2009/11/24

ഹിനിയചരിതം

ഒരു ഫ്ലാഷ്ബാക്ക്‌... പണ്ട്, വളരെ പണ്ട്... 
ചെങ്കല്‍പാറകള്‍ വളര്‍ന്ന ഒരു ഊഷരനിലം. ചുറ്റും ചുഴലുന്ന ഹുങ്കാരവം; പൊടിപ്രളയത്തില്‍ സൂര്യന്‍ ഒലിച്ചില്ലാതായി. മാനം കരിംനീലവും, ഭൂമി പൊടിയില്‍ ചാലിച്ച ഊതനിറവും കാന്‍വാസില്‍ വരച്ചു ചേര്‍ത്തു. ഒരു Sci-Fi മൂവിയുടെ ആദ്യ സീന്‍ പശ്ചാത്തലം പോലെ.

ദൃശ്യങ്ങള്‍ ക്ലിയറായെങ്കില്‍ ഇനി നമുക്കു കാമറ zoom ചെയ്യാം... Tshshshsh ... Tshshshsh... Tshshshsh.

ഒരു വലിയ പാറ കാണായി. Tshshshsh... അതിലെ ഒരു ചെറിയ മണല്‍ത്തരി കാമറക്കണ്ണിനോടൊപ്പം വളര്‍ന്നു, സ്ക്രീന്‍ നിറഞ്ഞു.

Tshshshsh... അസംഖ്യം അണുമാത്രയിലുള്ള കോശങ്ങള്‍....  അമിതാവേശത്തോടെ പിന്നെയും കാമറ പാഞ്ഞടുത്തു... അതിലെ ഒരു കോശത്തെ  മാത്രം കേന്ദ്രീകരിച്ചു.

ഞൊടിയിടയില്‍ ആ മാതൃകോശം നെടുകെ പിളര്‍ന്നു... അതില്‍ ഒരു കണികയായി ഞാന്‍ പിറന്നു.  പ്രജനനാനന്തരം അനാഥനായി പൊടിയിലമര്‍ന്നു കിടന്നു... കോടിയിലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞു.


വര്‍ത്തമാന കാലം

എന്‍റെ നിഷ്ക്രിയത്വം തപസ്സായി തെറ്റിദ്ധരിച്ചു സ്ത്രൈണരൂപസാമ്യമുള്ള ഏതോ ദേവന്‍ പ്രത്യക്ഷപ്പെട്ടു. മേഘപാളികള്‍ പൊതിഞ്ഞ ഒരു അവ്യക്ത രൂപം. അതിതീഷ്ണമായ പ്രകാശത്താല്‍ ഞാന്‍ ഉണര്‍ത്തപ്പെട്ടു.

ചുറ്റും ഇളം കാറ്റിലാടുന്ന ചെടികള്‍... ചെറു കിളികളുടെ പതിഞ്ഞ കൂജനം.
കാമറമാന്‍ തിരിച്ചു വന്നു പ്രകൃതിയിലെ മാറ്റങ്ങള്‍ ഒപ്പിയെടുത്തു. പിന്നെ എന്‍റെ നേരെ തിരഞ്ഞു "Action" എന്നു പറഞ്ഞു.

തലയില്‍ സ്വര്‍ണ്ണക്കിരീടവും, തത്തമ്മച്ചുണ്ടും, തരളമേനിയും,  നീണ്ട മുടിയും ഉള്ള ദേവന്‍ എന്‍റെ അടുത്തേക്കു വന്നു...  കസവുകരയുള്ള ഒരു നീളന്‍ തുണി പിന്‍കഴുത്തിലൂടെ ചുറ്റി, മാറു മറച്ചുകൊണ്ടു അരയില്‍ ചൊരുകിയിരി‍ക്കുന്നു. ആടയാഭരണങ്ങള്‍ വെയിലത്ത്‌ തിളങ്ങി ഒരു കലൈഡോസ്കോപ്പിലേക്ക് നോക്കുന്നതു പോലെ തോന്നിച്ചു. തിളങ്ങുന്ന പച്ച നിറമുള്ള വസ്ത്രം അരയ്ക്കുകീഴെ താറുടുത്തിരിക്കുന്നു. മുന്‍വശം മേല്‍പ്പോട്ടു വളഞ്ഞു നിക്കുന്ന സ്വര്‍ണ്ണപ്പാപ്പാസ്. ശരീരത്തില്‍ ഒട്ടിയിരുന്ന ശേഷിച്ച മേഘക്കീറുകള്‍ കാറ്റില്‍ പറന്നു പോയി. എനിക്കു ദേവന്‍റെ പേരറിയില്ല; എല്ലാ ദൈവങ്ങള്‍ക്കും പേരിട്ടിരുന്നതു എന്നെ അറിയിച്ചിരുന്നതുമില്ല.

പെട്ടെന്ന് രാമാനന്ദ് സാഗറിന്‍റെ ഭക്തിസീരിയലില്‍ കാണും പോലെ ആ രൂപം സ്ക്രീന്‍ നിറഞ്ഞു ദ്വിമാനതലത്തില്‍ വളര്‍ന്നു. ഞാന്‍ ചെറുതായി ചെറുതായി സ്ക്രീനിനുള്ളിലേക്ക് വലിഞ്ഞു.

ദേവന്‍ ചോദിച്ചു "വത്സാ, എന്താണാഗ്രഹം? പറയൂ..."

"അങ്ങേന്താണുദ്ദേശിക്കുന്നത്?, ഞാന്‍ എവിടെയാണ്?" എനിക്കൊന്നും മനസ്സിലാകുന്നില്ല.

"നിന്‍റെ തപസ്സില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു. എന്തു വരവും ചോദിച്ചു കൊള്ളൂ"

"വരമൊക്കെ അവിടെ നിക്കട്ടെ, ആദ്യം എന്താണു സംഭവിക്കുന്നതെന്നു അരുളിച്ചെയ്താലും "


"നീ തപസ്സുചെയ്തപ്പോള്‍ ഇവിടെ പലതും നടന്നു. ജലമുണ്ടായി, പലതരം ചെടികളും, മരങ്ങളും, പ്രാണികളും, പക്ഷികളും, ജന്തുക്കളും ഉണ്ടായി. അഹങ്കാരികളായ ചില കുരങ്ങന്മാര്‍ പൊടുന്നനെ വാലു മുറിച്ചു രണ്ടു കാലില്‍ നടന്നു മനുഷ്യരായി"


"മാതൃശരീരം ഛേദിച്ചു എന്നോടൊപ്പം പിറന്ന കൂടപ്പിറപ്പെവിടെ?

"അവന്‍ പനിയന്‍. ജീവിക്കാന്‍ നിവൃത്തിയില്ലാതെ അവന്‍ അലഞ്ഞു. കാറ്റത്ത്‌ പറന്നു നടന്നു. ഒടുവില്‍ എങ്ങനയോ ഒരു മനുഷ്യന്‍റെ ശരീരത്തില്‍ പ്രവേശിച്ചു. അതോടെ അവന്‍റെ സമയം തെളിഞ്ഞു. മനുഷ്യശരീരത്തെ കരുവാക്കി അവന്‍ തടിച്ചു കൊഴുത്തു."

"പിന്നെ?

"രോഗാതുരനായ ആ മനുഷ്യനെ പനിയന്‍ ഒരു ട്രോജന്‍ കുതിരയാക്കി... വായുദേവന്‍റെ സഹായത്തോടെ പനിയന്‍ തന്‍റെ ബീജങ്ങള്‍ ആ രോഗിയുടെ അടുപ്പക്കാരിലേക്ക് download ചെയ്തു. അങ്ങനെ പനിയന്‍ അക്ഷരാര്‍ത്ഥത്തില്‍ നാടു വിറപ്പിച്ചു. ഒടുവില്‍...."

ദേവന്‍ പെട്ടെന്ന് കഥ നിര്‍ത്തി... എന്തോ ദുശ്ശങ്ക എന്നെ വേട്ടയാടി.

"ഒടുവില്‍?" ഞാന്‍ സ്വരമുയര്‍ത്തി ഉദ്വേഗത്തോടെ ചോദിച്ചു.

"അവര്‍, ദുഷ്ടന്മാര്‍ പനിയന്‍റെ ശരീരം വെട്ടിനുറുക്കി... ഏതോ ലായിനിയില്‍ കലക്കി കൊടും വിഷമാക്കി മാറ്റി. ആ വിഷം കുത്തിവച്ചു അവര്‍ പനിയന്‍റെ തലമുറയെ ഇഞ്ചിഞ്ചായി കൊന്നു.

കോപം കൊണ്ടും താപം കൊണ്ടും എന്‍റെ ശരീരം അടിമുടി വിറച്ചു.  മനസ്സില്‍ പ്രതികാരദാഹം പടര്‍ന്നു കേറി.

"ദേവാ, എനിക്കു പ്രതികാരം ചെയ്യണം, പനിയനെ കൊന്നവരോടു പകരം ചോദിക്കണം"

"നിനക്കെന്താണു വേണ്ടതെന്നു പറയൂ"

"എനിക്കു അമരത്വം വേണം. എന്നിട്ട് എല്ലാ മനുഷ്യരെയും കൊന്നൊടുക്കണം"

"അമരത്വം? അസംഭവ്യം, അസംഭവ്യം...  അതു നടപ്പില്ല. സാക്ഷാല്‍ ബ്രഹ്മനു പോലും അതു sanction ചെയ്യാന്‍ പറ്റില്ല. Absolutely no exceptions"

"പിന്നെ എന്തു തരാന്‍  പറ്റും?"

"നിനക്ക് ഞാന്‍ വേഷപ്രച്ഛന്നമന്ത്രം ഉപദേശിക്കാം. ഇതു ജപിച്ചാല്‍ നിനക്ക് ആവശ്യാനുസരണം രൂപം മാറാന്‍ കഴിവുണ്ടാവും. അനന്തരം എതിരാളിയുടെ എല്ലാ ആയുധങ്ങളും നിഷ്പ്രഭമാവും. പിന്നെ അവര്‍ക്ക് നിന്നെ കീഴ്പ്പെടുത്താന്‍ പുതിയ വെടിക്കോപ്പുകള്‍ നിര്‍മ്മിക്കേണ്ടി വരും "

ദേവന്‍ തുടര്‍ന്നു "പക്ഷെ ഒരു വ്യവസ്ഥ. രൂപ മാറ്റത്തിന് ഒരു ഒളിത്താവളം ആവശ്യമാണ്. അതു മനുഷ്യനൊഴികെ ഏതു മൃഗത്തിന്‍റെയോ പക്ഷിയുടെയോ ശരീരമാകാം"

ഞാന്‍ മൗനം പാലിച്ചു. അടുത്ത പദ്ധതിയെക്കുറിച്ചു ചിന്തിക്കുകയായിരുന്നു.

ഞാന്‍ തൃപ്തനല്ലെന്ന് ദേവനു തോന്നി. വീണ്ടും അരുളിച്ചെയ്തു. "അമരത്വമൊഴിച്ചു ഒരു വരം കൂടി ചോദിച്ചോളൂ"

കിട്ടിയ അവസരം മുതലാക്കി ഞാന്‍ പറഞ്ഞു. "ഭവാന്‍, എനിക്കു രൂപം മാറാനുള്ള ഒരു മാധ്യമം വേണം.  അങ്ങ് ഒരു വരാഹമായി മാറൂ, ഞാന്‍ അങ്ങില്‍ പ്രവേശിച്ചു രൂപപരിവര്‍ത്തനം ചെയ്യട്ടെ"

ദേവന്‍ ഒന്നു ഞെട്ടി, ചമ്മി, ആകെ വെട്ടിലായി. ഭസ്മാസുരന് വരം കൊടുത്തപോലെ എന്നു മനസ്സില്‍ പ്രാകി. 

സഹായിക്കാന്‍ വന്നിട്ടു പണികൊടുത്ത എന്നെ ദേവന്‍ ശപിച്ചു. നീ ഇനി മുതല്‍ ഹീനന്‍ എന്നര്‍ത്ഥം വരുന്ന h1n1(ഹിനിയന്‍) എന്നറിയപ്പെടട്ടെ...

പിന്നെ അമാന്തിച്ചില്ല. ഞൊടിയിടയില്‍ എന്‍റെ മുന്നില്‍ ഒരു ഭീമന്‍ പന്നി മുക്രയിട്ടു.  പന്നിയുടെ ചെത്തി മിനുക്കിയ നാസാരന്ധ്രത്തിലൂടെ ഞാന്‍ ഉള്ളില്‍ പ്രവേശിച്ചു.  അങ്ങനെ രൂപം മാറിയ ഞാന്‍ എന്‍റെ സോദരന്‍റെ ഘാതകരോടു എണ്ണിയെണ്ണി പക വീട്ടി. 



ഹിനിയനെ തളയ്ക്കാന്‍ നിങ്ങള്‍ അക്ഷൗഹിണിപ്പട തീര്‍ത്തു. ആവനാഴിയില്‍ പുതിയ ശസ്ത്രങ്ങളും നിറച്ച് എതിരിട്ടു. എന്നെ ഒരു പരിധി വരെ ഒതുക്കി. പക്ഷെ നിങ്ങളുടെ ഈ വിജയം വെറും താത്കാലികം മാത്രം. വേറെ പല രൂപങ്ങളിലും ഞാന്‍ ഇനിയും വന്നുകൊണ്ടേയിരിക്കും. നമുക്കു യുദ്ധം തുടരാം. ഇനി അടുത്ത വര്‍ഷം...


2009/11/17

ചക്കബാധ


Picture by Joel Preetham Pais 

വീട്ടില്‍‌ രണ്ട് പ്ലാവുകള്‍ ഉണ്ടായിരുന്നു. മുണ്ടംപ്ലാവും, വരിക്കപ്ലാവും. മുണ്ടംപ്ലാവില്‍ കൂഴച്ചക്കയാണ്. വരിക്കപ്ലാവ്‌ വളരെ വലുതായിരുന്നു. ചക്കയിടാന്‍ വളരെ പ്രയാസവും.
ഞാന്‍ ഹൈ സ്കൂളില്‍ പഠിയ്ക്കുന്ന കാലം. ഒരു ഞായറാഴ്ച ദിവസം രാവിലെ, "മോനേ, നീ ആ അപ്രത്തെ രാമേന്ദ്രന്റടുത്ത് ആ ചക്കയൊന്നിടാന്‍ പറ. എന്തുമാത്രം ചക്കയാ കാക്ക കൊത്തി നശിപ്പിച്ചു കളേന്നെ...", അമ്മ അടുക്കളേന്നു പരിതപിച്ചു.

ചില്ലറ മരം കയറ്റമൊക്കെ വശമുണ്ട്... പക്ഷെ രണ്ടാള്‍ പൊക്കത്തില്‍ കൂടുതല്‍ കയറി ഗിന്നസില്‍ പേരെടുക്കാനൊന്നും ഞാന്‍ അഹങ്കാരിയായിരുന്നില്ല.

എന്നിരുന്നാലും "ജാക്ക് ഫ്രൂട്ട് പ്ലക്കിംഗ്"  ഔട്ട്‌സോഴ്സ് ചെയ്യണോ വേണ്ടായോ എന്നു ഞാന്‍ ചക്കമരത്തിന്റെ മൂട്ടില്‍ നിന്നൊരു "കേസ് സ്റ്റഡി" നടത്തി. ഒരു കൈ നോക്കാം എന്നുറപ്പിച്ചു... ഒരു നീളന്‍ കമ്പു തരപ്പെടുത്തി. അതിന്‍റെ അറ്റത്ത്‌ ഒരു കറിക്കത്തി കെട്ടിവച്ചു, ചക്കയുടെ ഞെട്ടില്‍കൊളുത്തി സൂക്ഷ്മതയോടെ... ആഞ്ഞു വലിച്ചു.

ഠിം... ദാ കെടക്കുന്നു. പക്ഷെ ചക്കയല്ല...   ആ നീളന്‍ വടി മലര്‍ന്നടിച്ചു വീണിതല്ലോ കിടക്കുന്നു ധരണിയില്‍... മരംകൊത്തിപ്പരുവത്തില്‍ കത്തി പ്ലാവിന്‍റെ മണ്ടക്കും.

"പ്രശ്നമായല്ലോ?"... 
അയ്യപ്പന്റമ്മ ചുട്ട നെയ്യപ്പം കൊതിച്ച കാക്കയെപ്പോലെ ഞാന്‍ മുഖം വക്രിച്ചും ഗോഷ്ടിച്ചും മേപ്പോട്ടു നോക്കി. ചക്കക്കറ തുള്ളിയായി മുഖത്തു വീണതു മാത്രം മിച്ചം.  വേറെ വഴിയില്ല. ഇനി രമേന്ദ്രന്‍ ചേട്ടന്‍ ശരണം.

രാമചന്ദ്രന്‍ ചേട്ടനു അല്ലറ ചില്ലറ കൃഷിപ്പണിയാണ് ജോലി. കൂട്ടത്തില്‍ ഒരു ചെറിയ ചായക്കടയുമുണ്ട്.  ചേട്ടന്റെ പുരയിടത്തെ വേര്‍തിരിക്കുന്ന അരമതില്‍മുകളിലെ തിരശ്ചീനതലത്തില്‍ ഞാന്‍ താടി പ്രതിഷ്ഠിച്ചു; നയനങ്ങള്‍ സാധകം ചെയ്തു. ആരെയും കാണാനില്ല.

"രാമേന്ദ്രണ്ണാ, രമേന്ദ്രണ്ണാ..."
പിന്നെയും വിളിച്ചു.  
"രാമേന്ദ്രണ്ണാ, രമേന്ദ്രണ്ണാ..."
"ങാ, എന്താ...?"
"ഒരു ചക്കയിടണമല്ലോ"
"അവിടെ നിന്നോ... ഞാന്‍ ഇപ്പവരാം."

ഒരു അരമുക്കാല്‍ മണിക്കൂറുകഴിഞ്ഞാണ് പുള്ളി വന്നത്. വന്നപാടെ കൂടുതലൊന്നും ചോദിക്കാതെ അണ്ണാന്‍റെ ലാഘവത്തോടെ കൊമ്പില്‍ നിന്നും കൊമ്പിലേക്കു തത്തിക്കളിച്ചു, "പ്ടിം, പ്ടിം, പ്ടിം, പ്ടിം"... നാലഞ്ചു ചക്കകള്‍ തറയില്‍. കൂട്ടത്തില്‍ കറിക്കത്തിയും. കീ കൊടുത്തുവിട്ട റോബോട്ടിന്‍റെ യാന്തികതയോടെ അതിലൊരു ചക്കയുമെടുത്തു പുള്ളി സ്ഥലം വിട്ടു.

കുറച്ചു പ്ലാവിലകള്‍ കൈയ്യില്‍ എടുത്തു തടപിടിച്ചു ബാക്കി ചക്കകള്‍ അടുക്കളയുടെ പിന്നാമ്പുറത്തു നിരത്തി വച്ചു.  ഉള്ളം കയ്യില്‍ നക്ഷത്രപ്പൂക്കള്‍ ‍ വിരിഞ്ഞു.

"ആ ചക്കയൊന്നു വെട്ടിപ്പൊളിക്കാമോ?" അമ്മ ചോദിച്ചു.
കൃത്യമായി ചക്ക പീസുപീസാക്കാനുള്ള  എന്‍റെ കഴിവില്‍ അമ്മക്കു വല്യ വിശ്വാസമാണ്. അതറിയാവുന്ന എനിക്കു ഉള്ളില്‍ ചെറിയ ഒരു അഹങ്കാരവും...

കോടാലിയെടുത്തു ഞാന്‍ ചക്ക നടുവേ വെട്ടിക്കീറി. പിന്നെ പല കഷണങ്ങളാക്കി പിളര്‍ന്നു വരിവരിയായി വച്ചു. ചക്ക വെടിപ്പാക്കാന്‍ ഒരു കമ്പിന്‍റെ  തലയില്‍ തുണി ചുറ്റി വെളിച്ചെണ്ണയില്‍ മുക്കിയ ഒരു ഉപകരണമുണ്ട്.., ഒരു ചെറു പന്തം പോലെ. ഞാന്‍ അതെടുത്തു ചക്കക്കറയുടെ മേലെ റോഡ്‌റോളര്‍ കളിച്ചു. ചക്കപ്പന്തത്തിന്‍റെ തല ഒരു ലോലിപ്പോപ്പിന്‍റെ കണക്കു തടിച്ചുരുണ്ടു. കയ്യിലെ കറ കളയാന്‍ കുറച്ചു വെളിച്ചെണ്ണ തടവി.

അമ്മവന്നു. ചക്കച്ചുളകള്‍ അടര്‍ത്തിയെടുത്തു.  ഓരോ ചുളയുടെയും തലയും കടയും ചെത്തി.... കുറുകനെ ഒന്നു കോറി അതിലൂടെ കുരുവിനെ പുറന്തള്ളി. പിന്നെ ശേഷിച്ച കവചത്തെ ചെറുതായി അരിയാന്‍ തുടങ്ങി.

ഞാന്‍ ഇടക്ക് ഒന്നു രണ്ടു ചുളകള്‍ എടുത്തു രുചിച്ചു നോക്കി. വെളിച്ചെണ്ണയും, ചക്കക്കറയും ചേര്‍ന്ന ഒരു സമ്മിശ്രഗന്ധം, എന്നാല്‍ ചക്കക്ക് സാമാന്യം സ്വാദുണ്ട്.

അമ്മ പറഞ്ഞു, "കഴിഞ്ഞ വര്‍ഷത്തെ സ്വാദില്ല. വെള്ളം കേറിയതാണെന്നു തോന്നുന്നു.". രുചി നോക്കാതെ എങ്ങനെ ആ അഭിപ്രായം പറഞ്ഞു എന്നെനിക്കറിയില്ല. ഒരു തവണയും ചക്ക കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നല്ലതാണെന്ന് അമ്മ പറഞ്ഞിട്ടില്ല. കഴിഞ്ഞതെല്ലാം നല്ലതാണെന്നുള്ള പഴഞ്ചിന്തയായിരിക്കാം.

ചക്കയുടെ സര്‍ജറി കഴിഞ്ഞു.  ചക്കമടലും ചകിണിയും എടുത്തു രാമചന്ദ്രന്‍ ചേട്ടന്‍റെ പശുവിനു കൊടുത്തു.

എന്തോ വിശിഷ്ടഭോജ്യമെന്നു കരുതി പശു ആവേശം കാട്ടി. പിന്നെ വളരെ സാവധാനം നിര്‍വികാരതയോടെ മടലുകള്‍ ചവച്ചു; കീഴ്ത്താടി എതിര്‍ നാഴികമണിദിശയില്‍ ചലിപ്പിച്ചു ശൂന്യതയില്‍ പൂജ്യം വരച്ചുകൊണ്ടിരുന്നു. 



  • ഉച്ചക്കു ഊണുകഴിക്കാനിരുന്നു. ചോറും ചക്കത്തോരനും മറ്റെന്തോ അരസികന്‍ കറിയും. ചക്ക കുശാലായി അടിച്ചു. അനങ്ങാന്‍ വയ്യാതെ പോയിക്കിടന്നുറങ്ങി.
  • വൈകുന്നേരം ചക്ക എരിശ്ശേരിയും കഞ്ഞിയും.. കുഴപ്പമില്ല... കഴിച്ചു.
  • പിറ്റേന്ന് വൈകിട്ട് സ്കൂളില്‍നിന്നു വന്നപ്പോള്‍ ചക്കപ്പുഴുക്ക്...
  • ദാ വരുന്നു ചക്ക വറ്റല്‍...
  • അടുത്ത ദിവസം പഴുത്ത ചക്ക...
  • പിന്നെ ചക്കക്കുരുത്തോരന്‍...
  • ഏറ്റവും ഒടുവില്‍ ചക്ക വരട്ടിയത് അമ്മ ഒരു കുപ്പിയില്‍ ഭദ്രമാക്കി വച്ചു. ഒരാഴ്ചത്തേക്കു കഴിക്കാന്‍.
ഒരാഴ്ചത്തേക്ക് എന്‍റെ ഉടുപ്പിലും, നടപ്പിലും, ചിന്തയിലും എല്ലാം ചക്കയായിരുന്നു...

ഉടനെയെങ്ങും ചക്ക പിടിക്കല്ലേ എന്നു പ്രാര്‍ത്ഥിച്ചു ഞാന്‍ ആ വാരം തള്ളി നീക്കി.

2009/11/14

തല്ലിക്കൊഴിച്ച പൂക്കളേ, മാപ്പ്...

ഇന്നു നവമ്പര്‍ 14, ശിശുദിനം... അനാഥബാല്യങ്ങള്‍ക്കു വേണ്ടി ഒരു നിമിഷം.

ആരാന്റെ ചുമലേറി ഫോട്ടോ കടപ്പാട് photo.monkey

പ്രഭാതമഞ്ഞിന്‍റെ പരിശുദ്ധിയുള്ള ചെമ്പനീര്‍പ്പൂക്കളേ,

ചില്ലകള്‍ നിങ്ങളെ വേര്‍പെടുത്തിയോ?

വിടരാന്‍ വെമ്പിയ നിങ്ങളെ കപടമു‌ല്യങ്ങള്‍ വിഷക്കാറ്റൂതി ശ്വാസം മുട്ടിച്ചു...

അവ ചോര തുപ്പുന്ന തെയ്യങ്ങളായി സ്വപ്നങ്ങളെ പേടിപ്പെടുത്തി...

സ്വാര്‍ത്ഥത പൊയ്ക്കാലുകളില്‍ ‍നൃത്തമാടിക്കൊണ്ടിരുന്നു

പകല്‍മാന്യതയുടെ മെഴുകു തേച്ച പോയ്മുഖങ്ങള്‍ വെട്ടിത്തിളങ്ങി.

രാത്രിമറവില്‍ അവര്‍ വികൃതരൂപികളായി തിമിര്‍ത്തട്ടഹസിച്ചു...

നിറമുള്ള സ്വപ്നങ്ങളെ തല്ലിക്കെടുത്തി.



എങ്കിലും കുരുന്നു കുഞ്ഞുങ്ങളേ,

എന്തിലും നന്മ മാത്രം കാണുന്ന നിങ്ങള്‍ നെറികെട്ടവര്‍ക്കു മാപ്പു കൊടുത്തുവോ?

നിങ്ങള്‍ എത്ര ഭംഗിയായി ചിരിക്കുന്നു...

സ്നേഹം മാത്രം ചുരത്തുന്ന നിങ്ങള്‍ ചുറ്റും നിറമുള്ള വെളിച്ചം പകര്‍ന്നു...

ഇതാ ഒരിറ്റു സ്നേഹത്തിന്റെ കണ്ണീര്‍ത്തുള്ളികള്‍...

ഇതു മാത്രമേ തരാനുള്ളു‌...

നിങ്ങളുടെ വരണ്ട പിഞ്ചു ദലങ്ങള്‍ അവ നനച്ചെങ്കില്‍...

നിങ്ങളുടെ പ്രകാശം പരത്തുന്ന ചിരി മായാതിരുന്നെങ്കില്‍...

2009/11/06

വേതാളം

രാത്രി വളരെ വൈകി. രാവിലെ മുതല്‍ ജങ്കുകള്‍ അടിഞ്ഞു കരള്‍ദീനം പിടിച്ച ലാപ്ടോപ്പിന്റെ നെഞ്ചിടിപ്പു ക്രമാതീതമായി. നെറ്റിയില്‍ തൊട്ടപ്പോള്‍ 110 ഡിഗ്രി പനി...

ചക്രശ്വാസം വലിച്ച ലാപ്ടോപ്പിന്റെ ഓക്സിജന്‍ കട്ടുചെയ്തു ദയാവധംകൊടുത്തു. കുറച്ചു കഴിഞ്ഞു ആരാച്ചാരുടെ സംതൃപ്തിയോടെ നിദ്രയില്‍ വിലയം പ്രാപിച്ചു.

പിറ്റേന്നു രാവിലെ മൃതമായ ലാപ്ടോപ്പിനെ കറുത്ത തുകല്‍ സഞ്ചിയില്‍ പൊതിഞ്ഞു മേശപ്പുറത്തു നിന്നു താഴെയിറക്കി. ശവസഞ്ചി തോളില്‍ തൂക്കി കാറിനെ ലക്ഷ്യമാക്കി നടന്നു. കാറിന്റെ പിന്‍സീറ്റില്‍ ശവമിറക്കി വച്ചു. ആംബുലന്‍സ് ഡ്രൈവറുടെ നിസ്സംഗതയോടെ ഓഫീസിലേക്കു കാര്‍ തെളിച്ചു.

പാര്‍ക്കിംഗ് ലോട്ടില്‍ നിന്നും ശവം താഴെയിറക്കി തോളില്‍ തൂക്കി പിന്നെയും നടന്നു. ഒരു 2-3 മിനിട്ടു വേണം ശവപ്പറമ്പിലെത്താന്‍. ശവത്തെ ആച്ഛാദനം ചെയ്ത കരിന്തുണിയുടെ ഇടത്തെ വശത്തുള്ള അറയില്‍നിന്നും പെട്ടെന്ന് "കി ക്കി ക്കി കി ക്കി ക്കി" എന്നു വികൃതശബ്ദത്തില്‍ ആരോ ചിലയ്ക്കാന്‍ തുടങ്ങി. ശവത്തിന്റെ കീശയില്‍ കൈയിട്ടു ആ വസ്തുവിനെ പുറത്തെടുത്തു. എന്‍റെ കൈയ്യിലിരുന്നു അതു വിറയ്ക്കാനും ശബ്ദിക്കാനും തുടങ്ങി.

വേതാള്‍മൊബൈലിനെ തോളത്തുകയറ്റി ഞാന്‍ നടന്നു. തുടര്‍ന്നു വേതാളം എന്‍റെ ഇടത്തെ ചെവിയില്‍ സംസാരിക്കാന്‍ തുടങ്ങി.

"ഞാന്‍ അങ്ങയോടു ഇപ്പോള്‍ ഒരു കഥ പറയാം. ഈ കഥയുടെ അവസാനം ഞാന്‍ ഒരു ചോദ്യം ചോദിക്കും. അതിനുള്ള മറുപടി പറഞ്ഞില്ലെങ്കില്‍ അങ്ങയുടെ പണി പോകും."

വേതാളം തുടര്‍ന്നു. "അടുത്തുള്ള ഒരു തോട്ടത്തില്‍ ജോലി ചെയ്തിരുന്ന ഒരു കൃഷിക്കാരനുണ്ട്. അയാളോട്

അടുത്തചന്തയ്ക്കു വില്‍ക്കാന്‍ നല്ല വലിയ പഴങ്ങള്‍ വിളവെടുക്കണമെന്നു നിര്‍ദ്ദേശിച്ചു. എന്നാല്‍ മടിയനായ കൃഷിക്കാരന്‍ സമയത്തു പഴങ്ങള്‍ പറിച്ചെടുത്തില്ല. ചന്ത സമയമായി. തോട്ടം മുതലാളി പഴങ്ങളും തിരക്കി അക്ഷമനായി മീശക്കു തീപിടിച്ചതു പോലെ ഇരിപ്പാണ്."

വേതാളം ചോദിച്ചു... "ജയന്‍, താങ്കള്‍ ഈ കഥ ശ്രദ്ധിച്ചു കേട്ടല്ലോ. ഇനി പറയൂ, ഈ കഥയിലെ തോട്ടക്കാരന്‍ എന്നാണു ആ പഴങ്ങള്‍ പാകത്തിനു വിളയിച്ചു ചന്തയില്‍ കൊണ്ടു പോയി കൊടുക്കുന്നത്? ഞാന്‍ നേരത്തെ പറഞ്ഞതു പോലെ ശരിയുത്തരം പറഞ്ഞാല്‍ താങ്കള്‍ക്കു യാത്ര തുടരാം. ഉത്തരം തെറ്റിയാല്‍..."

ഞാന്‍ പറഞ്ഞു "OK, will be there in five minutes and send your doc's across..."

എന്‍റെ മറുപടിയില്‍ തല്ക്കാലം തൃപ്തനായ വേതാളം പിന്നെ ശബ്ദമുണ്ടാക്കാതെ ശവസഞ്ചിയുടെ കീശയില്‍പ്പോയി ഒളിച്ചു...

2009/10/30

ബ്ലൂ-റെ ഡിസ്കും അണ്ടര്‍ കവര്‍ കോപ്പും

നിര്‍വചനപ്രകാരം കഥകള്‍ ഭാവനകളാണെന്നാണു ഞാന്‍ കരുതിയിരുന്നത്‌... എന്നാല്‍ ഇതൊരു "സത്യകഥ?" (true story) - യാണ്.

എനിക്കു വളരെ വേണ്ടപ്പെട്ട ഒരു സുഹൃത്തുണ്ട്. ഇവിടെ അടുത്ത്‌ ഒരു ലാഭമില്ലാ പ്രസ്ഥാനത്തിലാണ് (Non-profit organization) പുള്ളിയുടെ ജോലി... (ഒരു സ്വകാര്യം, അവിടെ ലാഭം ഉണ്ടാകരുതെന്ന് അദ്ദേഹത്തിനു വലിയ നിര്‍ബന്ധമാണ്‌).

അമേരിക്കയില്‍ വ്യക്തിഗത വിവര സംരക്ഷണ നിയമം വളരെ കര്‍ക്കശമാണ്... പിന്നെ ഞാന്‍ സുഹൃത്തിന്റെ സ്വകാര്യത മാനിക്കണമല്ലോ. അതുകൊണ്ട് അദ്ദേഹത്തിന്റെ പേര് സാക്ഷാല്‍ ശ്രീരാമചന്ദ്രന്റെ പര്യായമാണെന്ന് മാത്രം തല്‍ക്കാലം അറിഞ്ഞാല്‍ മതി.

ശരിക്കും ശ്രീരാമനാമം അന്വര്‍ത്ഥമാക്കുന്ന ഒരു മര്യാദാപുരുഷോത്തമനാണ്, ഈ സുഹൃത്ത്‌. പിന്നെ, സമര്‍ത്ഥന്‍, സദ്ഗുണന്‍, ദീനാനുകമ്പന്‍, കിറുകൃത്യന്‍, സ്ഥിരോല്‍സാഹി ഇങ്ങനെ വിശേഷണങ്ങള്‍ നീളും... സത്യം... ഇങ്ങനെ ഒരു മലയാളിയെ ഞാന്‍ ഇതിനുമുമ്പ്‌ കണ്ടിട്ടേയില്ല.

ഈ ചങ്ങാതി, എല്ലാക്കാര്യവും വ്യക്തമായ രൂപരേഖ തയ്യാറാക്കി നാഴികമണിനിഷ്ടയോടെ ചെയ്തു തീര്‍ക്കുന്ന ആളാണ്. കഴിഞ്ഞ വര്‍ഷം ആണെന്ന് തോന്നുന്നു. ഇഷ്ടന്‍ നാട്ടിലേക്കു പോകാന്‍ പ്ലാന്‍ ചെയ്തു. ആറു മാസം മുമ്പേ ടിക്കറ്റ്‌ ബുക്കു ചെയ്തു. നാട്ടില്‍ ചെന്നാല്‍ ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളുടെ പദ്ധതി സമയവിവര സഹിതം എഴുതിയുണ്ടാക്കി. അതു പലപ്രാവശ്യം റിവൈസു ചെയ്തു.

എല്ലാം ഭദ്രം...


ഇനി കഥയുടെ ഉത്തരകാണ്ഡം... എന്‍റെ സുഹൃത്ത് കുടുംബസമേതം നാട്ടിലെത്തി.

സുഹൃത്തിനു ഒരു മകനുണ്ട്. പ്രായം 20 കഴിഞ്ഞു കാണും. ആറടിയിലേറെ ഉയരം. കറകളഞ്ഞ വാക്സാമര്‍ത്ഥ്യം. അതിസുന്ദരനും സമര്‍ത്ഥനുമായ ചെറുപ്പക്കാരന്‍...

നാട്ടില്‍ രണ്ടു ദിവസം കഴിഞ്ഞു. സുഹൃത്ത് നാളെ ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് മേശപ്പുറത്ത് വച്ചിരിക്കുന്നു. അപ്പോഴാണ് മകന്റെ ദൃഷ്ടി അതില്‍ പതിഞ്ഞത്‌. അയാള്‍ അതില്‍ ഒന്ന് കണ്ണോടിച്ചു...

Dec 23, 2008 11:00AM - Explore Blu Ray disk at local Video shop, buy if available.
(സുഹൃത്ത് ഒരു Audio-Videophile ആണ്, അതിനു വേണ്ടി ഒരുപാടു കാശു ചെലവാക്കുന്ന ആളും ആണ്).

മകന് ഒരു ആശയം തോന്നി. ഇന്നു തന്നെ വീഡിയോക്കടയില്‍പ്പോയി സാധനം വാങ്ങി വന്നാലോ? അച്ഛന്‍ ഒന്ന് ഞെട്ടും. തന്റെ കഴിവു കാണിച്ചുകൊടുക്കാന്‍ ഒരു സുവര്‍ണാവസരം...

മകന്‍ റെഡിയായി. ഒരു അടിപൊളി ജാക്കറ്റും, സണ്‍ഗ്ലാസ്സും ഫിറ്റുചെയ്തു... തലയില്‍ പശതേച്ചു... പശു കിടാവിനെ നക്കിയതുപോലെ ഒന്നുരണ്ടു മുള്ളന്‍ മുടികള്‍ നിര്‍ത്തി. പിന്നെ, ഒരു ആട്ടോയെടുത്തു ടൌണിലേക്ക് പറന്നു.

ലിസ്റ്റിലുള്ളതിനേക്കാള്‍ കാര്യങ്ങള്‍ നടത്തി വരണമെന്ന് മുന്‍കൂട്ടി നിശ്ചയിച്ചു. (അല്ലെങ്കിലും ഏല്പിച്ചുറപ്പിച്ചതിനേക്കാള്‍ കാര്യങ്ങള്‍ സാധിച്ചവനാണല്ലോ ശരിയായ ശ്രീരാമാദൂതന്‍)

Twenty-20 സിനിമ ഇറങ്ങിയ കാലമാണ്... മിലിറ്ററിക്കാരന്റെ ചുവടുവയ്പ്പുകളോടെ സുന്ദരപുരുഷന്‍ വീഡിയോക്കടയിലേക്കു പാഞ്ഞു കയറി.

അസാമാന്യ ചങ്കൂറ്റത്തോടെ ചോദിച്ചു.

"ഇവിടെ Twenty-20 -യുടെ വ്യാജ CD യുണ്ടോ?" (പയ്യന്‍ ഒരു മുഴം മുമ്പേ എറിഞ്ഞതാ... original ഇറങ്ങിയിട്ടില്ലെന്നറിയാം, latest മൂവി കാണിച്ചു വീട്ടുകാരെ ഒന്നു ഞെട്ടിക്കണമല്ലോ)

കടക്കാരന്‍ ഞെട്ടിത്തെറിച്ചു. "ഹേയ്... ഇല്ല സാര്‍... ഞങ്ങള്‍ ഒരു വ്യാജ സീഡിയും വിക്കാറില്ല സാര്‍." അയാള്‍ സീറ്റില്‍ നിന്നും ചാടിയെണീറ്റു.

മകന്‍റെ മിഴിമുനകള്‍ അവിടെയിരുന്ന മറ്റു മൂവികളിലേക്കു നീണ്ടു. ORAL MATHRAM (ഒരാള്‍ മാത്രം) എന്ന സിനിമ കണ്ണിലുടക്കി.

അടുത്ത ചോദ്യം. "ഇതെന്തു സിനിമയാ, "ഓറല്‍ " മാത്രം?"

കടക്കാരന്‍ വീണ്ടും ഞെട്ടി. "അയ്യോ സാര്‍, ഇതു ഒരാള്‍ മാത്രം... നല്ല സിനിമയാ... മറ്റേതോന്നുമല്ല. ഞങ്ങള്‍ ആ ടൈപ്പു സിനിമ വയ്ക്കാറേയില്ലസാറേ..."

"പിന്നെ, നിങ്ങള്‍ ബ്ലൂറെ ഡിസ്കു വിക്കുമോ?"

കടക്കാരന്റെ സകല പ്രജ്ഞയും പോയി. അയാള്‍ ഇറങ്ങി വെളിയിലേക്ക് ഒരോട്ടം...

എന്താണു സംഭവിക്കുന്നതെന്നറിയാതെ സുഹൃത്പുത്രന്‍ വണ്ടറടിച്ചു നിന്നു...


പിറ്റേ ദിവസം.

പദ്ധതിപ്രകാരം സുഹൃത്ത് കടയിലെത്തുന്നു..

"സ്റ്റോക്കെടുപ്പ്‌. കട മൂന്നു ദിവസത്തേക്ക് അവധി" എന്ന ബോര്‍ഡ്‌ കണ്ട അദ്ദേഹം ഇതികര്‍ത്തവ്യാമൂഢനായി പകച്ചു നിന്നു.

ഒപ്പം തന്റെ പ്ലാന്‍ പൊളിഞ്ഞ നിരാശയോടും...

2009/10/23

പൈ കണ്ടുപിടിച്ചതാര്?

"പൈ" എനിക്ക് കൊച്ചിലേ  സുപരിചിതമായിരുന്നു... പൈ എന്ന് ആദ്യം ഞാന്‍ കേട്ടത്‌ മറ്റേമ്മ പറഞ്ഞാണ്.
അച്ഛന്‍റെ അമ്മയെ ഞങ്ങള്‍ മറ്റേമ്മ (മറ്റേ-അമ്മ ലോപിച്ചത്‌) എന്നാണ് വിളിച്ചിരുന്നത്. "പയ്യിനെ കുളിപ്പിച്ചോ? പയ്യിനു കാടി കൊടുത്തോ?" എന്ന് മറ്റേമ്മ ദിവസം പല പ്രാവശ്യം തിരക്കിയിരുന്നു... 


പിന്നെ പൈ-യെക്കുറിച്ചു അറിഞ്ഞത്  "പൈകോ" പ്രസിദ്ധീകരണങ്ങള്‍ വഴിയാണ്. എല്ലാര്‍ക്കും അറിയാം പൂമ്പാറ്റ, അമര്‍ ചിത്രകഥ തുടങ്ങിയവ... അങ്ങനെ കുറെ "പൈകള്‍" എന്‍റെ ബാല്യ സഹചാരികളായി മാറി.  (മുതിര്‍ന്നപ്പോള്‍ വായന "പൈ"ങ്കിളി വാരികകളായി; എന്നാലും ഞാന്‍ പൈ കൈവിട്ടില്ല.)


സ്കൂളില്‍ പഠിക്കുമ്പോള്‍ ജയന്‍റെ ആരാധകനായി. "ഡേയ്, കൊച്ചു പയ്യന്‍ന്‍ന്‍‍‍ന്‍ന്‍ന്‍" എന്നു ജയേട്ടന്‍ പോലും പറഞ്ഞിട്ടുണ്ട്. പിന്നെ മലയാളം ക്ലാസ്സിലെ പുസ്തകങ്ങളില്‍ പൈകളുടെ ഘോഷയാത്രയായിരുന്നു. പൈ (വിശപ്പ്‌), പൈതല്‍, പൈമ്പാല്‍, പൈങ്കിളി, പൈശാചികം (പില്‍ക്കാലത്ത് അന്തോണിച്ചന്‍ അടിച്ചുമാറ്റി...) അങ്ങനെ ലിസ്റ്റു നീളുന്നു.


ഒടുവില്‍, എട്ടിലോ മറ്റോ പഠിക്കുമ്പോള്‍ അതു സംഭവിച്ചു. കണക്കുസാര്‍ പറഞ്ഞു, "പൈ സമം വൃത്തത്തിന്‍റെ ചുറ്റളവ്‌ ഭാഗം വ്യാസം. അതു ഒരു സ്ഥിര സംഖ്യയാണ്"...


പൈ-യുടെ മൂല്യം വെറും 3.14 ആണുപോലും.  എനിക്ക് ബോധം പോയതുപോലെ തോന്നി. എന്‍റെ പൈ-ക്കു വിലയിട്ട ആ അദ്ധ്യാപകന്‍റെ പേരും പൈ സാറ് എന്നായിരുന്നത് ചരിത്രത്തിലെ ഒരു തമാശയായി അവശേഷിക്കുന്നു...


പിന്നെ, കോളേജില്‍ പോയി "വിവരം" വച്ചപ്പോള്‍ എനിക്കു മനസ്സിലായി ആഗോളീകരണത്തിന്‍റെ ഭാഗമായി പാശ്ചാത്യര്‍ നമ്മുടെ പൈയെ സ്വന്തം ആക്കിയെന്ന്. എന്തിനും ബ്രാന്‍ഡ്‌ നൈം കല്‍പ്പിച്ചു കച്ചവടമാക്കുന്ന അവര്‍ പാവം പൈ-യെപ്പോലും വെറുതെ വിട്ടില്ല.  അവര്‍ അതിനു ഒരു ലോഗോയും ഉണ്ടാക്കി.
π
സു‌ക്ഷിച്ചു നോക്കുമ്പോള്‍ എനിക്കു തോന്നുന്നു ഈ സിംബലിനു പശുവിന്‍റെ മുഖത്തിനോടു സാമ്യം ഉണ്ടെന്ന്. അങ്ങനെ മലയാളിപ്പയ്യ് Greek-ല്‍ π ആയി മാറി.


ഈ ആഗോളവല്‍ക്കരണത്തിനെതിരെ നമുക്ക് ശക്തമായി പ്രതികരിക്കാം.


"ഇങ്ക്വിലാബ് സിന്താബാദ്‌"

2009/10/16

New Manager അഥവാ പുതു നടത്തിപ്പുകാരന്‍

സാമ്പത്തികമാന്ദ്യത്തിന്‍റെ സമവാക്യങ്ങള്‍ തലങ്ങും വിലങ്ങും കാച്ചിക്കുറുക്കിയപ്പോള്‍ വ്യാപാര മേധാവികള്‍ ഒരു സത്യം കണ്ടെത്തി.  സമവാക്യത്തിന്‍റെ വലതുവശത്ത് തലയെണ്ണം കൂടുതലാണ്‌. തദ്വാരാ ചെലവു ചുരുക്കിയേ പറ്റൂ.


ഒരു വലിയ പലകമേലെ എല്ലാവരുടെയും പേരുകള്‍  നിരത്തി. കൂട്ടുകൂടലും, നീരസങ്ങളും, പിണക്കങ്ങളും വീതം വച്ചു. കണക്കപ്പിള്ള സ്ഥിതിവിവരക്കണക്കു നിരത്തി. 
  • മൂത്ത തലകള്‍ 2 എണ്ണം.
  • ഒഴിഞ്ഞ തലകള്‍ 5 എണ്ണം.
  • ശല്യത്തലകള്‍ 3 എണ്ണം.
  • അതിസമര്‍ത്ഥ തലകള്‍ 1 എണ്ണം.
ടി തലകള്‍ വെട്ടിനിരത്തി. ഒന്നിലും കൂടുതല്‍ തലയിടാത്തതിനാലാവാം, എനിക്കു തലയില്ലെന്നു അവര്‍ വിചാരിച്ചത്. എന്തായാലും എന്‍റെ തല പിടിച്ചു നിന്നു.


പിറ്റെ ദിവസം ജോലിസ്ഥലത്ത് എത്തി. അടുത്ത ചതുരക്കൂടിന്‍റെ അരമതില്‍  മുകളില്‍ ഒരു പുതിയ തല പ്രത്യക്ഷപ്പെട്ടു. "ഹലോ, ഞാനാണു ഇന്നു മുതല്‍ നിന്‍റെ പുതിയ അവകാശി", അങ്ങേര്‍ കൊട്ടിഘോഷിച്ചു... പിന്നെ കൂടിക്കാഴ്ചകള്‍ , ചര്‍ച്ചകള്‍, പുതിയ പദ്ധതികള്‍, ആശയങ്ങള്‍... ഒരാഴ്ച കഴിഞ്ഞു, ഞാന്‍   പഴയ പണികള്‍ തന്നെ ചെയ്യുന്നു, പുതിയവന്‍ ‍പഴയവന്‍റെ പല്ലവികള്‍ ഉരുവിടുന്നു. 

ഒടുവില്‍  ഞാന്‍ ആ സത്യം കണ്ടെത്തി. എല്ലാ പുതിയ തലവന്മാരും നായകളെപ്പോലെയാണെന്ന്. വന്നു കഴിഞ്ഞാല്‍ എല്ലാം മണത്തു നോക്കും. പിന്നെ, തന്‍റെ അതിര്‍വരമ്പുകള്‍  അളക്കും. അതിനു ചുറ്റുമുള്ള മരങ്ങളില്‍  മൂത്രമൊഴിച്ചു സാമ്രാജ്യം ഉറപ്പിക്കും. പിന്നെ വേലിക്കെട്ടിനുള്ളില്‍ കുറെ കുരച്ചു നടക്കും. ഒടുവില്‍ ഒരു മൂലക്കു അടങ്ങിക്കിടക്കും.
അടുത്തു പോകുമ്പോള്‍  ചവിട്ടാതിരുന്നാല്‍ വലിയ കുഴപ്പമില്ലാതെ ജീവിച്ചുപോകാം, അല്ലെങ്കില്‍ കുരയോ, കടിയോ പ്രതീക്ഷിക്കാം...
ഉലകം പിന്നെയും തഥൈവ.