2010/03/31

സംശയരോഗം

അമ്മ പറഞ്ഞു "ഉണ്ണീ, നീന്തലറിയാതെ നീന്താന്‍ പോകരുത്"
അപ്പോള്‍ ഉണ്ണിക്കു ഒരിക്കലും നീന്താന്‍ പറ്റില്ലേ?

റ്റീച്ചര്‍ പറഞ്ഞു "അമീബയ്ക്ക് രൂപമില്ല"
രൂപമില്ലേ? രൂപത്തിന് നിര്‍വചനമില്ലെന്നല്ലേ പറയേണ്ടത്?

യാത്രക്കാരന്‍ പറഞ്ഞു "എത്ര തിരക്കാണെങ്കിലും ഒരാളെക്കൂടി ഈ ബസ്സില്‍ കയറ്റാന്‍ പറ്റും
അങ്ങനെ ഈ ലോകം മുഴുവന്‍ ആ ബസ്സില്‍ കയറുമോ?

സ്പോര്‍ട്സ് പേജ് വായിച്ചു പത്രവായനക്കാരന്‍ പറഞ്ഞു "ഓരോ വര്‍ഷവും റെക്കോര്‍ഡുകള്‍  തകരുന്നു
ഇങ്ങനെ പോയാല്‍ ഓടാന്‍ ഒടുവില്‍ സമയം വേണ്ടെന്നു വരുമോ?

പ്രതി സമ്മതിച്ചു "ഞാന്‍ കള്ളനാണ്"
പ്രതിഭാഗം വക്കീല്‍ പറഞ്ഞു "കള്ളനാണെങ്കില്‍ ഇപ്പറഞ്ഞത്‌ കള്ളമല്ലേ? അതുകൊണ്ട് നീ സത്യവാന്‍"
വാദിഭാഗം പറഞ്ഞു "നീ സത്യവാനെങ്കില്‍ എങ്ങനെ സ്വയം കള്ളനെന്നു പറയാന്‍ കഴിയും? അതുകൊണ്ട് നീ കള്ളന്‍"
അങ്ങനെയങ്കില്‍ ആര്‍ക്കും കുറ്റസമ്മതം ‍ ചെയ്യാന്‍ പറ്റില്ലേ?

തീര്‍ത്ഥയാത്രികന്‍ പറഞ്ഞു. "ഈ ഉറവയില്‍ കുളിച്ചാല്‍ നിത്യസൗഭാഗ്യം കിട്ടും"
നിത്യസൗഭാഗ്യത്തിന്റെ നീരുറവയില്‍ ഒരാള്‍ക്ക് മുങ്ങിച്ചാകാന്‍ പറ്റുമോ?

വിശ്വാസി പറഞ്ഞു "ദൈവം സര്‍വശക്തനാണ്"
അവിശ്വാസി പറഞ്ഞു "എന്നാല്‍ ദൈവത്തിനു സ്വയം പൊക്കാന്‍ കഴിയാത്ത ഒരു കല്ലുണ്ടാക്കാമോ?"
ഇതിനു ദൈവം ഉത്തരം പറയട്ടെ.

സംശയങ്ങള്‍ മാത്രം ബാക്കി. ഇനിയും ഉത്തരം തേടുന്നു.

2010/03/24

ഇഷ്ടഗാനങ്ങള്‍

ജീവിതത്തിലെ പല സംഭവങ്ങള്‍ക്കും ഒരു പാട്ട് സാക്ഷിയായിട്ടുണ്ട്... ഓര്‍ത്തെടുത്തതൊക്കെ ഇവിടെ കുറിക്കുന്നു. 


1. ഞാന്‍ ജനിച്ചപ്പോള്‍ ഒരമ്മാവന്‍ റേഡിയോയില്‍ ഒരു പാട്ടു ഡെഡിക്കേറ്റ് ചെയ്തു. അതിങ്ങനെയായിരുന്നു...
മരം ചാടി നടന്നൊരു കുരങ്ങൻ
മനുഷ്യന്റെ കുപ്പായമണിഞ്ഞു...
മഹാനെന്നു നടിച്ചു മാന്യനായി ഭാവിച്ചു
മരത്തിൽ നിന്നവൻ മെല്ലെ മണ്ണിൽ കുതിച്ചു...


2. പിന്നെ അരഞ്ഞാണം കെട്ടു ചടങ്ങിനു ആരോ ടേപ്പ് റെക്കൊര്‍ഡര്‍ ഓണ്‍ ചെയ്തു കേള്‍പ്പിച്ചത് ഇതാണ്...
കുളിക്കുമ്പോളൊളിച്ചു ഞാന്‍ കണ്ടു നിന്റെ
കുളിരിന്മേല്‍ കുളിര്‍ കോരുമഴക്
ഇലനുള്ളി തിരിനുള്ളി നടക്കുമ്പോളൊരു
ചുവന്ന കാ‍ന്താരി മുളക്
നീയൊരു ചുവന്ന കാ‍ന്താരി മുളക്

3. ചോറൂണ് ഒരമ്പലത്തിലായിരുന്നു. ചോറുനുള്ളി വായില്‍ തന്നപ്പോള്‍ അവിടെ തെങ്ങേല്‍പാട്ട് പൊടിപൂരം.

ഭൂമി കറങ്ങുന്നുണ്ടോടാ...

ങ്ഹാ... ഉണ്ടേ
അപ്പോ‍ സാറ് പറഞ്ഞത് നേരാടാ
ആന്നേ...
ഭൂമിക്കും ലെവലില്ല ,നമുക്കും ലവലില്ല അല്ല്യോടാ
ങ്ഹാ... ആന്നേ...
അയല്‍ക്കാരന്‍ സഹചോറൂണിയും ഞാനും കണ്ണില്‍ കണ്ണില്‍ നോക്കി... പിന്നെ "touchings" വേണമെന്ന് കൈ കൊണ്ടു ആംഗ്യം കാട്ടി.


4. ആദ്യം സ്കൂളില്‍ ചേരാന്‍ പോയപ്പോള്‍, അടുത്ത പീടികയില്‍ നിന്നും ഒഴുകി വന്നു അര്‍ത്ഥവത്തായ ഒരു ഗാനം...

ആത്മവിദ്യാലയമേ... അവനിയിലാത്മവിദ്യാലയമേ...
അഴിനിലയില്ല... ജീവിതമെല്ലാം
ആറടി മണ്ണില്‍ നീറിയൊടുങ്ങും...
തിലകം ചാര്‍ത്തി, ചീകിയുമഴകായ്
പലനാള്‍ പോറ്റിയ പുണ്യശിരസ്സേ...
ഉലകം വെല്ലാന്‍ ഉഴറിയ നീയോ
വിലപിടിയാത്തൊരു തലയോടായി...
തിലകം ചാര്‍ത്തി, ചീകിയ മുടി... എല്ലാം കറക്റ്റ്!വിലപിടിയാതൊരു തലയോടായി എന്ന ഭാഗം കെട്ടു ഞാന്‍ ശരിക്കൊന്നു ഞെട്ടി. ഒന്നും മനഃപൂര്‍വമായിരിക്കില്ല എന്നോര്‍ത്ത് സമാധാനിച്ചു.


5. പഠിത്തമൊക്കെ കഴിഞ്ഞു കറങ്ങി നടന്ന സമയത്ത് പ്രേമലേഖനത്തില്‍ ഒരു ബിരുദം എടുക്കാന്‍ തോന്നി. അന്നൊന്നും ഇ-മെയിലും ബ്ലോഗും ഇല്ല. അതുകൊണ്ട് കടലാസ്സിലാണ് എഴുതിയത്. കമ്പ്യൂട്ടര്‍ പ്രചാരത്തില്‍ ഇല്ലാത്തത് കൊണ്ടു നേരിട്ടേല്‍‍പ്പിച്ചു. അതുകഴിഞ്ഞ് എനിക്കു ജനിക്കാതെ പോയ അളിയന്മാര്‍ ചില അന്താരാഷ്ട്രപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എന്നെ വിളിച്ചോണ്ട് പോയി. തിരിച്ചുവന്നു പതിവു പോലെ റേഡിയോ ഓണ്‍ ചെയ്തു.
ആ‍...ആ‍...ആ..ആ...

ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ
ഇതു വരെ ചൂടാത്ത പുളകങ്ങള്‍

6. ഒടുവില്‍ ജോലി കിട്ടി. ഒരു പൊതുമേഖലാ സ്ഥാപനമായിരുന്നു ആദ്യം. കഷ്ടപ്പെട്ടു ഒരു പ്രൊജക്റ്റ്‌ ചെയ്തു. ഒരുത്തനും അതു ഗൌനിച്ചില്ല. അതു അപ്പടി ചവറ്റു കൊട്ടയില്‍ പോയി.  അപ്പോള്‍ ഒരു സ്നേഹിതന്‍ എന്നെ സമാധാനിപ്പിക്കാന്‍ കേള്‍പ്പിച്ച ഒരു പാട്ട്...

വ്യത്യസ്തനാമൊരു  ബാര്‍ബറാം ബാലനെ
സത്യത്തിലാരും തിരിച്ചറിഞ്ഞില്ല
തലവടിക്കുന്നോര്‍ക്ക്  തലവനാം ബാലന്‍
വെറുമൊരു ബാലനല്ലിവനൊരു കാലന്‍
ബാലന്‍ ഒരു കാലന്‍ മുടിമുറി ശീലന്‍  
അതിലോലന്‍ മുഖവടിവേലന്‍
ജന തോഴന്‍ നമ്മുടെ ബാലന്‍ ബാലന്‍ ബാലന്‍...

7. പിന്നെ ഓരോ പ്രോജെക്ട് തുലയ്ക്കുമ്പോഴും  ഞാന്‍ ആസ്വദിച്ചിരുന്ന പാട്ട്... 
ബലികുടീരങ്ങളെ
ബലികുടീരങ്ങളെ ബലികുടീരങ്ങളെ
സ്മരണകളിരമ്പും രണസ്മാരകങ്ങളെ
ഇവിടെ ജനകോടികള്‍ ചാര്‍ത്തും നിങ്ങളില്‍
സമരപുളകങ്ങള്‍ തന്‍ സിന്ദൂര മാലകള്‍...


8. അങ്ങനെ പലനാള്‍ കഴിഞ്ഞു കഴിഞ്ഞു, ഒടുവില്‍ പെണ്ണു കാണാന്‍ പോയി. പെണ്ണു കാണല്‍ ചടങ്ങിനു അവിടെ കേട്ട പാട്ട്... 
വിരലൊന്നില്ലെങ്കിലും വീരനല്ലെങ്കിലും

ഭർത്താവ് നിങ്ങൾ മതി
ഒരു മുഴം തുണി വാങ്ങി തന്നാ മതി
അതോടുകൂടി കുറച്ചു സമാധാനമായി. ടിക്കറ്റ്‌ ഓക്കേ...


9. കല്യാണം കഴിഞ്ഞു കാറില്‍ വന്നപ്പോള്‍ ഡ്രൈവര്‍ അറിഞ്ഞോ അറിയാതെയോ ഇട്ട പാട്ട് കാറിന്റെ സ്പീക്കറിലൂടെ കരണത്തില്‍ത്തന്നെ പതിച്ചു.
മറ്റൊരു സീതയെ കാട്ടിലേക്കയക്കുന്നു

ദുഷ്ടനാം ദുർവിധി വീണ്ടും ഇതാ
ദുഷ്ടനാം ദുർവിധി വീണ്ടും
ഗണപതിയ്ക്ക് വച്ചത് തന്നെ... first impression?
ഒടുവില്‍ സഹികെട്ട് ഇങ്ങനെ പറഞ്ഞു "ചേട്ടാ ആ volume ഒന്നു കുറയ്ക്കാമോ?"...


10. കല്യാണരാത്രി...‍ ഭാര്യയുമായി ഒന്നു സല്ലപിക്കാം. ഒരു പ്രണയഗാനം ആവട്ടെ എന്നു കരുതി റേഡിയോ തുറന്നു... കേട്ടത്...

ജനിച്ചതാർക്കു വേണ്ടി അറിയില്ലല്ലോ

ജീവിച്ചതാർക്കു വേണ്ടി അറിയില്ലല്ലോ
ഓർത്താൽ ജീവിതമൊരു ചെറിയ കാര്യം
ആർത്തി കാണിച്ചിട്ടെന്തു കാര്യം
"ജനിച്ചതാർക്കു വേണ്ടി അറിയില്ലല്ലോ, ജീവിച്ചതാർക്കു വേണ്ടി അറിയില്ലല്ലോ?" അതിലെ വ്യംഗ്യാര്‍ത്ഥം അവഗണിച്ചു കിണ്ണം കട്ടതു ഞാനല്ല എന്ന പരുവത്തില്‍ ഇരുന്നു... 
ഉടനെ "ആർത്തി കാണിച്ചിട്ടെന്തു കാര്യം"... ‍എവന്‍ ആളു ശരിയല്ല എന്നു ധ്വനിക്കുന്ന നവവധുവിന്റെ നോട്ടം കണ്ടു ഞാന്‍ റേഡിയോ പെട്ടെന്ന് ഓഫ്‌ ചെയ്തു.


11. കല്യാണം കഴിഞ്ഞു ഭാര്യ വീട്ടില്‍‌ ആദ്യത്തെ വിരുന്നു പോയി. ചെന്നുകയറി നൊടിയിടയില്‍ ഭാര്യ ഏതോ blackhole-നുള്ളിലേക്ക്  വലിഞ്ഞു . ഞാന്‍ വീട്ടുതടങ്കലിലിട്ട പാകിസ്ഥാന്‍ ചാരനെപ്പോലെ അവിടെ കുത്തിയിരുന്നു. ബോറടി മാറ്റാന്‍ വെറുതെ റേഡിയോ ഒന്നു ഓണ്‍ ചെയ്തു..
"അനിക്സ്പ്രേ.... പൊടിപോലുമില്ല കണ്ടുപിടിക്കാന്‍... ടിം........ ഇനി ചലച്ചിത്ര ഗാനങ്ങള്‍ തുടരുന്നു"  
ഈശ്വരനൊരിക്കല്‍ വിരുന്നിനു പോയീ 

രാജകൊട്ടാരത്തില്‍ വിളിക്കാതെ
കന്മതില്‍ ഗോപുര വാതിലിനരികില്‍
കരുണാമയനവന്‍ കാത്തുനിന്നു..
കരുണാമയനവന്‍ കാത്തു നിന്നു

12. ഒടുവില്‍ ഞങ്ങള്‍ ബാംഗ്ലൂരില്‍ പോയി. കുറച്ചു ദിവസം അഭിവന്ദ്യഭാര്യാപിതാവും പരിവാരങ്ങളും അവിടെ തമ്പടിച്ചു. അവസാനം ആ "സുദിനം" വന്നു. അവര്‍ മടങ്ങിപ്പോകുകയാണ്‌... ഞാന്‍ "ദുഃഖ"ത്തില്‍ വിറങ്ങലിച്ചു നിന്നു. അവിടെ ഒരു കണ്ണീര്‍പ്പുഴയൊഴുകി... എന്‍റെ മനസ്സിലൊരു പാട്ടായിരുന്നു, പക്ഷെ ഉറക്കെ പാടാന്‍ പറ്റിയില്ല.

കണ്ണുനീര്‍ത്തുള്ളിയെ സ്‌ത്രീയോടുപമിച്ച കാവ്യഭാവനേ
പിന്നനം നിനക്കപിന്നനം
പിന്നനം അപിന്നനം അപിന്നനം

13. ഒന്നാം വിവാഹ വാര്‍ഷികം.. എല്ലാം വളരെ പെട്ടെന്നായിരുന്നു. കാറ്റുപോയ ബലൂണ്‍ പോലെ ഞാന്‍. friends ആരോ ഒരുപാട്ടു  വച്ചു കേള്‍പ്പിച്ചു... 
ചക്കിക്കൊത്തൊരു ചങ്കരന്‍
ചക്കക്കൊത്തൊരു പിച്ചാത്തി...
വാലുമടക്കി കെട്ടിയ പെണ്ണിന്‍
കാലു തിരുമ്മും കിങ്കരന്‍


ഇനിയും പാട്ടുകള്‍ കേള്‍ക്കാന്‍ എന്‍റെ ജീവിതം ബാക്കി... തല്ക്കാലം ഇതി വാര്‍ത്താ ഹ!

2010/03/22

അന്തര്‍മുഖത്വം



















മേഘപ്പുരകള്‍ ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയിട്ട് രണ്ടുനാളായി
പുരപ്പുറത്തു തകൃതിയായ ചെണ്ടമേളം  
താളം മുറുകിയും അയഞ്ഞും
മിന്നലിന്റെ അലങ്കാരപ്പണികള്‍ 
മദ്ധ്യേ കാതടപ്പിക്കുന്ന കതിനകള്‍   
വാരിക്കോണുകളില്‍ കുംഭീതുണ്ഡങ്ങള്‍
തിടമ്പെടുത്ത കദളീപത്രങ്ങള്‍
തെങ്ങോലവെഞ്ചാമരങ്ങള്‍
മേല്‍പ്പുരത്തുമ്പില്‍  നീര്‍ത്തോരണങ്ങള്‍
മഴവില്ലിന്‍റെ കുടമാറ്റവിസ്മയം
നുരപ്പോളകളുടെ ജനസഞ്ചയം
പുറത്ത് മഴപ്പൂരം പൊടിപൊടിക്കുന്നു.

പക്ഷെ പൂരദൃശ്യങ്ങള്‍ വെടിഞ്ഞു
കരിമ്പടത്തിനുള്ളിലെ ഇരുട്ടില്‍ തപ്പി  
ഇല്ലാസ്വപ്നങ്ങള്‍ക്ക് ഇലയിട്ടു
എന്നിലേക്ക്‌ എന്നെ നേദിച്ച്
ഉറക്കം കാത്തിരിക്കാനാണ് എനിക്കിഷ്ടം

2010/03/20

ഇന്നത്തെ ചിന്താവിഷയം

വെറുതെ കിടക്കട്ടെ ഒരു കണക്കുപ്രശ്നം

ആദ്യം രണ്ടു നിര്‍വചനങ്ങള്‍

1. ഒരു സംഖ്യയുടെ കേവലമൂല്യം (absolute value) അധികം(+), ന്യൂനം(-)  ചിഹ്നങ്ങള്‍ കളഞ്ഞുള്ള സംഖ്യാമൂല്യം ആണ്. അതായത് if x >= 0 abs (x) = x else abs(x) = -x
ഉദാഹരണം: abs (3) = abs (-3) = 3
2. ഉത്തമസംഖ്യ (maximum) : രണ്ടു സംഖ്യകളില്‍ മൂല്യം(numerical value)  കൂടിയത്.  അതായത് if x > y max (x, y) = x else max(x, y) = y

ഉദാഹരണം: max (3, -5) = 3
ഇനി ചോദ്യമിതാ...


ക. abs നെ max-ന്‍റെ ഒരു function ആയി എഴുതുക
ഖ. max നെ abs-ന്‍റെ ഒരു function ആയി എഴുതുക


ഉത്തരങ്ങള്‍ കമന്റുകളായി ഇങ്ങോട്ടു പോരട്ടെ!

2010/03/18

ബ്ലോഗിണി

രാവേറെയായി... മധുമിത ഒരു ബ്ലോഗിന്റെ അവസാന മിനുക്കുപണിയിലാണ്. രണ്ടു ദിവസമായി മനസ്സില്‍ കിടന്നുരുളുന്ന ഒരു പ്രമേയം. പക്ഷെ ഒരു അടുക്കു കിട്ടുന്നില്ല. എങ്ങനെ എഴുതണം? എവിടെ തുടങ്ങണം? സീരിയസ്  ട്രീറ്റ്മെന്റ്? അതോ നര്‍മ്മത്തില്‍ ചാലിച്ചു പറയണോ?

ഒടുവില്‍ ഇന്നാണ് ആ ത്രെഡ് ഒരു നീര്‍ച്ചാലു  പോലെ വ്യക്തമായി മനസ്സില്‍ കാണാന്‍ കഴിഞ്ഞത്.  തുടക്കവും, ഒഴുക്കും, ഒടുക്കവും എല്ലാം പെര്‍ഫെക്റ്റ്‌. എല്ലാം ഒത്തു നോക്കി. തൃപ്തി വരുത്തി.


ബട്ടണ്‍ ഞെക്കി പോസ്റ്റു യാഗാശ്വത്തിനെ കെട്ടഴിച്ചു സ്വതന്ത്രമാക്കി. അതിനി ഇന്റര്‍നെറ്റിന്‍റെ ഊടുവഴികളിലൂടെ ഓടി കമ്പ്യൂട്ടറായ കമ്പ്യൂട്ടര്‍ തോറും കയറിയിറങ്ങി കമന്റു സംഭരിച്ചു പുഷ്ടിപ്പെടട്ടെ.


ഹാവു, എന്തൊരു സമാധാനം. കുറച്ചു നാളായി ഭാവന വറ്റി വരണ്ടിരിന്നെങ്കിലും ഒരു ഉശിരന്‍ പോസ്റ്റിട്ട സന്തോഷം പറഞ്ഞറിയിക്കാവതല്ല. ഇനി നാളെ മുതല്‍ കമന്റു പുഷ്പങ്ങളും ശരങ്ങളും യാഗാശ്വത്തെ തേടിയെത്തും...  കാത്തിരിക്കാന്‍ വയ്യ.

മധുമിതയ്ക്ക് അന്ന് തീരെ ഉറങ്ങാന്‍ കഴിഞ്ഞില്ല. ആരെക്കൊയാവും വായിക്കുന്നത്? തന്റെ സ്ഥിരം വായനക്കാരിയാണു ശരണ്യ. ഫോളോവറായി അടുത്തിടെയാണ് അവള്‍ കൂടിയത്. മുഖം ഒട്ടുമുക്കാലും മറച്ച്  കണ്ണില്‍ കരിയെഴുതുന്ന ഒരു ഫോട്ടോയാണ് പ്രൊഫൈലില്‍ ഇട്ടിരിക്കുന്നത്. എന്നാലും എന്തു  പ്രസരിപ്പാണു ആ  മുഖത്ത് . എത്ര കണ്ടിരുന്നാലും മതിയാവില്ല.

ശരണ്യ മുടങ്ങാതെ കമന്റിടും. മിക്കവാറും ആദ്യത്തെ കമന്റ്‌ തന്നെ. ഒരുപാടു പ്രോത്സാഹിപ്പിക്കും. ഞാനും അതുപോലെ തന്നെയാണല്ലോ. അവളുടെ എല്ലാ പോസ്റ്റിനും ഓടിച്ചെന്നു കമന്റിടും. നല്ല വാക്കുകള്‍ പറയും. സ്തുതികള്‍ കോരിച്ചൊരിയും .   

കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും, ഒടുവില്‍ മധുമിത ഒന്നു കണ്ണടച്ചു. ഏറെ വെളുപ്പിനു തന്നെ എഴുന്നേറ്റു. പല്ലുപോലും തേയ്ക്കാതെ കമ്പ്യൂട്ടറിന്‍റെ  മുമ്പിലേക്ക് ഓടിച്ചെന്നു, സൈന്‍-ഇന്‍ ചെയ്തു...

ഹായ്, ഇപ്പോള്‍ത്തന്നെ പത്തു കമന്റുകള്‍. പതിവുപോലെ തേങ്ങയുടച്ചതു ശരണ്യ തന്നെ. റഡാര്‍ക്കണ്ണിന്റെ കൃത്യതയില്‍ ഇവളെങ്ങനെ എപ്പോഴും ആദ്യ കമന്റിടുന്നു? ഹൊ, അതിശയം തന്നെ... 

തീറ്റ കിട്ടിയ നിരാഹാരസത്യാഗ്രഹിയുടെ  ആര്‍ത്തിയോടെ മധുമിത കമന്റു വായിച്ചു...

"പ്രിയ മധൂ... അസ്സലായിട്ടുണ്ട്. എന്താ ഭാവന? എങ്ങനെ ഇങ്ങനെ എഴുതാന്‍ പറ്റുന്നു? തുടക്കവും, മദ്ധ്യവും, സസ്പെന്‍സും, ക്ലൈമാക്സും എല്ലാം അടിപൊളി. ഞാന്‍ പത്തു  തവണ വായിച്ചു, നന്നായിട്ടുണ്ട്,ട്ടോ... ഇനിയും വരാം. ഭാവുകങ്ങള്‍"

ആദ്യകമന്റില്‍ പൂത്തുലഞ്ഞു നിന്നപ്പോള്‍ പൊടുന്നനെ പതിഞ്ഞ ഒരു മണിനാദം... ങ്ണിം... 

കമ്പ്യൂട്ടറില്‍ നിന്നു ഒരു ചെറു വിന്‍ഡോ പൊങ്ങി വന്നു "Sharanya wants to add him/her as your online contact. Accept or Decline?


തിടുക്കത്തില്‍ Accept ചെയ്തു... ചാറ്റ് സജീവമായി...

ശരണ്യ: "മധൂ, ബ്ലോഗ്‌ കിടിലം ആയിട്ടുണ്ട്‌."

മധുമിത: "ഹായ് ശാരൂ... വളരെ സന്തോഷം. കമന്റിട്ടതിനും, എല്ലാ പ്രോത്സാഹനത്തിനും"

"thx"

"ശാരുവിന്റെ പുതിയ പോസ്റ്റൊന്നും കണ്ടില്ലല്ലോ"

"ഒരെണ്ണം ഇടണം. ഒന്നും മനസ്സില്‍ വരുന്നില്ല"

"അതൊക്കെ ശരിയാവും, മനസ്സിരുത്തി ആലോചിച്ചാ മതി

"മധുവിന്റെ നാടെവിടെയാ?, ഞാന്‍ തൃശ്ശൂരാണ്"

"അതെയോ, ഞാന്‍ ചാലക്കുടിയിലാ, പക്ഷെ ഇപ്പോ‍ ബാംഗ്ലൂരിലാ, സോഫ്റ്റ്‌വെയര്‍ പണിയാണ്"

"അതു കൊള്ളാലോ, ഞാനും ബാംഗ്ലൂരിലാ"

"എവിടെ?"

"വിദ്യാരണ്യപുരത്ത്"

"അയ്യോ, ഞാനും വിദ്യാരണ്യപുരത്താ താമസിക്കുന്നെ"

"എവിടെയാ?", ഹൃദയമിടിപ്പോടെ  മധുമിത...

"No. 210 Main Street, Anand Nagar"

"എന്‍റെ ദൈവമേ, എന്‍റെ വീട്ടുനമ്പര്‍ 229. അതേ സ്ട്രീറ്റ്", മധുമിത അറിയാതെ കസേരയില്‍ നിന്നും ചാടി എഴുന്നേറ്റു

ശരണ്യ: "എന്റീശ്വരാ, എനിക്കിതു വിശ്വസിക്കാന്‍ പറ്റുന്നില്ല...

ഒരു 2 - 3 മിനിറ്റ് മൌനം കുടികിടന്നു...

ഒടുവില്‍ ശരണ്യ: "ഞാന്‍ അങ്ങടു  വന്നു കണ്ടാലോ?"

മധുമിത ചിന്തയില്‍...

ഒടുവില്‍ "അതിനെന്താ, വരൂ... കാണാന്‍ എനിക്കു തിടുക്കമായി"

ശരണ്യ: "ദാ, ഒരു പത്തു മിനിട്ട്... ഞാന്‍ ഇതാ എത്തി"

മധുമിത ഓടിപ്പോയി പല്ലുതേച്ചു... മുഖം കഴുകി... മുടി കോതി വച്ചു. മുഖം മിനുക്കി... മനസ്സു പെരുമ്പറ കൊട്ടി ...


പത്തു മിനുട്ടായിക്കാണും ... ക്ലിം, ക്ലിം... ഡോര്‍ബെല്‍ ചിലച്ചു. കിതച്ചു കൊണ്ടു കതകു തുറന്നു...


മധുകുമാറിനെ കണ്ടു ശരവണനും ശരവണനെ കണ്ടു മധുകുമാറും അന്തം വിട്ടു നിന്നു. കടുത്ത നിശ്ശബ്ദത തളം കെട്ടി...

ഒരു മിനിട്ടോളം നീണ്ട അന്ധാളിപ്പ് തകര്‍ന്നപ്പോള്‍ മധുകുമാര്‍ പറഞ്ഞൊപ്പിച്ചു... "ക... കയറുന്നോ?"

ശരവണന്‍: "പോ.. ട്ടെ, കു..റ..ച്ചു  ധൃതിയുണ്ട്"

മധുകുമാര്‍: "ശരി"
വാതില്‍ അടഞ്ഞു ... ശരവണന്‍ മാഞ്ഞു പോയി...

വീട്ടില്‍‌ ചെന്ന് ശരണ്യ ലോഗിന്‍ ചെയ്തപ്പോള്‍ മധുമിത ഫോളോവര്‍ അല്ലാതായിക്കഴിഞ്ഞിരുന്നു...

നിയമപ്രകാരമുള്ള മുന്നറിയിപ്പ്.

ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ ആരുമായും ബന്ധമില്ല. അഥവാ അങ്ങനെ ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ അതു അവനവന്റെ കയ്യിലിരിപ്പു കൊണ്ടു മാത്രമാണ്.

2010/03/16

ചൊവ്വയില്‍ പോകാം

2011-ല്‍  ചൊവ്വയില്‍ പോകുന്ന Mars Science Laboratory Rover-ല്‍ നിങ്ങളുടെ പേര്‍ ആലേഖനം ചെയ്യണമെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യൂ. 



 ഞാന്‍ ടിക്കറ്റെടുത്തു. എന്താ കൂടുന്നോ? സഹയാത്രികര്‍ക്കു സുഖയാത്ര നേരുന്നു.








രജിസ്റ്റര്‍ ചെയ്യുന്നവരുടെ പേര് ഒരു മൈക്രോചിപ്പില്‍ എന്ഗ്രേവ് ചെയ്തു Martian Vehcle ല്‍ നിക്ഷേപിക്കും. കൂടാതെ നിങ്ങളുടെ  രജിസ്റ്റ്രെഷന്‍റെ ഒരു സര്‍ട്ടിഫിക്കറ്റ് പ്രിന്റു ചെയ്യാനും പറ്റും.

2010/03/12

ത്രിശങ്കു

പ്രവാസത്തിന്‍റെ അഭംഗുരപ്രയാണത്തില്‍ ...
ഇടയ്ക്കെവിടെയോ ചടച്ച ഒരു പകലുറക്കം...
ശരീരപിണ്ഡം കസാലയില്‍ ഉപേക്ഷിച്ചു
ചേതന സ്വപ്നാടനത്തിലെ തൂവല്‍ക്കനമായി...
അബോധതയില്‍ പൊട്ടിവിടര്‍ന്ന അപ്പൂപ്പന്‍ താടികള്‍
ഇളകിയൊട്ടിയത് അങ്ങു ദൂരെ ഓലത്തുമ്പില്‍
ഉച്ചക്കാറ്റിനു ഗതിവേഗം... നെല്‍വരികള്‍ക്കു എളിമ
മുടിയഴിച്ചു വെയില്‍ കായുന്ന കല്പവൃക്ഷങ്ങള്‍
ഉച്ചിയില്‍ പേന്‍ചികയുന്ന വയല്‍ക്കാക്കകള്‍
അടക്കം പറഞ്ഞുപോകുന്ന കരിമാഷിച്ചാന്തുകള്‍
തെളിനീരുറവയില്‍ പാദം പൂഴ്ത്തിയിരുന്നപ്പോള്‍
കണ്ണാടിമീനുകള്‍ കാലടികളെ കിക്കിളിപ്പെടുത്തി
ഉണ്ട്, ഇവിടെത്തന്നെയുണ്ട് എന്‍റെ തണല്‍ മരം
കലപില മരത്തണലില്‍ എന്നെ മേയാന്‍ വിട്ടു ഞാനും ...
എന്തൊരു സ്വസ്ഥത...
പിന്നെ, ക്ഷണികമായ ആ ദിവാസ്വപ്നം അലിഞ്ഞില്ലതായി...



പിന്നൊരുനാള്‍...
എന്‍റെ ശരീരവും ആ തണലു തേടിപ്പോയി... പക്ഷെ...
ഒറ്റക്കയ്യന്‍ ലോഹപ്പിശാച് എന്‍റെ അവസാന തുരുത്തും ചുരന്നെടുക്കുന്നു...
ചുരത്താത്ത സ്തനങ്ങള്‍ കടഞ്ഞു രുധിരപാനം ചെയ്യുന്നു...
എവിടെയും രക്തം വാര്‍ന്നു കട്ടപിടിച്ച ചെമപ്പ്...
ഞാന്‍ ദൈവങ്ങളുടെ സ്വന്തം നാട്ടിലാണ്...
മന്ത്രം കാച്ചിയ വര്‍ണ്ണച്ചരടും , കുരിശുമാലയും,
നിസ്കാരത്തഴമ്പുമുള്ള മനുഷ്യരൂപങ്ങള്‍ ചുറ്റിലും‍...
മനുഷ്യത്വം അന്യം നിന്നു പോയിരിക്കുന്നു...
ഒടുവില്‍ എന്‍റെ തണല്‍ മരം...
അതു കട പുഴകിയിരുന്നു, ദലങ്ങള്‍ കരിഞ്ഞിരുന്നു..
വേരുകള്‍ മുറിഞ്ഞു പോയിരുന്നു... കൂട്ടത്തില്‍ എന്റേയും...
അന്ധകാരത്തില്‍ പരിചിത മുഖങ്ങളെ ഞാന്‍ തേടി...
ഭ്രാന്തന്‍ വേഗത്തില്‍ ചുറ്റിത്തിരിയുന്ന രൂപങ്ങള്‍ക്കു നടുവില്‍
ഞാന്‍ ഇഴയുമ്പോള്‍...
ഒരു പഴയ പരിചയക്കാരന്‍ വിരല്‍ ചൂണ്ടി...
"എന്നാ തിരിച്ചു പോകുന്നത്?"

2010/03/05

ലവന്റെ ലത്‌


ലവനു എല്ലാം തമാശയായിരുന്നു
ലവന്റപ്പന് നിരാശയായിരുന്നു
പക്ഷെ ലവന്റമ്മയ്ക്കു വിശ്വാസമായിരുന്നു...
ലവന്റപ്പന്‍ ലവന്റെ മുഖലക്ഷണം പറഞ്ഞു
അലസന്‍, മടിയന്‍, കൊള്ളരുതാത്തവന്‍...
ലവനു ലതും തമാശയായിരുന്നു
പക്ഷെ ലവന്റമ്മ ലതു വിശ്വസിച്ചില്ല.
ലവന്റെ ലഗ്നം ലുബ്ധിച്ചിട്ടുണ്ട്, ലതു ശരിയാകും...


ലവന്‍ പള്ളിക്കൂടത്തില്‍ പോയി
ലവനെല്ലാം തമാശയായിരുന്നു
ലവനെ നന്നാക്കാന്‍ ലവര്‍ തന്ത്രങ്ങള്‍ മെനഞ്ഞു... ഊര്‍ജതന്ത്രം, രസതന്ത്രം... അങ്ങനെ ചില തന്ത്രങ്ങള്‍
രസതന്ത്രം... നല്ല രസമായിരിക്കുമെന്നു ലവന്‍ കരുതി.
ലായനി, ലായകം, ലവണം, ത്വരകം, ദ്രവണാങ്കം,ക്വഥനാങ്കം, ലത്‌, മറ്റേത്
ലവനു ലതൊന്നും ഒട്ടും പിടിച്ചില്ല


ഊര്‍ജതന്ത്രം... ഊര്‍ജം കിട്ടുമെന്നു ലവന്‍ കരുതി
കണിക‍, കാചം, കാന്തം, കുതിരശക്തി, ഘര്‍ഷണം, കുന്തം, കുടച്ചക്രം... .
ലതും ലവനു ദഹിച്ചില്ല


ജൈവശാസ്ത്രം... ലതില്‍ തന്ത്രമില്ലെന്നു ലവന്‍ കരുതി
അമീബ, അകശേരു, കോശം, ക്ലോറോഫില്‍, പരാഗം, ഷഡ്പദം...
ലതും ലവനു പിടിച്ചില്ല.

പിന്നെ ലവനൊന്നും ഓര്‍മ്മയില്ല.
ഭാഷ, വ്യാകരണം, ചരിത്രം. ഭൂമിശാസ്ത്രം, അങ്കഗണിതം, ബീജഗണിതം, ക്ഷേത്രഗണിതം. ജ്യാമിതി, ത്രികോണമിതി അങ്ങനെന്തെക്കെയോ...


ഉണര്‍ന്നപ്പോള്‍ ലവന്റമ്മ വിളക്കു തെളിച്ചു, ശകുനം നോക്കി ലവനെ പരീക്ഷയ്ക്കയച്ചു...
ചോദ്യപ്പേപ്പര്‍ കണ്ടു ലവന്‍ തരിച്ചു
പൂജ്യപ്പേപ്പര്‍ വാങ്ങി തിരിച്ചു
ലവനു ലതും തമാശയായിരുന്നു


ലവന്റെ സ്കൂളില്‍ പഠിപ്പുമുടക്ക്
ലവനു ലതു നന്നേ പിടിച്ചു
ലവന്‍ പഠിപ്പു മുടക്കാന്‍ തുടങ്ങി
ലവനു രസം പിടിച്ചു



നാളുകള്‍ കഴിഞ്ഞു....
ലവനിപ്പോള്‍ ലതിന്റെ മന്ത്രിയാണ്
ലവന്മാര്‍ ലതു പഠിക്കണം എന്നു ലവന്‍ പറയും
ലവന്‍ ലതും തമാശയായിരുന്നു
എന്നാല്‍ ലവന്മാര്‍ എന്തിനാണ് ലതൊക്കെ പഠിക്കുന്നതെന്നു ലവനിപ്പോഴും മനസ്സിലായിട്ടില്ല.