2010/02/22

അവതാരപ്പെരുമ

ജെയിംസ്‌ കാമറൂണിന്റെ അവതാരം ഡിസംബര്‍ 18-നു റിലീസ് ചെയ്തിട്ട്  ഇപ്പൊ 2 മാസമായി.(എന്‍റെ പിള്ളേര്‍ ഉച്ചരിക്കുന്നത് ഏവ്റ്റാര്‍ എന്നാണ്. ചുരുങ്ങിയ പക്ഷം അവതാര്‍ എന്നെങ്കിലും പറയിപ്പിച്ചു മലയാളത്തോട് കൂറു കാട്ടാന്‍ ഞാന്‍ ശ്രമിപ്പിച്ചിട്ടും അവര്‍ കൂട്ടാക്കാന്‍ തയ്യാറില്ല. വിദേശത്തുള്ള ഭാഷാസ്നേഹിത്തന്തമാരുടെ ഓരോ ഗതികേടേ...)


ഞാന്‍ അവതാരം ദര്‍ശിച്ചിട്ട്‌ ഇപ്പോള്‍ ഒരു മാസത്തിലേറെയായി. അന്നേ ഒരു ബ്ലോഗ്‌ എഴുതണമെന്നു വിചാരിച്ചിരുന്നു. പക്ഷെ, എന്തു ചെയ്യാം? OTBE (Overtaken By Events). ക്ഷമിക്കണം, അമേരിക്കക്കാര്‍ക്കു വേണ്ടിടത്തും വേണ്ടാത്തിടത്തും സംക്ഷേപസംജ്ഞകള്‍ പ്രയോഗിക്കുക ശീലമാണ്...


കുറച്ചു നാളായി എന്‍റെ ബ്ലോഗ്‌ പുരയിടത്തില്‍ പോയിട്ട്. അത്രടം വരെയൊന്നു പോയി നോക്കിയപ്പോള്‍ മനുഷ്യന്‍ സഹിക്കില്ല. കാടും പടലും പിടിച്ചു കിടക്കുന്നു... ആരും വരാതായി. ഇങ്ങനെ പോയാല്‍ ശരിയാകില്ലെന്നു തോന്നി. എല്ലാം ഒന്നു വെട്ടിത്തെളിച്ച് വെള്ളയടിച്ചു ചാണക വെള്ളംതളിക്കണം. നാട്ടിന്‍പുറത്തു വീടു പണി നടക്കുമ്പോള്‍ ഒരു പേക്കോലം (scarecrow) വയ്ക്കാറുണ്ട്. പകരം ഒരു ബ്ലോഗെഴുതി കെട്ടിത്തൂക്കാം...


ചുരുക്കത്തില്‍ ഒരു മാസം മുമ്പ് കണ്ട അവതാരത്തിനെ കെട്ടി പ്രദര്‍ശിപ്പിക്കണം. മുന്‍പില്‍ കുറച്ചു ചന്ദനത്തിരിയും, കുമിഞ്ചാനും കത്തിച്ചു  കൊതുകിനെ ആട്ടിയോടിക്കണം. വൃത്തി വരുത്തണം... അതാണ്‌ ഈ പോസ്റ്റിന്റെ അവതാരോദ്ദേശം...


ഇനി ആദ്യത്തെ അവതാരത്തിലേക്ക് തിരിച്ചു വരാം. ഈ അവതാരം പല വകഭേദത്തില്‍  വിളയാടുന്നുണ്ടായിരുന്നു.  ആദ്യം എന്‍റെ പ്രശ്നം ഏതു അവതാരം ദര്‍ശിക്കണം എന്നായിരുന്നു.  2D,  RealD 3D, IMAX 3D, Dolby 3D, XpanD 3D, 4D എന്നിങ്ങനെ പലവിധത്തില്‍ അവതാരം കാണാം, തൃപ്തിയടയാം. 2D യ്ക്കു ശക്തി പോരെന്നു തോന്നി ആദ്യം തന്നെ തഴഞ്ഞു. പിന്നെ തിരക്കിയപ്പോള്‍ RealD, IMAX എന്നീ രണ്ടു "മൂന്നിടിയന്‍മാര്‍" മാത്രമേ ചുറ്റുവട്ടത്തു പ്രദര്‍ശനമുള്ളൂ.
കാമരറൂണദ്ദേഹം ഏഴു വര്‍ഷം ഈ അവതാര കഥ തലയിലിട്ടുരുട്ടി നടന്നെന്നാണ് കേട്ടത്. കാരണം കഥ എടുക്കാന്‍ പറ്റിയ sterioscopic camera ചന്തയില്‍ വില്‍ക്കാനില്ല. ചിന്തിച്ചു ചിന്തിച്ചു  അയാളുടെ തലയില്‍ ഒരു താമര വളര്‍ന്നു; അതില്‍ വികസിച്ചു വന്നതോ, ഒരു പളപളാ മിന്നുന്ന camera എന്നു ഐതീഹ്യം . ആ camera-യ്ക്കു  കാമറൂണണ്ണന്‍ patent സ്വന്തമാക്കുകയും ചെയ്തു.


എന്തായാലും കാമണ്ണന്‍ ഊണും ഉറക്കവും ഉപേക്ഷിച്ചു നിര്‍മിച്ച camera. അതുകൊണ്ട് സര്‍വ്വാഭരണവിഭൂഷിതമായി ദൃശ്യം കാണണം. ഞാന്‍ ലഭ്യമായ 3D versions- ന്‍റെ ഒരു താരതമ്യ പഠനം നടത്തി... അതിന്‍റെ പരിണിത ഫലം ചുവടെച്ചേര്‍ക്കുന്നു.


IMAX 3D
RealD 3D
കുറെ നാളായി ഈ സംവിധാനം തുടങ്ങിയിട്ട്. "മുറ്റിയ ഇനം".കുറച്ചു പുതിയ സംവിധാനം. "ഇളം പൈതല്‍"
രണ്ടു camera-കള്‍ ഉപയോഗിക്കുന്നു. രണ്ടു projector-കള്‍ ഉപയോഗിച്ച് അവ പ്രദര്‍ശിപ്പിക്കുന്നു. polarized കണ്ണാടി ഓരോ projector-ല്‍ നിന്നുമുള്ള ബിംബങ്ങള്‍ക്കു ദൂരത്തിന്റെ 3D പ്രതീതി ജനിപ്പിക്കുന്നു.ഒരു camera. അടുത്തും അകലെയുമുള്ള ദൃശ്യങ്ങള്‍ സംയോജിപ്പിച്ച്  ഒരു projector വഴി പ്രദര്‍ശിപ്പിക്കുന്നു. polarized കണ്ണാടി (ഇടത്തും വലത്തും) പ്രത്യേക രീതിയില്‍ അവ അരിച്ചു മാറ്റി ദൂരത്തിന്റെ 3D പ്രതീതി ജനിപ്പിക്കുന്നു.
അടുത്ത കാലം വരെ, 70 mm പ്രതലത്തില്‍ analog നിര്‍മ്മിതി. ഇപ്പോള്‍ digital -ല്‍.  തുടക്കം മുതല്‍ digital-ല്‍.
മുഖം നിറഞ്ഞു നില്‍ക്കുന്ന വലിയ polarized കണ്ണാടി.  മൂക്കത്ത് ഉറപ്പിക്കാന്‍ പാടുപെടും.ചെറു കണ്ണാടി. പക്ഷെ നല്ല വീക്ഷണ കോണ്‍ കണ്ടുപിടിക്കാന്‍ കഷ്ടപ്പെടും. കുറച്ചു തിരിച്ചും പിരിച്ചും നോക്കി ഏറ്റവും ശരിയായ സ്ഥാനം കണ്ടുപിടിക്കണം.
ബിംബങ്ങള്‍ പൊടുന്നനെ മുഖത്തേക്ക് തുറിച്ചു തള്ളുന്ന പ്രതീതി അസ്വാഭാവികമായി തോന്നാം. എന്നാലും കുട്ടികള്‍ വളരെ ആസ്വദിക്കുന്നു. ത്വരിതഗതിയില്‍ ദൃശ്യമണ്ഡലം ക്രമപ്പെടുത്തുമ്പോള്‍ കണ്ണിനു കുറച്ചു ക്ഷീണം തോന്നാം. കുറച്ചു കൂടി ലയിച്ചു ചേര്‍ന്ന പ്രതിബിംബങ്ങള്‍. മസ്തിഷ്കത്തിനും കണ്ണിനും ഹിതകരം.
കൂടുതല്‍ നിമിഗ്നമായ അനുഭവം. സിനിമയുടെ ഉള്ളില്‍ കയറിയ പ്രതീതി.ബാഹ്യ പ്രേക്ഷകാനുഭവം.
"ആഹോ" അനുഭൂതി  ("WOW" effect)"കൊള്ളാം, തരക്കേടില്ല" അനുഭൂതി 


അവസാനം എനിക്കു ഒരു തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞില്ല. പിന്നെ നോക്കിയപ്പോള്‍ IMAX-നു കാശു കൂടുതലെന്ന് മനസ്സിലായി. കാശ് കൂടുതല്‍  = നല്ല സാധനം എന്നു തീരുമാനിച്ചു അതു കണ്ടു.


ഒരുപാടു മണിയും കിണിയും (bells and whistles) ആയാണ് അവതാര്‍ വരുന്നത്. 280 മുതല്‍ 310 മില്യന്‍ ഡോളര്‍ ആണ് അവതരിക്കാന്‍ ചെലവായത്. പിന്നെ പരസ്യ വകയില്‍ ഒരു 150 കൂടെ പൊടിച്ചു. ഏതാണ്ട് അര ബില്യന്‍ ഡോളര്‍ (~2500 കോടി രൂപ) മൊത്തം... $687,821,000 ഇതുവരെ (ഫെബ്രുവരി 21 വരെ)  പിരിഞ്ഞെന്നാണ് കണക്ക്. 687 മില്യന്‍.

കഥ നടക്കുന്നത് 2154-ല്‍ ആല്‍ഫ സെന്റോറി ഗാലക്സിയിലെ  പോളിഫെമസ് ഗ്രഹത്തിന്റെ ഉപഗ്രഹമായ പാന്‍ഡോറയിലാണ്. നാ'വി വംശജരാണ്‌ അവിടെ അധിവസിക്കുന്നത്.  10 അടി പൊക്കമുള്ളവര്‍... നീലാണ്ടര്‍ (നീലയില്‍ ആണ്ടവര്‍ - നിറമാണ് ഉദ്ദേശിച്ചത്), പ്രകൃതിയോടു ചേര്‍ന്ന് ജീവിക്കുന്നവര്‍. (ചില ആശയങ്ങള്‍ ഭാരതീയ ചിന്തകളുമായി   നല്ല സാമ്യം തോന്നിച്ചു)
ഇവരുടെ ഭാഷ നാ'വി. (Paul Frommer എന്ന Communications Professor ഈ ഭാഷ തയ്യാറാക്കിയതാണ്. വ്യക്തമായ വ്യാകരണവും, നിഘണ്ടുവും എല്ലാമുള്ള ഒരു ഭാഷയാണ്‌ , അല്ലാതെ വെറും അപശബ്ദങ്ങളല്ല)

അമേരിക്കന്‍ അധിനിവേശവും നാ'വികളുടെ ചെറു ത്തുനില്‍പ്പുമാണ് അവതാര്‍-ന്‍റെ കഥാതന്തു. തദ്ദേശീയരുമായി അടുക്കാനും പാന്‍ഡോറയിലെ ജൈവമണ്ഡലം പഠിക്കാനും അവതാര്‍-കളെ  (നാ'വി ശരീരങ്ങള്‍) സൃഷ്ടിക്കുന്നു. നിര്‍ദ്ദിഷ്ട വ്യക്തികള്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് മനഃശരീര സംയോഗം സാധ്യമാക്കുന്നു.  അവരുടെ മനസ്സ് അവതാര്‍-ശരീരങ്ങളില്‍ പ്രവേശിച്ചു ജീവസ്സുറ്റ നാ'വികളായി മാറി അവരുമായി ഇടകലരുന്നു...
പിന്നെ അധിനിവേശത്തിന്റെ സ്വാര്‍ത്ഥമോഹങ്ങളും നാ'വികളുടെ ജീവന്മരണസമരവും എല്ലാം ദൃശ്യവിസ്മയം തീര്‍ക്കുന്നു...

കഥയില്‍ വലിയ പുതുമയൊന്നും എനിക്കു തോന്നിയില്ല. ഇതുപോലെ അന്യ ഗ്രഹസഞ്ചാരവും പരകായപ്രവേശവും മറ്റും മുന്‍പ് കണ്ടിട്ടുണ്ട്. എന്നാല്‍ സാങ്കേതിക മികവും, എല്ലാ തലങ്ങളിലുമുള്ള പരിപൂര്‍ണ്ണതയും  അവതാര്‍-നെ വേറിട്ടതാക്കുന്നു. ശ്ലാഘനീയം തന്നെ.
കാണേണ്ടുന്ന ഒരു ചിത്രമാണ് അവതാര്‍. സാങ്കേതികത്തികവുള്ള നല്ല തീയറ്ററില്‍ കാണാന്‍ ശ്രമിക്കുക.



ഇപ്പോള്‍ കിട്ടിയത്. Adobe tools ആണ് അവതാരിന്റെ editing-ല്‍  ഉപയോഗിച്ചതെന്ന് കേട്ടു. Adobe Photoshop, Premiere PRO CS4, InDesign,  Lightroom, Adobe Connect,  After Effects,  Illustrator തുടങ്ങിയവ...

15 അഭിപ്രായങ്ങൾ:

  1. ഗുരുവേ, "അവതാരത്തെ"(ഏവ്റ്റാര്‍) കുറിച്ച്‌ ഇത്രയും നല്ലൊരു റിവ്യൂ ഞാനെവിടെയും വായിച്ചിട്ടില്ല. നല്ല ഇന്‍‌ഫോര്‍‌മേറ്റീവ്‌ ആയിട്ടുണ്ട്. കലക്കി!! ഏതായാലും ബ്ലോഗിനെ ചെത്തി, മിനുക്കി വൃത്തിയാക്കിയെടുത്തതില്‍‌ സന്തോഷം.

    "കഥയില്‍ വലിയ പുതുമയൊന്നും എനിക്കു തോന്നിയില്ല. ഇതുപോലെ അന്യ ഗ്രഹസഞ്ചാരവും പരകായപ്രവേശവും മറ്റും മുന്‍പ് കണ്ടിട്ടുണ്ട്."
    "സാങ്കേതിക മികവും, എല്ലാ തലങ്ങളിലുമുള്ള പരിപൂര്‍ണ്ണതയും അവതാര്‍-നെ വേറിട്ടതാക്കുന്നു. ശ്ലാഘനീയം തന്നെ."

    മുകളില്‍‌ പറഞ്ഞതിനോട്‌ ഞാന്‍‌ പരിപൂര്‍ണ്ണമായും യോജിക്കുന്നു. പക്ഷെ, ആളുകള്‍‌ പറഞ്ഞു കേട്ടത്ര മഹത്വം കണ്ടപ്പോള്‍ തോന്നിയില്ല.

    മറുപടിഇല്ലാതാക്കൂ
  2. അവതാരത്തിനെ ത്രിമാനരൂപത്തില്‍ നമ്മുടെ മുന്‍പിലെത്തിക്കാന്‍ കാമറൂണ്‍ ചേട്ടന്‍ ഉപയോഗിച്ച സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തിയ പോസ്റ്റിനു നന്ദി.

    ഞാനും കണ്ടു 'എവ്റ്റാര്‍'. IMAX 3D യില്‍ തന്നെ. എനിക്ക് ഒട്ടും ദഹിക്കാത്ത കഥ. പക്ഷെ സം‌വിധായകന്റെ മിടുക്കും 3D ദൃശ്യങ്ങളും എന്നെ പിടിച്ചിരുത്തി.

    പ്രേക്ഷകന്റെ നേരെ തീപ്പന്തങ്ങളും കൂരമ്പുകളും വിട്ടു ഞെട്ടിക്കുന്ന പഴഞ്ചന്‍ ഗിമ്മിക്കുകളെ ആശ്രയിക്കാതെ കഥ തന്മയത്വത്തോടെ നമ്മുടെ മുന്‍പില്‍ അവതരിപ്പിക്കാന്‍ കാമറൂണ്‍ 3D വിദ്യ വിദഗ്ദ്ധമായി ഉപയോഗിച്ചിരിക്കുന്നു. ഇവിടെ ഈ റ്റെക്നോളജി പക്വത കൈവരിക്കുന്നു. 3D സിനിമയെ പുതിയ തലത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നു സം‌വിധായകന്‍.

    3D സാങ്കേതിക വിദ്യ തിയെറ്ററില്‍ പൂര്‍ണ്ണത തേടുന്ന ഈ അവസരത്തില്‍ ഇതേ വിദ്യ ശൈശവ ദശയില്‍ പിച്ച വച്ച് നമ്മുടെ വീടുകളിലേക്കും കടന്നു വരുന്നു. അതിനെക്കുറിച്ചുള്ള എന്റെ പോസ്റ്റ് ഇവിടെ വായിക്കാം.

    3D is ready for your home. Are you ready?

    http://ht-nut.blogspot.com/

    മറുപടിഇല്ലാതാക്കൂ
  3. Your research report on Avatar is as good as the movie. You should have published it a long time ago. It already made 1.5 Billion dollar world wide as of February 20th weekend. James Cameron would love to read your review, provided he knows some Malayalam. Many people enjoyed the movie not knowing the complexity behind its creation. The best thing I liked in the movie is the concept of floating mountain.

    You once again showed us your writing skill. Great blogg. Another golden feather in your hat.

    മറുപടിഇല്ലാതാക്കൂ
  4. റോയന്‍, കമന്റിനു നന്ദി, തിരുത്തിനും. ബോക്സോഫീസ് കളക്ഷന്‍ ഞാന്‍ ഗൂഗ്ലിയപ്പോള്‍ കിട്ടിയത് ചിലപ്പൊ അമെരിക്കയിലെ കളക്ഷന്‍ ആയിരിക്കാം, അല്ലെങ്കില്‍ തെറ്റായിരിക്കും.

    മറുപടിഇല്ലാതാക്കൂ
  5. Correction; Box office gross as of February 20th weekend Worldwide $2,462,962,011 ( 2.5 Billion

    മറുപടിഇല്ലാതാക്കൂ
  6. നല്ല ഞെരിപ്പ് റിവ്യൂ.

    മറുപടിഇല്ലാതാക്കൂ
  7. അളിയനും ജീവിക്കും, (ഹ, ഹ.. പേരുകള്‍ കൂട്ടി വായിച്ചപ്പോള്‍ ഒരു സിനിമാപ്പേരു പോലുണ്ട്)
    കമന്റിയതിനു നന്ദി. സമയമുണ്ടെങ്കില്‍ അവതാരം കണ്ടു നോക്കൂ...

    മറുപടിഇല്ലാതാക്കൂ
  8. അവതാര്‍ കാണാന്‍ പറ്റിയിട്ടില്ല കാണുമ്പോള്‍ 3D ആയി തന്നെ കാണണം .ഇതുവരെ ഞാന്‍ രണ്ട് 3D സിനിമകളെ കണ്ടിട്ടുള്ളൂ “ മൈഡിയര്‍ കുട്ടിച്ചാത്തനും. ജയ് വേതാളവും “ അതു രണ്ടും കണ്ടത് കുട്ടിക്കാലത്തായത് കൊണ്ട് നല്ല രസമായി തോനിയിരുന്നു. അവതാറിനെ കുറിച്ച് വിശദമായി എഴുതിയത് നന്നായി. പക്ഷെ സിനിമയെ കുറിച്ച് അത്ര നല്ല അഭിപ്രായം പോരാ കണ്ടവര്‍ പറഞ്ഞതാണ്. സാങ്കേതിക മികവുള്ളത് കണ്ട് തന്നെ അനുഭവിക്കണം .

    മറുപടിഇല്ലാതാക്കൂ
  9. വശളെട്ട
    നല്ല റിവ്യൂ.. ഞാന്‍ ഈ ഫിലിം കണ്ടത് ചെന്നൈ inox il വെച്ചാണ്‌.. 3D ആയിരുന്നു... ഏട്ടന്‍ പറഞ്ഞപോലെ കഥ നമുക്ക് ഊഹിക്കാന്‍ പറ്റുന്നതായിരുന്നു.. പക്ഷെ സാങ്കേതിക മികവു സമ്മതിക്കേണ്ടത് തന്നെ.. അതിന്റെ making ന്റെ കുറെ videos youtube il ഉണ്ട്.. കണ്ടിരുന്നോ? അത് കണ്ടിട്ടാണ് പടം കണ്ടിരുന്നെങ്കില്‍ ഒരു എഫ്ഫക്റ്റ്‌ ഉം ഉണ്ടാവില്ലായിരുന്നു.. ഭാഗ്യത്തിന് അത് കാണാതെ ആണ് ഫിലിം നു പോയത്...

    മറുപടിഇല്ലാതാക്കൂ
  10. ഹംസേ കമന്റിനു നന്ദി, സിനിമ അത്ര പോര. എന്നാലും കണ്ടിരിക്കാം, 3D തന്നെ കാണണം.

    ആശാനേ, youtube vdeos ഞാന്‍ കണ്ടില്ല. കാണാഞ്ഞതു നന്നായി. കാമറൂണ്‍ അടുത്ത വമ്പന്‍ സിനിമയുടെ (Sanctum) പണി തുടങ്ങിയെന്നു കേട്ടു.

    മറുപടിഇല്ലാതാക്കൂ
  11. അവതാരം ഞാനും കണ്ടു.
    നല്ല റിവ്യൂ.പക്ഷെ ഒരുപാടു താമസിച്ചു പോയി.
    പോട്ടെ സാരമില്ല,അടുത്ത പടം വരുന്നുണ്ടല്ലോ?പറ്റിയാല്‍ റിലീസിന് മുന്‍പേ റിവ്യൂ കൊടുക്കണം :)

    മറുപടിഇല്ലാതാക്കൂ
  12. ഏകതാര, ഇതിലെ വന്നതിനു നന്ദി...

    റിലീസിനു മുമ്പ് റിവ്യൂ എഴുതാന്‍ കാമറൂണ്‍ ചേട്ടന്റെ ഇനി തട്ടിന്‍പുറത്ത് ഒളിച്ചിരിക്കാം... പോലീസു പൊക്കിയാല്‍ ഒരു വക്കീലിനെ തരപ്പെടുത്തുമല്ലോ?

    മറുപടിഇല്ലാതാക്കൂ