റേഡിയോ കേള്‍ക്കും. ടമെര്‍ലിന്‍റെ വീട്ടിലുള്ള മാസികകള്‍ - വീടിന്റെയും പൂന്തോട്ടത്തിന്റെയും, കുട്ടികളുടെയും, സ്ത്രീകളുടെയും ഒക്കെ പടമുള്ള മാഗസീനുകള്‍"

ലൂസിയ്ക്ക് വീട്ടിലുള്ളവരുടെ മാനസികാവസ്ഥ വേഗം മനസ്സിലാക്കാന്‍ പറ്റിയിരുന്നു. ജൈന്‍ (ടമെര്‍ലിന്‍റെ ഭാര്യ) വിഷമിച്ചിരിക്കുമ്പോള്‍ തലോടിയും ആലിംഗനം ചെയ്തും ഉമ്മവച്ചും ലൂസി അവരെ സന്തോഷിപ്പാന്‍ നോക്കും. അവര്‍ക്ക് അസുഖം വന്നാല്‍ ലൂസി കൂട്ടിരിക്കുകയും ആഹാരം എടുത്തു കൊടുക്കുകയും ചെയ്തിരുന്നു.


ഇനി കഥയുടെ രണ്ടാം ഭാഗം.
ഒരു പൊതുപൂര്‍വികനില്‍ നിന്നും ഉത്ഭവിച്ചാല്‍ പോലും കാലാന്തരത്തില്‍ വ്യത്യസ്ത ജനുസ്സില്‍പ്പെട്ട ജീവികള്‍ പരസ്പരം ഏറെ വൈജാത്യം പുലര്‍ത്തും. പിന്നീട്‌ അവ തമ്മില്‍ ലൈംഗിക ആകര്‍ഷണം ഉണ്ടായിരിക്കില്ല. ജനുസ്സിന്റെ പരമ്പര നില നിര്‍ത്താന്‍ പ്രകൃതിയുടെ ചേരുവയാണ് ഇതര ജനുസ്സുകളോടുള്ള ഈ ലൈംഗിക ആകര്‍ഷണമില്ലായ്മ. ഒരു ചിമ്പിനെ കാണുന്ന ബബൂണിനു പ്രത്യേകിച്ചൊന്നും തോന്നാത്തത് അതുകൊണ്ടാണ്.

ഇനിയുള്ള ചില പാരഗ്രാഫുകളില്‍ മറയില്ലാത്ത ലൈംഗിക പരാമര്‍ശങ്ങള്‍ ഉണ്ട്. വായിക്കാന്‍ താല്പര്യമില്ലാത്തവര്‍ പിന്തിരിയുക, അല്ലെങ്കില്‍ ചുവന്ന വരകള്‍ക്കിടയിലെ പാരഗ്രാഫുകള്‍ തള്ളി വായിക്കുക.

ടമെര്‍ലിന്‍: "വൈകുന്നേരം ഒരു 5 മണിയായിക്കാണും. ജൈനും ഞാനും ലിവിംഗ് റൂമില്‍ ഇരിയ്ക്കുകയായിരുന്നു. ലൂസി കാബിനറ്റ്‌ തുറന്നു ഒരു ഗ്ലാസും ഒരു ബോട്ടില്‍ ജിന്നും എടുത്തുകൊണ്ടു വന്നു. അവള്‍ എന്നിട്ടു ലിവിംഗ് റൂമില്‍ വന്നു ഒരു കൌച്ചില്‍ ഇരുന്നു..."

എന്നിട്ട്...

ലൂസി പൊടുന്നനെ സ്വയംഭോഗം ചെയ്യാന്‍ തുടങ്ങി.

ഇനിയാണ് കഥയിലെ സുപ്രധാനമായ വഴിത്തിരിവ്. 60 ലക്ഷം വര്‍ഷങ്ങള്‍ കൊണ്ടു ഉരുത്തിരിഞ്ഞ വാനര-മനുജ പരിണാമത്തിന്റെ വരമ്പുകള്‍ ഭേദിക്കപ്പെട്ടു.

"ഇതു തന്നെ താന്‍ കാത്തിരുന്ന ആ അസുലഭ പരീക്ഷണ നിമിഷം", ലൂസിയുടെ പ്രവൃത്തി കണ്ടപ്പോള്‍ ടമെര്‍ലിനു തോന്നിയത് അപ്രകാരമാണ്. ചിന്തകള്‍ പിതാവില്‍ നിന്നും ശാസ്ത്രജ്ഞനിലേക്ക് ഗതിമാറി.

അയാള്‍ ഷോപ്പിംഗ്‌ മാളിലേക്ക് ഓടി. പ്ലേഗേള്‍ മാഗസിന്റെ ഒരു കോപ്പിയുമായി തിരിച്ചു വന്നു. പുരുഷന്മാരുടെ അശ്ലീലചിത്രങ്ങളുള്ള ആ മാഗസിന്‍ അവള്‍ക്കു കൊടുത്തു. ആ പടങ്ങള്‍ നോക്കി ലൂസി സ്വയംഭോഗം ചെയ്തു.

ജൈന്‍:"ഇത്തരം മാഗസീനുകള്‍ ആദ്യം കൊടുത്തത് ഞാന്‍ കണ്ടില്ല. പിന്നീട് ഈ മാഗസീനുകള്‍ അവള്‍ നോക്കുമ്പോഴും ഞാന്‍ ഇല്ലായിരുന്നു."

പിന്നീട്‌ അവര്‍ ഒരു ആണ്‍ ചിമ്പാന്‍സിയെ ലൂസിയ്ക്ക് പരിചയപ്പെടുത്തി. അവന്‍ കൈകള്‍ ഉയര്‍ത്തി അവളുടെ അടുത്തേക്ക് വരാന്‍ ശ്രമിച്ചെങ്കിലും, ലൂസി വളരെ പരിഭ്രാന്തയായാണ് കാണപ്പെട്ടത്. അവള്‍ ആണ്‍ ചിമ്പാന്‍സിയില്‍ നിന്നു ദൂരേയ്ക്ക് മാറാന്‍ ശ്രമിച്ചു.

ആ നിമിഷം... അവര്‍ക്ക് മനസ്സിലായി, ഈ പരീക്ഷണത്തിന്‍റെ ഋഷ്യമൂകത്തില്‍ ലൂസി കുടുങ്ങിപ്പോയെന്ന്. അവള്‍ തീര്‍ച്ചയായും ഒരു ചിമ്പ് അല്ല. എന്നാല്‍ മനുഷ്യനാണോ? അവളെ ഏതു വിഭാഗത്തില്‍ പെടുത്തും? ഈ ചോദ്യത്തിന് അവര്‍ക്ക് ആദ്യമായി ഉത്തരം മുട്ടി. പരിണാമത്തിന്റെ ഇടവഴിയിലെ ഒരു വലിയ പാതാളത്തില്‍ അവള്‍ അകപ്പെട്ടു പോയിരുന്നു.


ചിമ്പാന്‍സികള്‍ മനുഷ്യനെ അപേക്ഷിച്ച് വളരെ കായബലം ഉള്ള ജന്തുക്കളാണ്. ചിമ്പുകളെ വളര്‍ത്തുമൃഗമാക്കുന്നവര്‍ പിന്നീട്‌ അവയെ ഉപേക്ഷിക്കുകയാണ് പതിവ്. കാലക്രമത്തില്‍ കുഞ്ഞു ചിമ്പുകള്‍ വളരും, അതിശക്തരാവും, ആക്രമണ സ്വഭാവം പ്രകടിപ്പിക്കും... പിന്നെ കൂടെ താമസിപ്പിക്കാന്‍ വളരെ പ്രയാസമാണ്.

ലൂസിയുടെ കാര്യത്തിലും ഇതൊക്കെത്തന്നെ സംഭവിച്ചു. എങ്കിലും ടമെര്‍ലിന്‍ ദമ്പതികള്‍ വളരെ നാള്‍ പിടിച്ചു നില്ക്കാന്‍ നോക്കി. ഒട്ടെക്കെ വിജയിച്ചു.

ലൂസിയ്ക്ക് 10-11 വയസ്സ്. അവള്‍ മെരുക്കമില്ലാത്ത വലിയ ജന്തുവായി രൂപം പ്രാപിച്ചു കൊണ്ടിരുന്നു. ടമെര്‍ലിന്‍ ദമ്പതികള്‍ വീടിന്റെ സിംഹഭാഗം ലൂസിയ്ക്ക് വേണ്ടി നീക്കി വച്ചു. പരീക്ഷണത്തിന്റെ എല്ലാ സത്തയും ചോര്‍ന്നു പോയി; ഇപ്പോള്‍ കമ്പിയഴിയ്ക്കപ്പുറമുള്ള മുറികളിലാണ് അവളുടെ താമസം. അവള്‍ വീടു തകിടം മറിച്ചു. ഭിത്തികള്‍ തച്ചുടച്ചു. വീട്ടില്‍‌ വിരുന്നുകാര്‍ വന്നാല്‍ ആക്രമണോത്സുകത ഉച്ചസ്ഥായിയിലെത്തും. അലറി വിളിയ്ക്കും...

പയ്യെപ്പയെ വിരുന്നുകാരുടെ എണ്ണം കുറഞ്ഞു വന്നു.

ഒടുവില്‍ അവര്‍ അടിയറവു പറഞ്ഞു. ലൂസിയെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. അവ്യക്തതകള്‍ ഏറെ അവശേഷിപ്പിച്ച് ചാള്‍സ് സീബര്‍ട്ടിന്‍റെ ബുക്ക്‌ ഇവിടെ തീരുകയാണ്.


പുസ്തകം തീര്‍ന്നു... ഇനിയെന്ത്? കഥയുടെ ബാക്കി radiolab.org -ലെ ഗവേഷകര്‍ തിരഞ്ഞു പിടിച്ചു സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. ഇതിന്‍റെ തുടര്‍ച്ച അറിയാന്‍ നമുക്കു അവരോടൊപ്പം ജാനിസ് കാര്‍ട്ടറിനെ പരിചയപ്പെടാം.

ജാനിസ് കാര്‍ട്ടര്‍ - അമേരിക്കയില്‍ ജനിച്ച അവര്‍ വടക്കേ ആഫ്രിക്കയിലെ ഗാംബിയയില്‍ ആണ് താമസം. മുപ്പതിലേറെ വര്‍ഷമായി ചിമ്പാന്‍സികളെ പഠിക്കുന്നതിനും പരിചരിക്കുന്നതിനും ജീവിതം ഉഴിഞ്ഞു വച്ച മഹദ്വക്തി.

ലൂസി നിയന്ത്രണാതീത ആയപ്പോള്‍ അവളെ പരിചരിക്കാന്‍ ടമെര്‍ലിനുകള്‍ ഏര്‍പ്പെടുത്തിയത് ജാനിസിനെ ആയിരുന്നു. എന്തുകൊണ്ടോ ലൂസിയ്ക്ക് ജാനിസിനോട് അല്പം അടുപ്പം തോന്നി. അച്ഛന്‍/ അമ്മ ബന്ധം അല്ലാത്തതു കൊണ്ടായിരിക്കാം. ചിലപ്പോള്‍ ഇടപെട്ട സമയത്തിന്റെ പ്രത്യേകത ആയിരിക്കാം. എന്തായാലും, ലൂസി അവളില്‍ ഒരു കൂട്ടുകാരിയെ കണ്ടു.

1977. ലൂസിയെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉപാധികള്‍ തെരഞ്ഞു ടാമാര്‍ലിനുകള്‍ ലോകം മൊത്തം അലഞ്ഞു. മാര്‍ഗ്ഗം ഒന്നും തെളിഞ്ഞില്ല. അവര്‍ കണ്ട സ്ഥലങ്ങളില്‍ "മകളെ" താമസിപ്പിക്കാന്‍ തോന്നിയില്ല. പലടത്തും കനത്ത ബന്ധവസ്സുള്ള മനം മടുപ്പിക്കുന്ന കമ്പിക്കൂടുകള്‍..

ഒടുവില്‍ അവര്‍ തീരുമാനിച്ചു. ഏറ്റവും നല്ലത് അവളെ പോകാന്‍ വിടുകയാണ്... അവളുടെ സ്വന്തം വീട്ടിലേയ്ക്ക്, കാട്ടിലേക്ക്! അതിനുവേണ്ടി അവര്‍ ജാനിസിന്റെ സഹായം തേടി.

താന്‍ ഏറ്റെടുക്കുന്ന ജോലിയുടെ ഗൌരവം ഒന്നുമറിയാതെ ജാനിസ് സമ്മതം മൂളി. യൂഎസിലെ ഓക്‌ലഹോമയില്‍ നിന്നും 22 മണിക്കൂര്‍ വിമാനയാത്ര കഴിഞ്ഞു ടമെര്‍ലിനുകളും ജാനിസും ലൂസിയും ആഫ്രിക്കന്‍ രാജ്യമായ സെനഗാളിലെ ഡെകാറില്‍ എത്തിച്ചേര്‍ന്നു. ജാനിസ് പറയുന്ന പ്രകാരം, കഠിനമായ ചൂടും, അന്തരീക്ഷബാഷ്പവും ഉള്ള, കൊതുകുകളും, പ്രാണികളും നിറഞ്ഞ സ്ഥലമായിരുന്നു ഡെകാര്‍. ഡെകാറില്‍ നിന്നും‍, കാറോടിച്ചു ഗാംബിയ നദിയും താണ്ടി ഒടുവില്‍ ഒരു നേച്ചര്‍ റിസോര്‍ട്ടില്‍ എത്തി.

റിസോര്‍ട്ട് എന്ന ഓമനപ്പേരില്‍ കാട്ടിന്റെ നടുക്കു പ്രതിഷ്ഠിച്ച വളരെ വലിയ കൂടുകള്‍... ലൂസിയെ എങ്ങനെയെകിലും ആ കൂട്ടിലേക്ക് കയറ്റിവിട്ടു പോകുകയായിരുന്നു അവരുടെ ലക്ഷ്യം. ജീവിതത്തില്‍ ആദ്യമായി വെളിസ്ഥലത്ത് ഒറ്റയ്ക്ക് രാത്രിയുറങ്ങാന്‍...

രണ്ടു മൂന്നു ആഴ്ചകള്‍ കഴിഞ്ഞു... ജൈന്‍, മോറിസ് ടമെര്‍ലിനുകള്‍ മടങ്ങി. ജാനിസ് കുറച്ചു കാലം കൂടി തങ്ങി ഇടയ്ക്കു ലൂസിയെ സന്ദര്‍ശിക്കാനായിരുന്നു പദ്ധതി.

ജാനിസ്: "അവളുടെ മുടി പൊഴിയാന്‍ തുടങ്ങി. ത്വക് രോഗങ്ങള്‍ പിടിപെട്ടു".

"എനിയ്ക്കു അവിടെ കൂടുതല്‍ നാള്‍ നില്‍ക്കന്‍ താല്പര്യമില്ലായിരുന്നു. ഒരു മൂന്നാഴ്ച കഴിഞ്ഞു തിരിച്ചു പോകണം എന്നായിരുന്നു പ്ലാന്‍"

പക്ഷെ, ജാനിസ് കാര്‍ട്ടര്‍ പിന്നീടൊരിക്കലും തിരിച്ചു പോയില്ല.

ആഴ്ചകള്‍, മാസങ്ങള്‍, വര്‍ഷങ്ങള്‍... എന്നിട്ടും ലൂസി കടുത്ത മാനസിക പിരിമുറുക്കത്തില്‍ ആയിരുന്നു. മുടി കൊഴിച്ചില്‍, ആഹാരത്തോട് വിമുഖത...

ഇതിനിടെ, പലവിധേന ബന്ദികളായി ഉപേക്ഷിക്കപ്പെട്ട ചിമ്പുകളുടെ ഒരു ചെറു സംഘം അവിടെ കുടിയേറിയിരുന്നു. അവയും ലൂസിയെപ്പോലെ അസ്വസ്ഥരായി കാണപ്പെട്ടു.

ജാനിസ് വിചാരിച്ചു... "സ്ഥലം മാറണം, എന്നാലേ ശരിയാവൂ..."
ഒരു സ്ഥലം കണ്ടു വച്ചു. ഗാംബിയ നദിയാല്‍ ചുറ്റപ്പെട്ട, പച്ചക്കാടുകളുള്ള, നീണ്ടു പരന്ന ഒരു ദ്വീപ്.

ലൂസിയെയും കൂട്ടരെയും ആ ദ്വീപില്‍ വിടാന്‍ അവര്‍ തീരുമാനിച്ചു. സ്വതന്ത്രരായി, മരം കയറാനും, തീറ്റ തേടാനും, കൂട്ടു കൂടാനും, തല്ലു കൂടാനും അവ പഠിക്കട്ടെ. രണ്ടാം ജന്മത്തില്‍ പതിയെ പിച്ചവച്ചു കാട്ടിലെ ബാലപാഠങ്ങള്‍ സ്വായത്തമാക്കുമെന്നു ജാനിസ് വിശ്വസിച്ചു. സ്വാതന്ത്ര്യം കിട്ടുമ്പോള്‍ അവര്‍ തുള്ളിച്ചാടുമെന്നു കരുതി. ഒരു ശുഭപര്യവസായിയായ കഥ അവര്‍ സ്വപ്നം കണ്ടു...

പക്ഷെ, അതല്ല സംഭവിച്ചത്... തുറന്നു വിട്ട ലൂസിയും കൂട്ടരും ജാനിസിനെ ഒട്ടിപ്പിടിച്ചു നിന്നു.

ജാനിസ് പകല്‍ നേരങ്ങളില്‍ ഫലമൂലാദികള്‍ കാണിച്ചു, "ഇതാണ് നിങ്ങളുടെ ഭക്ഷണം" എന്നു പഠിപ്പിക്കാന്‍ നോക്കി. പക്ഷെ അവറ്റകള്‍ക്ക് അതിലൊന്നും താല്പര്യമില്ലായിരുന്നു. സംസ്കരിച്ച ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ആയിരുന്നു അവര്‍ക്ക് വേണ്ടത്, മനുഷ്യനിര്‍മ്മിതമായ വസ്തുക്കളും. സ്വന്തം നിലനില്‍പ്പിനു വേണ്ടി ജാനിസ് കൊണ്ടുവന്ന വസ്തുക്കളിലായിരുന്നു അവറ്റകളുടെ കമ്പം. പല്ലു തേയ്ക്കുമ്പോള്‍, കുളിയ്ക്കുമ്പോള്‍ കൂടെ അതുപോലെ ചെയ്യാന്‍ ചിമ്പുകള്‍ തിക്കിത്തിരക്കി.

ജാനിസ് വിചാരിച്ചു. "ഞാന്‍ ഈയിടം വിടുന്നതാണ് അവരുടെ സ്വയം പര്യാപ്തതയ്ക്കു നല്ലത്".

ഇനിയാണ് ജാനിസ് ആ അസാമാന്യ പ്രവൃത്തി ചെയ്തത്... ഗാംബിയ താഴ്വരകളില്‍ തമ്പടിച്ചിരുന്ന ചില ബ്രിട്ടീഷ്‌ പട്ടാളക്കാരോട് തന്നെ ഒരു ഭീമാകാരമായ ഇരുമ്പു കൂട്ടിലാക്കി ഹെലിക്കോപ്റ്റര്‍ വഴി ചിമ്പുകളുടെ സമീപം ഇറക്കിവയ്ക്കാന്‍ പറഞ്ഞു. അതേ, ജാനിസ് ആ കൂട്ടിലും ചിമ്പുകള്‍ വെളിയിലും!

ജാനിസ് ആ കൂട്ടില്‍ താമസിക്കാന്‍ തുടങ്ങി.

ആദ്യം കൂടിനു മേല്‍ക്കൂര ഇല്ലായിരുന്നു, തലയ്ക്കു മേലെ ഒരു കമ്പി വല, ചിമ്പുകളെ അകറ്റി നിര്‍ത്താന്‍ മാത്രം... ഹയീനയുടെ ശബ്ദം പോലെ ചെറിയ അപകട സൂചന കിട്ടിയാല്‍ മതി, അവറ്റകള്‍ ഓടി മേല്‍ക്കൂരയില്‍ സുരക്ഷ തേടും. ജാനിസ് എന്ന കൂട്ടുകാരിയുടെ/ അമ്മയുടെ തണലു തേടി...

കുറെ നാള്‍ മഴയും വെയിലും ഏറ്റു ജാനിസ്... പിന്നെ തകിടു കൊണ്ടു മറച്ചു കെട്ടി, അത്രയുമായി...

മേല്‍ക്കൂര തകര്‍ത്ത് ഉള്ളില്‍ കടക്കാന്‍ ലൂസിയും കൂട്ടരും ആവുന്നത്ര നോക്കി. അന്തിയോളം കൂടിനു മീതെയുള്ള ചാട്ടവും ബഹളവും കാരണം ജാനിസിന് തലയ്ക്കുള്ളില്‍ ആകെ ഒരു മരവിപ്പായിരുന്നു... അവറ്റകള്‍ക്കോ, ചിമ്പുകള്‍ അല്ല എന്നു സ്വയം നിഷേധിക്കാനുള്ള പ്രവൃത്തിയായിരുന്നു ഈ പാട്ടും കൂത്തും...


ഒരു വര്‍ഷം കടന്നു പോയി. മറ്റു ചിമ്പുകള്‍ക്ക് ജാനിസിനോടുള്ള താല്പര്യം കുറഞ്ഞു. അവ കാട്ടിനുള്ളില്‍ സ്വൈരമായി അലയാന്‍ തുടങ്ങി. ലൂസിയ്ക്ക് അടുപ്പം വിട്ടിരുന്നില്ല. സൈന്‍ ലാംഗ്വേജ് വഴി പിന്നെയും അവര്‍ ആശയം കൈമാറി.

"വരൂ എന്റടുത്തേക്ക്" ലൂസി ആംഗ്യം കാണിച്ചു...
"ഇല്ല ലൂസീ, പോകൂ.. നീ ഒറ്റയ്ക്കാണ്, തനിയെ ജീവിക്കേണ്ടവള്‍..."
"ജാനിസ്, വരൂ"
"ലൂസീ, പോകൂ.."
"വരൂ"
"പോകൂ.."

കുറെ നാള്‍ പൊയ്ക്കൊണ്ടിരുന്നു. ലൂസി പോകാന്‍ കൂട്ടാക്കിയില്ല. അവള്‍ ആ കൂടിനുമുമ്പില്‍ ഒരു നിശ്ചല പ്രതിമ പോലെ കാത്തുനിന്നു... ദിവസം മുഴുവനും...

ജാനിസ് ലൂസിയെ പാടെ അവഗണിക്കാന്‍ തുടങ്ങി... അവര്‍ക്കറിയാമായിരുയിന്നു, ഒരു ചെറിയ സൂചന പോലും ചിമ്പാന്‍സിയിലെക്കുള്ള അവളുടെ യാത്രയുടെ ദൂരം കൂട്ടുമെന്ന്; എപ്പോഴെങ്കിലും ലൂസിയെ ഒന്നു നോക്കിയാല്‍ "എന്‍റെ മനസ്സു വേദനിക്കുന്നു" എന്ന് അവള്‍ ആംഗ്യം കാട്ടും...

ഒന്നും കഴിയ്ക്കാതെ ലൂസി മെലിഞ്ഞു മെലിഞ്ഞു വന്നു. എന്തെങ്കിലും കഴിപ്പിയ്ക്കാന്‍ ജാനിസ് ആവുന്നത്ര ശ്രമിച്ചു. തമ്മില്‍ വാക്കുതര്‍ക്കമായി... നമുക്കു സങ്കല്‍പ്പിക്കാന്‍ പോലും ആവാത്ത കാര്യങ്ങള്‍ ജാനിസ് ചെയ്തു. അവര്‍ ഉറുമ്പുകളെയും, ചെടിച്ചില്ലകളില്‍ പറ്റിപ്പിടിച്ച പുഴുക്കളെപ്പോലും തിന്നാന്‍ തുടങ്ങി. ലൂസി കണ്ടു പഠിക്കാന്‍... എന്നിട്ടും....

ലൂസി പട്ടിണി കിടന്നു മരിക്കുമെന്നു തോന്നിയ സന്ദര്‍ഭം ആയിരുന്നു അത്. എങ്കിലും ജാനിസ് വര്‍ഷങ്ങളോളം പിടിച്ചു നിന്നു. ഇടയ്ക്കു വല്ലപ്പോഴും ജാനിസ് ആഹാരം ലൂസിയ്ക്ക് പങ്കു വച്ചു... ലൂസിയുടെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി മാത്രം...


പിന്നെ....
അന്നൊരു വൈകുന്നേരം... വികാരസമരത്താല്‍ ഒരുപാടു നീണ്ട ആ ദിനത്തിന്റെ അവസാനം ജാനിസും ലൂസിയും കാടിന്റെ പച്ചപ്പില്‍ നടക്കാന്‍ പോയി... മനസ്സിനിറ്റു തണുവു തേടി...

വഴിയിലെ കുത്തിറക്കം... ചടുലമായ കാല്‍വെപ്പുകള്‍ തെറ്റി കൂട്ടിമുട്ടി അവര്‍ ഒരുമിച്ചു നിലംപതിച്ചു...

എഴുന്നേറ്റപ്പോള്‍...

തികച്ചും ആകസ്മികമായി ലൂസി ഒരു ഇല പൊട്ടിച്ചു ജാനിസിന് നല്‍കി. ജാനിസ് പകച്ചു പോയി... പെട്ടെന്ന് ജാനിസ് അത് തിരിച്ചു കൊടുത്തു. അത്ഭുതമെന്നു പറയട്ടെ, ലൂസി അതു വാങ്ങി കഴിച്ചു. എത്രയോ നാള്‍ ജാനിസ് ആഗ്രഹിച്ചത് അങ്ങനെ ആ മാസ്മരിക നിമിഷത്തില്‍ സാധ്യമായി.

അതൊരു നിര്‍ണ്ണായക നിമിഷമായിരുന്നു... ലൂസി സ്വന്തം കാലില്‍ നില്ക്കാന്‍ തീരുമാനിച്ചുറച്ച പോലെ. പതിയെപ്പതിയെ അവള്‍ സ്വന്തമായി ജീവിക്കാന്‍ തുടങ്ങി.

ഒരുപാടു വൈകിയില്ല. ജാനിസ് അവിടം വിട്ടു പോയി.


എന്നും, ലൂസിയുടെ മേല്‍ ജാനിസിന്റെ കണ്ണുണ്ടായിരുന്നു. അവര്‍ ഗാംബിയ നദിയില്‍ ബോട്ടു സഞ്ചാരം നടത്തി ലൂസിയെ ഇടയ്ക്കിടെ നിരീക്ഷിച്ചു കൊണ്ടിരുന്നു. പിന്നെ, ഒരു വര്‍ഷത്തേയ്ക്ക് ജാനിസ് ആ ദ്വീപില്‍ കാലു കുത്തിയില്ല.

ഒടുവില്‍... ഒരു ദിവസം ജാനിസ് ലൂസിയെ സന്ദര്‍ശിക്കാന്‍ പോയി. ബോട്ട് കരയ്ക്കടുപ്പിച്ചു അവര്‍ ചിമ്പാന്‍സികളുടെ അടുത്തേയ്ക്ക് ചെന്നു... ലൂസിയ്ക്ക് ഇഷ്ടമുള്ള മുഖക്കണ്ണാടിയും, ഡ്രായിംഗ് ബുക്കും അവര്‍ കരുതിയിരുന്നു.

ലൂസി തന്റെ സമ്മാനങ്ങള്‍ തൊട്ടു നോക്കി. കണ്ണാടിയില്‍ നോക്കി... കൈകൊണ്ടു അതില്‍ കോറി വരച്ചു...

പെട്ടെന്ന്, അവള്‍ ജാനിസിനെ മാറോടടക്കി അതിഗാഢമായി പുണര്‍ന്നു... കൈകള്‍ ചുറ്റി വരിഞ്ഞു, മുറുക്കി, ശ്വാസം മുട്ടിക്കുന്ന തരത്തില്‍...

ജാനിസ് കരയാന്‍ തുടങ്ങി...

ലൂസി സമ്മാനങ്ങള്‍ ഒന്നും എടുത്തില്ല. അവള്‍ നിശ്ശബ്ദം പറയുകയായിരുന്നു "എല്ലാം ശരിയായി, നന്ദി... ഇതൊന്നും വേണ്ട, ഇപ്പോള്‍ ഞാന്‍ ചിമ്പാന്‍സിയാണ്".

ലൂസി പയ്യെ തിരിഞ്ഞു നടന്നു... തിരിഞ്ഞു നോക്കാതെ....

ഒരു വര്‍ഷത്തിനു ശേഷം ജാനിസ് പിന്നെയും ലൂസിയെ കാണാന്‍ പോയി. പക്ഷെ അതി ദാരുണമായ ഒരു കാഴ്ചയാണ് അവര്‍ക്ക് കാണാന്‍ കഴിഞ്ഞത്... ലൂസിയെ വനം കൊള്ളക്കാര്‍ കൊന്നു തൊലിയുരിച്ചു കൊണ്ടു പോയിരുന്നു, എല്ലിന്‍ കഷണങ്ങള്‍ മാത്രം ബാക്കി വച്ച്. മനുഷ്യരെ കാണുമ്പോള്‍ മറയില്ലാതെ ഇടപെടുന്ന ലൂസിയുടെ സ്വഭാവം ഏതോ ദ്രോഹികള്‍ മുതലെടുത്തതാവണം...



കടപ്പാട്: Lucy@RadioLab.ORG

2010/10/16

പിറന്നാള്‍

ഇന്നു 2010 ഒക്ടോബര്‍ 16

"ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരോ കഥ വന്നപോലെ പോം
തിരയുന്നിഹ തന്തുവേതിനോ
തിരിയാ പോസ്റ്റുരഹസ്യമാര്‍ക്കുമേ
",

എന്നു പറഞ്ഞപോലെ തട്ടിയും മുട്ടിയും ഞാനും ഒരു വര്‍ഷം കടന്നു. ങാ, പോകുന്നിടത്തോളം പോകട്ടെ... അല്ലേ?

ബൂലോകത്തില്‍ ഒരുപാടു പേരെ പരിചയപ്പെടാനും അവരുടെ രചനകള്‍ വായിക്കാനും ഇതിനിടയ്ക്ക് കഴിഞ്ഞു. അതൊരു വലിയ കാര്യമായി കരുതുന്നു.

പോസ്റ്റുകള്‍ വായിച്ച എല്ലാവര്‍ക്കും എന്‍റെ നന്ദി. പ്രത്യേകിച്ചും, കമന്റുകള്‍ ഇടാന്‍ വിലപ്പെട്ട സമയത്തിന്റെ ഒരംശം നീക്കിവച്ച എല്ലാവര്‍ക്കും!

2010 കമന്റുവെല്‍ത്ത് ഗെയിംസില്‍ ഹൈജമ്പില്‍ റെക്കാര്‍ഡോടെ വായാടി സ്വര്‍ണ്ണമെഡല്‍ നേടി (സോറി - പ്രസിഡന്റിന്റെ കൈയ്യില്‍ നിന്നും സ്വര്‍ണകലം വാങ്ങിത്തരാനൊള്ള പിടിപാടൊന്നും എനിക്കില്ല...)

വെള്ളി പീഡിയ്ക്കും,
വെങ്കലം മൂരാച്ചിയ്ക്കും.

എല്ലാവര്‍ക്കും റൊമ്പ നന്‍‌റി! നമസ്കാരം...

Courtesy: http//www.dailyclipart.net

പിന്‍കുറിപ്പ്‌

It is proven that the celebration of birthdays is healthy. Statistics show that those people who celebrate the most birthdays become the oldest!”, S. den Hartog, Ph D. Thesis, Universtity of Groningen


മെഡല്‍ നില
  1. Vayady (55)
  2. Pd (37)
  3. മൂരാച്ചി (33)
  4. പട്ടേപ്പാടം റാംജി (22)
  5. ഹംസ (21)
  6. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. (20)
  7. jayarajmurukkumpuzha (16)
  8. nunachi sundari (15)
  9. Renjith (15)
  10. SULFI (13)
  11. കൂതറHashim (13)
  12. ജീവി കരിവെള്ളൂര്‍ (13)
  13. ശ്രീ (13)
  14. സഖി (13)
  15. Akbar (11)
  16. maithreyi (11)
  17. ശ്രീനാഥന്‍ (11)
  18. Radhika Nair (10)
  19. എറക്കാടൻ / Erakkadan (10)
  20. ഒരു നുറുങ്ങ് (10)
  21. റ്റോംസ് കോനുമഠം (10)
  22. chithrangada (9)
  23. jayanEvoor (9)
  24. Kanchi (9)
  25. jyo (8)
  26. അലി (8)
  27. എന്‍.ബി.സുരേഷ് (8)
  28. ഒഴാക്കന്‍. (8)
  29. ഗീത (8)
  30. വരയും വരിയും : സിബു നൂറനാട് (8)
  31. സിനു (8)
  32. Abdul Jishad (7)
  33. pinky (7)
  34. Venugopal G (7)
  35. തെച്ചിക്കോടന്‍ (7)
  36. വിനയന്‍ (7)
  37. Abdulkader kodungallur (6)
  38. Pottichiri Paramu (6)
  39. അളിയന്‍ = Alien (6)
  40. ഉമേഷ്‌ പിലിക്കൊട് (6)
  41. വെള്ളത്തിലാശാന്‍ (6)
  42. ഹാപ്പി ബാച്ചിലേഴ്സ് (6)
  43. Kalavallabhan (5)
  44. mini//മിനി (5)
  45. Rare Rose (5)
  46. സ്മിത മീനാക്ഷി (5)
  47. lekshmi. lachu (4)
  48. siya (4)
  49. ആദില (4)
  50. ഏകതാര (4)
  51. കുട്ടൂസ് (4)
  52. വിമൽ (4)
  53. ente lokam (3)
  54. HTnut (3)
  55. krishnakumar513 (3)
  56. Naushu (3)
  57. ഉപാസന || Upasana (3)
  58. കുട്ടന്‍ (3)
  59. കുമാരന്‍ | kumaran (3)
  60. കെട്ടുങ്ങല്‍ KettUngaL (3)
  61. ചാണ്ടിക്കുഞ്ഞ് (3)
  62. ഹേമാംബിക (3)
  63. »¦മുഖ്‌താര്‍¦udarampoyil¦« (2)
  64. Anoop (2)
  65. cALviN::കാല്‍‌വിന്‍ (2)
  66. Captain Haddock (2)
  67. Echmukutty (2)
  68. Manoraj (2)
  69. nikhimenon (2)
  70. Nileenam (2)
  71. pournami (2)
  72. Thommy (2)
  73. അക്ഷരം (2)
  74. ആയിരത്തിയൊന്നാംരാവ് (2)
  75. ഇസ്മായില്‍ കുറുമ്പടി ( തണല്‍) (2)
  76. നിരക്ഷരന്‍ (2)
  77. ഭായി (2)
  78. മാറുന്ന മലയാളി (2)
  79. രവി (2)
  80. രാജേഷ്‌ ആര്‍. വര്‍മ്മ (2)
  81. സലാഹ് (2)
  82. സിദ്ധീക്ക് തൊഴിയൂര്‍ (2)
  83. (കൊലുസ്) (1)
  84. (റെഫി: ReffY) (1)
  85. A Medical Student (1)
  86. aathman / ആത്മന്‍ (1)
  87. Dr. Indhumenon (1)
  88. Dr. V. S. Ampadi (1)
  89. Eapen Kuruvilla (1)
  90. Geetha (1)
  91. Mahesh | മഹേഷ്‌ ™ (1)
  92. Midhin Mohan (1)
  93. MyDreams (1)
  94. Naseef U Areacode (1)
  95. NISHAM ABDULMANAF (1)
  96. Ranjith chemmad (1)
  97. Raveena Raveendran (1)
  98. Readers Dais (1)
  99. Sabu M H (1)
  100. SAMAD IRUMBUZHI (1)
  101. Sapna Anu B.George (1)
  102. SERIN / വികാരിയച്ചൻ (1)
  103. shajiqatar (1)
  104. Sukanya (1)
  105. അന്വേഷകന്‍ (1)
  106. അപ്പു (1)
  107. അബ്ദുണ്ണി (1)
  108. അമ്മ മലയാളം സാഹിത്യ മാസിക (1)
  109. ആളവന്‍താന്‍ (1)
  110. ഇളനീര്‍മഴ (1)
  111. ഉറുമ്പ്‌ /ANT (1)
  112. ഉഷശ്രീ (കിലുക്കാംപെട്ടി) (1)
  113. എ.ആർ രാഹുൽ (1)
  114. ഒരു യാത്രികന്‍ (1)
  115. കണ്ണൂരാന്‍ / Kannooraan (1)
  116. കാട്ടിപ്പരുത്തി (1)
  117. കാണാമറയത്ത് (1)
  118. കാഴ്ചകൾ (1)
  119. കൊള്ളക്കാരന്‍ (1)
  120. ചെറുവാടി (1)
  121. നൗഷാദ് അകമ്പാടം (1)
  122. നിയ ജിഷാദ് (1)
  123. നിരാശകാമുകന്‍ (1)
  124. പ്രദീപ്‌ പേരശ്ശന്നൂര്‍ (1)
  125. പുള്ളിപ്പുലി (1)
  126. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ (1)
  127. ബോബന്‍ (1)
  128. മനസ്സ്‌ (1)
  129. മാഷ് (1)
  130. മുരളിക... (1)
  131. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ (1)
  132. മൈലാഞ്ചി (1)
  133. വശംവദൻ (1)
  134. ശില്പാ മേനോന്‍ (1)
  135. സുനിൽ കൃഷ്ണൻ(Sunil Krishnan) (1)
  136. സുശീല്‍ കുമാര്‍ പി പി (1)

2010/10/10

ഓടക്കുഴല്‍ വാദ്യം

Courtesy: Wikimedia.org
മൊഞ്ചായ്ക്കരത്താല്‍ തഴുകിത്തലോടി-
ച്ചെഞ്ചുണ്ടു തൊട്ടൂ, മുകരുന്ന നേരം
കൊഞ്ചിച്ച നാദ, ക്കുഴലിന്‍നിവേദ്യം
പഞ്ചാമൃതത്തി, ന്മധുരപ്രസാദം

        കണ്ടീടുകേമം സുരഗംഗമദ്ധ്യേ
        തണ്ടാംകടക്കോല്‍ തിരിയുന്ന കാലം
        ഉണ്ടായതാംനല്‍ നവനീത ഗീതം
        ഇണ്ടല്‍വിരാമം സുഖദപ്രവാഹം


തോയംതുളുമ്പും നിറമാരിവര്‍ഷം
പെയ്യുന്നനംഗം നിറയുന്നു സര്‍വം
മായംകുറഞ്ഞാ മഴവില്ലു ചേലായ്
മേയും മനസ്സില്‍ മുരളീനിനാദം

        മഞ്ഞക്കടമ്പി, ന്മുടിനാരു തോറും
        മഞ്ഞിറ്റുവീഴ്ത്തീ, മധുരാനുരാഗം
        മഞ്ജീരനാദം സുമസാര വൃന്ദം
        നെഞ്ഞിന്റെയുള്ളില്‍ നിറദീപ്തരാഗം


ആസ്യംവിലാസം നടനസ്യ ലാസ്യം
വാസന്തപൂവിന്‍ മധുമന്ദഹാസം
വീശിക്കുളിര്‍ന്നൂ നയനാഭിരാമം
പാശംവെടിഞ്ഞൂ ഹൃദയപ്രയാണം

        കണ്‍കോണിലൂറും പ്രണയാര്‍ദ്രഭാവം
        വെണ്ണീറു ചൂഴുന്നഴലിന്‍പ്രരോദം
        വിണ്‍കൊണ്ടദൃശ്യ പ്രണതപ്രഭാവം
        എണ്ണീടലാമോ സരസപ്രപഞ്ചം


നീലാംബരത്തില്‍ മതിചന്ദ്രബിംബം
ചേലും നിലാവായൊഴുകും സരസ്സില്‍
ആലസ്യമില്ലാ മിഴിയെത്തുറന്നൂ
നീലാമ്പലെല്ലാം നിറയുന്നപോലേ

        നേരൊത്തപൈമ്പാല്‍ നുരയും സുഗീതം
        പാരംശ്രവിപ്പൂ അനുവാചജാലം
        കോരിത്തരിച്ചെ, ന്മനവും സമുഗ്ദ്ധം
        പാരില്‍പ്രസീദ, പ്പരമാര്‍ത്ഥ സിദ്ധേ




വൃത്തം - ഇന്ദ്രവജ്ര.
പ്രചോദനം - ശ്രീനാഥന്റെ കവിത അറിയാതെ പോകുന്ന ക്യാമ്പസ് വായിച്ചപ്പോള്‍ ചതുരക്കവിത മുനയൊടിച്ചു വൃത്തത്തിലാക്കാന്‍ തോന്നി.

2010/09/08

നഷ്ടപ്രണയം

മാനത്തെ നീലക്കയത്തില്‍
പതഞ്ഞു തുളുമ്പിയ നിലാവ്
കുളുര്‍ ചന്ദനത്തൊടുകുറിയും
നക്ഷത്രക്കടുക്കനുമിട്ടു

നിശാഗന്ധിയുടെ മണം പേറി
ചില്ലകളില്‍ തപ്പിത്തടഞ്ഞു
പ്രണയാതുരനായി
വിഹ്വലചിത്തനായി
അവളെ കാത്തുനിന്നിരുന്നു

അവളറിയാതെ
നിലാവിന്റെ നിറവും
മൃദുത്വവും പൂത്തുലഞ്ഞ
തരള മേനി ഉരുവിട്ട്
അവന്‍ നിഴലുകൊണ്ട്
പടം വരച്ചു

മയ്യെഴുതിയ നീളന്‍ കണ്ണുകളുടെ
ആഴങ്ങളില്‍ മുങ്ങിത്താണ്
എള്ളിന്റെ നിറവും മണവുമുള്ള
മുടിത്തിളക്കത്തില്‍ മയങ്ങിയ
അവന്‍...
ചെഞ്ചുണ്ടിലെ
പുഞ്ചിരി മുത്തുകള്‍
നെഞ്ചിന്‍ കൂടില്‍
താഴിട്ടു സൂക്ഷിച്ചു

പതിഞ്ഞ പ്രകൃതമുള്ള നിലാവിനെ
അവള്‍ പ്രണയിച്ചില്ല

അവള്‍ മഴയെ പ്രേമിച്ചിരുന്നു...
തുടിച്ചു തുള്ളുന്ന മഴയെ

കരിനീല മേഘങ്ങള്‍ കുടഞ്ഞു
വെള്ളം തെറിപ്പിച്ചു കുസൃതി കാട്ടി
മരങ്ങളില്‍ കിങ്ങിണി കെട്ടി
താളത്തില്‍ പാടി അവളെ രസിപ്പിച്ചു

ഇടയ്ക്കു ചൊടിച്ചു കയര്‍ത്തും
പിന്നെ കാറ്റിന്‍റെ ഊഞ്ഞാലാടിയും
പുരപ്പുറത്തു നിന്ന് അഭ്യാസം കാട്ടിയും
മഴ അവളെ ത്രസിപ്പിച്ചു

ഒടുവില്‍, അവളുടെ മുടിയിഴകളില്‍ മഴ അരിച്ചിറങ്ങി
മുഖത്തു കുങ്കുമം പടര്‍ന്നൊഴുകി
അവളുടെ വിടര്‍ന്ന കണ്ണുകള്‍ കൂമ്പിമയങ്ങി
കവിളില്‍
അധരങ്ങളില്‍
രോമകൂപങ്ങളില്‍
മഴ ഇറ്റിറ്റു വീണു

മഴയുടെ ശമനതാളത്തില്‍ അവള്‍ അലിഞ്ഞുറങ്ങിയില്ലാതെയായി

അന്ന്...അന്നൊരു അമാവാസിയായിരുന്നു...

2010/08/15

സ്ഥാന മുദ്ര

അങ്ങനെ നീലാകാശത്ത് സൂര്യന്‍ ജ്വലിച്ചു നിന്ന യെന്തൊരോ ഒരു ദിവസം ഞാനും കലാലയത്തിന്റെ തിരുമുറ്റത്ത്‌ വാമപദമൂന്നി. ഒരു പോക്കുവരത്തുകാരനായി ജീവിതം തുടങ്ങി.

തത്വത്തില്‍ ഒരു വിനോദ സഞ്ചാരലാവണവും എന്നാല്‍ മെന്‍സ്ഹോസ്റ്റല്‍ എന്ന് അറിയപ്പെടുന്നതുമായ ഒരു അധോലോകകേന്ദ്രമുണ്ടായിരുന്നു. അതില്‍ അംഗത്വമുള്ള ഒരു അധിനിവേശസംഘമായിരുന്നു ക്ലാസ്സിന്റെ ഗതിവിഗതികള്‍ നിയന്ത്രിച്ചിരുന്നത്. ആ പ്രമാണിവര്‍ഗ്ഗത്തിന്റെ കീഴില്‍ ഞങ്ങള്‍ പോക്കുവരത്തുകാര്‍ക്ക് തങ്ങളുടെ വിപ്ലവം ലക്‌ഷ്യം കാണുമെന്നു യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു.

എന്നെപ്പോലെ മാന്യന്മാരായ ചില പോക്കുവരത്തുകാര്‍ തെരേജ പെറ്റ ഇലക്ട്രിക്കല്‍ പൊത്തകം പോലെ ആര്‍ക്കും വേണ്ടാതെ ഒരു കോണില്‍ നിശബ്ദരായി പൊടി പിടിച്ചങ്ങനെ കിടന്നു. തന്നേമല്ല, മുന്തിയ അരസികനും, മുഴുത്ത അന്തര്‍മുഖനുമായ ഞാനാകട്ടെ, സര്‍വരാലും ത്യജിക്കപ്പെട്ടു, നാരീജനങ്ങളുടെ അവഗണനയും ജുഗുപ്സദൃഷ്ടിയുമേറ്റു, ആള്‍ബലമില്ലാതെ അങ്ങനെയൊക്കെ അങ്ങ് കഴിഞ്ഞുപോന്നു. എന്റെ കാര്യം പറഞ്ഞാല്‍ സാക്ഷാല്‍ ഗോപീവസ്ത്രചോരന്റെ നേര്‍ വിപരീതം പോലെയായിരുന്നു, ഒരു ഹനുമാന്‍ ലൈന്‍...

അങ്ങനെയിരിക്കെ ഹോസ്റ്റലന്മാരുടെ അസമത്വസമീപനത്തില്‍ മനംനൊന്ത്‌ മനസ്സുകൊണ്ട് പോക്കുവരുത്തനായി പരിവര്‍ത്തനം ചെയ്യപ്പെട്ട ഒരു മര്യാദരാമനെ കൂട്ടിനു കിട്ടി. അവന്റെ പേരു പാഞ്ചാലന്‍. അങ്ങനെ ഞങ്ങള്‍ അടയും ചക്കരയും ആയി കൂട്ടുകൂടി.

ഞങ്ങടെ പാഞ്ചാല-ഹനൂമദ് സംവാദത്തില്‍ നിന്നു ഒരേട്‌ ഇവിടെ ചീന്തുന്നു.

പാഞ്ചാലന്‍: "അളിയാ, എവന്മാരൊക്കെ ഭയങ്കര വൃത്തികെട്ടവന്മാരാ"
"എന്തു പറ്റിയെഡേ?"
"അതിപ്പം..."
"എന്തുവാ?... നീ പറ"
"എന്നാലും..."
"കൊഴപ്പമില്ലെന്നെ, ഞാനാരോടും പറയത്തില്ല"

അങ്ങനെ നിര്‍ബന്ധിച്ചപ്പോള്‍ പാഞ്ചാലന്‍ മനസ്സിന്റെ കെട്ടഴിച്ചിട്ടു... അതിപ്രകാരമായിരുന്നു.

"ഞാനങ്ങനെ മുറിയില്‍ ഇരുന്നു ഇലക്റ്റീവ് സബ്ജക്റ്റായ ഒരു ഹ്രസ്വപുസ്തകം വായിച്ചു രസിക്കുകയായിരുന്നു. അപ്പൊ വാതില്‍ തള്ളിത്തുറന്നു നമ്മടെ സീനിയര്‍ ദുര്‍ന്നിവാസന്‍ റൂമിലേക്ക്‌ ഗഡന്നു വന്നു.

സമ്പ്രദായപ്രകാരം പ്രഥമ ദൃഷ്ട്യാ തന്നെ ഗുപ്തകേശം, പിതൃശൂന്യന്‍, ശുനകന്‍, ശ്വാനസുതന്‍, യാചകന്‍, കൊലമര ആരോഹക സന്താനം എന്നിങ്ങനെ ചില ഉത്കൃഷ്ട സംബോധനകള്‍ (ചില പ്രാദേശിക വ്യതിയാനങ്ങളോടെ) കൊണ്ടു എന്നെ ആദരിച്ചു. അതുകേട്ടു പുളകിതഗാത്രനായ ഞാന്‍ മൗനിയായി വര്‍ത്തിച്ചു
" പാഞ്ചാലന്‍ പറഞ്ഞു.

"എന്നിട്ടു?", ഞാന്‍ ഉത്സുകനായി...

ദുര്‍ന്നിവാസന്‍ അരുളിച്ചെയ്തു "ഭവാന്‍, ജനാലയില്‍ക്കൂടി പുറത്തേയ്ക്ക് ഒന്നു കണ്ണോടിച്ചാലും. പുഷ്പങ്ങള്‍ വാടിക്കരിഞ്ഞിരിക്കുന്നു"
"അതിനു?"
"പരിസ്ഥിതി സംരക്ഷിക്കണം"
"എങ്ങനെ?"
"ഭൂമീദേവിയെ പുഷ്പിണിയാക്കണം"
"...?"
"ഭ്ഭാ!, നോക്കി നിക്കാതെ തറേലോട്ടിറങ്ങി പുഷ് അപ്പ്‌സ് ചെയ്യടാ ശൂന്യമഗനേ..."

ഞെട്ടിപ്പോയ പാഞ്ചാലന്‍ ധടപടേന്നു പുഷ് അപ്പ്സ് ചെയ്തു തീര്‍ത്തു. സന്തോ...ഷമായി.

അടുത്ത കലാപരിപാടി ഒരു അപൂര്‍വ രാഗാലാപം.

"നിന്റെ ചന്ത്യോള രാഗവിസ്താരം ഒന്നു കാണട്ടെ. നീ ഓരോരോ സ്വരങ്ങളായി അവരോഹണം ചെയ്യൂ..."

നിവൃത്തിയില്ലാതെ പഞ്ചാലന്‍ തന്റെ ഫസ്റ്റ് പേപ്പറുകള്‍ അഴിച്ചുമാറ്റി. സെക്കന്റ്‌ പേപ്പറില്‍ തൊടാതെ പരിഭ്രമിച്ചു നിന്നു.

ദുര്‍ന്നിവാസഗുരു സംഗതികള്‍ കാട്ടിക്കൊടുത്തു, "ശുദ്ധചന്ത്യോള രാഗത്തില്‍ എന്തിനീ ഷഡ്ജം?"

പഞ്ചാലനുമില്ലേ അന്തസ്സും ആഭിജാത്യവും? അവന്‍ ഷഡ്ജം പാടിയില്ല.

ക്രുദ്ധമാനസനായി ദുര്‍ന്നിവാസന്‍ പോയി. അതേ സ്പീഡില്‍ തിരിച്ചു വന്നു. കൂടെ അതിഖരത്തില്‍ ആക്രോശിച്ചു ഘടാഘടിയന്മാരായ കുറെ ദുര്‍ന്നിവാസന്‍ ക്ലോണ്‍സും...

ഒടുവില്‍ ലജ്ജ അനാവൃതമായ പാഞ്ചാലന്‍ ശിരസ്സ് താഴ്ത്തി നിന്നു. ഈ കഥയില്‍ കിഷന്‍ വന്നതുമില്ല ഡ്യൂപ്ലിക്കേറ്റ്‌ ഷഡ്ജം കൊടുത്തതുമില്ല.

ചെറുത്തു നില്‍പ്പില്‍ അസംതൃപ്തരായ സീനിയര്‍വൃന്ദം വിധിച്ചു...

"നിന്റെ ആസനദ്വയം ബ്ലൂപ്രിന്റില്‍ ആവിഷ്ക്കാരം ചെയ്യൂ"

ഒരു കസേരയില്‍ നീല മഷി പുരട്ടി പാഞ്ചാലനെ ഉപവിഷ്ടനാക്കി. പിന്നെ ഒരു ഡ്രായിംഗ് പേപ്പറില്‍ ഇരുത്തി പൃഷ്ഠോക്കോപ്പി എടുത്തു.

"ഈ പൃഷ്ഠോക്കോപ്പി ഫ്ലോറിലുള്ള എല്ലാ സീനിയേര്‍സിനെയും കാണിച്ചു തൃക്കൈവിളയാടിച്ചു കൊണ്ടുവരൂ", ഉദ്ഘോഷിച്ചു സംഘം അനാഗതരായി.

പാവം പാഞ്ചാലന്‍... പൃഷ്ഠത്തിന്റെ ഫോട്ടോസ്റ്റാറ്റ് റൂം റൂമാന്തിരം സാക്ഷ്യപ്പെടുത്താന്‍ കൊണ്ടുപോയി.

പക്ഷെ, കണ്ടു ബോധ്യം വന്നാലെ അപ്പീസര്‍മാര്‍ ഒപ്പിടൂ...

ഒറിജിനല്‍ കാണിക്കാന്‍ ആവശ്യപ്പെട്ടു. വീണ്ടും പയ്യന്‍ ചന്ത്യോള രാഗം പാടി.

സൈന്‍ കിട്ടി. ഇനി അടുത്ത സെക്ഷനിലേക്ക്, വീണ്ടും ഒറിജിനല്‍ കാണിച്ചു, ഒപ്പിച്ചു.

അങ്ങനെ പാഞ്ചാലന്‍ ആ ഷീറ്റ് മുഴുവന്‍ ഒപ്പ് വാങ്ങിക്കൂട്ടി ഗിന്നസ് ബുക്കില്‍ കയറി.

കഥ മുഴുമിച്ച് പാഞ്ചാലന്‍ നിസ്സംഗതയോടെ ഇരുന്നു. ഒരു നിമിഷം ഞാന്‍ ആ കണ്ണുകളിലേക്കു നോക്കിയിരുന്നു. പിന്നെ വളരെ മൃദുവായി മൊഴിഞ്ഞു.

"ആ ഷീറ്റ് ഒണ്ടോ?"

പെണ്ണുകാണാന്‍ വന്നവനു ചായ കൊടുക്കുന്നവളുടെ നാണത്തോടെ പാഞ്ചാലന്‍ അതു മെല്ലെ വച്ച് നീട്ടി.

ഒരു പ്രൂഫും ചോദിക്കാതെ ഞാന്‍ അതു സൈന്‍ ചെയ്തു തിരികെ കൊടുത്തു. 'ദ്ദാണ് സുഹൃത്ബന്ധം...

വിശ്വാസം അതല്ലേ എല്ലാം?...

2010/08/04

ശിവരാമന്‍ പറയാതിരുന്നത്

അങ്ങേലെ ശിവരാമന്റെ വീട്ടിലൊരു കാറു വന്നല്ലോ, അവന്‍ ആസ്സാമീന്നു വന്നോ എന്തോ?" എന്ന് കേട്ടാണ് രമേഷ് രാവിലെ കണ്ണ് തിരുമ്മിയത്‌.

വൃശ്ചികത്തിലെ നേരിയ അലസക്കുളിരില്‍ ഒളിക്കാന്‍ ഇനിയും നിവൃത്തിയില്ല. പുലരിച്ചൂടില്‍ തണുപ്പിന്റെ അവസാന ആശ്വാസവും പയ്യെ അലിഞ്ഞില്ലാതായി... ഏഴുനേല്‍ക്കുക തന്നെ, രക്ഷയില്ല...

അച്ഛനോടാണമ്മ ശിവരാമന്റെ കാര്യം പറഞ്ഞെന്നു തോന്നുന്നു. മറുപടിയൊന്നും കേട്ടില്ല, അമ്മ മറുപടി കാക്കാറുമില്ലല്ലോ.

ചടഞ്ഞെണീറ്റ് രമേഷ് പ്രഭാത കൃത്യങ്ങളില്‍ മുഴുകി. 8 മണി ആകുമ്പോഴേക്കും കോളേജില്‍ പോകാന്‍ ഇറങ്ങേണ്ടതല്ലേ.

പ്രഭാത സേവയുടെ ആദ്യ പടി മുറ്റത്തെ മുരടിച്ച മാവില്‍ ചാരി പല്ല് വെടിപ്പാക്കലാണ്. അതിനിടയ്ക്ക് വീട്ടിന്റെ മുന്നിലെ റോഡിലെ സഞ്ചാരം കാണുകയും ആവാം.
"എന്താ രമേശാ, രാവിലെ തന്നെ പല്ല് തേപ്പാണോ?" പേരറിയാത്ത പരിചയക്കാരന്‍ ലോഗ്യം ചോദിച്ചു. വെറുതെ ചിരിച്ചു, ഒന്നും പറഞ്ഞില്ല.

ഇപ്പോള്‍ ഏഴു മണിയായിക്കാണും. നടക്കുന്ന അലാറമാണ്‌ കറുത്ത കുറിയ ആ മനുഷ്യന്‍. വെയിലു കൊണ്ട് ചാര നിറമായ കാലന്‍കുട തലകീഴായി വലത്തേ തോളില്‍ ചേര്‍ത്ത്, പട്ടാളക്കാരന്റെ മാര്‍ച്ച്പാസ്റ്റ് പോലെയാണ് അയാളുടെ നടത്ത.

പ്രായം അത്രയ്ക്കങ്ങോട്ടയില്ലെന്നു തോന്നുന്നു, എന്നാലും വയസ്സന്റെ പോലെ... പ്രാരാബ്ധങ്ങള്‍ നിറം മായ്ച്ചതാവാനെ വഴിയുള്ളൂ. നരച്ച മുടിയും താടിയും. ചേടിയാപ്പീസില്‍ ആയിരിക്കും അയാള്‍ടെ ജോലി എന്ന് ഊഹിച്ചു. അടുത്ത് പോര്‍സെലൈന്‍ വസ്തുക്കള്‍ നിര്‍മ്മിക്കുന്ന കളിമണ്‍ ഫാക്ടറിയുണ്ട്. അതിന്റെ നാട്ടുപേരാണ് ചേടിയാപ്പീസ്.

രമേഷിന് അയാളെ കൂടുതല്‍ അറിയില്ല. അവന്‍ അല്ലേലും അങ്ങനെയാണ്, കടുത്ത അന്തര്‍മുഖന്‍... ആരോടും അടുക്കില്ല, കൂടിപ്പോയാല്‍ ഒരു നേര്‍ത്ത പുഞ്ചിരി, അത്രന്നെ.

അച്ഛന്‍ നാട്ടില്‍ പേരെടുത്ത അദ്ധ്യാപകന്‍, കര്‍ക്കശന്‍, പ്രഗത്ഭന്‍. "എത്ര നല്ല പയ്യന്‍!"നായിരിക്കുക എന്ന വല്യൊരു ഭാരം അച്ഛന്റെ മാന്യത അവന്റെ തോളിലേറ്റിയിട്ടുണ്ട്. തന്മൂലം രമേഷിന് എവിടെച്ചെന്നാലും ശ്വാസംമുട്ടലാണ്. വാക്കുകള്‍ അളന്നു കുറിച്ചേ പറയൂ. എന്തിലും മിതത്വം പാലിക്കും. ഒന്നും പ്രതികരിക്കത്തവന്‍ എല്ലാവര്‍ക്കും കുട്ടിയാണല്ലോ. കുട്ടികളെ നിലയ്ക്കു നിര്‍ത്തുന്ന അച്ഛന്റെ മകന്‍ അധികപ്രസംഗി എന്ന വിരോധാഭാസം ഉണ്ടാക്കാതെ രമേഷ് അതീവ മാന്യനായി ജീവിച്ചു പോന്നു.

വീടിനു തൊട്ടു മുന്നില്‍ ഒരു ചെമ്മണ്‍ പാതയാണ്. അത് കാരണം വല്യ പൊടി ശല്യമാണ്. തലേന്ന് ചെറുമഴ പൊടിഞ്ഞെന്നു തോന്നുന്നു. പൊടിപിടിച്ച ഇലകളില്‍ മഴത്തുള്ളികളുടെ ചൊറിപിടിച്ച വടുക്കള്‍ കാണാനുണ്ട്.

"എടാ, രമേശാ നിനക്കിന്നു കോളേജില്‍ പോണ്ടേ? ഇതുവരേം പല്ലു തേച്ചില്ലേ? ദാ, കാപ്പിയെടുത്തു വച്ചു..." അമ്മ ധൃതി വയ്ക്കുന്നു.
പല്ലുതേപ്പിനും വഴിക്കാഴ്ചകള്‍ക്കും വിരാമമിട്ടു രമേഷ് കുളിമുറിയിലേക്കോടി. ദാ എന്നൊരു കാക്കക്കുളിയും കുളിച്ചു തീന്മേശ മുമ്പിലെത്തി.


റെഡിയായി വഴിയിലേക്കിറങ്ങി. രണ്ടു മൂന്നു ഫര്‍‌ലോംഗ് നടക്കണം ബസ്സ് പിടിക്കാന്‍... പോന്ന വഴി ശിവേട്ടന്റെ വീട്ടിലേക്കു ഒന്ന് കണ്ണോടിച്ചു. പുറത്താരെയും കാണാനില്ല. ശിവേട്ടന്‍ പട്ടാളത്തിലാണ്. ഇപ്പൊ ആസാമില്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ ജവാനാണ്. രണ്ടു മാസം മുമ്പാണ് പുള്ളി നാട്ടില്‍ നിന്നും പോയത്. പിന്നെന്തേ ഈ വരവിന്റെ ഉദ്ദേശം? ആ, എന്തോ ആവട്ടെ...

ആ പരിസരത്ത് രമേഷിന് കുറച്ചെങ്കിലും അടുപ്പമുള്ള ആള് ശിവരാമന്‍ ആണ്. തിരിച്ചങ്ങോട്ടും. ശിവന് രമേഷിനെക്കള്‍ ഒരു ഏഴെട്ടു വയസ്സ് മൂപ്പ് കാണും. രമേഷിനെപ്പോലെ ആരോടും ഇടപെടാത്ത ഒരു മനുഷ്യന്‍... മുടി പറ്റെ വെട്ടി, മീശ കൃത്യമായി വെട്ടി നിര്‍ത്തി എപ്പോഴും വെടിപ്പായി വസ്ത്രം ധരിച്ചു നടക്കുന്ന ശിവേട്ടന്‍.

സമാന സ്വഭാവം ആയതു കൊണ്ടാവാം, അവര്‍ തമ്മില്‍ ഒരു മാനസിക അടുപ്പം ഉണ്ടായിരുന്നു. എന്നാലും കുശലം പറച്ചില്‍ മിക്കവാറും ഒരു പുഞ്ചിരിയിലോ, "എന്താ വിശേഷ"ത്തിലോ ഒതുങ്ങിക്കൂടി.

ശിവേട്ടന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ടു മൂന്നു കൊല്ലം ആയെന്നു തോന്നുന്നു. ഗിരിജേച്ചി തയ്യലും മറ്റുമായി കഴിഞ്ഞു കൂടുന്ന നല്ല അദ്ധ്വാനശീലയാണ്. അവര്‍ ഒരു സമയവും വെറുതെ ഇരിക്കുന്നത് കാണാറില്ല.

അമ്മ എല്ലാം തയ്പ്പിക്കുന്നത് ഗിരിജേച്ചിയെക്കൊണ്ടാണ്. തയ്യല്‍ അത്ര മെച്ചമൊന്നുമല്ല. എന്നാലും അവള്‍ക്കൊരു സഹായമാവുമെല്ലോ എന്നു അമ്മ പറയുന്നത് കേള്‍ക്കാം.

റോഡ്‌സൈഡില്‍ മെറ്റില്‍ ചീളുകള്‍ വരിയൊപ്പിച്ചു കൃത്യമായി കൂന കൂട്ടിയിരിക്കുന്നു. ഒരു തെരുവുപട്ടി മെറ്റില്‍ കൂനയുടെ ചരിവുപറ്റി വെയില്‍ കായുന്നുണ്ട്. പുതിയ ചില പരിഷ്കാരങ്ങള്‍...

ഏറെ നാളായുള്ള പരിദേവനങ്ങള്‍ക്ക് വിരാമായെന്ന് തോന്നുന്നു. റോഡ്‌പണി തുടങ്ങിയിട്ടുണ്ട്. കുറെ ടാര്‍ വീപ്പകള്‍ സൈഡില്‍ നിരത്തി വച്ചിരിക്കുന്നു. തലേന്ന് ഇട്ട ടാര്‍ പലടത്തും ഒലിച്ചിറങ്ങി കുമിളിച്ചു നില്‍പ്പുണ്ട്‌... പുരോഗതിയുടെ രക്തസാക്ഷിയായി ഒരു മണ്ണിര ടാറില്‍ ഒട്ടി പ്രാണ വെപ്രാളപ്പെടുന്നു.

അന്നും കോളേജു വിരസമായിരുന്നു.അന്നും വൈദ്യുത സര്‍ക്കീട്ടില്‍ ഇലക്ട്രോണ്‍സ് നിശ്ചയിച്ചുറപ്പിച്ച ദിശയില്‍ തന്നെ ഒഴുകി; കാന്തം ഫാരഡെ പ്രവചിച്ച ദിശയില്‍ തന്നെ തിരിഞ്ഞു. വിരസമായ തനിയാവര്‍ത്തനങ്ങള്‍...

നിഴലുകള്‍ ദിശ മാറിക്കളിച്ചു. പകല്‍ ഇഴഞ്ഞിഴഞ്ഞു കടലിലേക്ക്‌ വീഴാന്‍ തുടങ്ങുന്നു. വൈകുന്നേരത്തെ ബസ്സിറങ്ങി രമേഷ് വീട്ടിലേക്കു നടന്നു.


"രമേശാ, നീ ആ ശിവരാമനെ കണ്ടാര്ന്നോ?, അവനെന്തോ അസുഖം ആയിട്ടാണ് വന്നെന്നു പറേന്ന കേട്ടു", ചായ നീട്ടിയിട്ട് അമ്മ പറഞ്ഞു.
"ആണോ? ഞാന്‍ കണ്ടില്ല"
"അവിടെ പോയൊന്നു തിരക്കണ്ടേ?"
"ങാ, ഞാറാഴ്ച ആവട്ടെ"
"അതു മോശമല്ലേ? നിന്നോട് വല്ലപ്പോഴും വര്‍ത്താനം പറയുന്നോനല്ലേ... ഇത്രേം അടുത്ത് കെടന്നിട്ട്‌?, ഒന്നു പോയി തെരക്കു മോനെ..."
"ആ, ഇച്ചിരി കഴിയട്ടെ"

അമ്മയുടെ ശല്യം സഹിക്കാതായപ്പോള്‍ ശിവരാമനെ കാണാന്‍ പോയി...

ഉമ്മറത്ത് ഒരു കസേരയില്‍ ശിവേട്ടന്‍ ഇരിക്കുന്നുണ്ട്. താടി വളര്‍ന്നിരിക്കുന്നു. ചില വെള്ളിക്കമ്പികളും... അലക്ഷ്യമായ മുടിയും. ഇത് പതിവുള്ളതല്ലല്ലോ. കണ്ടിട്ട് ഒരു ഭാവഭേദവുമില്ല. എന്തോ പന്തികേടുണ്ട്.

"ശിവേട്ടന്‍ എപ്പ വന്നു?", രമേഷ് ലോഗ്യം പറഞ്ഞു.
"..." മറുപടിയില്ല.
"ങ്ഘും....." രമേഷ് ഒന്ന് മുരടനക്കി
ആളനക്കം കേട്ട് ഗിരിജേച്ചി വന്നു. "ങാ, രമേശോ, ഇരി..."

ഒരു നിമിഷത്തിന്റെ നിശബ്ദത....

ഗിരിജേച്ചി: "ശിവേട്ടന്‍ വന്നേപ്പിന്നെ ഇങ്ങന്യാ, ഒരു മിണ്ടാട്ടോവില്ല"
"എന്താ പറ്റ്യെ?"
"അറിഞ്ഞൂട, കായംകൊളത്തുകാരന്‍ ഒരു മമ്മദാണ് രാവ്‌ലെ കൂടെ വന്നെ. അയ്യാളു പറഞ്ഞെ, യുദ്ധം കണ്ടു പേടിച്ചെന്നാ, ദാ നോക്ക് കൊറേ ഗുളികേം ഡോക്ടറുടെ കുറിപ്പടീം"

ആ കുറിപ്പടി നോക്കി. എന്തെക്കെയോ എഴുതീട്ടുണ്ട്‌, കൂട്ടത്തില്‍ stress related എന്ന് കണ്ടു. കൂടുതലൊന്നും മനസ്സിലായില്ല.

നിശബ്ദത സൂചി മുനപോലെ തറഞ്ഞു കയറി. "... എന്നാ... ഞാമ്പോട്ടേ, രണ്ട'വസം കഴിഞ്ഞു ശര്യാവുമാരിക്കും"

പയ്യെപ്പയ്യെ... ചായക്കട വാസുവിന്റെ അധ്യക്ഷതയില്‍ ശിവരാമന്റെ തിരക്കഥ എഴുതിത്തുടങ്ങി...

"ശിവന് പണ്ടേ തോക്കു പേടിയാ. പോലീസില്‍ ചേരാന്‍ ഞങ്ങള്‍ ഒരുമിച്ചാ പോയെ. അന്നവന്‍ വിരണ്ടോടിയതാ... ഇവനെങ്ങനെ ഈ പട്ടാളത്തീച്ചേര്‍ന്നു?"
"തോക്ക് കൊണ്ട് വെടിവയ്ക്കാന്‍ പറഞ്ഞപ്പോള്‍ ശിവന്‍ ബോധം കെട്ടു വീണാര്‍ന്നിരിക്കും, ഹ ഹ..."
"ശിവരാമനു മുഴുത്ത പ്രാന്താന്നാ പറേന്നെ, ആര്‍ക്കറിയാം ഇനി ശരിയാവുമോന്നു"


മാസം ഒന്ന് കഴിഞ്ഞു. ശിവേട്ടന്റെ നിലയില്‍ വല്യ മാറ്റമൊന്നും കണ്ടില്ല. വല്ലപ്പോഴും ഒന്നോ രണ്ടോ വാക്കുകള്‍ പറയും. ഒന്നിനും മറുപടിയില്ല.

പിന്നൊരു ദിവസം... ഉച്ചയൂണു കഴിച്ചോണ്ടിരുന്ന ശിവേട്ടന്‍ ഗിരിജേച്ചിയോടു പൊടുന്നനെ പറഞ്ഞു...

"മീന്‍ കറിയ്ക്ക് നല്ല എരിവ് "

ഗിരിജേച്ചിയുടെ മുഖം അതിശയവും സന്തോഷവും കൊണ്ടു വിടര്‍ന്നു. "അയ്യോ, ഞാന്‍ അറിഞ്ഞില്ല... ഇനി നോക്കാം
"'ന്നാലും, രുചിയുണ്ട് "

കൂടുതല്‍ പഠിച്ചില്ലെങ്കിലും കാര്യവിവരം ഉള്ള ഒരു മനഃശാസ്ത്രജ്ഞ ആയിരുന്നു ഗിരിജേച്ചി. അടുത്ത മുടങ്ങാതെ അവര്‍ മീന്‍ വാങ്ങാന്‍ തുടങ്ങി. മീനിന്റെ പലവിധ കറികള്‍ ചെറിയ ചെറിയ സംസാരവിഷയങ്ങള്‍ ആയി. എങ്കിലും, അവരൊരിക്കലും തിരക്കു പിടിച്ചില്ല.

"ശിവേട്ടാ, നാളെ എന്തു മീനാ വാങ്ങണ്ടേ?"
"എന്തേലും, നിന്റിഷ്ടം പോലെ"
"എന്നാലും, കരിമീന്‍ വേണോ?"
"കൊള്ളാം"
"വറുത്തരയ്ക്കണോ?... പൊള്ളിക്കണോ?"

അങ്ങനെ ചെറിയ ചെറിയ വര്‍ത്തമാനങ്ങള്‍...

അന്നൊരു ദിവസം... ഗിരിജേച്ചി തയ്ച്ചു കൊണ്ടിരുന്നപ്പോളാണ്...

കസേരയില്‍ ചടഞ്ഞു കൂടിയിരുന്ന ശിവേട്ടന്‍ എണീറ്റിഴഞ്ഞു വേച്ചു രണ്ടുമൂന്നു ചുവടു നടന്നു... പിന്നെ, ഊണുമേശയുടെ വക്കില്‍ തട്ടി ധടപടാന്ന് താഴെ വീണു.

"എന്ത്വാ നിങ്ങളീ കാണിക്കുന്നേ? നേരെ ചൊവ്വേ നടക്കാതെ തപ്പിത്തടഞ്ഞു പോകും, മറിഞ്ഞു വീഴാനായിട്ട്... എല്ലാം കയ്യിലിരുപ്പാ... നന്നാവണമെന്ന് അവനോനൂടെ തോന്നണം... " പൊടുന്നനെ അവര്‍ക്ക് സഹാനുഭൂതിയല്ല തോന്നിയത്. ഉള്ളിലെ കനല്‍ രോഷമായി കത്തിപ്പടര്‍ന്നു...

ശിവേട്ടന്‍ ഒരു നിമിഷം നന്നേ പകച്ചു, പിന്നെ താനേ എഴുന്നേറ്റു. പതിയെ നടന്നു മുറിയുടെ പുറത്തേക്ക് പോയി. അന്നാദ്യമായി...

അതൊരു മാസ്മരികമായ തുടക്കമായിരുന്നു. ഒരു ഷോക്ക് ട്രീറ്റ്മെന്റ് കിട്ടിയ പോലെ ശിവേട്ടന്റെ മാറ്റം വേഗത്തിലായി. സംസാരത്തില്‍ പുരോഗതിയുണ്ടായി. പുറത്തേക്കിറങ്ങാന്‍ തുടങ്ങി.

അയാള്‍ടെ ദേഹത്തെ ബാധ താനേ ഒഴിഞ്ഞു പോയെന്നും, അല്ല ഏതോ മന്ത്രവാദി ഒഴിപ്പിച്ചെന്നും ജനസംസാരമുണ്ടായി. മാസം ഒന്ന് കഴിഞ്ഞു. ശിവേട്ടന്‍ പഴേ പടിയായി. എന്നാലും, തനിക്കെന്താണ്‌ പറ്റിയതെന്നു അയാള്‍ ഭാര്യയോടു പോലും പറഞ്ഞില്ല. അവരൊട്ടു ചോദിച്ചതുമില്ല.

പെട്ടെന്നൊരു നാള്‍ പിന്നെന്തിനാണ് ശിവേട്ടന്‍ വീടിന്റെ പുറകിലെ പുളിമരത്തില്‍ ആ രഹസ്യം കയറിന്റെ തുഞ്ചത്തു പരസ്യമായി തൂക്കിയിട്ടത്?

2010/07/05

ഒരു പേരിലെന്തിരിക്കുന്നു?


പിന്നേം കണ്‍ഫ്യൂഷന്‍. 

വഷളന്‍ ആയപ്പോള്‍ മാന്യന്‍ ആകണം. മാന്യന്‍ ആയപ്പോള്‍ വഷളന്‍ ആകണം. എന്നെക്കൊണ്ട് വയ്യ. ഞാന്‍ ഇപ്പൊ കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങ ആയി. നിങ്ങടെ ഇഷ്ടം പോലെ അങ്ങോട്ടോ ഇങ്ങോട്ടോ തള്ളിയിട്ടോളൂ. വഷളന്‍ വേണ്ടവര്‍ക്ക് വഷളന്‍, ജേക്കെയ്ക്കു ജേക്കെ.  പുതിയ പേരു വഷളന്‍ ജേക്കെ. ഹൊ, ഞാന്‍ എന്തൊരു ത്യാഗി!


മൂഷിക സ്ത്രീ അങ്ങനെ പിന്നേം മൂഷിക സ്ത്രീ. ഇതു ലാസ്റ്റ് ചേഞ്ച്‌, കേട്ടോ.


പിന്‍കുറിപ്പ്. ദീര്‍ഘദര്‍ശി മൈത്രേയിയുടെ കമന്റ് അറം പറ്റി.
ഒരു കേട്ടുകഥ- ഒരു പ്രൊഫസര്‍ കാതില്‍ കടുക്കനിട്ടു വരുമായിരുന്നു. കുട്ടികള്‍ സാറിനു "കുണ്ഡലന്‍" എന്നു പേരിട്ടു. ഇതറിഞ്ഞ സാര്‍ കടുക്കന്‍ ഊരി മാറ്റി. അപ്പോള്‍ കുട്ടികള്‍ "നകുണ്ഡലന്‍" എന്ന് പേരിട്ടു. എന്നാല്‍ പിന്നെ കമ്മലിട്ടു കളയാം എന്ന സാര്‍ വീണ്ടും കടുക്കനണിഞ്ഞു. അപ്പോള്‍ കുട്ടികള്‍ അദ്ദേഹത്തെ "പുനകുണ്ഡലന്‍" എന്നു വിളിച്ചു.:) :)


കൂട്ടരേ,

ഒരുപാടു സുഹൃത്തുക്കള്‍ വഷളന്‍ എന്ന പേരു മാറ്റണം എന്നു എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചിലര്‍ക്ക് ആ പേരു സംബോധന ചെയ്യാന്‍ മടി ആണെന്നു കമെന്റു മുഖേനയും കത്ത് മുഖേനയും പറഞ്ഞു.  വിളിച്ചു പഴകിയതു കൊണ്ടു ആദ്യം എനിയ്ക്കു സ്വല്പം മടിയായിരുന്നെങ്കിലും ഒടുവില്‍ മാറ്റാന്‍ തന്നെ തീരുമാനിച്ചു.

Better Now Than Later എന്നു തോന്നി...

അതുകൊണ്ട് ഞാന്‍ ഇന്നു മാമോദീസ മുക്കി 'ജേക്കെ' എന്ന പേരു സ്വീകരിച്ചു. എന്‍റെ ബ്ലോഗ്‌ അഡ്രസ്‌ http://jekeys.blogspot.com എന്നു മാറ്റി സ്ഥാപിക്കുകയും ചെയ്തു.

പിന്നെ പേരുമാറ്റം കൊണ്ടു എന്‍റെ പെരുമാറ്റത്തിന് യാതൊരു വ്യത്യാസവും ഉണ്ടായിരിക്കുന്നതല്ല.

ദയവായി സഹകരിക്കൂ..

സ്നേഹപൂര്‍വ്വം
ജേക്കെ എന്ന വഷളന്‍

2010/06/28

വിരക്തി

മടുത്തു...


എങ്കിലും നന്ദി... 

വ്യതിചലിപ്പിച്ച മടുപ്പിന്

സൂചന തന്ന തലവേദനയ്ക്ക്
നേര്‍വഴി നടത്തിയ കുഴച്ചിലിന്
ശരി ബോധിപ്പിച്ച പിഴയ്ക്ക്
സാധ്യത നിലനിര്‍ത്തിയ അനിശ്ചയത്തിന്
പ്രതീക്ഷ നല്‍കിയ പരാജയത്തിന്
സൗമ്യനാക്കിയ രോഷത്തിന്
ശമനം തോന്നിപ്പിച്ച ദണ്ണത്തിന്
പ്രയത്നിപ്പിച്ച അപൂര്‍ണ്ണതയ്ക്ക്
ശുചീകരിച്ച അഹംഭാവത്തിന്
ചിന്തിപ്പിച്ച എകാന്തതയ്ക്ക്

പിന്നെ... എഴുതിപ്പിക്കുന്ന നിങ്ങള്‍ക്ക്
ഒടുവില്‍ അതു സഹിക്കുന്നതിനും...

പരിണാമം കഴിഞ്ഞു. ഇനിയും സ്വല്പം വിശ്രമം...

വിശ്രമം കഴിഞ്ഞു ചാടിക്കയറണം കറങ്ങുന്ന ചക്രത്തിൽ‍...

പുനര്‍ജന്മമാവട്ടെ... മടുപ്പിനു തകിടെഴുതിക്കെട്ടണം

2010/06/13

ഒരു സ്നേഹിയുടെ വിളി


പ്രിയപ്പെട്ടവളെ, നീ എവിടെ?

ജലകണങ്ങള്‍ തൂകിത്തഴുകുമ്പോള്‍
അമ്മിഞ്ഞ കൊതിക്കുന്ന കുഞ്ഞുങ്ങളെപ്പോലെ
നിന്നെ നോക്കിയിരിക്കുന്ന
പൂക്കളുടെ കൊച്ചു പറുദീസയിലോ?

അതോ, പൂജാഗൃഹത്തിലെ
നിന്റെ നന്മ പ്രതിഷ്ഠിച്ച ശ്രീകോവിലില്‍
ഞാന്‍ ഹൃദയവും ആത്മാവും ആഹൂതി ചെയ്ത
നിന്റെ തിരുസ്വരൂപത്തിലോ?

അതോ, നീ ദിവ്യമാം അറിവു നുകര്‍ന്നു
പുസ്തകക്കൂമ്പാരങ്ങളില്‍ പൂഴ്ന്നിരിക്കുന്നോ?

ന്റെ ആത്മചാരീ, എവിടെ നീ?

അമ്പലത്തിരുനടയില്‍  തപസ്സിരിക്കുന്നോ?
നിന്‍റെ  സ്വപ്നങ്ങളുടെ ശ്രായമായ
കഴനിയിലേക്കു പ്രകൃതിയെ വിളിച്ചിറക്കുന്നോ?

അതോ, ആത്മാവിന്റെ മധുരം പകര്‍ന്നു
തകര്‍ന്ന ഹൃദയമുറിവുകളുണക്കി
കൈകളില്‍ സമ്മാനങ്ങള്‍ നിറച്ചു
നീ പാവങ്ങളുടെ കുടിലിലിരിക്കുന്നോ?
 
നീ സര്‍വവ്യാപിയായ ജഗച്ചൈതന്യം
നീ കാലാതീതയായ ശക്തിസ്വരൂപിണി

നമ്മളാദ്യം കണ്ട നാള്‍ നിനക്കോര്‍മ്മയുണ്ടോ?
നീയെന്ന ചൈതന്യ പരിവേഷത്തില്‍ മുങ്ങിയപ്പോള്‍
പ്രണയത്തിന്റെ മാലാഖകള്‍ ചുറ്റിലും ചിറകേറി 
ആത്മാവിന്റെ ചെയ്തികളെ സ്തുതിച്ചിരുന്നു

ആള്‍ക്കൂട്ടത്തില്‍ നിന്നും ചില്ലകളുടെ തണല്‍ തേടി
വാരിയെല്ലുകള്‍ക്കുള്ളില്‍ നമ്മള്‍ ദിവ്യമായ ഹൃദയരഹസ്യങ്ങള്‍
കാത്തുവച്ചിരുന്നതും നിനക്കോര്‍മ്മയുണ്ടോ?

നമ്മള്‍ പിന്നിട്ട നടവഴികളും കാടും ഓര്‍മ്മയില്ലേ?
കൈകോര്‍ത്തു തലചേര്‍ത്തു നമ്മളൊഴുകിയപ്പോള്‍    
പരസ്പരം നമ്മളെ ഒളിപ്പിക്കുകയായിരുന്നില്ലേ?

പ്രിയേ, വിടചൊല്ലിപ്പിരിഞ്ഞ നിമിഷം ഓര്‍ക്കുന്നുവോ?
കടലോളം ആഴമുള്ള ചുംബനം നീയെന്റെ ചുണ്ടുകളില്‍ച്ചേര്‍ത്തു
ആ ചുടുചുംബനം...
പ്രണയാതുരമായ ചുണ്ടുകളുടെ സംഗമം
നാവിനറിയാത്ത സ്വര്‍ഗീയനിഗൂഡതകളുണ്ടെന്ന്‍  
എന്നെ ചൊല്ലിപ്പഠിപ്പിച്ചു

ഭൂമിയെ ഭൂമിജനാക്കിയ വിഭുവിന്റെ തപ്തശ്വാസം പോലെ
ആ ചുംബനം ഒരു നെടുനിശ്വാസത്തിന്റെ തുടക്കമായിരുന്നു

എന്റെ ആത്മാവിനെ ഉത്കൃഷ്ടമാക്കി ആ നിശ്വാസം
ആത്മീയതയുടെ പ്രപഞ്ചത്തിലെത്തിച്ചു
ഒന്നിനി കാണും വരെ ആ നെടുവീര്‍പ്പ്
എന്നില്‍ തളം കെട്ടിയിരിക്കും

തെരുതെരെ നീയെന്നെ ചുംബിച്ചതോര്‍ക്കുന്നു
കവിളിലൊഴുകിപ്പടര്‍ന്ന കണ്ണീര്‍ക്കണങ്ങളില്‍ നീ പറഞ്ഞു...

"ഭൂലോകജന്മത്തിലെ കടമകളുടെ തീരം തേടി
ഭൗമശരീരങ്ങള്‍ തുഴഞ്ഞകലണമെന്ന്...
എന്നാല്‍ സ്നേഹക്കൈകള്‍ ഇഴചേര്‍ത്ത അതിന്റെ ജീവസ്സാരം  
മരണത്തില്‍ ദൈവം ആത്മാക്കളെ ഒന്നിപ്പിക്കുന്നവരെ നിലനില്‍ക്കുമെന്ന്
"

"പോകൂ പ്രിയനേ...
 

സ്നേഹം നിന്നെ അവളുടെ പകരക്കാരനാക്കി
എന്തെന്നാൽ, അവള്‍ തന്റെ അനുയാത്രിയ്ക്ക്
ജീവിതത്തിന്റെ മധുപാത്രം പ്രദാനം ചെയ്യുന്നു...

എന്റെ ഒഴിഞ്ഞ കരങ്ങള്‍ക്ക്‌, നിന്റെ പ്രേമം എന്നും
സ്വാന്തനിപ്പിക്കുന്ന മണവാളനായിരിക്കും;
നിന്റെ ഓര്‍മ്മകൾ...
അതെന്റെ അനശ്വര മാംഗല്യമായിരിക്കും
"

എന്റെ ഇതര സ്വത്വമേ, നീയിപ്പോള്‍ എവിടെ?
നിശയുടെ നിശ്ശബ്ദതയില്‍ ഉറക്കം നശിച്ചിരിക്കുന്നോ?
എന്റെ ഓരോ ഹൃദയത്തുടിപ്പും അനുരാഗവും
തെളിവാര്‍ന്ന കാറ്റായി നിന്നെ തഴുകിപ്പറയട്ടെ... 

ഓര്‍മ്മകളില്‍ നീയെന്റെ മുഖം താലോലിക്കുന്നുവോ?
പ്രിയേ, എന്‍റെ രൂപം ഇന്നെനിക്കു അന്യമായിരിക്കുന്നു...
വിഷാദത്തിന്റെ നിഴല്‍ എന്നില്‍ കരിപടര്‍ത്തിയിരിക്കുന്നു..

നിന്റെ ഭംഗി നിഴലിച്ചിരുന്ന എന്റെ കണ്ണുകളെ

ഇന്നു തേങ്ങലുകള്‍ ഗ്രസിച്ചിരിക്കുന്നു
നീ തേന്‍ പുരട്ടിയ ചുണ്ടുകള്‍
ഇന്നു വാടിക്കരിഞ്ഞിരിക്കുന്നു...

ഓമലേ, നീ എവിടെയാണ്? നീ എന്റെ രോദനം കേള്‍ക്കുന്നുവോ?
കടലിനും അപ്പുറത്തിരുന്നു? നീയെന്റെ ആവശ്യം അറിയുന്നുവോ?
എന്റെ ക്ഷമയുടെ പരപ്പു നീ തിരിച്ചറിയുന്നോ?

മരിച്ചു കൊണ്ടിരിക്കുന്ന ഈ യുവത്വത്തിന്റെ
ജീവശ്വാസം നിന്നില്‍ നിറയ്ക്കാന്‍ കഴിവുള്ള 
അരൂപികളുണ്ടോ, ഈ അദൃശ്യവായുവിൽ‍?

എവിടെയാണു നീ സുരമ്യതാരമേ?
ജീവിതം ദുര്‍ഗ്രഹതയുടെ
മാറിടത്തില്‍ കിടത്തി
എന്നെ കീഴടക്കിയിരിക്കുന്നു...

നിന്റെ ചിരി ദിഗങ്ങളിലേക്ക് പറത്തിവിടൂ... അതെന്നെ പുനരുജ്ജീവിപ്പിക്കട്ടെ...
നിന്റെ  സൗരഭ്യം വായുവില്‍ അലിയിക്കൂ... അതെന്നെ നിലനിര്‍ത്തട്ടെ ...

പ്രിയേ, നീ എവിടെ?
സ്നേഹം എത്രമേല്‍ വിശാലം...
ഞാന്‍ എത്രയോ ചെറുതും!



ഇതു ഖലീല്‍ ജിബ്രാന്റെ A Lover's Call എന്ന കവിതയുടെ വിവര്‍ത്തനം ആണ്. ഷിജു എന്ന ചങ്ങാതി  ഇതു തര്‍ജ്ജമ ചെയ്യാമോ എന്നു ബസ്സില്‍ ചോദിച്ചിരുന്നു. അതിനു ഞാന്‍ മറുപടി എഴുതിയത് പോസ്റ്റ്‌ ആക്കി.

മൂല കവിത താഴെ കൊടുക്കുന്നു.

A Lover's Call   XXVII by Khaleel Jibran


Where are you, my beloved? Are you in that little
Paradise, watering the flowers who look upon you
As infants look upon the breast of their mothers?

Or are you in your chamber where the shrine of
Virtue has been placed in your honor, and upon
Which you offer my heart and soul as sacrifice?

Or amongst the books, seeking human knowledge,
While you are replete with heavenly wisdom?

Oh companion of my soul, where are you? Are you
Praying in the temple? Or calling Nature in the
Field, haven of your dreams?

Are you in the huts of the poor, consoling the
Broken-hearted with the sweetness of your soul, and
Filling their hands with your bounty?

You are God's spirit everywhere;
You are stronger than the ages.

Do you have memory of the day we met, when the halo of
You spirit surrounded us, and the Angels of Love
Floated about, singing the praise of the soul's deed?

Do you recollect our sitting in the shade of the
Branches, sheltering ourselves from Humanity, as the ribs
Protect the divine secret of the heart from injury?

Remember you the trails and forest we walked, with hands
Joined, and our heads leaning against each other, as if
We were hiding ourselves within ourselves?

Recall you the hour I bade you farewell,
And the Maritime kiss you placed on my lips?
That kiss taught me that joining of lips in Love
Reveals heavenly secrets which the tongue cannot utter!

That kiss was introduction to a great sigh,
Like the Almighty's breath that turned earth into man.

That sigh led my way into the spiritual world,
Announcing the glory of my soul; and there
It shall perpetuate until again we meet.

I remember when you kissed me and kissed me,
With tears coursing your cheeks, and you said,
"Earthly bodies must often separate for earthly purpose,
And must live apart impelled by worldly intent.

"But the spirit remains joined safely in the hands of
Love, until death arrives and takes joined souls to God.

"Go, my beloved; Love has chosen you her delegate;
Over her, for she is Beauty who offers to her follower
The cup of the sweetness of life.
As for my own empty arms, your love shall remain my
Comforting groom; your memory, my Eternal wedding."

Where are you now, my other self? Are you awake in
The silence of the night? Let the clean breeze convey
To you my heart's every beat and affection.

Are you fondling my face in your memory? That image
Is no longer my own, for Sorrow has dropped his
Shadow on my happy countenance of the past.

Sobs have withered my eyes which reflected your beauty
And dried my lips which you sweetened with kisses.

Where are you, my beloved? Do you hear my weeping
From beyond the ocean? Do you understand my need?
Do you know the greatness of my patience?

Is there any spirit in the air capable of conveying
To you the breath of this dying youth? Is there any
Secret communication between angels that will carry to
You my complaint?

Where are you, my beautiful star? The obscurity of life
Has cast me upon its bosom; sorrow has conquered me.

Sail your smile into the air; it will reach and enliven me!
Breathe your fragrance into the air; it will sustain me!

Where are you, me beloved?
Oh, how great is Love!
And how little am I! 

2010/06/07

കേസ് സ്റ്റഡി


സമയം രാവിലെ 9 മണി.

തലേന്നത്തെ മീന്‍പിടിത്തം കഴിഞ്ഞു രണ്ടെണ്ണം വീശി അന്തോണിച്ചന്‍ കടപ്പൊറത്തു "വഞ്ചിഭൂപതിയായി" പടര്‍ന്നുറങ്ങുകയായിരുന്നു. കള്ളുകുപ്പി അതിന്‍റെ അവസാന തുള്ളിയും കൊടുത്തു ദൌത്യം കഴിഞ്ഞ  കറിവേപ്പിലയായി പൂഴിമണ്ണില്‍ കിടന്നു.

കള്ളിന്റെ ഉളുമ്പുമണം പേറുന്ന ഒരു ജൈവമണ്ഡലം തന്നെയായിരുന്നു അന്തോണിശരീരം. ഉറുമ്പ്, ഈച്ച, പാറ്റ തുടങ്ങിയ ഷഡ്പദങ്ങള്‍ അഞ്ചാറു മണിക്കൂറായി കൂടു കെട്ടി അല്ലലില്ലാതെ സഹജീവനം ചെയ്യുകയായിരുന്നു ആ ബോഡിയില്‍...

"Excuse me sir, may I have two minutes of your time, please", എന്ന് കേട്ടാണ് ആ അനന്തശായി ഞെട്ടി ഉണര്‍ന്നത്...

ആ അധിനിവേശി അന്തോണിശരീരത്തിന്റെ ecosystem തകര്‍ത്തു.... പാറ്റകളും ഈച്ചകളും പരക്കം പാഞ്ഞു. എറുമ്പുകള്‍ അത്ര പേടിച്ചില്ല. അധിനിവേശിയോടു  സഹനസമരം നടത്തി പിടിച്ചു നിന്നു...

"എന്താടാ ചെക്കാ?, നിന്നെ ഇതിനു മുമ്പ് ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ..."

കണ്ഠകൌപീനവും കാല്‍ശരായിയും കെട്ടിയ ഒരു ചുള്ളന്‍ പയ്യന്‍. യവന്‍ ഏതോ കള്ളിന്റെ സാമ്പിള്‍ വില്‍പ്പനക്കാരനാണെന്നു അന്തോണി വിചാരിച്ചു, ഒന്നു സന്തോഷിച്ചു.



"Sir, ഞാന്‍ കൊച്ചിന്‍ യൂണിവേഴ്സിറ്റീല്‍ സെന്റര്‍ ഫോര്‍ മാനേജ്‌മന്റ്‌ സ്റ്റഡീസില്‍ പഠിക്കുവാ. എനിക്കൊരു പ്രൊജക്റ്റ്‌ വര്‍ക്ക് ചെയ്യണം. ഒന്നു സഹായിക്കാമോ?"

"എന്തോന്നാഡാ?"  അന്തോണിച്ചന് ഒരു കുന്തോം മനസ്സിലായില്ല. 

"ഞാന്‍ മീന്‍പിടിത്തത്തിനെ കുറിച്ച് ചില ചോദ്യങ്ങള്‍ ചോദിക്കും. മറുപടി തരാമോ?"

"ഓ, അയിനെന്തുവാ... നീ ചോയിക്ക്‌.. ചാളേം അയിലേം  പിടിക്കുന്നതു അറിഞ്ഞേച്ചു നിയും കടലീപ്പോവ്വാ?"

"ചേട്ടന് ഒരു ദിവസം എത്ര പൈസ കൈയ്യീ കിട്ടും?"

"ഹും.. അതുശരി, മോനെയ്...  നീ കടം ചോയിക്കാന്‍ വന്നേക്കുവാന്നോ?"

"എനിക്ക് കുറച്ച് data വേണം, അതിനാ"

"എന്തോന്ന്? ആ നീ ചോയിച്ചതല്ലേ, കുടിയും വലിയും കഴിഞ്ഞേച്ചു ഒരമ്പതു രൂപ കാണും. അരീം മൊളകും വാങ്ങാന്‍ തെകയത്തില്ല"

"ശരി ചേട്ടന്‍ ഒരു ബാങ്ക് ലോണ്‍ എടുത്താല്‍ ഒരു വള്ളം കൂടി വാങ്ങാം. ദിവസം ഇരുപത്തഞ്ചു രൂപ വച്ചു മാസം ഒരു 750 രൂപ തിരിച്ചടയ്ക്കാം "

"Assuming 10% interest rate and 15% ROI..." ചുള്ളന്‍ മനക്കണക്കു കൂട്ടി...

"ചേട്ടനു ഒരാളെ ശമ്പളത്തിനു നിര്‍ത്തി 10 മാസം കൊണ്ടു വായ്പ അടച്ചു പുതിയ വള്ളം സ്വന്തമാക്കാം"

"എന്തിനു?"

"അങ്ങനെ അങ്ങനെ, ഒരു ബോട്ടു  വാങ്ങാം. ഞാന്‍ ഒരു business development plan തയ്യാറാക്കി തരാം"

"എന്തുവാ? എന്നിട്ടു?"

"പല ബോട്ടുകള്‍ വാങ്ങാം... പിന്നെ ചേട്ടന്‍ ഒരു ബോട്ടു മുതലാളിയാകും"

"എന്നിട്ടു?" അന്തോണിച്ചനു ഒന്നും മനസ്സിലായില്ലെങ്കിലും രസം പിടിച്ചു.

"ഒരു ഫിഷിംഗ് കമ്പനി തുടങ്ങാം."

"പിന്നെ?"

"അതിന്‍റെ ഓഹരികള്‍ വില്‍ക്കാം. ആളുകള്‍ നമുക്കു വേണ്ടി പൈസ മുടക്കും. അവര്‍ ഓഹരികള്‍ വാങ്ങി കിട്ടുന്ന പണം നമുക്കു diversify ചെയത് പുതിയ ബിസിനസുകള്‍ തുടങ്ങാം"

"എന്തോന്നാടെ നീ ഈപ്പറേന്നെ?, എന്തേലും ആവട്ടെ... പിന്നെ"

"ചേട്ടനു ജോലിയില്‍ നിന്നും വെക്കേഷന്‍ എടുക്കാം... എന്നിട്ടു ടൂര്‍ പോകാം. ജീവിതം enjoy ചെയ്യാം"

"എവിടെ?"

"ബീച്ചില്‍ പോയി കാറ്റു കൊള്ളാം... കിടക്കാം..."

"എന്‍റെ തള്ളെ, അതല്ലേടാ ഞാന്‍ ഇപ്പൊ ചെയ്യുന്നെ? അയിനിത്തറേം  പാടുപെടണോ?"

അന്തോണി പിന്നേം മലര്‍ന്നു. ഉറുമ്പും, ഈച്ചയും, പാറ്റയും കുടികിടപ്പു തുടര്‍ന്നു...

2010/05/30

ഉപാസന... ഇതു ധന്യമാമൊരുപാസന....




ഏഷ്യാനെറ്റില്‍ 'കണ്ണാടി' എന്ന പ്രോഗ്രാമിന്‍റെ ജൂണ്‍ 23-ലെ ലക്കം കണ്ടപ്പോള്‍ മനസ്സില്‍ തട്ടിയത് ശ്രീമതി ശ്യാമളയുടെ കഥയാണ്‌. ശ്യാമള കോഴിക്കോട് ബീച്ച് ആശുപത്രിയിലെ നെഴ്സാണ്.



Service Quality-യെക്കുറിച്ച് എല്ലാ മേഖലകളിലും ഒരുപാടു പരാതികള്‍ നിലനില്‍ക്കുന്ന ഇക്കാലത്ത് ശ്രീമതി ശ്യാമളയെ എത്ര പുകഴ്ത്തിയാലും മതിയാകില്ല. സ്വന്തം കടമ തികഞ്ഞ സത്യസന്ധതയോടെ ചെയ്തു തീര്‍ക്കുന്ന അവര്‍ ഒരു മാതൃകാ നെഴ്സ്‌ മാത്രമല്ല ഒരു മാതൃകാ വനിത കൂടിയാണ്.


കാന്‍സര്‍ പിടിപെട്ടിട്ടും,  ആരെയുമറിയിക്കാതെ "ഒരു ചെറിയ ലീവെടുത്ത്" പോയി കീമോ നടത്തി തിരികെ വന്നു, പഴയ ആത്മാര്‍ഥതയോടെ അവര്‍ സ്വന്തം ജോലി നിര്‍വഹിക്കുന്നു.


പ്രസ്തുത സംപ്രേക്ഷണം വെട്ടിയെടുത്ത് നിങ്ങള്‍ക്കുവേണ്ടി താഴെ ചേര്‍ക്കുന്നു.





അവരുടെ ആത്മാര്‍ത്ഥതയ്ക്കും അര്‍പ്പണത്തിനും നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകള്‍.

2010/05/21

ബാ...


ഞാന്‍ ഷിജുകുമാര്‍ ‍എന്ന് പേരുള്ള ഒരു കഴുതയാണ്‌. ഇപ്പോള്‍ Infanimal Systems-ല്‍ പുലിയുടെ പോസ്റ്റില്‍ ജോലി ചെയ്യുന്നു. എല്ലാരും എന്നെ ഷിജു എന്ന് വിളിക്കും.


ഇപ്പൊ എന്‍റെ മുഖ്യ വിനോദം braying ആണ്. bray ചെയ്യാന്‍ സ്വന്തമായി ഒരു വെളിസ്ഥലം കണ്ടു വച്ചു. അതിനു പറ്റിയ ഒരു പേരും ഇട്ടു. ഇപ്പൊ ഈ braying എല്ലാര്‍ക്കും ഒരു ഹരമാണ്. ഇവിടെ നിന്നു കൂവിയാല്‍ ലോകം മൊത്തം കേക്കുമത്രേ. എനിക്കു പതിച്ചു കിട്ടിയത് donkeyshiju.brayspot.com എന്ന സ്ഥലമാണ്. "About Me" എന്നൊരു കല്ല്‌ സാധാരണ എല്ലാരും brayspot-ല്‍ വയ്ക്കാറുണ്ട്. ഞാന്‍ "About Me" എന്ന സംഗതി മുഴുനീളമായി കൂകിത്തിമിര്‍ക്കാന്‍ തന്നെ തീരുമാനിച്ചു. നിങ്ങള്‍ അനുഭവിച്ചോളൂ...

ജനിച്ചത് ഒരു തനി കുക്കാട്ടിന്‍ പുറത്താണ്. സസ്യങ്ങളും പുഴയും നല്ല പുല്ലും ഉള്ള വളരെ സുന്ദരമായ ഒരു നിബിഡവനം. കുട്ടിക്കാലം ഇപ്പോഴും എന്‍റെ മനസ്സില്‍ പോച്ച പിടിച്ചു നില്‍ക്കുന്നു. അതൊക്കെ ഒരു കാലം. ഇപ്പൊ പരിഷ്കാരം കൂടി ആ കാടൊക്കെ അവര്‍ forest ആക്കി. എന്താ ചെയ്ക?

ഒരു മണ്ടന്‍ കഴുതായണെങ്കിലും ഞാന്‍ പഠിക്കാന്‍ വളരെ മോശമായിരുന്നു. മൊയ്തീന്‍ സിംഹം ആയിരുന്നു എന്‍റെ ഷെഡ്‌ ടീച്ചര്‍. മലയാളം ആണ് മൊയ്തീന്‍ സാര്‍ പഠിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ 'ശബ്ദതാരാവലി' ക്ലാസ് ഏറെ പ്രസിദ്ധമാണ്, ശബ്ദം കേട്ടു അടിമുടി വിറയ്ക്കും നമ്മള്‍. എനിക്ക് ഏറ്റവും പ്രയാസവും അതു തന്നെയായിരുന്നു. അതിഖരത്തിലുള്ള പുള്ളിയുടെ ഉച്ചാരണം എനിക്ക് ഒട്ടും തന്നെ വഴങ്ങിയിരുന്നില്ല. ഞാന്‍ പറയുമ്പോള്‍ എല്ലാം 'ബ' പോലെ, അല്ലെങ്കില്‍ അതിന്‍റെ വകഭേദങ്ങള്‍. അതുകൊണ്ട് പലപ്പോഴും എനിക്ക് തുടയ്ക്കു കടി കിട്ടിയിട്ടുണ്ട്; ഷെഡ്ഡില്‍ നിന്നും ഇറക്കി വിട്ടിട്ടുണ്ട്...


പത്താം ഷെഡ്ഡില്‍ പഠിക്കുമ്പോള്‍ എനിക്ക് സൈനബ എരുമയോട് കടുത്ത പ്രണയം തോന്നി. പക്ഷെ അവള്‍ എന്നെ മൈന്‍ഡ് ചെയ്തതേയില്ല. ഒരിക്കല്‍ കയത്തില്‍ കുളിച്ചു കൊണ്ടു നിന്നപ്പോള്‍, മജീദ്‌ കാക്ക അവളുടെ മുതുകില്‍ തോണ്ടി ശല്യപ്പെടുത്തി. എന്‍റെ ഭാഗ്യം. ആ സമയം അതുവഴി വന്ന ഞാന്‍ മജീദുമായി ഒന്നു കോര്‍ത്തു. ഒടുവില്‍.. എന്തിനേറെപ്പറയണം, എന്‍റെ കായബലത്തിനു മുന്‍പില്‍ അവന്‍ പറപറന്നു. ആ സംഭവത്തിനു ശേഷം അവള്‍ക്കെന്നോട് ലേശം ഇഷ്ടമൊക്കെ തോന്നിത്തുടങ്ങി. അങ്ങനെയങ്ങനെ, പതിയെപ്പതിയെ ഞങ്ങള്‍ കുശലം പറയാന്‍ തുടങ്ങി. നിലാവുള്ള രാത്രികളില്‍ പുല്‍മേടുകളില്‍ ഒളിച്ചും പാത്തും സംഗമിച്ചു. ഞങ്ങള്‍ പരസ്പരം പ്രണയബദ്ധരായി.

ശാന്തകുമാര്‍ പട്ടിയും, തോമസുകുട്ടി കുരങ്ങനും ആയിരുന്നു എന്‍റെ ഉറ്റ കൂട്ടുകാര്‍. അവര്‍ എന്നെ വിലക്കി. ഞാനും സൈനബയും തമ്മിലുള്ള ബന്ധം കാട്ടുകാര്‍ അംഗീകരിക്കില്ലെന്നു അവര്‍ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ പ്രേമത്തിന് വാലില്ലല്ലോ. ഞങ്ങള്‍ ഒളിച്ചുകളി പ്രേമം തുടര്‍ന്നു.

ഒടുവില്‍ സംഗതി പുറംലോകം അറിഞ്ഞു. അമറലും മുക്രയുമായി. പുറംജാതിയിലുള്ള ബന്ധം ഒരിക്കലും ആരും സ്വീകരിക്കില്ലെന്ന് ഉറപ്പായപ്പോള്‍ ഞങ്ങള്‍ രായ്ക്കുരാമാനം ഒളിച്ചോടി. (സംശയിക്കണ്ട, എല്ലാ ഷെഡ്ഡിലും ശ്രദ്ധാപൂര്‍വ്വം പഠിച്ചിരുന്നതു കൊണ്ടു ‍പത്താം ഷെഡ്ഡായപ്പോഴേക്കും എനിക്ക് പ്രായപൂര്‍ത്തി വന്നിരുന്നു, അവള്‍ക്കും!)

അങ്ങനെ ഞങ്ങള്‍ മൃഗ്ലൂര്‍ (ജന്തുലൂരു - എന്ന് ഇപ്പൊ പറയുന്ന) കാട്ടണത്തിലെത്തി. ഒരുപാടു കഷ്ടപ്പെടേണ്ടി വന്നു. ആദ്യം transporting company-യില്‍ ജോലി ചെയ്യുന്ന കുമാരന്‍ ചേട്ടനാണ് എനിക്ക് എല്ലാ സഹായവും തന്നത്. കുമാരന്‍ ചേട്ടനും എന്നെപ്പോലെ തന്നെ ഒരു കഴുത ഇനമായിരുന്നു. അതുകൊണ്ട് എന്നോട് പ്രത്യേക വാത്സല്യം കാണിച്ചിരുന്നു.

കുമാരേട്ടന്‍ ഒരു മിനിലോറി ഡ്രൈവര്‍ ആയാണ് ജോലി ചെയ്തിരുന്നത്. ഒരു പ്രത്യേകതരം ലോറി ആയിരുന്നു അത്. പച്ചക്കാട് വാതകം പുറന്തള്ളാത്ത പരിസ്ഥിതിയ്ക്കു ഹിതകരമായ ഒരു ചെറുവണ്ടി. കുമാരന്‍ ചേട്ടന്‍റെ തലയ്ക്കു മുകളില്‍ കെട്ടിത്തൂക്കിയ ഒരു കെട്ടു പുല്ലാണ് ഇന്ധനം. കുമാരന്‍ ചേട്ടന്‍ അതു ശാപ്പിടാന്‍ വേണ്ടി മുന്നോട്ടു നടക്കും, അപ്പോള്‍ ആ വണ്ടിയും കൂടെ നീങ്ങും. ആദ്യമായാണ്‌ ഇത്തരം ഒരു സാങ്കേതിക വിദ്യ ഞാന്‍ കണ്ടത്. ശരിക്കും അന്തം വിട്ടുപോയി.

തന്റെ സ്വാധീനം ഉപയോഗിച്ച് കുമാരന്‍ ചേട്ടന്‍ എനിക്ക് സഹായി ഡ്രൈവറുടെ പണി ഒപ്പിച്ചു തന്നു. മിനി ലോറിയുടെ പുറകില്‍ കൊളുത്തിയിട്ട ഒരു സേഫ്റ്റി ബെല്‍റ്റ് ഞാന്‍ ധരിച്ചിട്ടുണ്ട്.

ജൂനിയര്‍ ആയതു കൊണ്ടാണോ എന്തോ... ബാക്ക് എഞ്ചിന്‍ ഡ്രൈവര്‍ എന്ന പേരു മാത്രമേ ഉള്ളായിരുന്നു. എന്നോടാര്‍ക്കും വല്യ മതിപ്പൊന്നുമില്ലായിരുന്നു. ഭാരമുള്ള ബാഗുകള്‍ "ഇതൊന്നു പിടിച്ചേ", എന്ന് പറഞ്ഞ് പിടിപ്പിച്ചവര്‍ പിന്നെ യാത്രാവസാനം വരെ തിരിഞ്ഞു നോക്കില്ല. പിന്നെ വയറ്റിപ്പിഴപ്പല്ലേ? എന്നാലും വട്ടച്ചിലവിനൊള്ള കാശൊക്കെ കിട്ടി അങ്ങനെ തട്ടീം മുട്ടീം പോയി.


അങ്ങനെ വിരസമായ ദിനങ്ങള്‍. എന്നാലും സൈനബയുടെ സ്നേഹം - അതെനിക്ക് ആവോളം കിട്ടി. അതായിരുന്നു ജീവിക്കാനുള്ള ഏക പിടിവള്ളി.

ഒരു ദിവസം പതിവില്ലാതെ സൈനബ നമ്രമുഖിയായി എന്നോട് ഉരുമ്മി നിന്നു. പിന്നെ മെല്ലെ അവളുടെ മുഖം ഉയര്‍ത്തി നനുത്ത മൂക്ക് എന്‍റെ താടിയുടെ അടിയില്‍ തൊട്ടു. എന്നിട്ടു കണ്ണുകളിലേക്കു നോക്കി കുറച്ചു നേരം നിന്നു. എന്നിട്ടു സ്വരം താഴ്ത്തി പറഞ്ഞു, "ഷിജേട്ടന്‍ ഒരച്ഛനാകാന്‍ പോകുന്നു"...

ആഹ്ലാദം കൊണ്ടു ഞാന്‍ തുള്ളിച്ചാടി. സന്തോഷത്തിന്റെ ദിവസങ്ങള്‍.

ചെലവു കൂടിക്കൊണ്ടിരുന്നു. കുറച്ചു നല്ല വേറൊരു ജോലി വേണമെന്ന് തോന്നി. അതുകൊണ്ട് ഞാന്‍ ചാള്‍സ് പുലിയുടെ സ്ഥാപനത്തില്‍ ഒരു ഈവനിംഗ് കോഴ്സിനു ചേര്‍ന്നു.

ചാള്‍സ് പുലി ഒരു അസാമാന്യ പ്രതിഭയാണ്. അദ്ദേഹത്തിന്റെ കയ്യില്‍ ഒരു എലിപ്പത്തായം ഉണ്ട്. അതു തുറക്കാനും അടയ്ക്കാനും പഠിച്ചാല്‍ ജോലി കിട്ടാന്‍ എളുപ്പമാണത്രേ. അങ്ങനെ ഞാന്‍ ഒരു രണ്ടു മാസം കൊണ്ടു പത്തായം തുറക്കാനും അടയ്ക്കാനും പഠിച്ചു.



പിന്നെ ജോലികള്‍ തിരക്കിയിറങ്ങി. പറഞ്ഞപോലെ അത്ര പെട്ടെന്നൊന്നും  ജോലി കിട്ടിയില്ല. കുറച്ചു കാലം കടന്നു പോയി.

സൈനബ ഇതിനിടെ ഒരു ആണ്‍ കുഞ്ഞിനെ പ്രസവിച്ചു. എന്നെപ്പോലെ സുന്ദരനും ബുദ്ധിമാനും. സൈനബ ആ അരുമക്കുട്ടിയെ എരുമക്കുട്ടി എന്ന് കൊഞ്ചിച്ചു വിളിച്ചു. ഞങ്ങള്‍ അവനു സങ്കര്‍ എന്ന് പേരിട്ടു.

സങ്കര്‍ ഭാഗ്യമുള്ളവന്‍. അവന്‍ ജനിച്ചു രണ്ടു നാള്‍ കഴിഞ്ഞു എനിക്ക് Infanimal Systems എന്നൊരു സര്‍ക്കസ് കമ്പനിയില്‍ ജോലി കിട്ടി. അവിടെ എലിപ്പത്തായം തട്ടിക്കളിക്കുന്ന ഒരു പുലി ആയി അഭിനയിക്കുകയാണ് എന്‍റെ പണി. നല്ല ശമ്പളം. സൌകര്യങ്ങള്‍. ജീവിതം കൊഴുകൊഴുത്തു.

കമ്പനിയില്‍ എന്‍റെ സീനിയര്‍ ചൊക്കലിംഗം എന്ന ഒരു ആനയാണ്. സര്‍ക്കസില്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത് പുള്ളിയാണ്. കുറച്ച വേലത്തരങ്ങള്‍ കാണിച്ചിട്ടു,  എലിപ്പത്തായം എന്‍റെ നേരെ എറിഞ്ഞു തരും. ഞാന്‍ കടിച്ചെടുത്ത് തട്ടിക്കളിക്കും. എല്ലാ ദിവസവും ഇതു തന്നെ പണി.

പിന്നീടൊരിക്കല്‍ ഞാന്‍ ആ സത്യം മനസ്സിലാക്കി. ചൊക്കലിംഗം ശരിക്കും പ്രച്ഛന്നവേഷധാരിയായ ഒരു കുറുക്കന്‍ ആണെന്ന്.

ശരിക്കും ദേഷ്യം വന്നു, ഒരു കള്ളക്കുറുക്കന്റെ താളത്തിനൊത്തു തുള്ളണമല്ലോ.  ഇതിന്‍റെ എല്ലാം ഉത്തരവാദി ചാള്‍സ് പുലിയാണ്. സര്‍ക്കസ് കമ്പനിക്കു വേഷം മാറ്റി ആളിനെ സപ്ലൈ ചെയ്യലാണ് അവന്റെ പണി. ആടിനെ പട്ടിയാക്കുന്നവനാണ് ആ തെണ്ടി. സോറി, മറന്നു എന്നെ പുലിയാക്കി വിട്ടതും അവന്‍ തന്നല്ലേ!

ജീവിതം ഒക്കെ അങ്ങനെ പോകുന്നു. നേരത്തെ പറഞ്ഞപോലെ braying ആണ് ഇപ്പൊ മുഖ്യ വിനോദം. അതു ശരിക്കും തലയ്ക്കു പിടിച്ചിട്ടുണ്ട്. കമ്പനിയിലിരുന്നു ആരും കാണാതെ ഇപ്പൊ കുറച്ചു സമയം കൂവും. പിന്നെ ചിലര്‍ കൂവിയ സ്ഥലങ്ങള്‍ ഒളിച്ചു സന്ദര്‍ശിക്കും.

മറ്റു വിഷമങ്ങളൊന്നുമില്ല.  ഇപ്പൊ കാട്ടുകാര്‍ സഹകരിച്ചു തുടങ്ങിയിട്ടുണ്ട്. അതും പൊല്ലാപ്പായി. സങ്കരിനെ കഴുതയായിട്ടാണോ പോത്തായിട്ടാണോ വളര്‍ത്തേണ്ടുന്നതെന്നാണ് പ്രശ്നം...

ഇവര്‍ക്കൊക്കെ എന്തിന്റെ കേടാ? എന്‍റെ കാര്യം തന്നെ നോക്കൂ... എങ്ങനെ വളര്‍ന്നാലും അവന്‍ ചെലപ്പോ മരപ്പട്ടിയുടെ ജോലിയായിരിക്കും ചെയ്യുന്നത്...